Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്കാരികളിൽ നിന്ന് പണം വാങ്ങും; തമിഴ്‌നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും ഹാഷിഷും വാങ്ങും; സെറ്റിട്ട് പ്രതികളെ പിടിക്കും; മൂർഖൻ ഷാജിയും ചക്ക പ്രവീണും എക്‌സൈസ് സർക്കിളിന്റെ അടുപ്പക്കാർ; രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ഉദ്യോഗസ്ഥന് അടുത്ത ബന്ധമെന്ന് ഊമക്കത്ത്; എക്‌സൈസിലെ ആക്ഷൻ ഹീറോയ്‌ക്കെതിരെ മന്ത്രിയുടെ നിർദ്ദശപ്രകാരം ജോയിന്റ് കമ്മീഷണറുടെ അന്വേഷണം

അബ്കാരികളിൽ നിന്ന് പണം വാങ്ങും; തമിഴ്‌നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും ഹാഷിഷും വാങ്ങും; സെറ്റിട്ട് പ്രതികളെ പിടിക്കും; മൂർഖൻ ഷാജിയും ചക്ക പ്രവീണും എക്‌സൈസ് സർക്കിളിന്റെ അടുപ്പക്കാർ; രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ഉദ്യോഗസ്ഥന് അടുത്ത ബന്ധമെന്ന് ഊമക്കത്ത്; എക്‌സൈസിലെ ആക്ഷൻ ഹീറോയ്‌ക്കെതിരെ മന്ത്രിയുടെ നിർദ്ദശപ്രകാരം ജോയിന്റ് കമ്മീഷണറുടെ അന്വേഷണം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. തലസ്ഥാനത്ത് ഏറെ ബന്ധങ്ങളുള്ള എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആണ്ടി അനികുമാർ. തിരുവനന്തപുരം സിറ്റി സർക്കിൾ ഇൻസ്പെക്ടർ ആയ അനികുമാർ മാത്രം എന്നും മയക്കു മരുന്നും ഹഷീഷ് ഓയിലും പിടികൂടുന്നു. ഒരു മാസത്തിൽ കുറഞ്ഞത് ഒരു ഡസനിലധികം മയക്കു മരുന്ന് വേട്ട. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മയക്കുമരുന്ന് പിടിച്ചു. അതിനിടെ സിറ്റി സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനൊപ്പം ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥൻ അയച്ച ഊമ പരാതിയിന്മേൽ എക്സയിസ് അന്വേഷണം ആരംഭിച്ച വിവരമാണ് പുറത്തു വരുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഊമകത്തിലുള്ളത്.

എക്‌സൈസ് മന്ത്രിക്കും കമ്മീഷണർ ഋഷിരാജ് സിംഗിനുംമുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉൾപ്പെടെ കിട്ടിയ ഊമ പരാതിയിലെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കിട്ടിയ പരാതി അദ്ദേഹം പരിശോധിച്ച ശേഷം ഗൗരവം മനസിലാക്കി എക്‌സൈസ് -നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ശുപാർശയോടെ എക്‌സൈസ് ആസ്ഥാനത്തേക്ക് അയച്ചു. ഒപ്പം മന്ത്രി ഓഫീസിൽ നിന്നും വിളി കൂടി വന്നതോടെ കമ്മീഷണർ ഋഷിരാജ് സിങ് പരാതി അന്വേഷിക്കാൻ ഉത്തരവിട്ടു. എക്‌സൈസ് ജോയിന്റ് കമ്മീഷണർ കെ എ ജോസഫ് അന്വേഷണവും ആരംഭിച്ചു. ഋഷിരാജ് സിംഗിന്റെ വലം കൈയായി അറിയപ്പെടുന്ന ടി അനികുമാർ എടുത്തിട്ടുള്ള തൊണ്ണൂറു ശതമാനം കേസുകളും കള്ളകേസുകളാണന്നാണ് ഊമ പരാതിയിലെ ഒരു ആരോപണം.

നഗരത്തിലെ പ്രമുഖ അബ്കാരികളിൽ നിന്നും ലഭിക്കുന്ന കള്ളപ്പണം ഉപയോഗിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,തൂത്തുക്കുടി,ഇടുക്കി,മാലി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും മയക്കു മരുന്നും വാങ്ങി പത്രങ്ങളിൽ പേരു വരാനും റിവാർഡുകൾ കിട്ടാനും വേണ്ടി നിരപരാധികളുടെ തലയിൽ കെട്ടിവെച്ച് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായും ഊമ പരാതിയിൽ പറയുന്നു. ടി അനികുമാറിന് രാജ്യാന്തര മയക്കു മരുന്ന് കച്ചവടക്കാരായ ഇടുക്കി അടിമാലി സ്വദേശി മൂർഖൻ ഷാജി, മാലി സ്വദേശി സക്കീർ ഹുസൈൻ, സ്പിരിറ്റു കടത്തുകാരനായ ചക്ക പ്രവീൺ, എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും ഇതിൽ മൂർഖൻ ഷാജിയുമായി ഹാഷിഷ് ഓയിൽ വാങ്ങിയതിൽ വിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തെറ്റിയപ്പോൾ 1.8 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടികൂടിയതായി രേഖയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

മൂർഖൻ ഷാജിയെ പിടികൂടുമ്പോൾ അയാളുടെ കൈയിൽ ഒരു തുള്ളി ഹാഷിഷ് ഓയിലു പോലും ഉണ്ടായിരുന്നില്ല. മൂർഖനെ മുൻപ് ഒളിവിൽ കഴിയാൻ സഹായിച്ചതും ടി അനികുമാർ ആണെന്നും പരാതിയിൽ ഉണ്ട്. എക്‌സൈസിന്റെ രഹസ്യ ഫണ്ട്്് വാങ്ങി ലക്ഷ കണക്കിന് രൂപക്ക് മയക്കു മരുന്നും കഞ്ചും വാങ്ങിയശേഷം അത് മുൻപ് കേസിൽ പ്രതികളായവരുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വെച്ച് അകത്താക്കുന്ന പ്രവണതയാണ് അനിൽകുമാറിന് ഉള്ളതെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഊമ പരാതിയിൽ ഉണ്ട്. സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന്റെയും ഭാര്യയുടെയും മൊബൈൽ നമ്പരുകളിലെ കോൾ ഡീറ്റെയിൽസ് എടുത്താൽ സത്യം പുറത്തു വരുമെന്നും പരാതിക്കാരൻ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ എടുത്ത ഒരു കള്ളക്കേസാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ഡിസംബർ 10ന് എടുത്ത എൻഡിപിസി കേസ് തികച്ചും കള്ളക്കേസാണ്. കേസിലെ പ്രതികളായ അജിത്ത്, ആഷിക്,അസിം എന്നീ മൂന്ന് ചെറുപ്പക്കാരാണ് അനികുമാറിന്റെ ഇരകളായത്. വരെ പിടികൂടുമ്പോൾ ഇവരുടെ കൈയിൽ നിന്നും ലഭിച്ചത് ഒരു പായ്ക്കറ്റ് സിഗരറ്റും അഞ്ചു ഗ്രാമിനകത്ത് കഞ്ചാവുമായിരുന്നു. ഒരാഴ്ച കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെയും കൊണ്ട് തൂത്തുക്കുടിയിലും തമിഴ്‌നാട്-തിരുനൽവേലി മധുര വഴി ഇടുക്കിയിലും പോയി അവിടെ നിന്നും ഹാഷിഷ് ഓയിൽ വാങ്ങുകയുംതുടർന്ന് തിരുവനന്തപുരത്ത് എത്തിച്ചശേഷം ആക്കുളം ബൈപാസിനടുത്ത് വെച്ച് ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്യുമ്പോൾ പിടിക്കപ്പെട്ടതായി കേസുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

നിരപരാധികളുടെ മേൽ കേസ് കെട്ടിവെയക്കുമ്പോൾ അവരെ രക്ഷപ്പെടുത്താമെന്ന ഉറപ്പും ഇദ്ദേഹം നല്കും ഇതിനായി പ്രതികളിൽ നിന്നും ലക്ഷങ്ങൾ കൈപറ്റി അഭിഭാഷകനെയും ഏർപ്പാടാക്കുമെന്നും ഊമ പരാതിയിൽ ഉണ്ട്. കഴിഞ്ഞ എക്‌സൈസ് കമ്മീഷണറുടെ കാലത്ത് സീക്രട്ട് ഫണ്ടിന്റെ തൊണ്ണൂറു ശതമാനവും അനികുമാർ കൈക്കലാക്കിയെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നു പരാതിയിലുണ്ട്. അനുകാമറിന്റെ എല്ലാ തട്ടിപ്പിനും കൂട്ടു നിൽക്കുന്നത് എക്സയിസ് എൻഫോഴ്സ്മെന്റ് കമ്മീഷണർ എ വിജയൻ ഐ പി എസ് ആണന്നും പരാതിയുണ്ട്. ഇതേ പരാതി തന്നെ എക്‌സൈസ് ആസ്ഥാനത്തും ജനുവരി മാസം ലഭിച്ചിരുന്നു. എന്നാൽ ഊമ പരാതി ആയതിനാൽ നടപടിവേണ്ടന്ന് എക്‌സൈസ് കമ്മീഷണർ തന്നെ നിർദ്ദേശിക്കുകയായിരുന്നു.

ഇതേ തുടർന്ന് എക്‌സൈസ് ആസ്ഥാനത്ത തന്നെ പരാതി മുക്കിയെന്നാണ് വിവരം കൂടാതെ അനികുമാർ പ്രിയപ്പെട്ടവനായതു കൊണ്ട് തന്നെ കമ്മീഷണർ ഇദ്ദേഹത്തിനെതിരെ വന്ന പല പരാതികളും മുക്കാറുണ്ടെന്ന് എക്‌സൈസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. . എന്നാൽ അതേ എക്സയിസ് കമ്മീഷണർ എക്‌സൈസ് ഓഫീസർമാരുടെ സംഘടനാ നേതാവിനെതിരെ ലഭിച്ച ഊമ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും പരാതിയിൽ കഴമ്പില്ലന്ന് ബോധ്യമായിട്ടു കൂടി അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്യാന്തര മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന അനികുമാർ എക്‌സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ്. കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃരംഗത്ത് തുടർന്ന ഇദ്ദേഹം ഏതു സർക്കാർ വന്നാലും നിർണായക പോസ്റ്റിൽ വരും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അബ്കാരികളുമായി അടുത്ത് ബന്ധമുള്ള അനികുമാർ നഗരത്തിലെ ബാർ ഹോട്ടൽസും ആശുപത്രികളും അടക്കം അറുപതിലധികം സ്ഥാപനങ്ങളിൽ സ്പിരിറ്റും മദ്യവും കൊണ്ടു വരുന്നതും വിൽപ്പന നടത്തുന്നതും മോണിട്ടറിങ് നടത്തേണ്ട ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റിനായി എക്‌സൈസിൽ തള്ളലാണ് അവിടെ എല്ലാവരെയും തള്ളിമാറ്റിയാണ് മന്ത്രി ഓഫീസിലെ ഉന്നത ഇടപെടലിൽ അനികുമാർ തുടരുന്നത്. അനികുമാറിന്റെ നേതൃത്വത്തിൽ ഇന്നലെയും ഹഷീഷ് വേട്ട നടന്നിരുന്നു. എക്‌സൈസ് സിറ്റി സർക്കിളിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് പ്രകാരം . 13 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ കാറിലെത്തിച്ച അഞ്ച് പേർ അറസ്റ്റിലായി. . ആന്ധ്രയിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താൻ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

ആക്കുളത്ത് വച്ചാണ് കാറിൽ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടിച്ചത്. കാറിലണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിയിൽ നിന്നുള്ള അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെത്തി. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. ഇന്നലത്തേതടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ 45 കോടിരൂപയുടെ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP