Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദക്ഷിണേന്ത്യയിൽ നോക്കിവച്ച മറ്റുസീറ്റുകളിലെല്ലാം സ്ഥാനാർത്ഥികളായി; രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് സൂചന; വയനാടും വടകരയും ഒഴിച്ചിട്ട് ഒമ്പതാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; അമേഠിക്ക് പുറമേ പാർട്ടി അദ്ധ്യക്ഷനായി മാറ്റി വച്ചിരുന്ന ശിവഗംഗയിൽ മാറ്റുരയ്ക്കുക കാർത്തി ചിദംബരം; നരേന്ദ്ര മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാംഗ്ലൂർ സൗത്തിൽ ബി.കെ.ഹരിപ്രസാദ്; പ്രകടനപത്രിക തയ്യാറാക്കാൻ നാളെ ചേരുന്ന പ്രവർത്തകസമിതിയിൽ വയനാടും ചർച്ചയാവും; ആകാംക്ഷയോടെ പാർട്ടി പ്രവർത്തകർ

ദക്ഷിണേന്ത്യയിൽ നോക്കിവച്ച മറ്റുസീറ്റുകളിലെല്ലാം സ്ഥാനാർത്ഥികളായി; രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് സൂചന; വയനാടും വടകരയും ഒഴിച്ചിട്ട് ഒമ്പതാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; അമേഠിക്ക് പുറമേ പാർട്ടി അദ്ധ്യക്ഷനായി മാറ്റി വച്ചിരുന്ന ശിവഗംഗയിൽ മാറ്റുരയ്ക്കുക കാർത്തി ചിദംബരം; നരേന്ദ്ര മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാംഗ്ലൂർ സൗത്തിൽ ബി.കെ.ഹരിപ്രസാദ്; പ്രകടനപത്രിക തയ്യാറാക്കാൻ നാളെ ചേരുന്ന പ്രവർത്തകസമിതിയിൽ വയനാടും ചർച്ചയാവും; ആകാംക്ഷയോടെ പാർട്ടി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വയനാട് ഈ പട്ടികയിൽ ഇല്ലെങ്കിലും, രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന് കരുതപ്പെട്ട സീറ്റുകളിലൊന്നായ ശിവഗംഗ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് കാരണം. പാർട്ടിയുടെ ഒമ്പതാം പട്ടികയിലും വയനാടും വടകരയും പ്രഖ്യാപിച്ചിട്ടില്ല. വയനാടും വടകരയും ഒരുമിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് കരുതുന്നു. വടകരയിൽ കെ.മുരളീധരൻ ഇതിനകം പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർത്ഥിയെ മാറ്റാനുള്ള സാഹചര്യമില്ല.

രാഹുലിന് വേണ്ടി മാറ്റി വച്ചിരുന്ന തമിഴ്‌നാട്ടിലെ ശിവഗംഗയിൽ കാർത്തി ചിദംബരമാണ് മാറ്റുരയ്ക്കുക. നിരവധി കേസുകളിൽ പെട്ട കാർത്തിയെ പരിഗണിക്കുമോയെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു. വാരണാസി കൂടാതെ നരേന്ദ്ര മോദി മത്സരിക്കുമെന്ന് കരുതുന്ന ബാംഗ്ലൂർ സൗത്തിൽ ബി.കെ.ഹരിപ്രസാദ് മത്സരിക്കും. 1991 മുതൽ ബിജെപി കൈവശം വയ്ക്കുന്ന മണ്ഡലമാണ് ഇത്. ഇവിടെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി അത്ഭുതപ്പെടുത്തുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ കത്തിഹറിൽ നിന്ന് മുൻ എൻസിപി നേതാവ് താരിഖ് അൻവറും, മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നിന്ന് സുരേഷ് ധനോർക്കറും മത്സരിക്കും. 10 പേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതുവരെ 227 സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തിറക്കി.

രാഹുൽ മത്സരിക്കാനിരുന്ന ശിവഗംഗയിൽ കൂടി സ്ഥാനാർത്ഥി വന്നതോടെ വയനാട്ടിൽ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. എന്നാൽ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.സി.ചാക്കോയെ പോലുള്ള നേതാക്കൾ രാഹുലിനെ നേരിൽ കണ്ട് എതിർപ്പ് അറിയച്ചതായും പറയുന്നു. ദേശീയതലത്തിൽ ബിജെപിയെ എതിർക്കുന്ന കോൺഗ്രസ് വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിച്ചാൽ സഖ്യം ദുർബലമാകുമെന്നാമ് ഈ നേതാക്കളുടെ വാദം. ഏതായാലും രാഹുലിന്റെ മനസറിയാൻ നാളെ വരെ കാത്തിരിക്കണം. രാവിലെ 11 മണിക്കാണ് പ്രവർത്തക സമിതി യോഗം. പ്രകടന പത്രിക തയ്യാറാക്കുകയാണ് മുഖ്യഅജണ്ട. എന്നാൽ, വയനാട് സീറ്റിൽ മത്സരിക്കുന്ന കാര്യവും ഉയർന്നുവന്നേക്കും.

അതേസമയം, വയനാട്ടിൽ, രാഹുൽ മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടിയും, പിന്നീട് ഏറ്റുപിടിച്ച രമേശ് ചെന്നിത്തലയും ക്രെഡിറ്റ് എടുക്കാനുള്ള എ-ഐ ഗ്രൂപ്പുകളുടെ മത്സരത്തിന് ചൂട് കൂട്ടുന്ന തിരക്കിലാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പ്രഖ്യാപനം ഇല്ലെന്ന് വന്നതോടെ ആകെ ആശയക്കുഴപ്പമായി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദേശീയതലസഖ്യത്തിന് തുരങ്കം വയ്ക്കുമെന്ന വാദവും ചില നേതാക്കൾ ഉയർത്തി.

രാഹുൽ തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ഡിസിസി തുടങ്ങിയെന്നും നേതാക്കൾ അവകാശപ്പെടുന്നതിനൊപ്പം തന്നെ ഹൈക്കമാൻഡിൽ സമ്മർദ്ദവും ചെലുത്തുന്നുണ്ട്. ഇനി പ്രഖ്യാപനം നീട്ടിക്കൊണ്ടുപോയാൽ എതിരാളികൾ അത് മുതലെടുക്കുമെന്നാണ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ ഉമ്മൻ ചാണ്ടി സംഗതി പുറത്തുവിട്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാതിരുന്നതോടെ ആകാംക്ഷയുടെ മുൾമുനയിലായത് ടി.സിദ്ദിഖാണ്. പ്രചാരണം തുടങ്ങി പിറ്റേന്ന് ചമ്മിയ ചിരിയോടെ സ്ഥാനാർത്ഥിത്വം അഴിച്ചുവയ്‌ക്കേണ്ടി വരുന്ന ദയനീയാവസ്ഥ. രാഹുൽ വരുമെന്ന പ്രതീക്ഷയിൽ ആഘോഷം തുടങ്ങിയ പ്രവർത്തകരും അണികളുമാകട്ടെ പ്രഖ്യാപനം വൈകിയതോടെ മൂകരായി. എന്നിരുന്നാലും പ്രഖ്യാപനം വന്നാൽ വേണ്ടത് ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ ഡിസിസി ചെയ്യുന്നുണ്ട്. ആശയക്കുഴപ്പമില്ലെന്ന് ആവർത്തിച്ചുപറയുമ്പോഴും രാഹുലാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടേയും പ്രതികരണം. തീരുമാനം വൈകുമെന്ന് അറിഞ്ഞതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ കോഴിക്കോട് നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കി. കർണാടക, തമിഴ്‌നാട് ഡിസിസികളും സമാന ആവശ്യം ഉന്നയിച്ചിരിക്കെ, എന്തിനാണ് ഹൈക്കമാൻഡ് പ്രഖ്യാപിക്കും മുമ്പേ ധൃതി പിടിച്ച് ഇക്കാര്യം പുറത്തുപറഞ്ഞതെന്ന് ചോദ്യവും ഉയരുന്നുണ്ട്. ഇതാണ് ഗ്രൂപ്പ് മേധാവിത്വത്തിന് വേണ്ടിയാണ് തിടുക്കം കാട്ടിയതെന്ന ആരോപണം ശക്തമാകാൻ കാരണം. അതിനിടെ പി.സി.ചാക്കോ നടത്തിയ വാർത്താസമ്മേളനവും ഗ്രൂപ്പ് നേതാക്കളെ വെട്ടിലാക്കി.

കേരളത്തിൽ നടന്നത് ഗ്രൂപ്പ് വീതംവയ്‌പ്പാണെന്നാണ് ചാക്കോ വിമർശിച്ചത്. നേതാക്കൾക്കു സങ്കുചിത താൽപര്യമാണ്. ഗ്രൂപ്പ് താൽപര്യത്തിനപ്പുറം അവർ ചിന്തിക്കുന്നില്ല. സ്ഥാനാർത്ഥി നിർണയചർച്ചകൾ നടന്നതു പക്വമായ രീതിയിലല്ലെന്നും പി.സി.ചാക്കോ വിമർശിച്ചു.
വയനാട്ടിൽ മൽസരിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു. ആരെങ്കിലും മറിച്ചുപറഞ്ഞിട്ടുണ്ടെങ്കിൽ അതു വസ്തുതാപരമല്ല. ആദ്യം ക്ഷണിച്ചത് കർണാടകയാണ്. ആവശ്യങ്ങളോടു രാഹുൽ പ്രതികരിച്ചെന്നു വിശ്വസിക്കുന്നില്ല. കേരളത്തിനും കർണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ രാവിലെ 11നാണ് ചേരുക. വയനാടിന്റെ കാര്യത്തിൽ നാളെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ മൽസരിച്ചാൽ എൽഡിഎഫ് പിന്മാറുമോയെന്നും ചെന്നിത്തല ചോദിച്ചു. വയനാടിന്റെ കാര്യത്തിൽ തീരുമാനം നീട്ടരുതെന്നു ഹൈക്കമാൻഡിനോടും ചെന്നിത്തല ആവശ്യപ്പെട്ടു. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടതു രാഹുൽ ഗാന്ധിയാണെന്നും ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.

അതേസമയം, ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മൽസരിക്കുന്നതിന് വിശാലമായ രാഷ്ട്രീയമാനമുണ്ടെന്ന് സിപിഎം നയം വ്യക്തമാക്കി. മുഖ്യശത്രു ബിജെപി അല്ലെന്നാണ് ഇതിലൂടെ കോൺഗ്രസ് വിളിച്ചുപറയുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആരോപിച്ചു. ഇടതുമുന്നണിയുടെ മുഖ്യശത്രു ബിജെപിയാണെങ്കിൽ വയനാട്ടിൽ രാഹുലിനെതിരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയാലും വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി പി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാലും സുനീർ തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ മാറ്റില്ലെന്നും സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്കെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. ഇനി രാഹുൽ ഗാന്ധി വന്നാലും വയനാട്ടിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP