Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിലേക്ക് രാഹുൽ വരുമെന്ന് ആദ്യം പറഞ്ഞത് ആര്...? വാർത്തയുടെ പിതൃത്വം ഏറ്റെടുക്കാൻ പത്രങ്ങൾ തമ്മിലടിക്കുന്നു;കേരള കൗമുദിയും ഫ്‌ളാഷും മംഗളവും ദീപികയും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര്;മീഡിയ ഗ്രൂപ്പുകളിൽ കേരള കൗമുദിയുടെ പക്ഷം പിടിച്ച് കെ.സി.ജോസഫ് എംഎ‍ൽഎ; രാഹുൽ വാർത്തയെച്ചൊല്ലി മാധ്യമപ്രവർത്തകരും ചേരിതിരിഞ്ഞു; കേരളത്തിൽ ഒരു വാർത്തയെച്ചൊല്ലി പതിവില്ലാത്ത പോര് മുറുകുന്നു

വയനാട്ടിലേക്ക് രാഹുൽ വരുമെന്ന് ആദ്യം പറഞ്ഞത് ആര്...? വാർത്തയുടെ പിതൃത്വം ഏറ്റെടുക്കാൻ പത്രങ്ങൾ തമ്മിലടിക്കുന്നു;കേരള കൗമുദിയും ഫ്‌ളാഷും മംഗളവും ദീപികയും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര്;മീഡിയ ഗ്രൂപ്പുകളിൽ കേരള കൗമുദിയുടെ പക്ഷം പിടിച്ച് കെ.സി.ജോസഫ് എംഎ‍ൽഎ; രാഹുൽ വാർത്തയെച്ചൊല്ലി മാധ്യമപ്രവർത്തകരും ചേരിതിരിഞ്ഞു; കേരളത്തിൽ ഒരു വാർത്തയെച്ചൊല്ലി പതിവില്ലാത്ത പോര് മുറുകുന്നു

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് കേരളത്തിന് സസ്‌പെൻസ് ത്രില്ലറായി. പക്ഷേ ഇതിനേക്കാൾ ശ്രദ്ധേയമായത് രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകർ, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളാണ്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് വാർത്ത നൽകിയ കേരളകൗമുദി ഫ്‌ളാഷാണ് ആദ്യം അവകാശവാദവുമായി രംഗത്ത് എത്തിയത്. മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ ഈ വാർത്തകൾ പറന്നുനടന്നു.

തിരുവനന്തപുരത്തെ അവരുടെ രാഷ്ട്രീയ ലേഖകൻ സി.പി.ശ്രീഹർഷന്റേതായിരുന്നു വാർത്ത. രാഹുൽ ഗാന്ധി സിറ്റിങ് മണ്ഡലമായ യു.പിയിലെ അമേഠിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയിൽ വയനാട് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.

കേരളത്തിലെ ചില നേതാക്കൾ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും നേതൃത്വം പക്ഷേ, സ്ഥിരീകരിക്കുന്നില്ല- ഇതായിരുന്നു വാർത്തയുടെ ചുരുക്കം. എന്നാൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ആദ്യം വാർത്തയാക്കിയത് തങ്ങളാണെന്ന അവകാശവാദവുമായി മംഗളം രംഗത്തെത്തി.  ഫ്‌ളാഷിന് ഒരുമാസം മുൻപ് സെപ്റ്റംബർ 28നാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം വാർത്തയാക്കിയതെന്ന അവകാശവാദവുമായി അവർ രംഗത്തെത്തി.ദക്ഷിണേന്ത്യ പിടിച്ചിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അധികാരത്തിലേറാൻ കഴിഞ്ഞിട്ടുണ്ടെന്നും ഈ വിശ്വാസമാണ് രാഹുലിനുള്ളതെന്നുമാണ് വാർത്തയിൽ. എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരുമായും ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഈ വാർത്തയുടെ കട്ടിങ് സഹിതം അവർ വെബ്‌സൈറ്റിൽ അവകാശവാദം ഉന്നയിച്ചു. വാട്‌സ് ആപ് ഗ്രൂപ്പുകളിൽ ഇരുപത്രങ്ങളും തമ്മിലുള്ള അവകാശവാദ യുദ്ധം സജീവമായി. മാസങ്ങൾക്കു മുൻപേ തങ്ങൾ പുറത്തുവിട്ട വാർത്തയാണ് ഇന്ന് ശരിയായതെന്ന് അഭിമാനിച്ച് മംഗളവും കൂടി രംഗത്തെത്തിയതോടെ അവകാശവാദ വിവാദം കൊഴുത്തു. ഇതിനുപുറമെ രാഹുലിന്റെ രണ്ടാം മണ്ഡലം വയനാട്ടിലായിരിക്കുമെന്ന് ജനുവരി 29ന് ഫ്‌ളാഷ് പ്രസിദ്ധീകരിച്ച വാർത്തയും സജീവ ചർച്ചയായി.

''ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ കൂടാതെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ അത് കേരളത്തിലായിരിക്കുമെന്ന് സൂചന. കേരളത്തിൽ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലൊന്നായ വയനാട് സീറ്റ് രാഹുലിനായി സംസ്ഥാന ഘടകം മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തെക്കുറിച്ച് അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അമേഠിയിൽ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടർന്നാണ് ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

അത് കേരളത്തിലെ വയനാട് മണ്ഡലത്തിൽ എത്തി നിൽക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന.''- ഇതായിരുന്നു ഫ്‌ളാഷിന്റെ വാർത്ത. എന്നാൽ ഇക്കാര്യം രാഷ്ട്രദീപികയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സോഷ്യൽമീഡിയയിൽ അവകാശവാദം വീണ്ടുമുയർന്നു. ഇതോടെ രാഹുൽ സ്ഥാനാർത്ഥി ആയതിനേക്കാൾ കൂടുതൽ വിവാദം ആരാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് എന്ന രീതിയിലായി. കേരളത്തിലെ മാധ്യമപ്രവർത്തകർ പല ചേരികളിലായി ചർച്ച നടത്തുകയാണ്. ഇതിനിടയിൽ കോട്ടയത്തെ മാധ്യമപ്രവർത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ കെ.സി.ജോസഫ് എംഎ‍ൽഎ ഫ്‌ളാഷിനെ ന്യായീകരിച്ച് രംഗത്തെത്തി.

ആദ്യം റിപ്പോർട്ട് ചെയ്തത് അവരുടെ ദീർഘവീക്ഷണമാണെന്ന മട്ടിലുള്ള കെ.സിയുടെ കമന്റ് മറ്റ് മാധ്യമപ്രവർത്തകരെ അലോസരാക്കി. വിശേഷിച്ചും ദീപികയുടെയും മംഗളത്തിന്റെയും തട്ടകമായ കോട്ടയത്ത് വച്ച് കെ.സി ജോസഫ് അങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത് അവരെ ചൊടിപ്പിച്ചു തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി പ്രവചനങ്ങൾ പതിവുള്ളതാണെങ്കിലും ഇത്രയും ചൂടുപിടിച്ചൊരു വിവാദം ഇതാദ്യമാണ്. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ സംസ്ഥാനത്ത് കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്നും കേരളത്തിൽ നിന്ന് നേടാനാണ് നേതൃത്വത്തിന്റെ ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, രാഹുൽ ഗാന്ധി മൈസൂരിൽ മത്സരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

എതിർസ്ഥാനാർത്ഥി ബിജെപി അല്ലാത്തതിനാൽ രാഹുലിന് വയനാട്ടിൽ മത്സരിക്കാൻ താത്പര്യക്കുറവ് ഉണ്ടെന്നാണ് അറിയുന്നത്. വയനാട്ടിൽ സിപിഐയോടാണ് കോൺഗ്രസിന് എതിരിടേണ്ടത്. അവരാകട്ടെ ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ബിജെപിക്കെതിരായ മഹാസഖ്യത്തിൽ കക്ഷിയാണുതാനും. നേരത്തേ കർണാടകയിലെ ചിക്മംഗലുരുവിൽ രാഹുലിന്റെ മുത്തശി ഇന്ദിരാഗാന്ധിയും ബെല്ലാരിയിൽ അമ്മ സോണിയ ഗാന്ധിയും മത്സരിച്ചിട്ടുണ്ട്. നിലവിൽ സംവരണ മണ്ഡലമായ ബെല്ലാരിയിൽ ബിജെപിയിലെ പി. ശ്രീരാമുലു ആണ് എംപി. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള സിറ്റിങ് എംപി ആയ രാഹുൽ ഗാന്ധി വീണ്ടും അവിടെ നിന്ന് തന്നെ ജനവിധി തേടും.

വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോൺഗ്രസിന് മേൽക്കൈ ലഭിക്കുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ചർച്ച സജീവമായത്. കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കർണാടകയും കേരളവും. രാഹുലിന്റെ വരവ് പൊതുവിൽ പ്രതീക്ഷ കല്പിക്കുന്ന ദക്ഷിണേന്ത്യയിൽ, പാർട്ടിക്ക് പ്രചാരണരംഗത്ത് കൂടുതൽ സജീവത കൈവരുത്തുമെന്നും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP