Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങൾക്ക് വേണ്ടവരെ നേതാക്കൾക്ക് വേണ്ടാത്ത ഏക പാർട്ടിയായിരിക്കും കേരളത്തിലെ ബിജെപി; ഓച്ഛാനിച്ചു നിന്നുമാത്രം ശീലിച്ച പ്രവർത്തകർ നേതാക്കളെ തിരുത്തിക്കുന്ന കാലത്ത് ബദൽ രാഷ്ട്രീയം തിരയുന്നവരാണ് ആശ്വസിക്കുന്നത്; തിരുവല്ലയിൽ എത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ജനക്കൂട്ടം നൽകിയ ഞെട്ടിക്കുന്ന സ്വീകരണം നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ; സോഷ്യൽ മീഡിയയെ അവഗണിച്ച് ഇനി ഏത് പാർട്ടിക്ക് മുമ്പോട്ട് പോകാനാവും?

ജനങ്ങൾക്ക് വേണ്ടവരെ നേതാക്കൾക്ക് വേണ്ടാത്ത ഏക പാർട്ടിയായിരിക്കും കേരളത്തിലെ ബിജെപി; ഓച്ഛാനിച്ചു നിന്നുമാത്രം ശീലിച്ച പ്രവർത്തകർ നേതാക്കളെ തിരുത്തിക്കുന്ന കാലത്ത് ബദൽ രാഷ്ട്രീയം തിരയുന്നവരാണ് ആശ്വസിക്കുന്നത്; തിരുവല്ലയിൽ എത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ജനക്കൂട്ടം നൽകിയ ഞെട്ടിക്കുന്ന സ്വീകരണം നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ; സോഷ്യൽ മീഡിയയെ അവഗണിച്ച് ഇനി ഏത് പാർട്ടിക്ക് മുമ്പോട്ട് പോകാനാവും?

മറുനാടൻ ഡെസ്‌ക്‌

20 മണ്ഡലങ്ങളിലായി 60 പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ അടക്കം 100ലേറെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പല സ്ഥാനാർത്ഥികളും അവരുടെ മണ്ഡലത്തിലേക്ക് വന്നിറങ്ങുമ്പോൾ അവർക്ക് പ്രവർത്തകരുടെ ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ എടുത്ത് പറയത്തക്ക സ്വീകരണം ഇതുവരെ ലഭിച്ചത് കാസർകോടെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനും കണ്ണൂരെത്തിയ സുധാകരനും തിരുവനന്തപുരത്തെത്തിയ കുമ്മനം രാജശേഖരനുമായിരുന്നു. മറ്റ് പല സ്ഥാനാർത്ഥികളും അവിടെ തന്നെ ഉള്ളവരായത്‌കൊണ്ട് അത്തരത്തിലുള്ള പ്രത്യേക സ്വീകരണമോ പ്രതീക്ഷയോ പ്രസക്തമായിരുന്നില്ല.

എന്നാൽ അതിനെയൊക്കെ മറികടന്നുകൊണ്ട് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വീരോചിതമായ സ്വീകരണം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ന് പത്തനംതിട്ടയിലെത്തിയ കെ. സുരേന്ദ്രൻ എന്ന ബിജെപി നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ വിജയ സാധ്യത തുലോം വിരളമാണ് എന്ന് വിലയിരുത്തുമ്പോഴും സുരേന്ദ്രന് തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തകർ നൽകിയ ആവേശോജ്വലമായ സ്വീകരണം പലരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. 20 മണ്ഡലങ്ങളിലും ബിജെപിക്കും അവരുടെ ഘടക കക്ഷികൾക്കും വോട്ടും സ്ഥാനാർത്ഥിയും ഉണ്ടെങ്കിലും മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യത ജാതി മത ഭേദമന്യേ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സുരേന്ദ്രന് ലഭിച്ചത് എന്തുകൊണ്ടാണ്.

പത്തനംതിട്ടയിൽ മത്സരിക്കാൻ ഏറ്റവും അർഹനായ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനാണ് എന്ന് പൊതുസമൂഹം ഒരുപോലെ വിലയിരുത്തിയിട്ടും ആർഎസ്എസിന്റെയും ബിജെപിയുടേയും പ്രവർത്തകർ മാത്രമല്ല ആ പരിസരപ്രദേശങ്ങളിൽ സുരേന്ദ്രന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഒരുപോലെ അപേക്ഷിച്ചിട്ടും സുരേന്ദ്രനെ സ്ഥാനാർത്ഥി ആക്കുന്ന കാര്യത്തിൽ ബിജെപി നേതൃത്വം കാട്ടിയ മടിയും അലസതയും തന്നെയാണ് ഇതൊരു മാസ് എൻട്രിയായി മാറുന്നത്. നാളുകളായി സുരേന്ദ്രന് വേണ്ടിയുള്ള മുറവിളി ഉയർന്നിട്ടും മൗനം പാലിക്കുകയും ചെകിടന്മാരെ പോലെ മുഖം മാറ്റി നടക്കുകയുമായിരുന്നു ബിജെപിയുടെ നേതാക്കൾ.

കൃത്യമായ ഉറവിടങ്ങളിൽ നിന്നും വ്യക്തമായത് പത്തനംതിട്ടയിൽ മത്സരിക്കുന്നതിന് ബിജെപിയുടെ സിറ്റിങ് പ്രസിഡന്റ് കഠിനമായ പരിശ്രമം നടത്തി എന്ന് തന്നെയാണ്. ഒക്കെ ഇപ്പോൾ നിഷേധിക്കാൻ കഴിയുമെങ്കിലും ബാക്കി 13 ഇടങ്ങളിലും സ്ഥാനാർത്ഥികളെ നിർണയിച്ചിട്ടും അത് പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടത് സുരേന്ദ്രനെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന പിടിവാശി മൂലമാണ് എന്ന് വ്യക്തമാണ്. പി.ജെ കുര്യനും പ്രയാർ ഗോപാലകൃഷ്ണനും അടങ്ങുന്ന കോൺഗ്രസ് നേതാക്കളോട് സംസാരിക്കുകയായിരുന്നു എന്ന അഭിപ്രായം പോലും അവർ തള്ളി കളഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് വേണ്ടിയായിരുന്നു ഈ അനിശ്ചിതത്വം എന്ന ചോദ്യം ഉയരുകയാണ്.

കുമ്മനം രാജശേഖരൻ ബിജെപി പ്രസിഡന്റ് പദവിയൊഴിഞ്ഞ് മിസോറാം ഗവർണറാവാൻ പോയപ്പോൾ ഒരേ പോലെ ഇവിടത്തെ ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും കെ. സുരേന്ദ്രൻ പകരം പ്രസിഡന്റാകണമെന്നായിരുന്നു. എന്നാൽ ആഴ്‌ച്ചകളോളം ആ തീരുമാനം നീട്ടി വയ്ക്കുകയും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മുൻപ് പ്രസിഡന്റായ ശ്രീധരൻ പിള്ളയെ വീണ്ടും പ്രസിഡന്റാക്കുകയുമായിരുന്നു. അന്ന് മറുനാടൻ നടത്തിയ സർവേയിൽ പങ്കെടുത്ത 83 ശതമാനം പേരും പറഞ്ഞത് സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്ന് തന്നെയായിരുന്നു. അതിന്റെ തനിയാവർത്തനം തന്നെയാണ് പത്തനം തിട്ടയിലും സംഭവിച്ചത് എന്ന വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP