Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്നലെ റദ്ദാക്കിയത് 1400 സർവ്വീസുകൾ; ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു; പിടിച്ചു നിൽക്കാൻ വേണ്ടത് പ്രതിദിനം 6.3 കോടിയും; സ്‌പെയർ പാർട്‌സുകൾ ഇല്ലാത്തതിനാൽ കട്ടപ്പുറത്താകുന്ന ബസുകളും കൂടുന്നു; തച്ചങ്കരി പോയതോടെ ആനവണ്ടിയുടെ സ്റ്റിയറിങ് പിടിക്കുന്നത് യൂണിയനുകൾ; നാഥനില്ലാ കളരിയായ കെ എസ് ആർ ടി സി സമ്പൂർണ്ണ തകർച്ചയിലേക്ക്

ഇന്നലെ റദ്ദാക്കിയത് 1400 സർവ്വീസുകൾ; ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു; പിടിച്ചു നിൽക്കാൻ വേണ്ടത് പ്രതിദിനം 6.3 കോടിയും; സ്‌പെയർ പാർട്‌സുകൾ ഇല്ലാത്തതിനാൽ കട്ടപ്പുറത്താകുന്ന ബസുകളും കൂടുന്നു; തച്ചങ്കരി പോയതോടെ ആനവണ്ടിയുടെ സ്റ്റിയറിങ് പിടിക്കുന്നത് യൂണിയനുകൾ; നാഥനില്ലാ കളരിയായ കെ എസ് ആർ ടി സി സമ്പൂർണ്ണ തകർച്ചയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി സമ്പൂർണ്ണ പ്രതിസന്ധിയിലേക്ക്. ഈ മാസവും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനാകില്ല. ഈ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. ഇതു പ്രതിദിനം 7 കോടിക്കു മുകളിലെത്തിച്ചാൽ മാത്രമേ കെഎസ്ആർടിസിക്കു മുന്നോട്ടുപോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടി സി നീങ്ങും. നാഥനില്ലാ കളരിയാക്കി കെ എസ് ആർ ടി സിയെ യൂണിയനുകൾ ഭരിക്കുന്നതാണ് ഇതിനെല്ലാം കാരണം.

വരുമാനത്തിൽ തുടർച്ചയായി വർധനയുണ്ടാവുകയും നിത്യവരുമാനം ആറരക്കോടി പിന്നിടുകയും ചെയ്ത ശേഷമാണ് കെ.എസ്.ആർ.ടി.സി. തകർച്ചയിലേക്ക് കൂപ്പുകുത്തുന്നത്. മധ്യനിര മാനേജ്‌മെന്റിൽ പുനർവിന്യാസം നടപ്പാക്കിയും ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചുമാണ് ആനവണ്ടി ഗണ്ടറിൽ നിന്ന് മാറി ഓടാൻ തുടങ്ങിയത്. എന്നാൽ ഇതിന് നേതൃത്വംനൽകിയ എം.ഡി. ടോമിൻ തച്ചങ്കരിയെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് മാറ്റിയതോടെയാണ് വീണ്ടും പിറകോട്ട് ഓടാൻ തുടങ്ങി. പരിഷ്‌കരണം അതോടെ നിലച്ചു. ട്രേഡ് യൂണിയനുകളുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് സ്ഥാപനത്തെ ഇപ്പോൾ യിക്കുന്നത്. പൊതുസമൂഹത്തിനുവേണ്ടി ചെലവിടേണ്ട 1000 കോടിരൂപ ഓരോ ബജറ്റിലും നീക്കിവെച്ച് കെ.എസ്.ആർ.ടി.സി.യെ പിടിച്ചു നിർത്തുകയാണ് സർക്കാർ. ഈ പണം മുന്നിൽ കണ്ട് മാത്രമാണ് പൊതുമേഖലാ സ്ഥാപനത്തെ യൂണിയനുകൾ തകർക്കുന്നത്. ഇതിന്റെ നഷ്ടം ഖജനാവിനും.

തച്ചങ്കരി മാറിയ ശേഷമെത്തിയ എംഡി എംപി ദിനേശ് എല്ലാം യൂണിയനുകൾക്ക് വിട്ടുകൊടുത്തു. യൂണിയൻ നേതാക്കളുടെ സൗകര്യത്തിന് സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുകയാണ്. അവധി ദിവസമായ ഇന്നലെ ഏതാണ്ട് 1400 സർവീസുകൾ റദ്ദാക്കി. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസങ്ങളിൽ പോലും സർവ്വീസ് കുറയ്ക്കുകയാണ്. പണിയെടുക്കാനുള്ള നേതാക്കളുടെ മടിയാണ് ഇതിന് കാരണം. സർവീസുകൾ കുറയ്ക്കുന്നതോടെ എംപാനൽ ജീവനക്കാർക്കുള്ള ശമ്പളത്തെക്കൂടാതെ ഡീസൽ ചെലവും ലാഭിക്കാനാകുമെന്നാണു മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. പരമാവധി വരുമാനം കൂട്ടിയാൽ മാത്രമേ കെ എസ് ആർ ടി സിക്ക് മുമ്പോട്ട് പോകാൻ കഴിയൂ. ഇതിന് സർവ്വീസുകൾ കൂട്ടുകയും ബസുകൾ പരമാവധി ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാൽ ഇപ്പോൾ ചെലവ് ചുരുക്കാൻ സർവ്വീസുകൾ തന്നെ വെട്ടിക്കുറയ്ക്കുന്നു.

പ്രതിദിനം ശരാശരി 3.25 കോടി രൂപയാണു ഡീസൽച്ചെലവ്. വരുമാനം കുത്തനെ കുറഞ്ഞതോടെ സർവ്വീസ് കുറയ്ക്കാതെ മറ്റ് മർഗങ്ങളില്ലെന്നാണു മാനേജ്‌മെന്റിന്റെ നിലപാട്. ഈ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. അശാസ്ത്രീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇതിന് കാരണം. ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു. കോർപറേഷന്റെ ഒരു ദിവസത്തെ ചെലവു നടന്നുപോകണമെങ്കിൽ 6.3 കോടി രൂപയെങ്കിലും വേണം. ആ കണക്കിൽ മാത്രം പ്രതിദിനം 60 ലക്ഷത്തോളം രൂപയാണ് നഷ്ടം.ഈ പോക്കുപോയാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനടക്കം കോർപറേഷന് കടം വാങ്ങേണ്ടിവരും.

ഫെബ്രുവരിയിൽ ആകെ എട്ടു ദിവസം മാത്രമാണ് കളക്ഷൻ ആറു കോടി രൂപ പിന്നിട്ടത്. മുൻ എം.ഡി ടോമിൻ ജെ. തച്ചങ്കരി തുടങ്ങി വച്ച പല പരിഷ്‌കാരങ്ങളും തൊഴിലാളി സംഘടനകളുടെ താത്പര്യത്തിനു വഴങ്ങി അട്ടിമറിച്ചു. തലതിരിഞ്ഞ പരിഷ്‌കാരങ്ങളിലൂടെ സ്ഥിരം യാത്രക്കാരെ മുഴുവൻ കെ.എസ്.ആർ.ടി.സി വെറുപ്പിച്ചതാണ് വരുമാനത്തിൽ ഭീമമായ ഇടിവ് സംഭവിക്കുന്നതിന് പ്രധാന കാരണം. കോർപറേഷനിൽ ആകെപ്പാടെ നടക്കുന്നത് ഷെഡ്യൂൾ പരിഷ്‌കരണമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ഷെഡ്യൂൾ പരിഷ്‌കരണത്തിന്റെ പേരിൽ സംസ്ഥാനത്താകെ വെട്ടിക്കുറച്ച സർവീസുകളുടെ എണ്ണം ആയിരത്തോളമാണ്. പതിവു ബസുകളെയൊന്നും കിട്ടാതായപ്പോഴേക്കും യാത്രക്കാർ സ്വകാര്യബസുകളെയും സമാന്തര സർവീസുകളിലേക്ക് ചേക്കേറി.

കെ.എസ്.ആർ.ടി.സി.യുടെ മൂന്ന് മേഖലകളിലെ നൂറിലേറെ ഷെഡ്യൂളുകൾ വെട്ടികുറയ്ക്കാനാണ് നീക്കം. നിർത്തുന്നതിൽ എഴുപതും മലബാർ മേഖലയിൽനിന്നുള്ളവയാണ്. ഒറ്റയടിക്ക് ഇത്രയും ബസുകൾ ഇല്ലാതാകുന്നതോടെ മലബാറിൽ കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന യാത്രക്കാരുടെ ക്ലേശം കൂടും. വരുമാനം കുറഞ്ഞവയാണ് നിർത്തുന്നതെന്നാണ് പറയുന്നതെങ്കിലും വരുമാനം കൂട്ടാൻ സമയമാറ്റം വരുത്തുന്നതടക്കമുള്ള നടപടികൾ പരീക്ഷിക്കുകപോലും ചെയ്യാതെയാണ് ഷെഡ്യൂൾ നിർത്തലാക്കുന്നത്. കോടതിനിർദ്ദേശമനുസരിച്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്ന സാഹചര്യം മറികടക്കാനാണ് ഇത്. 5500 ബസുകൾ ഉള്ളതിൽ 1000 എണ്ണം കട്ടപ്പുറത്താണ്. ഇത് ശരിയാക്കി നിരത്തിലിറക്കി പ്രതിദിന വരുമാനം എട്ട് കോടിയാക്കാനുള്ള ശ്രമം തച്ചങ്കരി എടുത്തിരുന്നു. ഇതിനിടെയായിരുന്നു തച്ചങ്കരിയെ മാറ്റിയത്. സ്‌പെയർ പാർട്‌സുകൾ ഇല്ലാത്തതിനാൽ കട്ടപ്പുറത്താകുന്ന ബസുകൾ ദിവസംതോറും പെരുകുകയാണ്.

കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ കടുത്ത നടപടികൾ ഒഴിവാക്കാനാകില്ലെന്നുതന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. ഇത്രയുംകാലം കാത്തിരുന്ന പ്രൊഫ. സുശീൽ ഖന്നയുടെ അന്തിമ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്കെത്തിക്കാനുള്ള നിർദ്ദേശങ്ങൾ അതിലുണ്ട്. എന്നാൽ ഇതൊന്നും നടപ്പാക്കാൻ യൂണിയനുകൾ സമ്മതിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP