Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാരിന്റെ അനുമതി കിട്ടും മുമ്പേ തന്നെ ചാലക്കുടിയിലെത്തി ജേക്കബ് തോമസ്; ഔദ്യോഗിക പ്രചരണം അനുമതി ലഭിച്ച ശേഷം മാത്രമെങ്കിലും പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് ഡിജിപി; കേന്ദ്ര ഇടപെടലോടെ അനുമതി ഉടൻ കിട്ടുമെന്ന് തന്നെ സൂചന; ലോക്‌സഭയിൽ സ്ഥാനാർത്ഥിയാകുന്നത് നിയമസഭയിലേക്കുള്ള യുദ്ധത്തിന്റെ ട്രെയിലറായി; ട്വന്റി ട്വന്റിയുമായി ചേർന്ന് കേരളത്തിൽ ആംആദ്മി സ്‌റ്റൈൽ വിപ്ലവത്തിന് തുടക്കമിടാൻ കോപ്പുകൂട്ടി മുൻ വിജിലൻസ് ഡയറക്ടർ

സർക്കാരിന്റെ അനുമതി കിട്ടും മുമ്പേ തന്നെ ചാലക്കുടിയിലെത്തി ജേക്കബ് തോമസ്; ഔദ്യോഗിക പ്രചരണം അനുമതി ലഭിച്ച ശേഷം മാത്രമെങ്കിലും പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് ഡിജിപി; കേന്ദ്ര ഇടപെടലോടെ അനുമതി ഉടൻ കിട്ടുമെന്ന് തന്നെ സൂചന; ലോക്‌സഭയിൽ സ്ഥാനാർത്ഥിയാകുന്നത് നിയമസഭയിലേക്കുള്ള യുദ്ധത്തിന്റെ ട്രെയിലറായി; ട്വന്റി ട്വന്റിയുമായി ചേർന്ന് കേരളത്തിൽ ആംആദ്മി സ്‌റ്റൈൽ വിപ്ലവത്തിന് തുടക്കമിടാൻ കോപ്പുകൂട്ടി മുൻ വിജിലൻസ് ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ജനകീയ മുന്നണി ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായി സസ്പെൻഷനിലായ ഡി.ജി.പി. ജേക്കബ് തോമസ് മത്സരിക്കുമെന്ന് ഉറപ്പായി. വിരമിക്കലിന് സർക്കാർ അനുമതി ലഭിക്കും മുമ്പ് തന്നെ ചാലക്കുടിയിൽ അനൗദ്യോഗിക പ്രചരണത്തിന് ജേക്കബ് തോമസ് എത്തി. മണ്ഡലത്തിലെ പ്രമുഖരുമായി ചർച്ചയും തുടങ്ങി. സ്വയം വിരമിക്കൽ അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിക്കുമെന്നാണ് ജേക്കബ് തോമസിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിലും മോദി സർക്കാർ പിന്തുണയ്ക്കുമെന്നാണ് ട്വന്റി ട്വന്റിയുടേയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് അനൗദ്യോഗിക പ്രചരണം തുടങ്ങുന്നത്. വിരമിക്കൽ സമ്മത പത്രം ലഭിച്ച ശേഷം മാത്രമേ ജേക്കബ് തോമസ് ഔദ്യോഗിക പ്രചരണം തുടങ്ങൂ.

എൽ.ഡി.എഫിനായി ഇന്നസെന്റും യു.ഡി.എഫിനായി ബെന്നി ബെഹനാനും ഏറ്റുമുട്ടുന്ന ചാലക്കുടി മണ്ഡലത്തിലെ പോരാട്ടത്തിന് പുതിയ തലം നൽകിയാണ് ജേക്കബ് തോമസ് എത്തുന്നത്. ഇരുമുന്നണികളോടും പോരാടി കിഴക്കമ്പലം പഞ്ചായത്തു ഭരണം പിടിച്ച ട്വന്റി-ട്വന്റിക്ക് രാഷ്ട്രീയേതര വോട്ടുകളിലാണ് വിശ്വാസം. ബിജെപിക്കായി എഎൻ രാധാകൃഷ്ണനും ചാലക്കുടിയിൽ മത്സരിക്കുന്നുണ്ട്. ത്രികോണ പോരിന് അപ്പുറത്തേക്കുള്ള ചൂട് ചാലക്കുടിയിൽ ജേക്കബ് തോമസ് ഉയർത്തും. അഴിമതി ചർച്ചയാക്കിയാകും പ്രചരണം. സാധാരണക്കാരുടെ വികാരങ്ങൾ വോട്ടാക്കി മാറ്റാൻ കഴിയുന്ന പ്രമുഖരും മണ്ഡലത്തിൽ പ്രചരണത്തിനായി എത്തും. ഇതോടെ ചാലക്കുടിയിലെ സ്ഥിതി പ്രവചനാതീതമാവുകയാണ്. പിണറായി വിജയന്റെ വൈരാഗ്യ ബുദ്ധിയിൽ ഒന്നര വർഷമായി സസ്‌പെൻഷനിലാണ് കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിലാണ് മുൻ വിജിലൻസ് ഡയറക്ടർ ജനാധിപത്യത്തിന്റെ വഴിയിലൂടെ ജന പിന്തുണ തേടി ചാലക്കുടിയിൽ എത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിൽക്കേണ്ട ആവശ്യമില്ല. ചാലക്കുടി മുൻകാല പ്രവർത്തന മേഖലയാണ്. സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഒന്നാമത്തെ കക്ഷിയായിട്ടാകും മത്സരിക്കുകയെന്നും ജേക്കബ് തോമസ് വിശദീകരിച്ചത്. ചാലക്കുടിയിൽ കിഴക്കമ്പലം ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിച്ചേക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. ഇതിനിടയിലാണ് ജേക്കബ് തോമസ് സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത്. കിഴക്കമ്പലത്ത് ട്വന്റി ട്വന്റിക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ചാലക്കുടിയിൽ ജേക്കബ് തോമസിന് നല്ല പ്രകടനം കാഴ്ച വയ്ക്കാനാകും. ഡൽഹിയിൽ ആംആദ്മി മാതൃകയിൽ കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യമൊരുക്കാനാണ് ജേക്കബ് തോമസിന്റെ ശ്രമം. ഇതിന് ട്വന്റി ട്വന്റിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ലോക്‌സഭയിലേക്കുള്ള മത്സരം ഇതിലേക്കുള്ള ആദ്യ പടിയാണ്. നിയമസഭയിലേക്ക് മത്സരിക്കുകയെന്നതാണ് ജേക്കബ് തോമസിന്റെ ആത്യന്തിക ലക്ഷ്യം. അതിന് വേണ്ടി തയ്യാറെടുപ്പെന്ന നിലയിലാണ് ഇപ്പോഴത്തെ മത്സരം.

സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെങ്കിലും വിജിലൻസ് കേസും സസ്‌പെൻഷനും നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനവും കനിഞ്ഞാലേ ജേക്കബ് തോമസിന് മൽസരിക്കാനാകൂ. അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഒരുദ്യോഗസ്ഥന് സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കണമെങ്കിൽ മൂന്നു മാസം മുന്പ് നോട്ടീസ് നൽകണം. വിരമിക്കാൻ ഉദ്യോഗസ്ഥനെ അനുവദിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികരമാണ്.30 വർഷം സർവീസോ 50 വയസിനു മുകളിൽ പ്രായമോ ഉള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ അച്ചടക്ക നടപടിക നേരിടുന്നവരാണെങ്കിൽ സ്വയം വിരമിക്കലിന് കേന്ദ്രാനുമതി ആവശ്യമാണ്. ജേക്കബ് തോമസ് നിലവിൽ സസ്‌പെൻഷനിലാണ്. വിജിലൻസ് അന്വേഷണം നേരിടുന്നുമുണ്ട്. അതിനാൽ തന്നെ സംസ്ഥാനം വിരമിക്കാൻ അനുമതിയ്‌ക്കൊപ്പം കേന്ദ്രവും അനുകൂല നിലപാടെടുക്കണം. ജേക്കബ് തോമസിന്റെ രാജി പിണറായി സർക്കാർ അംഗീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലും കേന്ദ്രം ജേക്കബ് തോമസിന് വിടുതൽ നൽകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. സർവീസിൽ നിന്ന് വിരമിച്ച രേഖകൾ കൂടി പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതുമുണ്ട്. സംസ്ഥാനം ഉടക്ക് വച്ചാലും കേന്ദ്രം ഇത് നൽകാനാണ് സാധ്യത. സംസ്ഥാന സർക്കാരുമായി സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ജേക്കബ് തോമസിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാൻ സാധ്യതയുണ്ട്. ചാലക്കുടിയിൽ ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം ഇടതു മുന്നണിക്ക് ദോഷമാകുമെന്ന വിലയിരുത്തലുണ്ട്. ജേക്കബ് തോമസ് പ്രചരണത്തിൽ ഉയർത്തുക പിണറായി വിജയനെതിരായ വികാരമാകും. ചിലതെല്ലാം പുറത്തു പറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ ചെറുക്കാൻ പിണറായി ഏതറ്റം വരേയും പോകും,

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനായി അൽഫോൻസ് കണ്ണന്താനം സ്വയം വിരമിക്കലിന് നൽകിയ അപേക്ഷയിൽ സർക്കാർ ഒരാഴ്ചയ്ക്കകം അനുമതി നൽകിയിരുന്നു. പുതിയ ചട്ടമനുസരിച്ച് തനിക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തടസമില്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം. അനുമതി ലഭിക്കാത്ത പക്ഷം ജേക്കബ് തോമസ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുകൊടുത്തെന്നും കത്ത് ലഭിച്ചതായ അറിയിപ്പ് തനിക്ക് കിട്ടിയെന്നും ജേക്കബ്‌തോമസ് പറഞ്ഞു. ഭേദഗതി ചെയ്ത ചട്ടപ്രകാരം 30വർഷം സർവീസുള്ള സിവിൽസർവീസ് ഉദ്യോഗസ്ഥർ രാജിക്കത്ത് നൽകിയാൽ അന്നുമുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. 1985ബാച്ച് ഐ.പി.എസുകാരനായ ജേക്കബ്‌തോമസിന് 2020 മെയ്‌ വരെ കാലാവധിയുണ്ടായിരുന്നു.

സ്വയംവിരമിക്കൽ അപേക്ഷയുടെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ മെയിൽ വഴി നൽകി. ഒപ്പിട്ട അപേക്ഷ നേരിട്ടോ ദൂതൻ വഴിയോ ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിനു തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. 16മാസമായി സസ്‌പെൻഷനിലുള്ള ജേക്കബ്‌തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അന്വേഷണം നിലവിലുണ്ട്. സ്വയംവിരമിച്ചതോടെ ഈ നടപടികൾ സർക്കാരിന് അവസാനിപ്പിക്കേണ്ടി വരും. അച്ചടക്കനടപടികൾ ശേഷിക്കുന്നതിനാൽ ജേക്കബ്‌തോമസിന്റെ രാജിയെ സംസ്ഥാന സർക്കാരിന് എതിർക്കാം. പക്ഷേ, വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്രം വിരമിക്കൽ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. സ്വയംവിരമിച്ചാലും ജേക്കബ് തോമസിന് പെൻഷൻ ലഭിക്കും. 30വർഷത്തിലേറെ സർവീസുള്ളതിനാൽ ഫുൾ പെൻഷൻ തന്നെ കിട്ടും. വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP