Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിനിമം വേതനം നൽകാതെ കള്ളക്കളി ചോദ്യംചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട സഞ്ജീവനി ആശുപത്രിയിലേക്ക് മാർച്ച് നടത്തി ഐഎൻഎ; സമരപ്പന്തൽ രാത്രി ഗുണ്ടകളെ വിട്ട് പൊളിച്ചത് പ്രശ്‌നമാകുമെന്ന് വന്നപ്പോൾ അനുരഞ്ജനം പറഞ്ഞും പറ്റിക്കൽ; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങൾ വൈകിപ്പിക്കുന്നതോടെ ഇന്ന് മാർച്ച് നടത്തിയത് മാവുങ്കാലിൽ ജംഗ്ഷനിൽ നിന്ന്; കക്ഷിരാഷ്ട്രീയ ഭേദമെന്യേ അണിനിരന്ന് ജില്ലയിലെ മറ്റ് ആശുപത്രികളിലേയും നഴ്‌സുമാർ

മിനിമം വേതനം നൽകാതെ കള്ളക്കളി ചോദ്യംചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട സഞ്ജീവനി ആശുപത്രിയിലേക്ക് മാർച്ച് നടത്തി ഐഎൻഎ; സമരപ്പന്തൽ രാത്രി ഗുണ്ടകളെ വിട്ട് പൊളിച്ചത് പ്രശ്‌നമാകുമെന്ന് വന്നപ്പോൾ അനുരഞ്ജനം പറഞ്ഞും പറ്റിക്കൽ; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങൾ വൈകിപ്പിക്കുന്നതോടെ ഇന്ന് മാർച്ച് നടത്തിയത് മാവുങ്കാലിൽ ജംഗ്ഷനിൽ നിന്ന്; കക്ഷിരാഷ്ട്രീയ ഭേദമെന്യേ അണിനിരന്ന് ജില്ലയിലെ മറ്റ് ആശുപത്രികളിലേയും നഴ്‌സുമാർ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: സഞ്ജീവനി ആശുപത്രിയിൽ നിന്നും അകാരണമായി പുറത്താക്കപ്പെട്ട നഴ്‌സുമാരെ തിരിച്ചെടുക്കണം എന്ന ആവശ്യം മുൻനിർത്തി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ആരംഭിച്ച സമരം കൂടുതൽ ശക്തകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നഴ്‌സുമാർ ഐഎൻഎയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

കുറച്ചുദിവസമായി ധർണ നടത്തിവരികയാണ് നഴ്‌സുമാർ. എന്നാൽ ഇടയ്ക്ക് മാനേജ്‌മെന്റ് ഗുണ്ടകൾ രാത്രി സമരപ്പന്തൽ നശിപ്പിച്ചുവെന്നും സമരത്തെ അടിച്ചമർത്താനാണ് നീക്കമെന്നും സംഘടന പറയുന്നു. ഇത് പ്രശ്‌നമാകുമെന്ന് കണ്ടതോടെ അനുരഞ്ജനത്തിന്റെ മാർഗത്തിൽ സമരം ഒത്തു തീർപ്പാക്കാമെന്നും എല്ലാവരെയും തിരിച്ചെടുക്കാം എന്നുമെല്ലാം പറഞ്ഞ് മാനേജ്‌മെന്റ് ചർച്ചയ്ക്കുമെത്തി.

പക്ഷേ, പിന്നെയും ദിവസങ്ങൾ തള്ളിനീക്കി കബളിപ്പിക്കൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് മാവുങ്കാലിൽ ജംഗ്ഷനിൽ നിന്ന് സഞ്ജീവനി ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ട് പോകാനുമാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഈ പ്രതിഷേധ മാർച്ചിൽ കാസറഗോഡ് ജില്ലയിലുള്ള മുഴുവൻ നഴ്‌സുമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ അണിനിരന്നു.

പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ ഈ മാസം തുടക്കത്തിലാണ് നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങിയത്. മിനിമം വേതനവമോ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴിൽ കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നഴ്സുമാരെ പിരിച്ചു വിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

നഴ്സുമാർക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്ഞറ് തയ്യാറാകുന്നില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാർ പറഞ്ഞു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സമരക്കാർ പറയുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ട് പോലും നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും തൊഴിൽ വകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് ആശുപത്രി മാനേജ്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ നിയമ വ്യവസ്ഥയെയും തൊഴിൽ വകുപ്പിനെയും നോക്ക് കുത്തിയായി കാണുന്ന മാനേജ്മെന്റിനെതിരെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നഴ്സസ് അസോസിയേഷൻ രംഗത്തിറങ്ങിയത്.

സമരം നമ്മുടെ നാട്ടിൽ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നുള്ള മുതലാളിത്ത വ്യവസ്ഥക്കെതിരെ കൂടിയുള്ള സമരമാണെന്ന് നഴസുമാർ അഭിപ്രായപ്പെട്ടു. സമരത്തിന് പിന്തുണയുമായി നാട്ടുകാരും നഴ്സുമാർക്കൊപ്പമുണ്ട്. ഇതിന് പുറമെയാണ് ഇന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരെയും പങ്കെടുപ്പിച്ച് മാർച്ച് നടത്തിയത്.

വിവിധ സംഘടനകൾ നഴ്സുമാരെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അഞ്ച് വർഷം വരെ ജോലി ചെയ്തവരെയാണ് ഒരു സുപ്രഭാതത്തിൽ പിരിച്ചു വിട്ടത്. സംഘടനയുടെ മാനേജ്മെന്റിനെ മാറ്റവുമായി ബന്ധപ്പെട്ട് നഴ്സുമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ നിയമപരമല്ലാത്ത കരാറിൽ ഒപ്പുവെക്കാൻ ആറ് നഴ്സുമാർ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പുറത്താക്കൽ നടപടി ഉണ്ടായത്. നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നഴ്സുമാർക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഈ വിധിയെ പാലിക്കാത്തതിനെ തുടർന്ന് കോടതിയിൽ കേസും നടക്കുകുകയാണ്.

സമരത്തിൽ ഇരിക്കുന്ന നഴ്സുമാർക്ക് നിങ്ങൾ ടെർമിനേഷൻ ലെറ്ററോ പിരിച്ചുവിടുമ്പോഴുള്ള കോമ്പൻസേഷനോ നൽകിയിട്ടുണ്ടോ? നിങ്ങൾ തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടോ? തൊഴിലാളികളുടെ ESI,PF മറ്റു ആനുകൂല്യങ്ങൾ നൽകിയിരുന്നോ? നിങ്ങൾ ജോലി നിഷേധിച്ചവർക്ക് നിയമപ്രകാരം ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുന്നു എന്ന് പറയുന്നവരുടെ നിയമപ്രകാരം കൊടുക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ടോ? തൊഴിലാളികളുടെ ബലഹീനത മുതലെടുത്തുകൊണ്ട് അടിമകളെ പോലെ ജോലിയെടുപ്പിക്കുകയാണോ? തുടങ്ങിയ ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നു.

ആശുപത്രിയിലേക്ക് പുതിയ ജീവനക്കാരെ എടുക്കുന്നതിനു മുൻപ് പഴയ ജീവനക്കാരെ സെറ്റിൽ ചെയ്തോ എന്ന ചോദ്യവും നഴ്സുമാർ ഉന്നയിക്കുന്നു. പ്രശ്നം പരിഹരിക്കാൻ വേണ്ടി രണ്ടു മാസത്തിനിടയിൽ ജില്ലാ ലേബർ ഓഫീസറുടെ മുൻപിൽ മൂന്നു തവണയും കോഴിക്കോട് റീജിണൽ ലേബർ കമ്മീഷണരുടെ മുൻപിൽ മൂന്നു തവണയും ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും തീരുമാനം ഉണ്ടായില്ല. ഇതിനിനെ നഴ്സുമാരെ പിരിച്ചു വിടുകയായിരുന്നു. ഇതിനെതിരായാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP