Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ ഉടൻ തണലത്തേക്ക് മാറി വിശ്രമിക്കുക; ധരിച്ചിട്ടുള്ള കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക; തണുത്തവെള്ളംകൊണ്ട് ശരീരം തുടയ്ക്കുക; ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക; സൂര്യാഘാത സാധ്യത കൂടിയതോടെ ജാഗ്രതാ നിർദ്ദേശവും പാലിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കി ആരോഗ്യ വകുപ്പ്

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ ഉടൻ തണലത്തേക്ക് മാറി വിശ്രമിക്കുക; ധരിച്ചിട്ടുള്ള കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക; തണുത്തവെള്ളംകൊണ്ട് ശരീരം തുടയ്ക്കുക; ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക; സൂര്യാഘാത സാധ്യത കൂടിയതോടെ ജാഗ്രതാ നിർദ്ദേശവും പാലിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കി ആരോഗ്യ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ഈ വർഷം ചൂട് വർധിക്കാൻ സാധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മുൻകരുതൽ എടുത്തിരുന്നു. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അത്യാഹിതത്തിലേക്ക് പോകാതിരിക്കാൻ എല്ലാവരും ബോധവാന്മാരാകണം. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. സൂര്യാതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ചിക്കൻപോക്സ് തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കൽ കൂടി ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടെണ്ടതാണ്.

സൂര്യതാപമേറ്റുള്ള താപ ശരീര ശോഷണം

സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുള്ള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങ

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ), കുഞ്ഞുങ്ങൾ (4 വയസ്സിനു താഴെയുള്ളവർ), ഗുരുതരമായ രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോൾ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും. ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്നങ്ങൾ

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവർ

അപകട സാധ്യത കൂടിയവരെ തിരിച്ചറിയുന്നത് ചൂടുമൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം ഉള്ളവർ എന്നിവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതമേറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവർ, വെള്ളം കുറച്ച് കുടിക്കുന്നവർ, പോഷകാഹാര കുറവ് ഉള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാർപ്പിടങ്ങളിലും താമസിക്കുന്ന അഗതികൾ, കൂടുതൽ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകട സാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.സൂര്യാഘാതം മൂലം കുഴഞ്ഞുവീണാൽ അവർക്ക് അടിയന്തിര ചികിത്സ നൽകേണ്ടതും ഇപ്രകാരം മരണപ്പെട്ടാൽ ആശുപത്രിയിലെത്തിച്ച് സൂര്യാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പ് വരുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുമാണ്.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP