Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെ പുത്തൻ തുറുപ്പ് ചീട്ടിറക്കി ചെറുമകൻ രാഹുൽ ഗാന്ധി; എല്ലാവർക്കും മിനിമം വേതനം പ്രഖ്യാപനത്തിന് പിന്നാലെ മിനിമം വരുമാന വാഗ്ദാനവും നൽകിയത് വിശദമായ ഹോംവർക്കോടെ; പ്രകടനപത്രിക ഉഷാറാക്കിയത് രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം; മോദി സർക്കാരിന്റെ 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ പോലെയുള്ള പൊള്ള വാഗ്ദാനങ്ങൾ ആവർത്തിക്കരുതെന്ന് ഉപദേശിച്ച് പ്രിയങ്കയും; രാഹുൽ ബ്രിഗേഡ് ഷൈൻ ചെയ്യുന്നത് ഇങ്ങനെ

മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെ പുത്തൻ തുറുപ്പ് ചീട്ടിറക്കി ചെറുമകൻ രാഹുൽ ഗാന്ധി; എല്ലാവർക്കും മിനിമം വേതനം  പ്രഖ്യാപനത്തിന് പിന്നാലെ മിനിമം വരുമാന വാഗ്ദാനവും നൽകിയത് വിശദമായ ഹോംവർക്കോടെ; പ്രകടനപത്രിക ഉഷാറാക്കിയത് രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം; മോദി സർക്കാരിന്റെ 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ പോലെയുള്ള പൊള്ള വാഗ്ദാനങ്ങൾ ആവർത്തിക്കരുതെന്ന് ഉപദേശിച്ച് പ്രിയങ്കയും; രാഹുൽ ബ്രിഗേഡ് ഷൈൻ ചെയ്യുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ദിര ഗാന്ധി ഉയർത്തിയ ഗരീബി ഹഠാവോ മുദ്രാവാക്യം പോലെ തന്റെ തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻകൈ നേടിയപ്പോഴായിരുന്നു തൊഴിലുറപ്പിന്റെ മാതൃകയിൽ എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം. ഛത്തീസ്‌ഗഡിലെ കിസാൻ റാലിയിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ബ്രഹ്മാസ്ത്രം കൂടി പുറത്തെടുത്തിരിക്കുന്നു. 'ദാരിദ്ര്യത്തിനെതിരെയുള്ള അന്തിമ പോരാട്ടം തുടങ്ങിയിരിക്കുന്നു. ഈ രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും.',രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം 72000 രൂപ വരെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിന്റെ കാതൽ. പാവപ്പെട്ട 20 ശതമാനം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ രാഹുൽ തയ്യാറായില്ല. ഇക്കാര്യത്തിൽ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധരുമായി കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. എങ്ങനെ നടപ്പിലാക്കുമെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. നടപ്പിലാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഒന്നും ഞങ്ങൾ നൽകില്ല. പതിവ് പോലെ മോദി സർക്കാരിന്റെ കള്ളപ്പണം തുടച്ചുനീക്കൽ, 15 ലക്ഷം ബാക്ക് അക്കൗണ്ടുകലിൽ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണു ബിജെപിയുടെ ശ്രമം. അനിൽ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരും പാവപ്പെട്ട കർഷകരും. എല്ലാവർക്കും ഇടമുള്ള ഇന്ത്യയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും രാഹുൽ പറഞ്ഞു. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് വിശദമായ ഹോംവർക്ക് രാഹുൽ ബ്രിഗേഡ് നടത്തിയിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.

പ്രകടന പത്രിക ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവ്

പ്രകടനപത്രിക തയ്യാറാക്കാൻ ദീർഘകാലത്തെ പരിശ്രമമാണ് രാഹുലും കൂട്ടരും നടത്തിയത്. രഘുറാം രാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമായി പലവട്ടം കൂടിയാലോചന. തൊഴിൽ ഉത്പാദനം, കൃഷി തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം. തന്റെ പ്രസംഗങ്ങളിലും രാഹുൽ സ്ഥിരമായി ഈ രണ്ടുവിഷയങ്ങളും പരാമർശിക്കാറുണ്ട്.

മുൻ ആർബിഐ ഗവർണർ രഘുറാം രാജനുമായി തൊഴിലില്ലായ്മ നിർമ്മാർജ്ജനത്തെ കുറിച്ചാണ് സംസാരിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജൻ പ്രവർത്തിച്ചിട്ടുണ്ട്. 2012 ആഗ്‌സ്ത് മുതൽ 2013 സെപ്റ്റംബർ വരെയായിരുന്നു കാലയളവ്. 2016ൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം രഘുറാം രാജൻ ഷിക്കാഗോയിലെ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയിരുന്നു. കോൺഗ്രസിന്റെ പല നയങ്ങളോടും യോജിക്കുന്ന സമീപനമാണ് അടുത്ത കാലത്തായി രഘുറാം രാജൻ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിദേശ-ആഭ്യന്തര നിക്ഷേപകർക്ക് ആത്മവിശ്വാസമുണ്ടാകാൻ ഇത്തരം ഇടപെടലുകൾ പാടില്ലെന്നാണ് രാജന്റെ അഭിപ്രായം. പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളിൽ ഒന്നും കേന്ദ്രസർക്കാരിന്റെ അനാവശ്യഇടപെടലുകളാണ്. സിബിഐ, റിസർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ഉദാഹരണം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അതേ നിലപാട് തന്നെയാണ് രഘുറാം രാജനും.

തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളുമാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്ന് കോൺ്ഗ്രസിന്റെ ആരോപണം രഘുറാം രാജനും ശരിവയ്ക്കുന്നു. കർഷക പ്രശ്നങ്ങൾ, ഊർജ്ജ പ്രശ്നം. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി എനനിവയാണ് സമ്പദ് മേഖല നേരിടുന്ന മൂന്നു മുഖ്യപ്രശനങ്ങളെന്ന് രാജൻ പറയുന്നു. തൊഴിലില്ലായ്മ ഗുരുതരപ്രശ്നമാണ്. ഏഴുശതമാനം വളർച്ചാനിരക്ക് കൈവരിച്ചിട്ടും തൊഴിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നത് മുഖ്യപ്രശ്നമാണ്. കോൺഗ്രസ് പ്രകടനപത്രിക അദ്ധ്യക്ഷൻ പി ചിദംബരം അക്കാദമിക്, വ്യവസായം, കാർഷിക മേഖല, ചെറുകിട വ്യവസായം, യുവജന, സ്ത്രീ എന്നീ രംഗങ്ങളിലെ വിദഗ്ധരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.

വാഗ്ദാനങ്ങൾ വെറുംവാക്കാകരുതെന്ന് ഉപദേശിച്ച് പ്രിയങ്കയും

രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി രംഗപ്രവേശനം ചെയ്ത ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ഗുജറാത്തിൽ 58 വർഷങ്ങൾക്ക് ശേഷം നടന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രിയങ്ക ബിജെപിയെയും മോദിയെയും വിമർശിച്ചത്. ബിജെപിക്കാർ വാഗ്ദാനം ചെയ്ത തൊഴിൽ അവസരങ്ങൾ ഇപ്പോൾ എവിടെയാണ്? ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുതരുമെന്ന് മോദി പറഞ്ഞ 15 ലക്ഷം രൂപ എന്തായി? രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ഇപ്പോൾ എന്താണെന്നും അവർ ചോദിച്ചു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മോദി സർക്കാർ ഒളിച്ചോടുകയാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

അന്നത്തെ പ്രവർത്തകസമിതി യോഗത്തിലും ഇക്കാര്യങ്ങൾ പ്രിയങ്ക ഉന്നയിച്ചു. മിനിമം വേതനം പദ്ധതിയുടെ കരട് അവതരിപ്പിച്ചപ്പോൾ അതിൽ പ്രിയങ്കതന്നെ ചില നിർദ്ദേശങ്ങൾ വയ്ക്കുകയും ചെയ്തിരുന്നു. കൃത്യതയോടെയും വ്യക്തമായും ജനങ്ങൾക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാകുന്നതാവണം ഈ മിനിമം വേതനം പദ്ധതിയെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയും സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. രഘുറാം രാജനുമായും ആശയവിനിമയം നടത്തിയാണ് പ്രായോഗികമായ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

പദ്ധതി ഇങ്ങനെ

ജനസംഖ്യയുടെ 20 ശതമാനം ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം അക്കൗണ്ടിൽ നൽകും. 5 ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകൾക്ക് ഗുണം ലഭിക്കും. കുറഞ്ഞവരുമാനമുള്ളവർക്കും സർക്കാർ ശേഷിച്ച തുക നൽകുമെന്ന് രാഹുൽ പറഞ്ഞു. ഒരുകുടുംബത്തിന് മാസം 6000 രൂപ നൽകുന്ന പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പ്രതിമാസം 12,000 രൂപയിൽ താഴെ വരുമാനമുള്ള പാവങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പരീക്ഷണം അധികാരത്തിലെത്തിയാലുടൻ നടപ്പിലാക്കും. തുടർന്ന് ഇത് രാജ്യവ്യാപകമായി നടപ്പിലവാക്കും. രാജ്യത്തെ അഞ്ച് കോടി വരുന്ന പാവപ്പെട്ടവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഇതുവഴി 25 കോടി കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുമന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാകുമോ?

പദ്ധതിയുടെ ധനകാര്യ മാനങ്ങൾ പഠിച്ച ശേഷമാണ് പ്രഖ്യാപിക്കുന്നതെന്നാണ് രാഹുൽ പറഞ്ഞത്. പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്തു. പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾ ദുരിതമനുഭവിക്കുകയായിരുന്നു. അവർക്ക് ഞങ്ങൾ നീതി ലഭ്യമാക്കും, രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP