Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിർമ്മാല്യത്തിന്റെ ക്ലൈമാക്സ് മോഷണം! ഭഗവതിയെ കാറിത്തുപ്പി വെട്ടിമരിക്കുന്ന വെളിച്ചപ്പാടിന്റെ രംഗങ്ങൾ എം ടി എടുത്തത് ടി ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങൾ' എന്ന നാടകത്തിൽ നിന്ന്; നിർമ്മാല്യത്തിന് ആധാരമായ ചെറുകഥയിൽ അത്തരമൊരു 'ദൈവനിന്ദ' കാണില്ല; തിക്കോടിയനും ജി അരവിന്ദനും എംവി ദേവനും വിവരം അറിഞ്ഞിട്ടും ഒരക്ഷരം മിണ്ടിയില്ല;എം ടിക്കെതിരെ ഗുരുതരമായ സാഹിത്യമോഷണക്കുറ്റം ആരോപിച്ച് ടി ദാമോദരന്റെ മകൾ ദീദി രംഗത്ത്

നിർമ്മാല്യത്തിന്റെ ക്ലൈമാക്സ് മോഷണം! ഭഗവതിയെ കാറിത്തുപ്പി വെട്ടിമരിക്കുന്ന വെളിച്ചപ്പാടിന്റെ രംഗങ്ങൾ എം ടി എടുത്തത് ടി ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങൾ' എന്ന നാടകത്തിൽ നിന്ന്; നിർമ്മാല്യത്തിന് ആധാരമായ  ചെറുകഥയിൽ അത്തരമൊരു 'ദൈവനിന്ദ' കാണില്ല; തിക്കോടിയനും ജി അരവിന്ദനും എംവി ദേവനും വിവരം അറിഞ്ഞിട്ടും ഒരക്ഷരം മിണ്ടിയില്ല;എം ടിക്കെതിരെ ഗുരുതരമായ സാഹിത്യമോഷണക്കുറ്റം ആരോപിച്ച് ടി ദാമോദരന്റെ മകൾ ദീദി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എംടി വാസുദേവൻ നായർക്കെതിരെ സാഹിത്യമോഷണമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകളും എഴുത്തുകാരിയുമായ ദീദി ദാമോദർ രംഗത്ത്. എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേശീയ പുരസ്‌കാരം നേടിയ ചിത്രമായ നിർമ്മാല്യത്തിന്റെ ക്ലൈമാക്‌സ്, ടി ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങൾ' എന്ന നാടകത്തിന്റെ ക്ലൈമാക്‌സ് കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നെന്ന് ദീദി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

നിർമ്മാല്യത്തിന് ആധാരമായ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥയിലും, എംടിയുടെ കഥകളിലും നിർമ്മാല്യത്തിലേതു പോലുള്ളൊരു 'ദൈവനിന്ദ' കാണില്ല. ഒരായുഷ്‌ക്കാലം കമ്മ്യൂണിസ്റ്റും എത്തീസ്റ്റുമായി ജീവിച്ച തന്റെ അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകത്തിൽ നിന്നു തന്നെയാണ് ആ രംഗം എടുത്തിരിക്കുന്നതെന്ന് ബോധ്യപ്പെടാൻ സാമാന്യയുക്തി മതിയെന്നും ദീദി പറഞ്ഞു.സ്വന്തം സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനേക്കാൾ അച്ഛനെ അലട്ടിയത് നിർമ്മാല്യത്തിന് എത്രയോ മുമ്പ് തന്നെ കോഴിക്കോട്ട് ടൗൺ ഹാളിൽ അവതരിപ്പിക്കപ്പെട്ട നാടകം ബാലൻ കെ.നായർക്ക് പ്രൊഫഷണലായി അവതരിപ്പിക്കാനായി അതിന്റെ ഒർജിനൽ ക്ലൈമാക്‌സ് റിപ്പൾസീവ് ആണെന്നും ആ ക്ലൈമാക്‌സ് വച്ച് ക്ഷേത്രങ്ങളിൽ ബുക്കിങ് കിട്ടില്ല എന്നും വാദിച്ച് തിരുത്തിക്കുന്നതിന് എത്തിയ തിക്കോടിയൻ , ജി.അരവിന്ദൻ , എം വി.ദേവൻ എന്നിവരൊന്നും അതേ ക്ലൈമാക്‌സ് പിന്നെ നിർമ്മാല്യത്തിൽ കണ്ടപ്പോൾ മിണ്ടിയില്ലെന്നതിലാണെന്നും ദീദി പറയുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ അച്ഛൻ എഴുതിയ ഈന്തോലപ്പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നും . അത് അച്ഛൻ എഴുതിയതാണെന്ന് പറഞ്ഞ് സംവിധായകനെയും സംഗീത സംവിധായകനെയും വിളിച്ച് പറഞ്ഞപ്പോൾ അവർ പാട്ടിന് ക്രെഡിറ്റ് നൽകാൻ തയ്യാറായെന്നും ദീദി പോസ്റ്റിൽ കൂട്ടിച്ചേർത്തു.മോഷണത്തിന്റെ നെറികേടുകൾ സ്വാഭാവികമായി മാത്രം കാണുന്ന സിനിമയിൽ മിഥുൻ മാനുവൽ തോമസ് എന്ന ചെറുപ്പക്കാരൻ ഒരപവാദമാണെന്നും ദീദി കൂട്ടിച്ചേർക്കുന്നു.

നേരത്തെ പരമ്പരാഗത വൈരികളായിട്ടാണ് എം ടിയും ടി ദാമോദരനും അറിയപ്പെട്ടിരുന്നത്. കിട്ടാവുന്ന വേദികളിലൊക്കെ ടി ദാമോദരൻ എം ടിയെ വിമർശിക്കുകയും പതിവായിരുന്നു. എന്നാൽ അതിനു പിന്നിലും ഇങ്ങനെയാരു കഥയുണ്ടെന്ന് ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങിൽ വിവാദം ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

ദീദി ദാമോദറിന്റെ ഫേസ്‌ബുക്ക് പോസറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

വീണ്ടുമൊരു ഓർമ്മദിവസം. Argentina Fans കാട്ടൂർക്കടവിന് നന്ദി.

April അല്ല. March is the cruelest month for me. അമ്മയും അച്ഛനും പോയ്ക്കളഞ്ഞ മാസം.

2012 ന് ശേഷം മാർച്ച് മാസം മുറിച്ചുകടക്കുന്നത് പോലെ ബുദ്ധിമുട്ടേറിയ മറ്റൊരു കടമ്പയില്ല . പിന്നിട്ട ഏഴ് വർഷവും അതങ്ങിനെയായിരുന്നു. യാത്ര പറയാതെ എങ്ങോട്ടും പോകാറില്ലാത്ത അച്ഛൻ യാത്ര പറയാതെ പുറപ്പെട്ട് പോയ ദിവസം.
മാർച്ച് 28, 2012 ന്റെ ഓർമ്മയാണ്. 2019 ആകുമ്പോഴും മാർച്ചിന് ഒരേ വികാരമാണ്.

വെറുതെ നിൽക്കുമ്പോൾ പോലും ഓർമ്മകൾ കൊണ്ട് ശ്വാസം മുട്ടുന്നത് പോലെയാണ്. അപ്പോഴാണ് കുട്ടിക്കാലം മുതൽ വീട്ടിലെ റെക്കോഡ്പ്ലേയറിൽ കേൾക്കാറുള്ള, അച്ഛന്റെ വായിൽ നിന്നും കേട്ടു വളർന്ന , അച്ഛൻ തന്നെ എഴുതി , ഈണം പകർന്ന 'ഇന്തോല പൊട്ടിച്ചിരിക്കണ് , പനയോല നിന്ന് ചിരിക്കണ് , ദീപങ്ങൾ കത്തിജ്വലിക്കണ് ' എന്ന പാട്ട് ഒരു യാത്രയിൽ റെഡ് എഫ്.എമ്മിൽ കേട്ട് ഞെട്ടി പോകുന്നത്. അച്ഛന്റെ 19-ാം വയസ്സിൽ 1957 ൽ ഉററ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് (എമിലി ആന്റി& ജോൺ അങ്കിൾ)സമ്മാനമായി കൊടുത്ത പാട്ടാണത്. കഴിഞ്ഞ ഏഴ് വർഷമായി അച്ഛൻ എഴുത്ത് മുറിയിൽ കെട്ടിപ്പൂട്ടി വച്ച പുസ്തകക്കൂമ്പാരത്തിൽ എവിടെയോ ഇപ്പോഴും ആഡിസ്‌ക്ക് നിശബ്ദം പാടുന്നുണ്ടാവണം. ചോര തിളച്ചു പോയത് അത് മക്കളായി ഞാനൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ കൺമുന്നിൽ വച്ച് മോഷ്ടിക്കപ്പെട്ടോ എന്ന വിചാരത്താലായിരുന്നു .

അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകത്തിന്റെ വിഖ്യാതമായ ക്ലൈമാക്സ് (പട്ടിണി മാറ്റാൻ സ്വന്തം ഭാര്യക്ക് ശരീരം വിൽക്കേണ്ടി വരുന്ന അവസ്ഥ കണ്ട് ഭർത്താവായ വെളിച്ചപ്പാട് ബോധാവേശത്തിൽ കുതിച്ച് പാഞ്ഞ് താനെന്നും പൂജിക്കുന്ന ദൈവ വിഗ്രഹത്തെ പച്ചത്തെറി പറഞ്ഞ് കാർക്കിച്ച് തുപ്പി സ്വന്തം തല വെട്ടിപ്പൊളിച്ച് മരിക്കുന്നത് ) ക്രെഡിറ്റ് പോലും നൽകാതെ നിർമ്മാല്യം എന്ന സിനിമയിലേക്ക് copy paste ചെയ്തത് കണ്ട് അച്ഛൻ നിസ്സംഗനായി നിന്നത് ഞാൻ കണ്ടതാണ്. സ്വന്തം സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനേക്കാൾ അച്ഛനെ അലട്ടിയത് നിർമ്മാല്യത്തിന് എത്രയോ മുമ്പ് തന്നെ കോഴിക്കോട്ട് ടൗൺ ഹാളിൽ അവതരിപ്പിക്കപ്പെട്ട പിന്നീട് നിരവധി തവണ സ്റ്റേജ് ചെയ്യപ്പെട്ട ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകം കണ്ട സുഹൃത്തുക്കളും അതിൽ അഭിനയിച്ച സുഹൃത്തുക്കളും അവസാനം നടൻ ബാലൻ കെ.നായർക്ക് പ്രൊഫഷണലായി അവതരിപ്പിക്കാനായി അതിന്റെ ഒർജിനൽ ക്ലൈമാക്സ് റിപ്പൾസീവ് ആണെന്നും ആ ക്ലൈമാക്സ് വച്ച് ക്ഷേത്രങ്ങളിൽ ബുക്കിങ് കിട്ടില്ല എന്നും വാദിച്ച് തിരുത്തിക്കുന്നതിന് എത്തിയ തിക്കോടിയൻ , ജി.അരവിന്ദൻ , എം വിദേവൻ എന്നിവരൊന്നും അതേ ക്ലൈമാക്സ് പിന്നെ നിർമ്മാല്യത്തിൽ കണ്ടപ്പോൾ മിണ്ടിയില്ലെന്നതിലാണ്.

നിർമ്മാല്യത്തിന് ആധാരമായ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥയിലോ എംടിയുടെ കഥാപ്രപഞ്ചത്തിലെവിടെയെങ്കിലുമോ അത്തരമൊരു 'ദൈവനിന്ദ' കാണില്ല. അത് ഒരായുഷ്‌ക്കാലം കമ്മ്യൂണിസ്റ്റും എത്തീയിസ്റ്റുമായി ജീവിച്ച അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന നാടകത്തിൽ നിന്നുതന്നെയാണ് എന്ന് ബോദ്ധ്യപ്പെടാൻ സാമാന്യയുക്തി മതി. മരണാനന്തരം അച്ഛനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുമ്പോൾ അതിൽ ഉടഞ്ഞ വിഗ്രഹങ്ങൾ അതിന്റെ ഒറിജിനൽ ക്ലൈമാക്സോടെ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നത് അച്ഛന്റെ ഓർമ്മകളോടെങ്കിലും നീതി പാലിക്കാനായിരുന്നു. അതാരെങ്കിലും ഏറ്റെടുക്കാനല്ല. ചരിത്രത്തിൽ നേരിന്റെ ഒരു നേർത്ത രേഖയായെങ്കിലും അത് വേണമെന്നുണ്ടായിരുന്നു.

പൊടുന്നനെ ഈന്തോലപ്പാട്ട് എഫ്.എമ്മിൽ കേട്ടപ്പോൾ വീണ്ടും ആ നീതികേടിന്റെ ഭാരമായിരുന്നു മനസ്സിൽ. എഫ്.എമ്മിൽ വിളിച്ചപ്പോൾ അത് Argentina Fans കാട്ടൂർക്കടവ് എന്ന സിനിമയിലെതാണെന്നറിഞ്ഞു. സംവിധായകൻ മിഥുൻ മാന്വൽ തോമസ്സും സംഗീത സംവിധായകൻ ഗോപീസുന്ദർ ആണെന്നും അറിഞ്ഞു. യു ട്യൂബിൽ ചെക്ക് ചെയ്തപ്പോൾ ആ പാട്ടിന് ആർക്കും ക്രെഡിറ്റ് കൊടുത്തിട്ടില്ല . മലബാറിൽ കല്യാണ വീടുകളിൽ പതിറ്റാണ്ടുകളായി പാടി വരുന്നതാണ് എന്നേയുള്ളൂ. അത്രയും ആശ്വാസം . ഉടനെ സംവിധായകൻ മിഥുൻ മാന്വലിനെ വിളിച്ചു. എന്നാൽ സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സിനിമക്കാർ പെരുമാറുന്നതിൽ നിന്നും തീർത്തും വ്യത്യസ്തവും അന്തസ്സുറ്റതുമായിരുന്നു മിഥുൻ മാന്വലിന്റെ പ്രതികരണം . ആ പാട്ട് എങ്ങിനെയാണ് കിട്ടിയത് എന്നു മിഥുൻ പറഞ്ഞു. കല്ലാണക്കച്ചേരികളിൽ പാടി നടക്കുന്നവരിൽ നിന്നും സംമ്പാദിച്ചതാണെന്നും അതിനവർക്ക് അർഹമായ റെമ്യൂണറേഷനും കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ തിരക്കഥാകൃത്ത് ദാമോദരൻ മാഷ് എഴുതി ഈണം നൽകിയ പാട്ടാണ് എന്നറിഞ്ഞപ്പോൾ യാതൊരു മടിയുമില്ലാതെ അത് അംഗീകരിച്ച് എന്തു വേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്. ഒറ്റക്കാര്യമേ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളു, ആ പാട്ട് അനാഥമല്ല , അതിന് അർഹിക്കുന്ന രീതിയിൽ അച്ഛന് ക്രെഡിറ്റ് കൊടുത്ത് തിരുത്തണം എന്ന് മാത്രം. ഇത് ഒരു നിലക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനും കൂട്ടത്തിനും പോകാനല്ല എന്നും സംവിധായകനോട് വ്യക്തമാക്കിയിരുന്നു. പിന്നെ സംഗീത സംവിധായകൻ ഗോപീസുന്ദറിനോടും. ഗോപിയും തികഞ്ഞ ബഹുമാനത്തോടെ എന്തു തിരുത്തലിനും തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്.

അങ്ങിനെ വെള്ളിയാഴ്ച റിലീസ് ദിവസം തന്നെ കോഴിക്കോട് റീഗൽ തിയറ്ററിൽ അവസാന ഷോക്ക് പടം കണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ അച്ഛനോടുള്ള ആദരസൂചകമായി പാട്ടിന്റെ ക്രെഡിറ്റ് അച്ഛന് നൽകിക്കൊണ്ട് എഴുതിക്കാണിച്ചപ്പോൾ കണ്ണു നിറഞ്ഞു. ഒറ്റ ഫോൺ കോളിൽ വാക്ക് പാലിച്ച സംവിധായകൻ മിഥുൻ മാന്വലിന് സ്നേഹം. ക്ലൈമാക്സിൽ അച്ഛന്റെ ഇന്തോലപ്പാട്ട് എത്തിയപ്പോൾ ഹൃദയം മിടിച്ചു. 2012 ന് ശേഷം ഏഴ് വർഷം പിന്നിടുന്ന മറ്റൊരു മാർച്ച് മാസത്തിൽ വീണ്ടും അച്ഛന്റെ ശ്വാസം വെള്ളിത്തിരയിൽ മിടിച്ചപ്പോൾ ആത്മാവിന്റെ മരിക്കാത്ത സാന്നിധ്യം അറിയാതെ അറിയുകയായിരുന്നു. കണ്ണു നിറയാതെ കടന്നു പോകാനാകുമായിരുന്നില്ല ആ പാട്ട്.

അച്ഛന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മിഥുന്റെ സിനിമയെക്കുറിച്ചും രണ്ടു വാക്ക് . സിനിമക്കൊപ്പമായിരുന്നെങ്കിലും ഒരു പക്ഷേ അതിനേക്കാളും അച്ഛന്റെ പാഷൻ ഫുട്ബോൾ ആയിരുന്നു . ഫുട്ബോൾ കളിക്കാരനായും കളിയെഴുത്തുകാരനായും റഫ്രിയായും കമന്റേറ്ററായും ബ്രസീലിന്റെ കടുത്ത ആരാധകനായും അവസാന ശ്വാസം വരെയും ജീവിച്ച അച്ഛന്റെ ആത്മാവിനുള്ള ഒരു ട്രിബ്യൂട്ട് കൂടിയായി കാണുന്നു ഈ മാർച്ച് മാസം തന്നെ പുറത്തിറങ്ങിയ Argentina Fans കാട്ടൂർക്കടവ്. 71 തിരക്കഥകൾ എഴുതിയിട്ടും ഏറ്റവും ആഗ്രഹിച്ച എത്രയോ സ്പോട്സ് സിനിമകൾ ചർച്ചകളിൽ അവസാനിച്ചു പോയത് ഞാൻ കണ്ടിട്ടുള്ളതാണ്. Argentina Fans കാട്ടൂർക്കടവിന്റ അവസാനത്തിൽ വിപിനൻ പറയുന്നത് തനിക്ക് പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പേര് അമ്മക്ക് തീരുമാനിക്കാമെന്നും ആൺകുട്ടികളാണെങ്കിൽ ഇഷ്ട ഫുട്ബോൾ താരങ്ങളുടെ പേരായിരിക്കും എന്നുമാണ് . അച്ഛന്റെ ബ്രസീലിയൻ ജയന്റ്സിനോടുള്ള ആരാധനയുടെ സാക്ഷ്യമാണ് ഞങ്ങൾ. പെൺമക്കാളായിരുന്നിട്ടും ബ്രസ്സീലിയൻ ജയൻസ്സിന്റെ പേരാണ് ഞങ്ങൾക്കിട്ടത്. അതിവിചിത്ര പേരുകളിൽ വളർന്ന ഞങ്ങൾ ആദ്യമൊക്കെ അച്ഛനെ കുറ്റപ്പെട്ടുതിയിട്ടുണ്ട്. അതിന്റെ മഹാത്മ്യം തിരിച്ചറിയാൻ വർഷങ്ങളെടുത്തു.

മൂന്ന് പെൺമക്കളുള്ള ഞങ്ങളുടെ വീട് അച്ഛനുറങ്ങുന്ന വീട് തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തി തന്ന, ഫുട്മ്പോൾ ആണുങ്ങളുടെ മാത്രം കളിയല്ലെന്ന് പറയാൻ സ്വന്തം പേരുകൾകൊണ്ട് ഞങ്ങളെ കണ്ണിചേർത്ത,
കേരളത്തിൽ ഫെമിനിസം പച്ച പിടിക്കും മുമ്പ് ഇന്നല്ലെങ്കിൽ നാളെ എന്ന സിനിമയെഴുതി കാലത്തിന് മുമ്പേ നടന്ന അച്ഛന്റെ ഓർമ്മ ദീപ്തമാണിന്നും.

മോഷണത്തിന്റെ നെറികേടുകൾ സ്വാഭാവികമായി മാത്രം കാണുന്ന സിനിമയിൽ മിഥുൻ മാനുവൽ തോമസ് എന്ന ചെറുപ്പക്കാരൻ ഒരപവാദമാണ്. നന്ദി , സ്നേഹം .

Argentina Fans കാട്ടൂർക്കടവിന് എല്ലാ ആശംസകളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP