Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഹരി മാഫിയ ചോരപ്പുഴയൊഴുക്കുന്നത് തടയാൻ രണ്ടും കൽപിച്ച് 'സിങ്കം' ! 'മയക്കുമരുന്ന് മൂലം' ക്രിമിനലുകൾ ഒരുമാസത്തിനിടെ എടുത്തത് നാലു ജീവനുകൾ; 'ലഹരി കുറ്റവാളി'കളെ പൂട്ടാൻ ഋഷിരാജ് സിങ്ങിന്റെ പുത്തൻ ചുവട് വെപ്പ്; വാട്‌സാപ്പ് നമ്പർ പങ്കുവെച്ചതിന് പിന്നാലെ ലഹരി കടത്തടക്കമുള്ള കൃത്യമായ വിവരം നൽകുന്നവർക്ക് പാരിതോഷികവും; സ്‌കൂൾ-കോളേജ് പരിസരത്ത് നിന്നും മാഫിയയെ കെട്ടുകെട്ടിക്കാൻ മഫ്തിയിൽ പൊലീസിനെ വിന്യസിക്കാനും നീക്കം

ലഹരി മാഫിയ ചോരപ്പുഴയൊഴുക്കുന്നത് തടയാൻ രണ്ടും കൽപിച്ച് 'സിങ്കം' ! 'മയക്കുമരുന്ന് മൂലം' ക്രിമിനലുകൾ ഒരുമാസത്തിനിടെ എടുത്തത് നാലു ജീവനുകൾ; 'ലഹരി കുറ്റവാളി'കളെ പൂട്ടാൻ ഋഷിരാജ് സിങ്ങിന്റെ പുത്തൻ ചുവട് വെപ്പ്;  വാട്‌സാപ്പ് നമ്പർ പങ്കുവെച്ചതിന് പിന്നാലെ ലഹരി കടത്തടക്കമുള്ള കൃത്യമായ വിവരം നൽകുന്നവർക്ക് പാരിതോഷികവും; സ്‌കൂൾ-കോളേജ് പരിസരത്ത് നിന്നും മാഫിയയെ കെട്ടുകെട്ടിക്കാൻ മഫ്തിയിൽ പൊലീസിനെ വിന്യസിക്കാനും നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞാൽ കൈമാറണമെന്ന് അറിയിച്ച് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വാട്ട്‌സാപ്പ് നമ്പർ സഹിതം അറിയിപ്പിറക്കിയത്. സ്‌കൂൾ, കോളേജ് തുടങ്ങി കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പൂകളിൽ ഈ നമ്പർ പരമാവധി പ്രചരിപ്പിക്കണമെന്നും ലഹരിയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങളും അറിയിക്കണമെന്നും അദ്ദേഹം അറിയിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളിൽ ലഹരി ഇടപാട് വരെ നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർധിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നത് സാധാരണക്കാരുടെ സ്വസ്ഥ ജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന വേളയിലാണ് ഇതിന് തടയിടുന്നതിനായി എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും സന്ദേശത്തിലുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വന്നിട്ടും ഷാഡോ പൊലീസ് ഒരു തരത്തിലുമുള്ള നടപടുയെടുക്കിന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാർട്ടൺ ഹിൽ കോളനി നിവാസിയായ അനിൽ എസ്‌പി (38), പടിഞ്ഞാറേക്കോട്ട സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ, കരമന സ്വദേശി അനന്തു, ചിറയിൻകീഴ് സ്വദേശി വിഷ്ണു എന്നിവരുടെ കൊലപാതകങ്ങളാണ് ഇപ്പോൾ കേരളക്കരയെ ഞെട്ടിച്ചുരിക്കുന്നത്. മൂവരുടെ മരണത്തിന് പിന്നിൽ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടെന്ന വിവരവും ഇതിനോകം പുറത്തുവന്നിരുന്നു.

ഒന്നര വർഷം മുൻപ് നടന്ന വീടുകയറിയുള്ള അക്രമം ആണ് അനിലിന്റെ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത് എന്നാണ് വിവരം. കൊല്ലപ്പെട്ട അനിൽ പ്രതിയായ ജീവന്റെ വീട് കയറി ഒന്നര വർഷം മുൻപ് ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദനത്തിൽ ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് മദ്യലഹരിയിൽ അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത്.

അനിലിനെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച ശേഷം ജീവൻ കടന്നുകളയുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അനിലിനെ മ്യൂസിയം പൊലീസ് എത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനിലിനെതിരെ ആറോളം കേസുകളുണ്ട്. പ്രതിയായ ജീവൻ മുൻപ് രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ്. ഗുണ്ടുകാട് സാബുവിന്റെ സംഘാംഗമാണ്.

സിറ്റി പൊലീസിന്റെ സമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശനിയാഴ്‌ച്ചയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ജീവന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രതിയുടെ ഫോട്ടോ ജില്ലയിലെയും അയൽ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറികഴിഞ്ഞു. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലങ്ങളിൽ പൊലിസ് നിരീക്ഷണം നടത്തുന്നുണ്ട്.

ഇയാളുടെ മൊബൈൽ ടവർ ലേക്കേഷൻ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജീവനെ പിടികൂടാൻ മൂന്ന് അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഏതാനും ദിവസം മുമ്പ് കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊന്നതും കഞ്ചാവ് സംഘം തന്നെ. ഈ സംഭവത്തിന് ശേഷം വീണ്ടും തിരുവനന്തപുരം നഗരത്തിൽ അക്രമികളുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടിരുന്നു.

പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ(28) ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ശ്രീവരാഹത്തായിരുന്നു സംഭവം. ഇതിന് പിന്നിലും മയക്കുമരുന്ന് മാഫിയ തന്നെ. ഇതോടെ തലസ്ഥാന നഗരത്തിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി വ്യക്തമാവുകയാണ്.

ലഹരിവിൽപ്പന സംഘങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽപ്പെട്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആക്രമിച്ചയാൾ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ശ്രീവരാഹത്തിന് സമീപം റോഡുവക്കിൽ നാലുപേർ തമ്മിൽ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടൻ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാൾ കുപ്പികൊണ്ട് കുത്തിയത്. ഏറ്റുമുട്ടലിൽ ശ്രീവരാഹം സ്വദേശി രജിത്തി (24)നും സമീപവാസിയായ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിന്റെ പേരിൽ ബംഗ്ളൂരുവിൽ നിന്നും സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിറയിൻകീഴിൽ വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തിൽ ഫോൺ ചോർത്തലാണ് കാരണമായി പറയുന്നത്. കരമനയിൽ അനന്തുവിന്റെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തർക്കം. അതി ക്രൂരമായിരുന്നു അനന്തുവിന്റെ കൊലപാതകം. ഇതിന്റെ ഞെട്ടൽ മാറും മുമ്പേ അടുത്ത കൊലപാതകമെത്തുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഈ കൊലപാതകമെല്ലാം മയക്ക് മരുന്ന് മാഫിയയുടെ ഇടപെടലാണ്.

കരമന തളിയിലെ നിന്ന് ഒരു സംഘം അനന്തുവെന്ന 21കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയിൽ. നഗരമദ്യത്തിൽ അരങ്ങേറിയത് സമാനതകളില്ലാത്ത കൊലപാതകം. വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ഒരു കൂട്ടം യുവാക്കൾ ചോരകണ്ട് മതിവരാതെ വേദനകൊണ്ട് പുളയുന്നത് കണ്ട് ആഹ്ലാദിച്ചാണ് കൊല നടത്തിയത്.

കൈത്തണ്ടയിൽ നിന്നും കഴുത്തിൽ നിന്നും ചോര ചീറ്റിച്ചും, തലോട്ടിൽ കല്ലുകൾകൊണ്ട് ആഞ്ഞ് അടിച്ചും ഇഞ്ച് -ഇഞ്ചായി നരകിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് ആറ്റുകാൽ മണ്ഡലം സെക്രട്ടറിയായ അനന്തുവിനെ വകവരുത്തിയതെന്ന് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊലനടത്തിയതെന്നും കണ്ടെത്തി. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം പേരും 27വയസിന് താഴെയുള്ളവരാണ്. ചൊവ്വാഴ്ച വൈകിട്ട് അനന്തവുമായി നീറമൺകര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിൽ എത്തിയ അക്രമി സംഘം കഞ്ചാവ് ലഹരിയിൽ ക്രൂര വിനോദമാണ് നടത്തിയത്.

നിലവിളി ഉയരാതിരിക്കാൻ വായിൽ കല്ലും മണ്ണും വാരി നിറച്ചു. ശരീരത്തിൽ മുറിവേൽക്കാത്ത ഒരു സ്ഥലം പോലും ബാക്കിയുണ്ടാകാത്തവിധം അതിക്രൂരമായ വേട്ടയാടലാണ് നേരം പുലരുവോളം നടന്നത്. ബന്ധുവിന്റെ പരാതിയിൻ മേൽ പൊലീസ് അന്വേഷിക്കുമ്പോഴും നഗരമദ്യത്തിൽ തന്നെ കൊലപാതകവും അരങ്ങേറി. ബുധനാഴ്ച രാവിലെ 11ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമൺകരയ്ക്ക് സമീപം ദേശീയപാതയിൽ കണ്ടതിനെ തുടർന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഷാഡോ പൊലീസ് നിർജ്ജീവാവസ്ഥയിലോ ?.....സ്‌കൂൾ- കോളജ് പരിസരത്ത് ലഹരി വേട്ടയ്ക്കായി മഫ്തിയിൽ പൊലീസ്

ഷാഡോ പൊലീസ് ഉത്തരവാദിത്വമില്ലാത്ത രീതിലിൽ പെരുമാറുന്നതാണ് സംസ്ഥാനത്തെ ലഹരി സംഘങ്ങളുടെ വിളയാട്ടം വർധിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ എട്ടുവർഷമായി ഒരേ ടീമാണ് നഗരത്തിലെ ഷാഡോ സംഘത്തിലുള്ളത്. നഗരത്തിലെ ഗുണ്ടാസംഘങ്ങളും കഞ്ചാവ് വിൽപ്പന സംഘങ്ങളും ഉൾപ്പെടെയുള്ള ക്രിമിനലുകളെ സംബന്ധിച്ച് വ്യക്തമായ ധാരണയും വിവരങ്ങളും ഈ ഷാഡോ പൊലീസ് സംവിധാനത്തിനുണ്ട്. നഗരത്തിലെ എല്ലാ ഗുണ്ടാ സംഘങ്ങളും ഷാഡോ പൊലീസിന്റെ സൗഹൃദ പരിധിയിലാണ് എന്നുതന്നെ പറയാം.

ഷാഡോ പൊലീസിന്റെ ചുമതലയുള്ള ഡിവൈഎസ്‌പി സുമേഷിനെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളത്തേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് ഷാഡോ പൊലീസ് എതാണ് നിർജ്ജീവാവസ്ഥയിലാണ്. നിഴലിലാകുന്നതിന്റെ എല്ലാ സുഖസൗകര്യങ്ങളിലും മുഴുകി നിൽക്കുമ്പോൾ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക അവരുടെ ആഭ്യന്തര കാര്യം മാത്രമെന്ന മനോഭാവമാണ് ഷാഡോ പൊലീസ് കൈക്കൊള്ളുന്നത്.

സ്‌കൂൾ -കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വർധിച്ച് വരുന്ന അവസരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പൊലീസ് മഫ്തിയിൽ ലഹരി വേട്ടയ്ക്ക് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിക്കും. മുൻപത്തെക്കാൾ കർശമായ രീതിയിലാകും പരിശോധനകൾ നടക്കുക. ഇതോടെ സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ നടക്കുന്ന ലഹരി വിൽപനയ്ക്ക് കടിഞ്ഞാൺ ഇടാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഋഷിരാജ് സിങിന്റെ വാട്‌സാപ്പ് സന്ദേശം

പ്രിയപ്പെട്ട സുഹൃത്തേ,

9048044411- ഇത് എന്റെ സ്വന്തം വാട്‌സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്‌ക്കൂൾ/ കോളേജ്/ റസിഡന്റ്‌സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ.സി.സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്‌സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.

ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക 

വിശ്വസ്തതയോടെ,

ഋഷി രാജ് സിങ്,
ഡി.ജി.പി & എക്‌സൈസ് കമ്മീഷണർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP