Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലു ജില്ലകളിൽ ഇന്ന് ഒറ്റ ദിവസം നാലു ഡിഗ്രി താപനില ഉയരുമ്പോൾ ബാക്കി മിക്ക ജില്ലകളിലും മൂന്ന് ഡിഗ്രി വീതം ഉയരും; നോക്കി നിൽക്കുമ്പോൾ ചൂട് ഉയരുന്ന മലയാളിയുടെ ജീവിതം പേടിപ്പിക്കുന്ന തരത്തിലേക്ക്; താപസൂചിക 50ഡിഗ്രിക്ക് മുകളിലേക്ക്; കരുതൽ എടുത്തില്ലെങ്കിൽ ആർക്കും മരണം സംഭവിക്കാം

നാലു ജില്ലകളിൽ ഇന്ന് ഒറ്റ ദിവസം നാലു ഡിഗ്രി താപനില ഉയരുമ്പോൾ ബാക്കി മിക്ക ജില്ലകളിലും മൂന്ന് ഡിഗ്രി വീതം ഉയരും; നോക്കി നിൽക്കുമ്പോൾ ചൂട് ഉയരുന്ന മലയാളിയുടെ ജീവിതം പേടിപ്പിക്കുന്ന തരത്തിലേക്ക്; താപസൂചിക 50ഡിഗ്രിക്ക് മുകളിലേക്ക്; കരുതൽ എടുത്തില്ലെങ്കിൽ ആർക്കും മരണം സംഭവിക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കൊടും ചൂടിൽ വെന്തുരുകി കേരളം, പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്ക് വീണ്ടും താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. . ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു 4 ഡിഗ്രി വരെ ചൂട് ഉയരാനിടയുണ്ട്. നാളെയും മറ്റന്നാളും 3 ഡിഗ്രി വരെ കൂടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു മുതൽ 28 വരെ 3 ഡിഗ്രി വരെ ചൂടു കൂടുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ സംസ്ഥാനത്തു 20 പേർക്കു സൂര്യാതപത്തെത്തുടർന്നു പരുക്കേറ്റു.

കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ഈ വർഷം ചൂട് വർധിക്കാൻ സാധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മുൻകരുതൽ എടുത്തിരുന്നു. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

രേഖപ്പെടുത്തുന്ന ചൂടിനു പുറമേ അനുഭവപ്പെടുന്ന ചൂട് ആയ താപതീവ്രത ഇന്നു കേരളത്തിലെ മിക്ക ജില്ലകളിലും 50 കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇന്നലെ പാലക്കാട് മേഖലയിൽ മാത്രമാണ് 50 നു മുകളിൽ താപസൂചിക പ്രവചിച്ചിരുന്നതെങ്കിൽ ഇന്നു കൊല്ലം മുതൽ കോഴിക്കോട് വരെ 50 നു മുകളിലെത്തും. പാലക്കാട്, തൃശൂർ മേഖലകളിൽ ഇത് 54 നു മുകളിലെത്തുമെന്നും ആശങ്കയുണ്ട്.

സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അത്യാഹിതത്തിലേക്ക് പോകാതിരിക്കാൻ എല്ലാവരും ബോധവാന്മാരാകണം. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. സൂര്യാതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ചിക്കൻപോക്‌സ് തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കൽ കൂടി ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടെണ്ടതാണ്. ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 താപ ശരീര ശോഷണം

സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുള്ള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

പ്രതിരോധ മാർഗങ്ങൾ

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോൾ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും. ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP