Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളിൽ നിന്ന് സങ്കടം കടലുപോലെ കയറിവന്നപ്പോൾ പിടിച്ചുനിൽക്കാനായില്ല ഈ നാട്ടുമ്പുറത്തുകാരന്; ഉള്ളംകൈയിൽ പൂക്കളെടുത്ത് കൈകൂപ്പുമ്പോൾ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞ് സുകുമാരൻ നായർ; ഭാര്യ കുമാരി ദേവിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ കണ്ണീരണിഞ്ഞ് കണ്ടുനിന്നവരും; നാട്ടുകാരുടെ പ്രിയപ്പെട്ട തങ്കമണി ചേച്ചിക്ക് നാടിന്റെ അന്തിമോപചാരം

ഉള്ളിൽ നിന്ന് സങ്കടം കടലുപോലെ കയറിവന്നപ്പോൾ പിടിച്ചുനിൽക്കാനായില്ല ഈ നാട്ടുമ്പുറത്തുകാരന്; ഉള്ളംകൈയിൽ പൂക്കളെടുത്ത് കൈകൂപ്പുമ്പോൾ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞ് സുകുമാരൻ നായർ; ഭാര്യ കുമാരി ദേവിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ കണ്ണീരണിഞ്ഞ് കണ്ടുനിന്നവരും; നാട്ടുകാരുടെ പ്രിയപ്പെട്ട തങ്കമണി ചേച്ചിക്ക് നാടിന്റെ അന്തിമോപചാരം

ആർ പീയൂഷ്

 ചങ്ങനാശ്ശേരി: കണ്ടാൽ വലിയ കാർക്കശ്യക്കാരൻ. ഒന്നിനോടും അടിയറവ് പറയാത്ത ധൈര്യശാലി. വീട്ടിലെത്തിയാലെ തനി നാട്ടിൻപുറത്തുകാരൻ. ഒരുമിച്ച് ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ജീവിതസഖി പെട്ടെന്നൊരുനാൾ വിട പറഞ്ഞപ്പോൾ, വല്ലാതെ പതറിപ്പോയി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇന്നലെ അന്തരിച്ച ഭാര്യ കെ.കുമാരി ദേവിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ കണ്ടുനിന്നവരും വിഷമിച്ചു. ഉള്ളംകൈകളിൽ അൽപം പൂക്കൾ വാരിയെടുത്തു. ഒരു മാത്ര കണ്ണുകളടച്ച് മൗനമായി നിന്നു. പിന്നെ പൂക്കൾ വാരി ഭാര്യയുടെ ചലനമറ്റ ദേഹത്തേക്ക് വിതറി കൈകൂപ്പി പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ചങ്ങനാശ്ശേരി മതുമൂലയ്ക്ക് സമീപം മൂർക്കുളങ്ങര ഗോകുലത്തിങ്കൽ വീട്ടിലായിരുന്നു അന്ത്യ ക്രിയകൾ. ഇന്നലെ മുതൽ അടക്കി വച്ചിരുന്ന സങ്കടക്കടൽ ഒന്നാകെ അണപൊട്ടിയൊഴുകുകയായിരുന്നു. ഭാര്യയുടെ മൃതദേഹം വീടിനുള്ളിൽ പൊതു ദർശനത്തിനായി കിടത്തിയപ്പോൾ ആരോടും ഒന്നു മിണ്ടാതെ വീടിന് പുറത്ത് ഒരുക്കിയിരുന്ന പന്തലിൽ ഇരിക്കുകയായിരുന്നു സുകുമാരൻ നായർ.

മുഖമാകെ വലിഞ്ഞുമുറുകി സങ്കടം ആരും പുറത്തറിയരുത് എന്ന രീതിയിലായിരുന്നു. എന്നാൽ ഭാര്യക്ക് അന്തിമോപചാരം അർപ്പിക്കുമ്പോൾ പിടിച്ചു നിർത്തിയിരുന്ന സങ്കടം ഒന്നാകെ പുറത്തേക്ക് വരികയായിരുന്നു. നീണ്ട ദാമ്പത്യത്തിൽ കടുത്ത ആത്മബന്ധമായിരുന്നു ഇരുവരും. മറ്റുള്ളവരുടെ മുന്നിൽ കാർക്കശ്യം കാണിക്കുമായിരുന്നെങ്കിലും വീട്ടിലെത്തിയാൽ തനി നാട്ടിൻ പുറത്തുകാരനായ ഒരു ഗൃഹനാഥനായിരുന്നു. അതിനാൽ കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. വലിയ മാനസിക സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ ഭാര്യയുമായി സംസാരിച്ച് കഴിയുമ്പോൾ എല്ലാം മാറുമായിരുന്നു എന്ന് മുൻപ് ഒരു അഭിമുഖത്തിൽ സുകുമാരൻ നായർ സൂചിപ്പിച്ചിരുന്നു. തനിച്ചാക്കി യാത്രയായ സഹധർമ്മിണിയുടെ വിയോഗം കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ് സുകുമാരൻ നായരെ.

പൊതു ദർശനത്തിന് ശേഷം മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്‌ക്കാരചടങ്ങിനായി പുറത്തേക്ക് എടുത്തത്. വീടിന് മുൻവശത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ചടങ്ങുകൾ നടത്തി. മൂത്ത മകൻ സുരേഷ് കുമാറാണ് കർമ്മങ്ങൾ ചെയ്തത്. ഒപ്പം മറ്റു മൂന്ന് മക്കളും മരു മക്കളും കൊച്ചു മക്കളും ഉണ്ടായിരുന്നു. ഈ സമയമൊക്കെ സുകുമാരൻ നായർ മൃതദേഹത്തിനടുത്ത് നിർനിമേഷനായി നിൽക്കുകയായിരുന്നു. കർമ്മങ്ങൾ കഴിഞ്ഞതിന് ശേഷം കരയോഗ അംഗങ്ങൾ കോടി പുതപ്പിച്ചു. അതിന് ശേഷം ബന്ധുക്കളും മറ്റും പുഷ്പങ്ങൾ അർപ്പിച്ച് മൃതദേഹത്തെ വണങ്ങി. എല്ലാവരും വണങ്ങിയതിന് ശേഷമായിരുന്നു സുകുമാരൻ നായർ അന്തിമോപചാരം അർപ്പിച്ചത്. പിന്നീട് മൃതദേഹം വീട്ടു വളപ്പിൽ തന്നെ ഒരുക്കിയ ചിതയിലേക്ക് എടുത്തു.

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാ കൃഷ്ണൻ, കാനം രാജേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വീണാ ജോർജ്ജ് എംഎ‍ൽഎ, മുനീർ, എംപി ജോസ് കെ മാണി, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, സഭാ അദ്ധ്യക്ഷന്മാർ തുടങ്ങിയവരൊക്കെ സുകുമാരൻ നായരുടെ വീട്ടിലേക്ക് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP