Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി സ്ഥാനാർത്ഥികളുടെ മുഖം ഇനി തമിഴ്‌നാട്ടിൽ നിന്ന് അച്ചടിച്ച് എത്തിക്കേണ്ടി വരില്ല; 'ഇലക്ഷൻ സ്‌പെഷ്യലായിട്ടുള്ള' പ്രിന്റിങ് രീതി ഇപ്പോൾ കേരളത്തിലും; മണിക്കൂറിൽ പതിനായിരത്തിലേറെ പോസ്റ്ററുകൾ അച്ചടിക്കുന്ന സംവിധാനമടക്കമുള്ള അത്യാധുനിക പ്രസുകൾ മലബാറിലും സജീവം; തിരഞ്ഞെടുപ്പ് സീസൺ തുടങ്ങിയതോടെ വൻ തിരക്കെന്നും പ്രിന്റിങ് ഹൗസുകൾ

മലയാളി സ്ഥാനാർത്ഥികളുടെ മുഖം ഇനി തമിഴ്‌നാട്ടിൽ നിന്ന് അച്ചടിച്ച് എത്തിക്കേണ്ടി വരില്ല; 'ഇലക്ഷൻ സ്‌പെഷ്യലായിട്ടുള്ള' പ്രിന്റിങ് രീതി ഇപ്പോൾ കേരളത്തിലും;  മണിക്കൂറിൽ പതിനായിരത്തിലേറെ പോസ്റ്ററുകൾ അച്ചടിക്കുന്ന സംവിധാനമടക്കമുള്ള അത്യാധുനിക പ്രസുകൾ മലബാറിലും സജീവം; തിരഞ്ഞെടുപ്പ് സീസൺ തുടങ്ങിയതോടെ വൻ തിരക്കെന്നും പ്രിന്റിങ് ഹൗസുകൾ

രഞ്ജിത് ബാബു

കണ്ണൂർ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പു കാലത്ത് പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാൻ ശിവകാശിയെയോ ബംഗളൂരുവിനേയോ ആശ്രയിക്കേണ്ട അവസ്ഥ അസ്തമിക്കുന്നു. പ്രചാരണ സാമഗ്രികൾ അച്ചടിക്കാനുള്ള സാങ്കേതിക വിദ്യയിൽ കേരളം ബഹുദൂരം മുന്നോട്ട് പോയിരിക്കയാണ്. അതനുസരിച്ചുള്ള അച്ചടിശാലകൾ കേരളത്തിൽ ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി കേരളത്തിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പോസ്റ്ററുകളും ലഘുലേഖകളുമാണ് ശിവകാശിയിൽ നിന്നും ബംഗളൂരുവിൽ നിന്നും അച്ചടിച്ച് ഇവിടെ എത്തിച്ചിരുന്നത്. എന്നാൽ അതെല്ലാം ഇപ്പോൾ പഴങ്കഥയായി മാറിയിരിക്കയാണ്.

ഇത്തവണ രാഷ്ട്രീയ ഭേദമെന്യേ എൽ.ഡി.എഫും യു.ഡി.എഫും ബിജെപി.യും മറ്റ് സ്വതന്ത്രന്മാരും കേരളത്തിലെ അച്ചടിശാലകളെ തന്നെയാണ് സമീപിക്കുന്നത്. മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രസ്സ് ഉടമകളുടെ പ്രിന്റേഴ്സ് ക്ലസ്റ്ററിനെ ആശ്രയിച്ചിരിക്കയാണ് ഇത്തവണത്തെ സ്ഥാനാർത്ഥികൾ.  കേന്ദ്ര കേരള സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കണ്ണൂരിലെ നോർത്ത് മലബാർ ഓഫ് സെറ്റ് പ്രിന്റേഴ്സ് കൺസോഷ്യം ലിമിറ്റഡാണ് മലബാർ പ്രദേശത്തെ ഭൂരിഭാഗം സ്ഥാനാർത്ഥികളുടേയും പ്രചാരണ സാമഗ്രികളുടേയും അച്ചടി നിർവ്വഹിക്കുന്നത്. കാസർഗോഡ് മുതൽ വടകര വരെയുള്ള സ്ഥാനാർത്ഥികളുടെ ഒന്നും രണ്ടം ഘട്ട പ്രചാരണ സാമഗ്രികൾ അച്ചടിച്ച് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇതിൽ വടകര ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി. ജയരാജന്റെ പോസ്റ്ററുകൾ നാല് തവണയാണ് ഇവിടെ അച്ചടിച്ചിട്ടുള്ളത്. കണ്ണൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ പോസ്റ്ററുകളും ലഘുലേഖകളും പ്രിന്റേഴ്സ് ക്ലസ്റ്ററിൽ വെച്ചു തന്നെയാണ് അച്ചടി നിർവ്വഹിക്കുന്നത്. സുധാകരന്റെ മൂന്ന് തരത്തിലുള്ള പോസ്റ്ററുകൾ ഇറക്കി കഴിഞ്ഞു. ഇടതു മുന്നണി സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടെ പ്രചരണത്തിനായി നാലാം ഘട്ടമാണ് പോസ്റ്ററുകൾ അടിച്ചിറക്കുന്നത്. ഓരോ തവണയും വിവിധ തരത്തിൽ പോസ്റ്റർ ഇറക്കിയാണ് സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നത്.

ഒരു കാലത്ത് തെരഞ്ഞെടുപ്പിനുള്ള പോസ്റ്ററുകളുടേയും മറ്റും രൂപ രേഖ തയ്യാറാക്കി ശിവകാശിയിലോ ബംഗളൂരുവിലോ കൊണ്ടു പോകണം. ദിവസങ്ങൾ കാത്തു നിന്നു വേണം അച്ചടിച്ച് സാമഗ്രികൾ തിരികെ ലഭിക്കാൻ ഇത് പലപ്പോഴും വൈകുന്നത് സ്ഥാനാർത്ഥികളേയും അവരുടെ പാർട്ടികളേയും വിഷമ വൃത്തത്തിലാക്കിയിട്ടുണ്ട്. ഇന്നതെല്ലാം ഓർമ്മ മാത്രമായിരിക്കയാണ്. ശിവകാശിയിലെ അച്ചടി നിലവാരത്തെ വെല്ലുന്ന രീതിയിലാണ് കേരളത്തിൽ തന്നെ പ്രചരണ സാമഗ്രികൾ ഇറങ്ങുന്നത്.

നൂതന സാങ്കേതിക സംവിധാനമുള്ള പ്രിന്റിങ് രീതി കേരളത്തിലും പ്രത്യേകിച്ച് മലബാറിലും എത്തിയതോടെ രാവിലെ അച്ചടിക്കാൻ കൊടുത്താൽ മണിക്കൂറുകൾക്കകം തിരികെ ലഭിക്കുന്ന അവസ്ഥ സംജാതമായിരിക്കയാണ്. ഒരു മണിക്കൂറിൽ പതിനായിരത്തിലേറെ പോസ്റ്ററുകൾ അച്ചടിക്കാനുള്ള സംവിധാനം പ്രിന്റേഴ്സ് ക്ലസ്റ്ററിൽ നിലവിലുണ്ടെന്ന് മാനേജിങ് ഡയറക്ടർ സി.കെ.പി. റയീസ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP