Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താടി വളർത്തി കറുപ്പുഷർട്ടിട്ട് കൈകൂപ്പി വോട്ടിനായി ഓട്ടം; 'ഞങ്ങളുടെ വിശ്വാസം രക്ഷിക്കാൻ ജയിലിൽ കിടന്ന മോനാ' എന്ന് തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന അമ്മമാർ; മണ്ഡലപര്യടനത്തിൽ വിശ്വാസികളുടെ സംരക്ഷകന്റെ റോളിൽ കെ.സുരേന്ദ്രൻ എത്തുമ്പോൾ നെഞ്ചിടിപ്പ് കൂടി യുഡിഎഫും എൽഡിഎഫും; എ ക്ലാസ് മണ്ഡലമായി ബിജെപി കണക്കാക്കുന്ന പത്തനംതിട്ടയിൽ കാടിളക്കിയുള്ള പ്രചാരണത്തെ നേരിടാൻ മറുതന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ

താടി വളർത്തി കറുപ്പുഷർട്ടിട്ട് കൈകൂപ്പി വോട്ടിനായി ഓട്ടം; 'ഞങ്ങളുടെ വിശ്വാസം രക്ഷിക്കാൻ ജയിലിൽ കിടന്ന മോനാ' എന്ന് തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന അമ്മമാർ; മണ്ഡലപര്യടനത്തിൽ വിശ്വാസികളുടെ സംരക്ഷകന്റെ റോളിൽ കെ.സുരേന്ദ്രൻ എത്തുമ്പോൾ നെഞ്ചിടിപ്പ് കൂടി യുഡിഎഫും എൽഡിഎഫും; എ ക്ലാസ് മണ്ഡലമായി ബിജെപി കണക്കാക്കുന്ന പത്തനംതിട്ടയിൽ കാടിളക്കിയുള്ള പ്രചാരണത്തെ നേരിടാൻ മറുതന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിജെപി സ്ഥാനാർത്ഥി നിർണയത്തിലെ അനിശ്ചിതത്വത്തിന് ശേഷം കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ എത്തിയതോടെ മണ്ഡലത്തിലെ ചിത്രമാകെ മാറി. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിലപാടുകൾ വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യത സുരേന്ദ്രന് നേടിക്കൊടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ആർപ്പുവിളികളും ആരവങ്ങളുമായുള്ള സ്വീകരണങ്ങൾ ഇതിന്റെ സൂചനയാണ്. വിശ്വാസികളുടെ സംരക്ഷകന്റെ റോളിലാണ് സുരേന്ദ്രൻ. അതേസമയം എതിർസ്ഥാനാർത്ഥികളായ യുഡിഎഫിന്റെ ആന്റോ ആന്റണിയും, എൽഡിഎഫിന്റെ വീണ ജോർജും നേരത്തെ പ്രചാരണം തുടങ്ങിയതിന്റെ മുൻതൂക്കം അവകാശപ്പെടുന്നു.

'ഞങ്ങളുടെ വിശ്വാസം രക്ഷിക്കാനായി ജയിലിൽ കിടന്ന മോനാ' നിറഞ്ഞ കണ്ണുകളോടെ കെ സുരേന്ദ്രന്റെ തലയിൽ കൈവച്ച് വിശ്വാസികളായ അമ്മമാർ പറയുന്നു. വിശ്വാസങ്ങളെയും, ആചാരങ്ങളെയും സംരക്ഷിക്കാൻ ജയിലിൽ കിടക്കേണ്ടി വന്ന മകനാണ് എന്ന പറഞ്ഞുപറഞ്ഞ് ചിലർ സുരേന്ദ്രനെ കെട്ടിപ്പിടിക്കുന്നു. താടി വളർത്തി കറുപ്പ് ഷർട്ടുമിട്ട് അയ്യപ്പഭക്തനെ പോലെയാണ് സുരേന്ദ്രന്റെ പ്രചാരണവും. വിശ്വാസികൾക്ക് വേണ്ടി ജയിലിൽ കിടന്ന നേതാവ് എന്ന പ്രതിച്ഛായ വളർത്താനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് വ്യക്തം. ബിജെപിയുടെ പ്രചാരണവും ആ രീതിയിലാണ്. എൻഡിഎയുടെ സ്ഥാനാർത്ഥി എന്നതിനേക്കാൾ, വിശ്വാസികളുടെ സംരക്ഷകൻ-സുരേന്ദ്രൻ ഇഷ്ടപ്പെടുന്നതും, വിശ്വാസികൾ ഇഷ്ടപ്പെടുന്നതും ഒരേ റോൾ.

ത്രികോണ മത്സരമായതോടെ മണ്ഡലത്തിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. പ്രചാരണത്തിന് 24 ദിവസങ്ങളോളം അവശേഷിക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ മത്സരത്തിന്റെ ഗതി ഇപ്പോൾ നിർണയിക്കുക എളുപ്പമല്ല. ജാതി-സാമുദായിക സമവാക്യങ്ങൾ നിർണായകമാണ് പത്തനംതിട്ടയിൽ. പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ നിലപാടും ഗതിവിഗതികളെ സ്വാധീനിച്ചേക്കും. ആദ്യം മത്സരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് ജോർജ് പിന്മാറിയിരുന്നു. യുഡിഎഫിൽ നിന്ന് അനുകൂല സിഗ്നലുകൾ കിട്ടാത്തതുകൊണ്ട് ജോർജ് എൻഡിഎയ്‌ക്കൊപ്പം നിൽക്കാനുള്ള ഒരുക്കത്തിലാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ജോർജ് അനുകൂലമായാൽ ബിജെപിക്ക് അത് നേട്ടമാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിർണായക ശക്തിയായ പിസി ജോർജ് കൂടി എൻഡിഎയ്ക്കൊപ്പം എത്തുന്നതോടെ സുരേന്ദ്രന്റെ വോട്ടിങ് ശതമാനത്തിൽ വൻ വർധനവ് ഉണ്ടാക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതം വർധിപ്പിച്ച ഏക പാർട്ടി ബിജെപിയായിരുന്നു. 56,000 ൽപ്പരം വോട്ടിൽ നിന്ന് 1.38 ലക്ഷത്തിലേക്ക് ബിജെപിയുടെ വോട്ടു നിലവാരം വർധിപ്പിക്കാൻ എംടി രമേശിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരിയപ്പോൾ പോലും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി രണ്ടുലക്ഷത്തിലധികം വോട്ട് നേടാൻ എൻഡിഎയ്ക്കായി. ഇതിൽ റാന്നി, തിരുവല്ല, പൂഞ്ഞാർ എന്നിവിടങ്ങളിൽ ബിഡിജെഎസാണ് മൽസരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ ഏകദേശ എണ്ണം 13 ലക്ഷമാണ്. 3.25 ലക്ഷം വോട്ട് കിട്ടുന്നയാൾക്ക് വിജയിക്കാൻ കഴിയും. സുരേന്ദ്രന് സ്വീകരണ കേന്ദ്രങ്ങളിൽ കിട്ടുന്ന ജനപിന്തുണ വോട്ടായി മാറുമോയെന്നാണ് അറിയേണ്ടത്.

അതേസമയം, പത്തനംതിട്ട ഇടതുമുന്നണി പിടിച്ചെടുക്കുമെന്നാണ് വീണ ജോർജിന്റെ അവകാശവാദം. കഴിഞ്ഞ പത്ത് വർഷമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാൽ വർഷം കൊണ്ട് സംസ്ഥാന സർക്കാർ എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് പത്തനംതിട്ടയിൽ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോർജ് പറയുന്നു. ശബരിമല പ്രതിഷേധത്തോടെ ഭക്തരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ലെന്നുറപ്പാണ്. അത് ബിജെപിക്കും കോൺഗ്രസിനും ചിതറിപ്പോകും. അപ്പോൾ വൻ സ്വാധീനമുള്ള ക്രിസ്ത്യൻ സമുദായത്തെ ഒപ്പം കൂട്ടാനാണ് ജനകീയയായ വീണയെ സ്ഥാനാർത്ഥിയാക്കുന്നത്. മാത്രവുമല്ല സ്ത്രീകളുടെ പേരിലാണല്ലോ ശബരിമല വിഷയമുണ്ടായത്. അതിനാൽ തന്നെ ഒരു സ്ത്രീയെ നിർത്തി അയ്യപ്പന്റെ മണ്ണിൽ ജയിപ്പിക്കുക എന്ന തന്ത്രം കൂടി സിപിഎമ്മിനുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് മാധ്യമപ്രവർത്തകയായ വീണ ജോർജ് ആറന്മുള മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ ജോർജ് ആറന്മുളയിൽ വിജയിച്ചത്. വീണയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഘടകകക്ഷികളിൽ അസ്വാരസ്യമുണ്ടാക്കിയിരുന്നു.

രാജ്യം ആരു ഭരിക്കണമെന്നതിൽ നിർണായക തീരുമാനം ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണിതെന്ന ഓർമപ്പെടുത്തലോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വോട്ടുതേടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ഉണ്ടാകാവുന്ന നേട്ടവും ആന്റോ കണക്കുകൂട്ടുന്നു. 2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്.

ആദ്യം വിജയം ആന്റോ ആന്റണിക്കൊപ്പമായിരുന്നു. 2014ഉം ആന്റോ തന്നെ മണ്ഡലം നിലനിർത്തി. 2009ൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആന്റോയുടെ ഭൂരിപക്ഷം 2014ൽ അരലക്ഷമായി. ഇടത് സ്വതന്ത്രനായി മത്സരിച്ച ഡിസിസി മുൻ പ്രസിഡന്റ് പീലിപ്പോസ് തോമസ് 3,02,651 വോട്ട് പിടിച്ചപ്പോൾ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ട്. ബിജെപി സ്ഥാനാർത്ഥി എംടി രമേശ് 1,38,954വോട്ട് പിടിച്ചതോടെയാണ് മണ്ഡലത്തിലേക്ക് ബിജെപി ശ്രദ്ധ തിരിച്ചു തുടങ്ങിയത്. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്ന യഥാർഥ സമരം നയിച്ചത് തങ്ങളാണെന്നും യുഡിഎഫ് അവകാശപ്പെടുന്നു. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം എടുക്കാൻ റാന്നി കോടതിയിൽ വന്നപ്പോൾ യുഡിഎഫ് നേതാക്കൾ ഊന്നിപ്പറഞ്ഞതും ഇക്കാര്യം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP