Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാറണ്ടായിട്ടും ഹാജരായില്ല; ശോഭാ സുരേന്ദ്രന് വീണ്ടും പണി കൊടുത്ത് കോടതി; ജാമ്യമെടുക്കാനെത്തിയ തീപ്പൊരി നേതാവിന്റെ മുൻജാമ്യക്കാരുടെ ജാമ്യസംഖ്യയും കണ്ടുകെട്ടി; ജാമ്യം അനുവദിച്ചത് പുതിയ ജാമ്യക്കാരെ ഉപയോഗിച്ച്; ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയൊടുക്കേണ്ടി വന്നത് പാലിയേക്കര ടോൾ പ്ലാസയ്ക്ക് നാശനഷ്ടം വരുത്തിയ കേസിൽ

വാറണ്ടായിട്ടും ഹാജരായില്ല; ശോഭാ സുരേന്ദ്രന് വീണ്ടും പണി കൊടുത്ത് കോടതി; ജാമ്യമെടുക്കാനെത്തിയ തീപ്പൊരി നേതാവിന്റെ മുൻജാമ്യക്കാരുടെ ജാമ്യസംഖ്യയും കണ്ടുകെട്ടി; ജാമ്യം അനുവദിച്ചത് പുതിയ ജാമ്യക്കാരെ ഉപയോഗിച്ച്; ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയൊടുക്കേണ്ടി വന്നത് പാലിയേക്കര ടോൾ പ്ലാസയ്ക്ക് നാശനഷ്ടം വരുത്തിയ കേസിൽ

കെ എം അക്‌ബർ

തൃശൂർ: വാറണ്ടായിട്ടും ഹാജരാവാതിരുന്നതിന് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യമെടുക്കാനെത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വിമർശനം. മുൻ ജാമ്യക്കാരുടെ ജാമ്യസംഖ്യയായ 40000 രൂപ കണ്ടുകെട്ടിയ കോടതി പുതിയ ജാമ്യക്കാരെ ഉപയോഗിച്ചാണ് ശോഭാ സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. 2012 ഫെബ്രുവരിയിൽ പാലിയേക്കര ടോൾ പ്ലാസക്കെതിരെ നടന്ന സമരത്തിൽ ടോൾ പ്ലാസയ്ക്കു നാശം വരുത്തിയെന്നും ഗതാഗതം തടസ്സപ്പെടുത്തിയതും ആരോപിച്ച് 54 പേർക്കെതിരെ പുതുക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസിൽ ശോഭാ സുരേന്ദ്രൻ തുടക്കത്തിൽ ജാമ്യമെടുത്തുവെങ്കിലും പിന്നീട് കേസ് നടപടികൾക്ക് ഹാജരായില്ല. ശോഭാ സുരേന്ദ്രന് പുറമെ വി മുരളീധരൻ എംപി അടക്കം 10 ബിജെപി നേതാക്കൾക്കെതിരെ ഈ കേസിൽ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. വി മുരളീധരൻ എംപിയുൾപ്പടെയുള്ളവർ പിന്നീട് കോടതിയിൽ ഹാജരായെങ്കിലും ശോഭാ സുരേന്ദ്രനും പുതുക്കാട്ടെ ബിജെപി പ്രവർത്തകനായ അനീഷും ജാമ്യമെടുക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്ത ഇരുവരെയും കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതോടേയാണ് ശോഭ സുരേന്ദ്രൻ തൃശൂർ ജില്ലാ അഡീഷണൽ കോടതിയിൽ ഹാജരായത്. ഇതോടെ പഴയ ജാമ്യക്കാരുടെ ജാമ്യസംഖ്യയായ 40000 രൂപ ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടു കെട്ടി. ശേഷം പുതിയ ജാമ്യക്കാർ മുഖേന ശോഭാ സുരേന്ദ്രന് ജാമ്യം അനുവദിക്കുകയുമായിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹൈക്കോടതി ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ വിധിച്ചിരുന്നു. ശബരിമലയിലെ പൊലീസ് വീഴ്‌ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്.

എന്നാൽ, ഇതിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഇതിന് പിന്നാലെ തന്നെ പിഴയടച്ച് ശോഭാ സുരേന്ദ്രൻ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ശബരിമലയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്‌ച്ച പറ്റിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. എന്നാൽ, ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്,

ഇത്തരം അടിസ്ഥാനമില്ലാത്ത ഹരജികൾ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. കോടതിയുടെ രൂക്ഷമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ശോഭ സുരേന്ദ്രന് വേണ്ടി അഭിഭാഷകൻ ഹൈക്കോടതിയോട് മാപ്പ് അപേക്ഷിച്ചെങ്കിലും മാപ്പപേക്ഷ സ്വീകരിക്കാൻ കോടതി തയ്യാറായിരുന്നില്ല. പിഴ ഈടാക്കിയ നടപടി എല്ലാവർക്കും പാഠമാകണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP