Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് കരുത്ത് വർധിപ്പിച്ചെന്ന് കോൺഗ്രസ്; ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്ന് പ്രതീക്ഷിച്ച് ബിജെപി; രാജസ്ഥാനിൽ രണ്ട് എംഎൽഎമാരുണ്ടെങ്കിലും വലിയ മുന്നേറ്റമില്ലാതെ സിപിഎം; ബിജെപിയെ തൂത്തെറിയാൻ മഹാസഖ്യവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദം മോഹിച്ച് എസ്‌പി- ബിഎസ്‌പി സഖ്യം; ഇന്ത്യയുടെ ഭരണം ആർക്കെന്ന് തീരുമാനിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് കരുത്ത് വർധിപ്പിച്ചെന്ന് കോൺഗ്രസ്;  ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്ന് പ്രതീക്ഷിച്ച് ബിജെപി; രാജസ്ഥാനിൽ രണ്ട് എംഎൽഎമാരുണ്ടെങ്കിലും വലിയ മുന്നേറ്റമില്ലാതെ സിപിഎം; ബിജെപിയെ തൂത്തെറിയാൻ മഹാസഖ്യവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദം മോഹിച്ച് എസ്‌പി- ബിഎസ്‌പി സഖ്യം; ഇന്ത്യയുടെ ഭരണം ആർക്കെന്ന് തീരുമാനിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യഭരണം പിടിക്കാൻ ഹിന്ദി ഹൃദയഭൂമിയിലെ വിജയം നിർണ്ണായകമാണ് കഴിഞ്ഞ തവണ ബിജെപിയോട് ഒപ്പം നിന്ന ഹിന്ദി സംസ്ഥാനങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യം ആര് ഭരിക്കും എന്ന് നിർണയിക്കപ്പെടുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ അഞ്ചു വർഷം മുമ്പ് നടത്തിയ തേരോട്ടം ആവർത്തിക്കാൻ ബിജെപിക്ക് ആകില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പാർലമെന്റിലെ പകുതിയോളം സീറ്റുകൾ ഹിന്ദി ബെൽറ്റിലാണ് എന്നത് ഈ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഉത്തർപ്രദേശ്

രാജ്യത്ത് ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആകെയുള്ള 80 സീറ്റുകളിൽ 68എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. സമാജ് വാദി പാർട്ടിക്ക് ഏഴു സീറ്റുകളും കോൺഗ്രസിനും അപനാ ദളിനും രണ്ടു സീറ്റുകൾ വീതവും ആർഎൽഡിക്ക് ഒരു സീറ്റും എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ മറ്റൊരു പ്രധാന പാർട്ടിയായ മായാവതിയുടെ ബിഎസ്‌പി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ ഒറ്റ സീറ്റുപോലും നേടാനാവാതെ തകർന്നടിഞ്ഞു. എന്നാൽ, 2014ൽ മോദിയെ തുണച്ച യുപി ഇത്തവണ സഹായിക്കില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജിഎസ്ടിയും നോട്ടു നിരോധനവും മൂലമുണ്ടായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് പ്രകടമാണ്. ദളിത്-ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന തുടർച്ചയായ അക്രമങ്ങൾ പിന്നോക്ക വിഭാഗങ്ങളേയും ന്യൂനപക്ഷത്തേയും ബിജെപിയിൽ നിന്നും അകറ്റി. ഇതിനെല്ലാം പുറമേയാണ് പരമ്പരാഗത വൈരികളായ എസ്‌പിയും ബിഎസ്‌പിയും ശത്രുത വെടിഞ്ഞ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ഇത്തവണ മുന്നണി രൂപീകരിച്ചാണ് ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോൺഗ്രസിനുണ്ടായ ഉണർവും പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ബിജെപിയുടെ വിജയപ്രതീക്ഷകൾക്ക് യുപിയിൽ ഇത്തവണ മങ്ങലേൽപ്പിക്കുന്നു.

ബിഹാർ

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ആർജെഡിയുടെ കരുത്തിൽ പോരാട്ടത്തിനിറങ്ങുന്ന വിശാലസഖ്യവും തമ്മിലാണ് ബിഹാറിൽ പോരാട്ടം. 2014 ൽ എൻഡിഎയെ വിജയത്തിലേക്കു നയിച്ച നരേന്ദ്ര മോദിക്കൊപ്പം നിതീഷ് കുമാറിന്റെ ജെഡിയുവും ചേരുന്ന കൂട്ടുകെട്ട് ഒരു ഭാഗത്തും രാഹുൽ ഗാന്ധിയും ആർജെഡിയുടെ തേജസ്വി യാദവും അടങ്ങുന്ന സഖ്യം മറുഭാഗത്തും നിൽക്കുമ്പോൾ ബിഹാറിൽ ഇക്കുറി തീപാറുന്ന മത്സരമാണ് നടക്കുന്നത്. നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ച 2014ലെ പോരാട്ടത്തിൽ ബിജെപി 22 സീറ്റുകൾ നേടി. സഖ്യകക്ഷികളായ എൽജെപി ആറ് സീറ്റും ആർഎൽഎസ്‌പി മൂന്ന് സീറ്റും നേടി. തനിച്ച് മൽസരിച്ച ജെഡിയുവിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ആർജെഡി നാലു സീറ്റിലും കോൺഗ്രസ് രണ്ടു സീറ്റിലും ജയിച്ചിരുന്നു.


മാറിമറിയുന്ന ബീഹാറിലെ മുന്നണി രാഷ്ട്രീയം 2014ന് ശേഷം പലപരീക്ഷണങ്ങളും കണ്ടു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുവാൻ പ്രതിപക്ഷത്തിന്റെ മഹാസഖ്യം രൂപം കൊണ്ടു. ആകെ 243 സീറ്റിൽ 178 സീറ്റിലാണ് മഹാസഖ്യം വിജയിച്ചത്. ആർജെഡി മാത്രം 80 സീറ്റുകൾ സ്വന്തമാക്കി. എൻഡിഎക്ക് ആകെ കിട്ടിയത് 58 സീറ്റ്. മഹാസഖ്യത്തിലെ ജെഡിയു 71 സീറ്റുകളും കോൺഗ്രസ് 27 സീറ്റും നേടി. എന്നാൽ ബിജെപിക്കു ലഭിച്ചത് കേവലം 53 സീറ്റ് മാത്രമാണ്. ലാലുപ്രസാദ് യാദവിനൊപ്പംനിന്ന് ബിജെപിയെ വീഴ്‌ത്താൻ വിശാലസഖ്യം ഒരുക്കിയ നിതീഷ് കുമാർ മുന്നണി വിട്ടു. അവസരത്തിനൊത്തു കളിച്ച നിതീഷ് മോദിക്കു കൈകൊടുത്തു. മോദിക്കൊപ്പമുണ്ടായിരുന്ന ആർഎൽഎസ്‌പി നേതാവ് ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ നിരയിലേക്കു ചുവടുമാറ്റി. ഇടതുപക്ഷത്തു നിന്നും സിപിഐ(എംഎൽ)നെയും വിശാല സഖ്യം ഒപ്പം കൂട്ടി. ദാരിദ്ര്യവും കർഷക പ്രശ്നങ്ങളും തന്നെയാണ് ബിഹാറിലെയും തെരഞ്ഞെടുപ്പ് വിഷയങ്ങൾ. പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തി ബിജെപിക്ക് തിരിച്ചടിയായേക്കാം എങ്കിലും നീതീഷിന്റെ ജനകീയതയിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കാനാകും എന്നാണ് ബിജെപി കരുതുന്നത്.

ഗുജറാത്ത്

മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി 2014-ൽ ഗുജറാത്തിൽ തേരോട്ടം നടത്തിയത്. വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി ഗുജറാത്തിൽ പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം ഇത്തവണയും ആവർത്തിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. മോദി തരംഗമുണ്ടെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി പ്രതീക്ഷിക്കുന്നുമില്ല. 2014 ലോക്സഭ തെരഞ്ഞെടുപ്പിലെയും 2017 നിയമസഭ തെരഞ്ഞെടുപ്പിലെയും വിജയം ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും നേടിയ വിജയം ആവർത്തിക്കാനാണ് ബിജെപി ശ്രമം.


എന്നാൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ച ശക്തമായ മത്സരം ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 182 സീറ്റുകളിൽ 99 എണ്ണം നേടാനായെങ്കിലും മോർബി, അംരേലി, ഗിർ സോംനാഥ് എന്നിവിടങ്ങളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. കോൺഗ്രസിന്റ സീറ്റും വോട്ട് വിഹിതത്തിലെ വർധനവും ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്.
ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തി ഗുജറാത്തിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പട്ടേൽ സമരനായകൻ ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതും ബിജെപിക്ക് തിരിച്ചടിയാകും.

മധ്യപ്രദേശ്

നിലവിൽ 27 ലോക്സഭാ സീര്റുകളിൽ സീറ്റുകളിൽ 24 സീറ്റുകളും ബിജെപിക്കാണ്. അവശേഷിക്കുന്ന മൂന്ന് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് കോൺഗ്രസ് അധികാരത്തിലെത്തി. ജി.എസ്.ടിയും നോട്ടുനിരോധനവും കർഷക ആത്മഹത്യകളും കാർഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് മധ്യപ്രദേശിൽ ബിജെപിയെ തകർത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്ര

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് മഹാരാഷ്ട്രയിലും ബിജെപി കാഴ്‌ച്ചവെച്ചത്. പരമ്പരാഗത സഖ്യകക്ഷിയായ ശിവസേനയുമായി ചേർന്ന് 24 സീറ്റുകളിൽ മത്സരിച്ച ബിജെപി 23 സീറ്റുകളിലും വിജയം നേടി. ശിവസേനയാകട്ടെ മത്സരിച്ച 20ൽ 18 സീറ്റുകളിൽ വിജയിച്ചു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം നിലനിർത്താൻ ബിജെപിക്കായില്ല. നേർക്കുനേർ മത്സരിച്ച ബിജെപിയും ശിവസേനയും ഫലം വന്നതിന് ശേഷം മന്ത്രിസഭയുണ്ടാക്കാൻ ഒന്നിക്കുകയായിരുന്നു.

കർഷക പ്രശ്നങ്ങളും പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തിയുമെല്ലാം ഇവിടെയും ബിജെപിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. വരൾച്ചയാണ് പ്രധാന വിഷയം. ഇവിടെ സഖ്യകക്ഷിയായ ശിവസേനയുടെ ബിജെപി വിരുദ്ധത കൂടിയാകുമ്പോൾ ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുവാൻ പ്രയാസമാകും.

ചെറുതും വലുതുമായ 56 പാർട്ടികളെ ചേർത്ത് സംഘപരിവാർ വിരുദ്ധ ചേരിക്ക് രൂപം കൊടുത്താണ് ഇത്തവണ കോൺഗ്രസ്- എൻസിപി സഖ്യം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. കോൺഗ്രസ് 24 സീറ്റിലും എൻസിപി 20 സീറ്റിലും മത്സരിക്കും. നാല് സീറ്റുകൾ ചെറുകക്ഷികൾക്കായി നൽകിയിട്ടുണ്ട്.

രാജസ്ഥാൻ

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 23 പാർലമെന്റ് സീറ്റുകളും നേടിയാണ് ബിജെപിയുടെ കോട്ടയായ രാജസ്ഥാൻ മോദിക്കൊപ്പം നിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ, 100ൽ 163 സീറ്റുകൾ ബിജെപി നേടിയിരുന്നു. എന്നാൽ, ഒരിക്കൽ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന രാജസ്ഥാനിലും ബിജപിക്ക് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. കർഷക പ്രക്ഷോഭങ്ങളും പ്രബല വിഭാഗമായ രജപുത്രർ പാർട്ടിയോട് അകന്നതും ബിജെപിക്ക് തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമായി. കോൺഗ്രസ് ഭരണത്തിലെത്തി.

സിപിഎം ശക്തമാകുന്ന സംസ്ഥാനം

ഹിന്ദി മേഖലയിൽ സിപിഎം നേട്ടമുണ്ടാക്കിയ സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ. ഇവിടെ കർഷക പ്രക്ഷോഭങ്ങളിലൂടെ പാർട്ടി നേടിയെടുത്ത ജനപിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സമ്മാനിച്ചത് രണ്ട് എംഎൽഎമാരയാണ്. രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞിരുന്നു.

ഝാർഖണ്ഡ്

ഝാർഖണ്ഡിൽ 14 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റിൽ ജെഎംഎം ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

2014ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകൾ നേടി. അഞ്ച് സീറ്റ് നേടിയ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനേയും ആറ് ജെവി എം എംഎൽഎമാരെയും കൂട്ടി ബിജെപി ഭരണം പിടിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) 19 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് ഏഴും സിപിഐ (എംഎൽ-ലെനിനിസ്റ്റ്) ഒരു സീറ്റും മാർക്‌സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ഒരു സീറ്റും നേടി.


കോൺഗ്രസ്, ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ആർജെഡി, ഝാർഖണ്ഡ് വികാസ് മോർച്ച (പ്രചാതന്ത്രിക്), ഇടതുപക്ഷം എന്നീ പാർട്ടികൾ സഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരിക്കും മുന്നണിയെ നയിക്കുക. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സിരക്കും. ജെഎംഎം നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തെ നയിക്കും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ച് സീറ്റിലും ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 57 സീറ്റുകളും ബിജെപി നേടിയിരുന്നു. കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.

ഡൽഹി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴു സീറ്റുകളും നേടിയത് ബിജപിയാണ്. എന്നാൽ തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക്ു മുന്നിൽ അമ്പേ പരാജയപ്പെട്ടിരുന്നു. ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ പൂർണമായും അപ്രസക്തമായ കോൺഗ്രസും തിരിച്ചുവരവിനുള്ള ശ്രമമാണ് നടക്കുന്നത്. ആം ആദ്മി പാർട്ടിക്കും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.

ഇടതുപാർട്ടികൾ ചിത്രത്തിലേയില്ല; പ്രാദേശിക പാർട്ടികൾ ശ്ക്തമാകുന്ന ദരിദ്രസംസ്ഥാനങ്ങൾ

ഹിന്ദി ബെൽറ്റിൽ ഇടതു പാർട്ടികൾക്ക് യാതൊരു റോളുമില്ല. എന്നാൽ പ്രാദേശിക പാർട്ടികൾ വളരെ ശക്തരാണ് താനും. ഇടതുപക്ഷത്തിന് കുറച്ചെങ്കിലും സ്വാധീനമുള്ള ബഹാറിൽ കോൺഗ്രസ് അവരെ ഒപ്പം കൂട്ടിയില്ല. ഝാർഖണ്ഡിലാകട്ടെ, സഖ്യത്തിലെങ്കിലും പാർലമെന്റ് സീറ്റ് നൽകിയതുമില്ല. പ്രാദേശിക പാർട്ടികളുടെ ചിറകിലേറിയാണ് പ്രധാനപാർട്ടികളായ ബിജെപിയും കോൺഗ്രസും പോലും ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിക്കെതിരെ സമാഹരിക്കാവുന്ന മുഴുവൻ പാർട്ടികളെയും ഒപ്പം കൂട്ടാൻ കോൺഗ്രസ് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു. അതേസമയം ഇടതു പാർട്ടികളെ അപ്രസക്തമാക്കാനുള്ള ബോധപൂർവമായ ശ്രമവും വിജയത്തിലെത്തി. 2014ലെ മോദി തരംഗം ആവർത്തിക്കും എന്ന വിശ്വാസത്തിലാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP