Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി തിരഞ്ഞെടുപ്പ് ക്ഷീണം തീർക്കാൻ കിരൺ ബേദി ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിൽ; വേദി പങ്കിടാൻ ശശി തരൂരും തമിഴ് നടൻ മാധവനും: ഇന്ത്യൻ താരങ്ങളെ കണ്ട് ആവേശം കൂറി സായിപ്പന്മാരും

ഡൽഹി തിരഞ്ഞെടുപ്പ് ക്ഷീണം തീർക്കാൻ കിരൺ ബേദി ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിൽ; വേദി പങ്കിടാൻ ശശി തരൂരും തമിഴ് നടൻ മാധവനും: ഇന്ത്യൻ താരങ്ങളെ കണ്ട് ആവേശം കൂറി സായിപ്പന്മാരും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്ത് വന്നു വൻ തോൽവി ഏറ്റു വാങ്ങിയ കിരൺ ബേദി തന്റെ പരാജയ കാരണങ്ങൾ നിരത്താൻ കണ്ടെത്തിയത് ബ്രിട്ടനിലെ വാർവിക് യൂണിവേഴ്‌സിറ്റി. കഴിഞ്ഞ ദിവസം വാർവിക് ഇന്ത്യ ഫോറത്തിൽ സാമൂഹ്യ പ്രവർത്തനത്തിൽ വനിതകളുടെ നേതൃത്വം എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മാഗ്‌സസെ അവാർഡ് ജേതാവ് കൂടിയായ കിരൺ ബേദി.

എല്ലാ വർഷവും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയനായ ഇന്ത്യ വാർവിക് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏക ദിന ശിബിരത്തിന്റെ ഭാഗമായാണ് കിരൺ ബേദി, തിരുവനന്തപുരം എം പി ശശി തരൂർ, നടൻ മാധവൻ തുടങ്ങിയവരടങ്ങിയ സംഘം വിദ്യാർത്ഥികളുമായി സംവദിക്കാൻ എത്തിയത്. ഇന്ത്യയുടെ പുനർനിർമ്മാണം എന്ന വിഷയത്തിൽ ശശി തരൂർ സംസാരിച്ചപ്പോൾ ഇന്ത്യൻ സിനിമയെ കുറിച്ചായിരുന്നു നടൻ മാധവന്റെ പ്രസംഗ വിഷയം. ഇന്ത്യൻ താരങ്ങളെ കണ്ട് ആവേശം കൂറി നിരവധി സായിപ്പന്മാരും വേദിയിലെത്തിയിരുന്നു.

ഡൽഹി തിരഞ്ഞെടുപ്പിൽ തനിക്കു ആവേശം നഷ്ടമായതാണ് പരാജയത്തിനു പ്രധാന കാരണമായി മാറിയതെന്ന് കിരൺ ബേദി വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ബിജെപി ഡൽഹി തിരഞ്ഞെടുപ്പ് ദൗത്യം ഏൽപ്പിച്ചപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിനു തനിക്കു ഡൽഹിക്ക് വേണ്ടിയുള്ള സ്വയം സമർപ്പണത്തിനുള്ള അവസരമായാണ് കാണാൻ കഴിഞ്ഞത്. ജിവിതത്തിൽ പ്രതീക്ഷകളും ആവേശവും ചോർന്നാൽ ആർക്കായാലും വിജയം അസാധ്യമാണെന്നും അതിനാൽ വിദ്യാർത്ഥികളായ ഓരോരുത്തരും പ്രതീക്ഷയുടെ വക്താക്കളായി മാറണമെന്നും അവർ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയിലെ പുതിയ സർക്കാരിനെ കുറിച്ചും വിദ്യാർത്ഥികൾ അനേകം സംശയങ്ങളുമായി രംഗത്തെത്തി.

അത്തരം ചോദ്യങ്ങൾക്കെല്ലാം ബേദി മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാജ്യം തികച്ചും സുരക്ഷിതം ആയ കൈകളിൽ ആണെന്നും ഏറെ കാലത്തിനു ശേഷമാണ് ഇത്തരം സ്ഥിതി ഉണ്ടാകുന്നതെന്നും ഇനിയൊരു പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങുന്ന വിഡ്ഢിത്തം ഇന്ത്യൻ ജനത കാണിക്കില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ പെൺകുട്ടികൾ എന്ന് സുരക്ഷിതർ ആകും എന്ന ചോദ്യത്തിനും ബേദിയുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നു. പെൺകുട്ടികൾക്ക് കുടുംബത്തിൽ ആൺകുട്ടികളോടൊപ്പം പരിഗണന നൽകാൻ പിതാക്കന്മാർ എന്ന് തയ്യാറാകുന്നുവോ അന്നേ ഈ പ്രശനം അവസാനിക്കൂ എന്നായിരുന്നു മറുപടി. വാർവിക്കിലെ വിദ്യാർത്ഥികൾക്ക് എക്‌സ്‌റ്റെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി താൻ കൂടി അംഗമായ നവജ്യോതി, ഐ വി എഫ് എന്നിവയിൽ പഠന, ഗവേഷണ സൗകര്യം ഒരുക്കുമെന്നും ബേദി വ്യക്തമാക്കി.

ദിവസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് ചൂടും ഡൽഹിയിലെ തിരക്കും മാറ്റി വച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനു എത്തിയ കിരൺ ബേദി വാർവിക്കിന്റെ വശ്യ സൗന്ദര്യം ആവോളം പകർത്തി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. താൻ താമസിച്ച ഹോട്ടലിനു പുറത്തെ ദൃശ്യങ്ങൾ പകർത്തി ട്വിറ്റർ ഫോളോവേഴ്‌സിനു വേണ്ടി പോസ്റ്റ് ചെയ്ത കിരൺ ബേദി ബ്രിട്ടൻ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി ചൂണ്ടിക്കാട്ടുന്നു. വാർവിക്കിന്റെ സൗന്ദര്യം സ്വർഗ്ഗീയം, പരിശുദ്ധം എന്ന ടാഗ് ലൈനോട് കൂടിയാണ് കിരൺ വർണ്ണിക്കുന്നത്. തികച്ചും സൂക്ഷ്മതയോടെ സംരക്ഷിക്കുന്ന ഈ പ്രകൃതി എത്ര പ്രചോദനം ആണ് നൽകുന്നത് എന്നും കിരൺ ട്വിറ്ററിൽ വിവരിക്കുന്നു.

ഇന്ത്യയുടെ പുനനിർമ്മാണം എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിച്ചത്. പതിവ് പോലെ ശ്രോതാക്കളെ കയ്യിലെടുത്ത ശശി തരൂർ ഇന്ത്യ അന്തർദേശീയമായി സ്വന്തമാക്കുന്ന നേട്ടങ്ങൾ എണ്ണി എണ്ണി സൂചിപ്പിച്ചു. ലണ്ടൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ പ്രസംഗത്തിന് ശേഷമാണ് ശശി തരൂർ വാർവിക്കിൽ എത്തിയത്. ഇന്ത്യൻ സിനിമ ഇന്ത്യയ്ക്ക് പുറത്തേക്കു വളരുന്ന കാഴ്ച ഏറെ സുന്ദരം ആണെന്നും ബോളിവുഡിന് ബ്രിട്ടൻ രണ്ടാം വീട് ആയി മാറിയിരിക്കുക ആണെന്നും മാധവൻ സൂചിപ്പിച്ചു. ബോളിവുഡ് സിനിമകൾ ബ്രിട്ടന് മികച്ച വരുമാനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷ, ദേശ വ്യത്യാസങ്ങൾ ഇല്ലാതെ രാജ്യങ്ങൾ തമ്മിൽ സഹകരണം ഉണ്ടാകുമ്പോൾ ലഭിക്കുന്ന നേട്ടത്തിന്റെ മികച്ച ഉദാഹരണമാകുകയാണ് ബോളിവുഡ് സിനിമകൾക്ക് ബ്രിട്ടനിൽ ലഭിക്കുന്ന സ്വീകരണം എന്ന് പ്രമുഖ സംവിധായകൻ രാജ്കുമാർ ഹിരാനി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP