Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സ്യത്തൊഴിലാളി മേഖലയിൽ കഴിഞ്ഞ തവണ ശശി തരൂർ ഉറപ്പിച്ച ഭൂരിപക്ഷം കുറക്കാത്ത തിരുവനന്തപുരം തൊടാനാവില്ലെന്നറിഞ്ഞ് അവസരം കാത്തിരുന്നവർക്ക് തരൂർ എറിഞ്ഞു കൊടുത്തത് 'സ്‌ക്വീമിഷ്ലി' എന്ന കടിച്ചാൽ പൊട്ടാത്ത വാക്ക്; മത്സ്യത്തൊഴിലാളികളെ മനംപുരട്ടുന്ന മണം ഉള്ളവരാക്കി തരൂർ ചിത്രീകരിച്ചെന്ന പ്രചരണം വീടുവീടാന്തരംം കയറിയിറങ്ങി ബിജെപിയും സിപിഎമ്മും; മീന്മാർക്കറ്റിൽ ചെന്ന് മീൻ കൈയിൽ എടുത്തു പിടിച്ചും മത്സ്യത്തൊഴിലാളികളുടെ കാശുവാങ്ങി കെട്ടിവെച്ചുമൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു തരൂരും

മത്സ്യത്തൊഴിലാളി മേഖലയിൽ കഴിഞ്ഞ തവണ ശശി തരൂർ ഉറപ്പിച്ച ഭൂരിപക്ഷം കുറക്കാത്ത തിരുവനന്തപുരം തൊടാനാവില്ലെന്നറിഞ്ഞ് അവസരം കാത്തിരുന്നവർക്ക് തരൂർ എറിഞ്ഞു കൊടുത്തത് 'സ്‌ക്വീമിഷ്ലി' എന്ന കടിച്ചാൽ പൊട്ടാത്ത വാക്ക്; മത്സ്യത്തൊഴിലാളികളെ മനംപുരട്ടുന്ന മണം ഉള്ളവരാക്കി തരൂർ ചിത്രീകരിച്ചെന്ന പ്രചരണം വീടുവീടാന്തരംം കയറിയിറങ്ങി ബിജെപിയും സിപിഎമ്മും; മീന്മാർക്കറ്റിൽ ചെന്ന് മീൻ കൈയിൽ എടുത്തു പിടിച്ചും മത്സ്യത്തൊഴിലാളികളുടെ കാശുവാങ്ങി കെട്ടിവെച്ചുമൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു തരൂരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സച്ചൂടിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. കോൺഗ്രസിന്റെ ദേശീയ മുഖമായ ശശി തരൂർ കഴിഞ്ഞ രണ്ട് തവണ വിജയിച്ച മണ്ഡലം പിടിക്കാനുള്ള തീവ്രശ്രമം നടത്തുന്നത് ബിജെപിയാണ്. സിപിഐയും ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കുന്നു. ഇതിനായി കിട്ടിയ അവസരമെല്ലാം ഉപയോഗിക്കുയാണ് ഇരു പക്ഷവും. ഏറ്റവും ഒടുവിൽ ശശി തരൂർ പ്രചരണത്തിനിടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു നടത്തിയ ഒരു ഇംഗ്ലീഷ് വാക്കിന്റെ പേരിലാണ് പ്രചരണം നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി തരൂർ ശക്തമായി ഇപ്പോൾ രംഗത്തുണ്ട്.

മത്സ്യമാർക്കറ്റിലെ സന്ദർശനവുമായി ബന്ധപ്പെട്ട ട്വീറ്റ് എതിർപക്ഷം വിവാദമാക്കിയതോടെ കടപ്പുറത്തു നേരിട്ടെത്തി തിരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാനുള്ള പണം മത്സ്യത്തൊഴിലാളികളിൽ ന0ന്നു സ്വീകരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മറുപടി നൽകിയത്. താൻ ഒരിക്കലും മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

രണ്ട് ദിവസം മുമ്പ് പാളയം മാർക്കറ്റിൽ വോട്ട് അഭ്യർത്ഥിച്ചശേഷം തരൂർ ട്വീറ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. 'പൂർണ വെജിറ്റേറിയനായ എനിക്കുപോലും മത്സ്യ മാർക്കറ്റിൽ ചെന്നപ്പോൾ ലഭിച്ച സ്വീകരണം ഉത്സാഹപൂർണമായി തോന്നി' എന്നായിരുന്നു ട്വീറ്റ്. മത്സ്യ വിൽപനക്കാരികൾക്കൊപ്പം നിൽക്കുന്ന പടമായിരുന്നു ഒപ്പം. ട്വീറ്റിൽ തരൂർ ഉപയോഗിച്ച 'സ്‌ക്വീമിഷ്ലി വെജിറ്റേറിയൻ' എന്ന വാക്കിൽ പിടിച്ചായിരുന്നു വിവാദം. ശുദ്ധ വെജിറ്റേറിയനായ തന്നോടും മത്സ്യത്തൊഴിലാളികൾ ഹൃദ്യമായി പെരുമാറുന്നത് ഭാഗ്യമാണ് എന്നാണ് ട്വീറ്റിന്റെ അർഥമെന്ന് തരൂർ വിദശീകരിച്ചെങ്കിലും മറുപക്ഷം ചെവിക്കൊണ്ടില്ല.

'സ്‌ക്വീമിഷ്ലി' എന്ന വാക്കിന് മനംപുരട്ടൽ ഉണ്ടാക്കുന്ന, ഓക്കാനമുണ്ടാക്കുന്ന എന്നൊക്കെയാണ് അർഥമെന്നു വ്യാഖ്യാനിച്ച് എതിർ സ്ഥാനാർത്ഥികൾ പരസ്യമായി രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ഡിക്ഷണറിയിലെ സ്‌ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിച്ചു. സി ദിവാകരനും കുമ്മനം രാജശേഖരനും മത്സ്യക്കടകളിൽ വോട്ടു ചോദിക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ മത്സ്യത്തിനു ചുറ്റുമായി തലസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകൾ. തരൂരിന്റെ ട്വീറ്റിനെക്കുറിച്ച് ജനങ്ങൾ പ്രതികരിക്കട്ടെ എന്നായിരുന്നു സി ദിവാകരന്റെ പ്രതികരണം. ഇന്നലെ രാവിലെ പാളയത്ത് തരൂരിനെതിരെ പ്രതിഷേധവും അവർ സംഘടിപ്പിച്ചു.

തന്റെ ട്വീറ്റിലെ വാക്കിന്റെ അർഥം വളച്ചൊടിച്ച് എതിരാളികൾ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആവർത്തിച്ച് ഇന്നലെ ഉച്ചയോടെ ശശി തരൂർ മാധ്യമങ്ങളെ കണ്ടു. വൈകിട്ട് പുതിയതുറയിലെത്തി മത്സ്യത്തൊഴിലാളി സ്ത്രീകളിൽ നിന്നു കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ചു. ഇതിനിടെ, ഈ ദിവസങ്ങളിൽ ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട വാക്കുകളിലൊന്നായും 'squeamishly' മാറുകയും ചെയത്.

തനിക്കെതിരെ നടക്കുന്നത് നുണപ്രചരണം ആണെന്നാണ് തരൂർ പറയുന്നത്. എത്രവേണേലും നുണ പറഞ്ഞോട്ടെ, സത്യം പറഞ്ഞ് ജയിക്കും. ഞാൻ പ്രയോഗിച്ച ഇംഗ്ലീഷ് വാക്കിന്റെ അർഥം മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകാരും ബിജെപി.യും നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചുത. കോവളം എംഎ‍ൽഎ. എ. വിൻസന്റ്, മത്സ്യത്തൊഴിലാളി നേതാക്കൾ എന്നിവർക്കൊപ്പം എത്തിയായിരുന്നു തരൂരിന്റെ വിശദീകരണം. നുണപ്രചാരണത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി തനിക്ക് ഹൃദയബന്ധമാണുള്ളത്. ഓഖി ദുരന്തമുണ്ടായപ്പോൾ അഞ്ചുതവണ ലോക്സഭയിൽ വിഷയം സംസാരിച്ചു. അവരുടെ സേവനം പരിഗണിച്ച് നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത ഏക എംപി. താനാണെന്നും തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ തരൂർ പറഞ്ഞു. കുടുംബത്തിൽ താനൊഴികെ എല്ലാവരും മീൻ കഴിക്കുന്നവരാണ്. ഇംഗ്ലീഷാണ് കൂടുതൽ വഴങ്ങുന്ന ഭാഷ. ട്വീറ്റ് ചെയ്യാൻ കൂടുതൽ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. അല്ലാത്തപ്പോൾ ഹിന്ദിയും. മത്സ്യത്തൊഴിലാളികളെ വെച്ച് രാഷ്ട്രീയം കളിക്കാനില്ലെന്നും തരൂർ പറഞ്ഞു.

മത്സ്യത്തൊഴിലാളി പ്രതിനിധികളായ ഓസ്റ്റിൻ ഗോമസ്, സേവ്യർ ലോപ്പസ്, ഹെൻട്രി വിൻസന്റ്, ലസ്‌കർ ബാവ തുടങ്ങിയവരും തരൂരിനൊപ്പം ഉണ്ടായിരുന്നു. 'ഫൗണ്ട് എ ലോട്ട് ഓഫ് എൻത്യൂസിയാസം അറ്റ് ദ ഫിഷ് മാർക്കറ്റ്, ഈവൻ ഫോർ എ സ്‌ക്വീമിഷ്ലി വെജിറ്റേറിയൻ എംപി.' എന്നായിരുന്നു മത്സ്യമാർക്കറ്റ് സന്ദർശിച്ച ചിത്രത്തിനൊപ്പം തരൂർ ബുധനാഴ്ച ട്വീറ്റ് ചെയ്തത്. ഇതിൽ 'സ്‌ക്വീമിഷ്ലി' എന്ന വാക്കാണ് തരൂരിന് വിനയായത്. 'സത്യസന്ധമായി' എന്നർഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറയുന്നു. 'മത്സ്യമാർക്കറ്റിൽ ഒരുപാട് ആവേശം കണ്ടു, സത്യസന്ധനായ സസ്യാഹാരിയായ എംപി.യായിട്ടും' എന്നാണ് ഉദ്ദേശിച്ചതെന്ന് പറയുന്നു.

എന്നാൽ, ഓക്കാനം വരും എന്ന അർഥമാണ് വിവാദവാക്കിന് രാഷ്ട്രീയ എതിരാളികൾ കണ്ടത്. സ്‌ക്വീമിഷ് എന്ന വാക്കിന് താനുദ്ദേശിച്ച അർഥം സത്യസന്ധമായി എന്നാണെന്നു 'ഓളം' ഓൺലൈൻ ഡിക്ഷണറി സ്‌ക്രീൻഷോട്ട് സഹിതം വിമർശകർക്ക് തരൂർ ട്വിറ്ററിൽ മറുപടിയും നൽകി. തരൂരിനെതിരേ എൻ.ഡി.എ. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വെള്ളിയാഴ്ച ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. നവമാധ്യമങ്ങളിലും ഒട്ടേറെ വിമർശനം വന്നു. ശനിയാഴ്ച സിഐ.ടി.യു. നേതൃത്വത്തിൽ പാളയം മാർക്കറ്റിൽ മത്സ്യത്തൊഴിലാളികൾ ധർണയും നടത്തി.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരം അടക്കം നാല് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ മുന്നിട്ടു നിന്നപ്പോഴും തീരദേശ മേഖലയാണ് തരൂരിന് തുണയായി മാറിയത്. കോവളത്തും നെയ്യാറ്റിൻകരിയിലും പാറശ്ശാലയിലും തരൂർ മുന്നിൽ നിന്നു. ഇത്തവണ തീരദേശ മേഖലയിൽ നിന്നും തരൂർ കൂടുതൽ വോട്ടുനേടുന്നത് ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ ബിജെപിക്കും സിപിഐക്കും വിജയം അസാധ്യമാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെയാണ് 'സ്‌ക്വീമിഷ്ലി' എന്ന വാക്കിനെയും രാഷ്ട്രീയ പ്രചരണ ആയുധമാക്കി എതിരാളികൾ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP