Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധിയുടെ അമേഠി സിനിമാ തീയറ്ററുകളും ആശുപത്രികളും ഇല്ലാത്ത മണ്ഡലമാണോ? റെയിൽവേയുടെ കുപ്പിവെള്ള ഫാക്ടറിയും എച്ച.എ.എൽ ഫാക്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയും അടക്കം രാഹുൽ കൊണ്ടുവന്നത് നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ; ഉത്തർപ്രദേശിലെ പൊതുവായ പിന്നോക്കാവസ്ഥയ്ക്ക് രാഹുലിനെ പഴിക്കണോ? ഇടതു സൈബർ പ്രചരണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് പ്രവർത്തകർ

രാഹുൽ ഗാന്ധിയുടെ അമേഠി സിനിമാ തീയറ്ററുകളും ആശുപത്രികളും ഇല്ലാത്ത മണ്ഡലമാണോ? റെയിൽവേയുടെ കുപ്പിവെള്ള ഫാക്ടറിയും എച്ച.എ.എൽ ഫാക്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയും അടക്കം രാഹുൽ കൊണ്ടുവന്നത് നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ; ഉത്തർപ്രദേശിലെ പൊതുവായ പിന്നോക്കാവസ്ഥയ്ക്ക് രാഹുലിനെ പഴിക്കണോ? ഇടതു സൈബർ പ്രചരണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരമാനിച്ചതിന് ശേഷം മലയാളം സൈബർ ലോകത്ത് അമേഠിയിലെ അവികസിത പ്രദേശങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേഠി ഭരിച്ചു മുടിച്ച രാഹുൽ വയനാട്ടിലേക്ക് വരുന്നത് ആ പ്രദേശത്തിന്റെ വികസനത്തിനും മോശമാണെന്നും പറഞ്ഞാണ് പ്രചരണം. ഇടതു സൈബർ കേന്ദ്രങ്ങളാണ് ഈ പ്രചരണത്തിന് മുന്നിൽ നിൽക്കുന്നത്. അമേഠിയുടെ പിന്നോക്കാവാസ്ഥയ്ക്ക് ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്ന് മനപ്പൂർവ്വം പ്രചരിപ്പിക്കുകയാണ് ഇടതു കേന്ദ്രങ്ങൾ. ഫലത്തിൽ ഈ പ്രചരണം ദേശീയതലത്തിൽ ഗുണം ചെയ്യുന്നത് ബിജെപിക്ക് തന്നെയാണ്.

അതേസമയം ഗൂഗിളിൽ സെർച്ച് ചെയ്ത ശേഷം അമേഠിയുടെ മോശം അവസ്ഥ കാണിക്കുന്ന ചിത്രങ്ങൾ മാത്രമാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഈ ചിത്രങ്ങൾ കണ്ടാൽ ഇത്രയും മോശം പ്രദേശത്താണോ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മൂന്ന് തവണ മത്സരിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. നാല് പതിറ്റാണ്ടായി അമേഠിയിൽ എംപിയായിരിക്കുന്നത് ഗാന്ധി കുടുംബത്തിൽ പെട്ടവരാണ്. ഒരു സിനിമാ കൊട്ടക പൊലും ഇല്ലാത്ത ലോക്‌സഭാ മണ്ഡലമെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്ന നിലയിലാണ് പ്രചരണം. എന്നാൽ, കാലങ്ങളായി സംസ്ഥാനം ഭരിച്ചവരുടെ കൊള്ളരുതായ്മയും പൊതുവേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയുടെയും ബാക്കിപത്രമാണ് ഇവിടെയും കാണാൻ സാധിക്കുക.

ഒരു എംപിയെന്ന നിലയിൽ മറ്റുള്ളവരെ പോലെ മുഴുവൻ സമയം മണ്ഡലത്തിൽ ചിലവഴിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരുന്നില്ലെന്നത് വസ്തുതയാണ്. എന്നാൽ, ഒരു എംപിയെന്ന നിലയിൽ കൊണ്ടുവരാൻ സാധിക്കുന്ന വികസനങ്ങളും കേന്ദ്രസ്ഥാപനങ്ങളും കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകരും ഇടതു സൈബർ പ്രചരണത്തെ എതിർത്തു കൊണ്ട് കോൺഗ്രസ് സൈബർ വിഭാഗവും രംഗത്തുവന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ കേന്ദ്രസ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും കണക്കുകൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് കോൺഗ്രസ് മറുപടി നൽകുന്നത്.

അമേഠി തിളങ്ങുന്നു എന്നു പറഞ്ഞു കൊണ്ട് തൻസീർ കണ്ണാനക്കുഴി ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

1980ൽ സഞ്ജയ് ഗാന്ധിയാണ് അമേഠിയിൽ നിന്ന് മത്സരിച്ച് ജയിച്ച നെഹ്റു കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തി. 80 കാലഘട്ടത്തിൽ അമേഠി രാജ്യത്തിലെ തന്നെ ഏറ്റവും പിന്നോക്കം നിന്നിരുന്ന സ്ഥലമായിരുന്നു. സഞ്ജയുടെ മരണ ശേഷം 1981ൽ നടന്ന ബൈ ഇലെക്ഷനിൽ അദ്ദേഹത്തിന്റെ സഹോദരൻ രാജീവ് ഗാന്ധി ആണ് മത്സരിച്ചു ജയിച്ചത്. കോൺഗ്രസ് പാർട്ടിയുടെ വികസന നയം ഉയർത്തിപ്പിടിച്ചു രാജീവ് തന്നെയാണ് തന്റെ മണ്ഡലത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത്. 1991 രാജീവ് കൊല്ലപ്പെടുന്നത് വരെ 10 വര്ഷം അദ്ദേഹം തന്റെ മണ്ഡലത്തിൽ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായവൽക്കരണം, ക്രമസമാധാന മേഖലകളിൽ അമേഠിയെ ഉയരങ്ങളിലേക്കു നയിച്ചു.

പിന്നീട് 1999ൽ അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയും 2004, 2009, 2014ൽ മകൻ രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് മത്സരിച്ചു വിജയിച്ചു. 1977 ൽ ജനത പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് ജയിച്ചു എന്നത് ഒഴിച്ചാൽ നടന്ന 14 തെരഞ്ഞെടുപ്പിൽ പതിമൂന്നിലും കോൺഗ്രസ് തന്നെയാണ് വിജയിച്ചത്. അതിൽ 9 തവണ ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരും. ചുരുക്കി പറഞ്ഞാൽ കോൺഗ്രസ്സിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് അമേഠി.

2016 -17 ലെ കണക്ക് പ്രകാരം അമേഠിയിൽ 43 PHC (പബ്ലിക് ഹെൽത്ത് സെന്റർ), 13 CHC (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ), 271 സബ് സെന്ററും അമേഠിയിൽ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ ഫലമായി, അമേഠിലെ ആരോഗ്യ സൂചികകൾ പുരോഗതിയിൽ തുടരുന്നു. 2005 ൽ രാഹുൽ ഗാന്ധി അമേഠിയിൽ ജനങ്ങളുടെ നേത്ര സംരക്ഷണത്തിനു വേണ്ടി Indira Gandhi Eye Hospital & Research Centre (IGEHRC) സ്ഥാപിച്ചു. 180 ബെഡും ദിവസവും നാനൂറിലേറെ രോഗികളെ ചികിത്സിക്കാനും നൂറിലേറെ ശസ്ത്രക്രിയ നടത്താനുമുള്ള സൗകര്യവും IGEHRCക്ക് ഉണ്ട്. 2005 മുതൽ 2014 വരെ 15 ലക്ഷം രോഗികളെ ചികിത്സിക്കുകയും ഒരു ലക്ഷത്തി എൺപതിനായിരം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കുകയും ചെയ്തു.

1982 ഇന്ദിര ഗാന്ധി മരിച്ചു പോയ മകൻ സഞ്ജയ് ഗാന്ധിയുടെ ഓർമ്മയ്ക്കായാണ് Sanjay Gandhi Memorial Hospital സ്ഥാപിച്ചത്. മരുന്ന്, ശസ്ത്രക്രിയ, വനിത - ശിശു സംരക്ഷണം, ഓർത്തോ, ENT ഡിപ്പാർട്ട്‌മെന്റുകൾ, ആധുനിക ലാബുകൾ, രക്ത ബാങ്ക്, ഫിസിയോതെറാപ്പി വാർഡും ഐ.സി.യു മുതലായ അത്യാനുധിക സൗകര്യങ്ങൾ അടങ്ങിയതാണ് Sanjay Gandhi Memorial Hospital. കൃഷി പ്രധാനമായ അമേഠിയിലെ ജനങ്ങൾക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടാണ് അമേഠിയിലെ വ്യവസായവത്കരണത്തിന് തുടക്കം കുറിച്ചത്.

1983ൽ രാജീവ് ഗാന്ധി തുടങ്ങിയതാണ് അമേഠിയിലെ ജഗദിഷ്പൂർ സാമ്പത്തിക മേഖലയിലെ Bharath Heavy Electricals Limited (ഭെൽ). 2009-10ൽ 367 കോടി രൂപയുടെ വികസന പദ്ധതികൾ അടക്കം 1500 പേർക്ക് BHEL തൊഴിൽ നൽകുകയും 25000 ടൺ മെഷീൻ ഘടകങ്ങൾ നിർമ്മിക്കുകയും ചെയുന്നു. മറ്റൊന്ന് 510 കോടി ചിലവഴിച്ചു സ്ഥാപിച്ച Steel Authority of India Limited (SAIL). മൂന്ന് യൂണിറ്റുകൾ ഉള്ള സ്ഥാപനം എഴുന്നൂറിലധികം ആളുകൾക്കു ജോലി നൽകുന്നു.

1982 ൽ ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ഉൽപാദന ആവശ്യത്തിനായി അമേഠിയിൽ Hindustan Aeronautics Limited (HAL) ഡിവിഷൻ രൂപീകരിച്ചു. ആഗോള ആയുധ ബന്ധങ്ങളിലൂടെ ആയുധ മേഖലയിൽ ഇന്ത്യയുടെ ഭീമാകാരമായ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ച വിമാനങ്ങളും ആയുധങ്ങളും നിർമ്മിക്കാൻ അമേഠിയിലെ കൊർവയിലുള്ള HAL വഴി സാധിച്ചു. 2007 രാഹുൽ ഗാന്ധിയാണ് HAL മേഖലയിൽ ഓർഡനൻസ് ഫാക്ടറി 408 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ചത്. അമേഠിയിലെ മറ്റു വ്യവസായ ശാലകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി 8 കോടി മുടക്കി 2014 രാഹുൽ ഗാന്ധി സ്ഥാപിച്ച 72,000 യൂണിറ്റ് കുപ്പി വെള്ളം ഉല്പാദിപ്പിക്കാൻ കഴിയുന്ന Rail Neer plant, ജഗദീഷ്പൂരിലെ Shalimar Pellet Feeds Ltd, ഗൗരിഗഞ്ചിലെ ACC Tikaria Cement Works എന്നിവ.

പതിറ്റാണ്ടുകൾക്ക് മുമ്പ് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിന്ന അമേഠിയിൽ ഇന്ന് 1716 പ്രൈമറി സ്‌കൂളുകളും 437 സെക്കണ്ടറി സ്‌കൂളുകളും ഗവ. കോളേജുകളും 40 പ്രൈവറ്റ് ഡിഗ്രി കോളേജുകളും ഉണ്ട്. ഇതിനു പുറമെ അമേഠിയിൽ നാഷണൽ ഡിഫെൻസ് അക്കാദമിയുടെ സൈനിക് സ്‌കൂളും, 2007ൽ രാഹുൽ ഗാന്ധി സ്ഥാപിച്ച മുൻഷിഗഞ്ചിലെ Indira Gandhi School & College of Nursing, വർഷവും അഞ്ഞൂറിൽ അധികം പ്രൊഫഷണൽസ് വിജയിച്ചു പുറത്തിറങ്ങുന്ന 2008 ൽ രാഹുൽ ഗാന്ധി സ്ഥാപിച്ച Footwear Design and Development Institute, 2008ൽ രാഹുൽ ഗാന്ധി സ്ഥാപിച്ച Rajiv Gandhi Institute of Petroleum Technology, 2013ൽ രാഹുൽ ഗാന്ധി സ്ഥാപിച്ച Rajiv Gandhi National Aviation University, 1985ൽ രാജീവ് ഗാന്ധി സ്ഥാപിച്ച Indira Gandhi Rashtriya Uran Academy, 2013ൽ രാഹുൽ ഗാന്ധി സ്ഥാപിച്ച CRPF Training Centre.

ഏതാനും ദശാബ്ദങ്ങൾക്ക് മുമ്പ്, 1980കളുടെ തുടക്കത്തിൽ കർഷകർക്ക് അതിജീവിക്കാൻ മതിയായ ഭക്ഷ്യ ഉത്പാദനം അമേഠിയിൽ ഉണ്ടായിരുന്നില്ല. ജില്ലയിലെ ഒരു എംപി എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട രാജീവ് ഗാന്ധി ഈ സാഹചര്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. അദ്ദേഹം Indian Farmers Fertiliser Cooperative (IFFCO) അമേഠിയിലേക് ക്ഷണിക്കുകയും അമേഠിയെ കൃഷിയോഗ്യമാക്കുകയും ചെയ്തു. ഇന്ന് അമേഠിയിൽ 1,44,683 ഹെക്ടർ കൃഷി ഭൂമിയും 1,29,766 ഹെക്ടർ ജലസേചനയോഗ്യമായ ഭൂമിയും അമേഠിയിൽ ഉണ്ട്. ഈ മേഖലയിലെ കാർഷിക വനവൽക്കരണവും പാരിസ്ഥിതിക സംരക്ഷണവും ഏകോപിപ്പിക്കാൻ Indian Farmers Fertiliser Cooperative (IFFCO)യുടെ ഒൻപത് കേന്ദ്രങ്ങൾ അമേഠിയിൽ ഉണ്ട്. ദേശിയ ക്ഷീര വികസന ബോർഡിന്റെ Animal Breeding Centre രാഹുൽ ഗാന്ധി എംപി ആയിരിക്കെ അമേഠിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇനി റോഡും റെയിൽവേയും നോക്കിയാലോ. അമേഠിയിലെ ഏതെങ്കിലും ഗ്രാമത്തിൽ താമസിക്കുന്ന ഓരോ വ്യക്തിയും 15 കിലോമീറ്ററോളം ചുറ്റളവിൽ വരുന്ന ദേശീയ / സംസ്ഥാന പാതയുമായി ബന്ധപെട്ടു കിടക്കുന്നു. അതുപോലെ ഉത്തർ പ്രാദേശിലുള്ള വാരാണസി, ആഗ്ര, കാൺപൂർ, ലക്‌നൗ തുടങ്ങിയ നഗരങ്ങളും ഉത്തർ പ്രാദേശിനു പുറത്തുള്ള ഡൽഹി, ഭോപ്പാൽ തുടങ്ങിയ നഗരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട കിടക്കുന്നു. അമേഠി, ജൈസ്, മുസാഫിർഖാന, നിഹാൽഗഢ് തുടങ്ങിയവയാണ് അമേഠിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ. അമേഠിയിലെ ജനങ്ങൾക് ജമ്മു, ബംഗളുരു, മുംബൈ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളുമായി അമേഠി റെയിൽവേ സ്റ്റേഷൻ വഴിയും, വ്യവസായ ലോകത്തിനു നിഹാൽഗഡിലെ റെയിൽവേ സ്റ്റേഷൻ വഴി ആഗ്ര, വാരാണസി, കാൺപൂർ, ലക്‌നൗ ആയും ബന്ധപ്പെടാം. അപ്പൊ എങ്ങനാ സംഘികളും സഖാക്കളും 'സംഘാക്കളും' ഓടാൻ റെഡിയല്ലേ?! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP