Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയീദ് മെഡൽ ഇക്കുറി നരേന്ദ്ര മോദിക്ക്; ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് പുടിനും ബുഷിനും ഫ്രഞ്ച്-ജർമ്മൻ നേതാക്കൾക്കും കിട്ടിയ പുരസ്‌കാരം; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തിയെന്ന് വിലയിരുത്തി യുഎഇ ഷെയ്ഖ്; ഇന്ത്യ തേടിയ പുൽവാമ ഭീകരനെ പിടികൂടി ആരുമറിയാതെ കൈമാറി ഭീകരതയ്‌ക്കെതിരെ ഒപ്പമുണ്ടെന്ന് പറഞ്ഞ സുഹൃദ് രാജ്യത്തിന്റെ പുതിയ ആദരം മോദിക്ക് വലിയ അംഗീകാരം

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയീദ് മെഡൽ ഇക്കുറി നരേന്ദ്ര മോദിക്ക്; ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് പുടിനും ബുഷിനും ഫ്രഞ്ച്-ജർമ്മൻ നേതാക്കൾക്കും കിട്ടിയ പുരസ്‌കാരം; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തിയെന്ന് വിലയിരുത്തി യുഎഇ ഷെയ്ഖ്; ഇന്ത്യ തേടിയ പുൽവാമ ഭീകരനെ പിടികൂടി ആരുമറിയാതെ കൈമാറി ഭീകരതയ്‌ക്കെതിരെ ഒപ്പമുണ്ടെന്ന് പറഞ്ഞ സുഹൃദ് രാജ്യത്തിന്റെ പുതിയ ആദരം മോദിക്ക് വലിയ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾ വലിയ വിമർശനമാണ് നേരിട്ടത്. ഇത് അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണെന്നാണ് കോൺഗ്രസിന്റെ ഈ തിരഞ്ഞെടുപ്പുകാലത്തെ പ്രചരണം. എന്നാൽ ഇത്തരം പല സന്ദർശനങ്ങളും ഇന്ത്യയും നിരവധി വിദേശ രാജ്യങ്ങളുമായുള്ള ബന്ധം വലിയതോതിൽ മെച്ചപ്പെടുത്തിയെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇപ്പോഴിതാ യുഎഇ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയീദ് മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരിക്കുകയാണ്. ബുഷിനും പുടിനും അതുപോലെ ഉന്നത രാഷ്ട്ര നേതാക്കൾക്കും നൽകിയ ബഹുമതിയാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിക്കും യുഎഇ സമ്മാനിക്കുന്നത്. ഈ അവാർഡ് ലഭിക്കുന്നവരുടെ പേരിന് മുമ്പ് സയ്യിദ് എന്നുകൂടെ ചേർക്കുന്നതോടെ മോദി യെ ഇനി മുതൽ സയ്യിദ് മോദി എന്നാവും യുഎഇ അഭിസംബോധന ചെയ്യുക.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിർത്തിയാണ് ബഹുമതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം നിലനിർത്തുന്നതിന് നരേന്ദ്ര മോദി വഹിച്ച പങ്ക് വലുതാണെന്നും എല്ലാ ഇസ്ലാമിക് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഇപ്പോൾ അടുത്ത ബന്ധമാണ് ഉള്ളതെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.

സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡൽ സമ്മാനിക്കുന്നതിലൂടെ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പറഞ്ഞു.മുൻ കാലങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് നേതാവ് നിക്കോളാസ് സർക്കോസി, ജർമൻ ചാൻസലർ അംഗല മെർക്കൽ തുടങ്ങിയവർക്കാണ് ഇതിനു മുൻപ് സയിദ് മെഡൽ ലഭിച്ചിട്ടുള്ളത്. എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരും ഇതിന് മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇന്ത്യയുമായുള്ള സൗഹൃദത്തിന് നിദർശനമായി ഇന്ത്യ കുറച്ചുകാലമായി തേടിക്കൊണ്ടിരുന്ന ജയ്‌ഷെ ഭീകരനെ പിടികൂടി ആരുമറിയാതെ ഇന്ത്യക്ക് യുഎഇ കൈമാറിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് യുഎഇ എന്ന് വെളിവാക്കുന്നതായിരുന്നു ഇത്. രണ്ടുവർഷം മുമ്പ് പുൽവാമയിലെ സിആർപിഎഫ്. ക്യാമ്പ് ആക്രമിച്ച കേസിൽ ഇന്ത്യ തേടിക്കൊണ്ടിരുന്ന ജെയ്ഷെ മുഹമ്മദ് ഭീകരനെ ആണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറിയത്. ഏതാനും ആഴ്ചമുമ്പ് പാക്കിസ്ഥാനിൽ നിന്ന് യു.എ.ഇ.യിലെത്തി ഒളിവിൽ കഴിഞ്ഞിരുന്ന നിസ്സാർ താന്ത്രെയെയാണ് പൊലീസ് പിടികൂടിയത്. ഭീകരൻ അറസ്റ്റിലായ വിവരം പാക്കിസ്ഥാൻ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ അറിയും മുമ്പു തന്നെ അയാളെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ. തയ്യാറായത് ഭീകരതയ്ക്കെതിരേ ഇന്ത്യക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കാനുള്ള ആ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതാണെന്ന വിലയിരുത്തലാണ് വന്നത്.

നിസാർ യു.എ.ഇ.യിലുണ്ടെന്ന വിവരം ഇന്ത്യയാണ് ദുബായ് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് മാർച്ച് 31-ന് ഇയാളെ ന്യൂഡൽഹിയിലെത്തിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യ്ക്ക് കൈമാറുകയും ചെയ്തു. പുൽവാമ ജില്ലയിലെ ലെത്പോരയിൽ 2017 ഡിസംബറിലുണ്ടായ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ്. ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് സഹായം നൽകിയ ഭീകരരിലൊരാളെ ഫെബ്രുവരിയിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു.

സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള സുരക്ഷാ സഹകരണത്തിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമായാണ് നിസ്സാറിനെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറിയ സംഭവം വിലയിരുത്തപ്പെട്ടത്. ഞായറാഴ്ച ദുബായിൽനിന്ന് പ്രത്യേക വിമാനത്തിലാണ് നിസ്സാറിനെ ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്നത്.

വിമാനത്താവളത്തിൽവെച്ച് എൻ.ഐ.എ. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലെത്പോര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളാണ് നിസ്സാറെന്നും എൻ.ഐ.എ. വ്യക്തമാക്കിയിരുന്നു. ഈയൊരു സംഭവത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ ഇപ്പോൾ അവരുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP