Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽജി എന്ന നിലയ്ക്കാത്ത കൊച്ചു ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ഫാത്തിമയെ എടുത്തുയർത്തി; സോനയെ ചേർത്ത് നിർത്തി പിടിച്ചു; ഇളകിയാർന്ന ജനക്കൂട്ടത്തിന്റെ ആവേശചൂടിൽ എല്ലാം മറന്ന് രാഹുലും പ്രിയങ്കയും; ഷുക്കൂറിനും ഷുഹൈബിനും കൃപേഷിനും ജയ് വിളിക്കാൻ മറക്കാതെ യൂത്ത് കോൺഗ്രസുകാർ; ജനക്കൂട്ടത്തെ മറികടക്കാൻ റോ ഷോ പോയത് സുരക്ഷാ പരിശോധന ഒരുക്കാത്ത പാതയിലൂടെ; വയനാടിന് ഒരിക്കലും മറക്കാനാവാതെ വ്യാഴാഴ്ച കടന്നു പോയത് ഇങ്ങനെ

രാഹുൽജി എന്ന നിലയ്ക്കാത്ത കൊച്ചു ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ഫാത്തിമയെ എടുത്തുയർത്തി; സോനയെ ചേർത്ത് നിർത്തി പിടിച്ചു; ഇളകിയാർന്ന ജനക്കൂട്ടത്തിന്റെ ആവേശചൂടിൽ എല്ലാം മറന്ന് രാഹുലും പ്രിയങ്കയും; ഷുക്കൂറിനും ഷുഹൈബിനും കൃപേഷിനും ജയ് വിളിക്കാൻ മറക്കാതെ യൂത്ത് കോൺഗ്രസുകാർ; ജനക്കൂട്ടത്തെ മറികടക്കാൻ റോ ഷോ പോയത് സുരക്ഷാ പരിശോധന ഒരുക്കാത്ത പാതയിലൂടെ; വയനാടിന് ഒരിക്കലും മറക്കാനാവാതെ വ്യാഴാഴ്ച കടന്നു പോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചാണ് ജനക്കൂട്ടം ഒഴുകിയെത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. സ്വീകരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അക്ഷരാർത്ഥത്തിൽ എല്ലാം മറന്നു. അവരും ജനക്കൂട്ടത്തിന്റെ ഭാഗമായി. ഇതിനിടെ മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ വൻ സുരക്ഷാവീഴ്ചയും ഉണ്ടായി. കളക്ടറേറ്റിലെ പത്രിക സമർപ്പണത്തിനു ശേഷം പുറത്തിറങ്ങിയ രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹത്തെ കടത്തിവിട്ടത് വയനാട്ടിലെ വനമേഖലയോടു ചേർന്ന കൽപറ്റ ബൈപാസ് റോഡിലൂടെ. നേരത്തെ നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാൽ ബൈപാസിൽ പൊലീസ് പരിശോധനയോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായില്ല. ജനക്കൂട്ടത്തെ മറികടക്കാൻ ഇങ്ങനെ ചിലത് വേണ്ടി വരികയായിരുന്നു. അല്ലെങ്കിൽ ജനക്കൂട്ടം രാഹുലിനെ മടങ്ങാൻ അനുവദിക്കില്ലായിരുന്നു. അത്രയേറെയായിരുന്നു വയനാട്ടുകാർ പ്രകടിപ്പിച്ച സ്‌നേഹം

കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു കലക്ടറേറ്റ് വരെ റോഡ് ഷോ നടത്തി പത്രിക സമർപ്പിച്ച ശേഷം രാഹുൽ മടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടം തിങ്ങിനിറഞ്ഞെത്തിയതോടെ, ഈ പദ്ധതി പൊളിഞ്ഞു. തുടർന്ന് യുഡിഎഫ് നേതാക്കളുടെ നിർദ്ദേശപ്രകാരം വാഹനവ്യൂഹം എതിരെയുള്ള വഴിയിലൂടെ ബൈപാസ് റോഡിൽ കയറി ഒരു കിലോമീറ്ററോളം അധികം കറങ്ങി കൽപറ്റ നഗരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൽപറ്റ പഴയ സ്റ്റാൻഡ് പരിസരത്തുനിന്നു വീണ്ടും റോഡ് ഷോ തുടങ്ങി. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു. രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്ന് തിരിച്ചു മടങ്ങി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ വയനാട്ടിലേക്കുള്ള വരവ് പ്രചരണത്തേയും ചൂട് പിടിപ്പിച്ചു. ചരിത്ര ഭൂരിപക്ഷം രാഹുലിനൊരുക്കാൻ യുഡിഎഫ് കൈയും മെയ്യും മറന്ന് ഒന്നിക്കുകയാണ്.

നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ വ്യാഴാഴ്‌ച്ച രാവിലെ പ്രിയങ്കയോടൊപ്പം വയനാട് എത്തിയ രാഹുൽ, സ്വീകരണ ജാഥയുടെ അകമ്പടിയോടെയാണ് കൽപ്പറ്റയിലെ സർക്കാർ ഓഫീസിലേക്ക് എത്തിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം തന്റെ സന്തോഷം പങ്കുവെക്കാനും രാഹുൽ ഗാന്ധി മറന്നില്ല. 'വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് മുന്നിൽ കീഴടങ്ങി' എന്ന സന്ദേശമാണ് രാഹുൽ ട്വിറ്ററിൽ രേഖപ്പെടുത്തിയത്. കൂടാതെ വയനാട്ടിൽ നടന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. നേരത്തെ, ജാഥ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ സഹായിക്കുന്ന പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കൽപറ്റയിൽ നിന്നു കരിപ്പൂരിലേക്കു ഹെലികോപ്റ്ററിൽ തിരിക്കും മുൻപേ സംസ്ഥാനത്തെ ഉന്നത നേതാക്കളോടായി രാഹുൽഗാന്ധി പറഞ്ഞു: അപ്പോൾ ട്വന്റി ട്വന്റി! കേരളത്തിലെ 20 സീറ്റിലും ജയിച്ചിരിക്കണമെന്നു രാഹുൽ പങ്കുവച്ച ആവേശത്തിലും ആത്മവിശ്വാസത്തിലുമാണു കോൺഗ്രസ്. ഇന്നലെ ഇളകിമറിഞ്ഞ കൽപറ്റ കോൺഗ്രസ് നേതൃത്വത്തെയും അമ്പരപ്പിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായി. പഴയ പ്രതാപം കോൺഗ്രസ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായി ആ റോഡ് ഷോയെ ദേശീയമാധ്യമങ്ങൾ വിശേഷിപ്പിച്ചു.

കോളടിച്ചത് ഫാത്തിമയ്ക്കും സോയയ്ക്കും

'രാഹുൽ ജീ...' എന്ന് നീട്ടിവിളിച്ചപ്പോൾ ഒരു ചിരിയോടു കൂടിയുള്ള 'ടാറ്റ' മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ ഹാത്തിമിനും സോയയ്ക്കും രാഹുൽ ഗാന്ധി സമ്മാനിച്ചത് എക്കാലവും ഓർമയിൽ സൂക്ഷിക്കുവാനുള്ള സുന്ദര നിമിഷമായിരുന്നു. പത്രത്താളുകളിലും ടിവിയിലും മാത്രം കണ്ടു പരിചയമുള്ള രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അകലെനിന്നെങ്കിലും ഒരുനോക്ക് കാണുവാൻ രാവിലെ 7ന് അമ്മ ജസ്‌ന മുബീറിനൊപ്പം കോഴിക്കോട്ടെ ഗവ.ഗെസ്റ്റ് ഹൗസിന് മുൻപിലെത്തിയതാണ് ഇരട്ടകളായ ഹാത്തിമും സോയയും. സുരക്ഷാ ഉദ്യോഗസഥരുടെ സമീപത്തായി മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ നിരനിരയായി വാഹനങ്ങൾ ഗേറ്റ് കടന്നവരുന്നതു കണ്ടതോടെ ആവേശമായി. ആ വെള്ള വാഹനത്തിനുള്ളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടെന്നു പറഞ്ഞതോടെ ഇരുവരും 'രാഹുൽ ജീ...' എന്ന് നീട്ടി വിളിക്കുവാൻ തുടങ്ങി.

വിളികേട്ട് ആദ്യം ഒരു 'ടാറ്റ' നൽകിയെങ്കിലും കുരുന്നുകളുടെയൊപ്പം പ്രവർത്തകരുടെയും നിർത്താതെയുള്ള വിളി കേട്ട് രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ രാഹുൽ ഹാത്തിമിനെ എടുത്തുയർത്തുകയും സോയയ്ക്ക് ഷേക്ക് ഹാൻഡ് നൽകി.

ുകയും ചെയ്തു. പ്രവർത്തകർ രാഹുലിനെ വളഞ്ഞതോടെ അഭിവാദ്യ മുദ്രാവാക്യങ്ങളും ഉയർന്നു. വാഹനത്തിനുള്ളിൽ ഇരുന്നു പ്രിയങ്കയും പുഞ്ചിരിയോടെ കൈവീശി. പ്രവർത്തകരോടും കുട്ടികളോടും കുശലത്തിനു ശേഷം വാഹനത്തിലേക്ക് മടങ്ങിയെത്തിയ രാഹുൽ യാത്ര തുടർന്നു. ഈസ്റ്റ് ഹിൽ നേതാജി നഗറിൽ താമസിക്കുന്ന സി.എ. മുബീറിന്റെയും ജസ്‌ന മുബീറിന്റെയും മക്കളാണ് 5 വയസ്സുകാരായ ഹാത്തിമും സോയയും.

''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ''

രക്തസാക്ഷികളെ ആരും മറന്നില്ല. രാഹുൽ എത്തുമ്പോഴും മുദ്രാവക്യങ്ങളിൽ അവരും നിറഞ്ഞു. '' മുത്തേ മുത്തേ കൃപേഷേ...മുത്തേ മുത്തേ ശരത്തേ... രാഹുൽ വന്നെടാ..രാഹുൽ വന്നെടാ..'' തൊണ്ട പൊട്ടുമാറുച്ചത്തിൽ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചു. മുഷ്ടികൾ ആകാശത്തേക്ക് ഉയരുന്നു.

കാസർകോടു നിന്നെത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രിയസ്ഥാനാർത്ഥി വരുന്നത് വോട്ടുകൾ കൊണ്ട് കണക്കു തീർക്കാനാണെന്ന ആവേശത്തിൽ മുദ്രാവാക്യം മുഴക്കുന്നത്. കാസർകോട് കല്ലുരവി, പെരിയ തുടങ്ങിയ മേഖലകളിൽനിന്ന് അനേകം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൽപറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ''മുത്തേ മുത്തേ ഷുക്കൂറേ.. മുത്തേ മുത്തേ ശുഹൈബേ...'' എന്നായിരുന്നു തുടർന്നുള്ള മുദ്രാവാക്യങ്ങൾ. രാഹുലിന്റെയും പ്രിയങ്കയുടെയും വരവിൽ നുരഞ്ഞുപൊന്തിയ ആവേശം മുദ്രാവാക്യങ്ങളിലേക്ക് നിറയ്ക്കാനും അനുയായികൾ ശ്രമിച്ചു. കൃപേഷിനേയും ശരത് ലാലിനേയും അവർ മറന്നില്ല. ധീര രക്ഷസാക്ഷികൾക്ക് വേണ്ടിയുള്ള അവതാര പിറവിയാണ് രാഹുൽ എന്ന തരത്തിലായിരുന്നു മുദ്രാവാക്യങ്ങൾ.

രാജീവ് ഗാന്ധിക്കു ജയ് വിളിച്ചാണ് പ്രായമായ പലരും ആവേശം പ്രകടിപ്പിച്ചത്. ''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ'' വിളികളാണ് മുദ്രാവാക്യങ്ങളിൽ പുതുമതീർത്തത്. 'വർഗീയതയുടെ മതിലു പൊളിക്കാൻ, ചോരച്ചെങ്കൊടി കടലിൽ തള്ളാൻ, വരുന്നു ഞങ്ങടെ നേതാവ്...' തുടങ്ങിയ മുദ്രാവാക്യങ്ങളും അണികളിൽ ആവേശം വിരിയിച്ചു.

വയനാട്ടിന്റെ ആവേശമായി പ്രിയങ്ക

കൽപറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണു 11 മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയത്. തൂവെള്ള കുർത്തയണിഞ്ഞ് രാഹുലും മെറൂണും മഞ്ഞയും സാരിയുടുത്ത് പ്രിയങ്കയും. തിങ്ങിനിറഞ്ഞു കാത്തുനിന്ന ജനങ്ങൾക്കിടയിലൂടെ തുറന്ന ട്രക്കിലാണ് ഇരുവരും കലക്ടറേറ്റിലേക്കു പോയത്. 11.30നു പത്രിക നൽകി. വരണാധികാരിയായ കലക്ടർ എ.ആർ. അജയകുമാറിനു മുൻപിൽ ദൈവനാമത്തിൽ രാഹുലിന്റെ പ്രതിജ്ഞ. നടപടിക്രമങ്ങൾ പൂർത്തിയാക്കി 20 മിനിറ്റിനു ശേഷം പുറത്തേക്ക്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൽപറ്റ ബൈപാസിലൂടെ രാഹുലും പ്രിയങ്കയും തിരികെ പിണങ്ങോട് ജംക്ഷനിലെത്തി. അവിടെനിന്നു 2.5 കിലോമീറ്ററോളം നീണ്ട റോഡ് ഷോയ്ക്കു തുടക്കം.

ആദ്യമായാണ് പ്രിയങ്ക ഉത്തരേന്ത്യയ്ക്കു പുറത്തു റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പ്രിയങ്കയെ കാണാൻ വേണ്ടിമാത്രം ആയിരക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും കാത്തുനിന്നു. ഓടിയെത്തിയ ചില പ്രവർത്തകരുടെ കൈപിടിച്ചു കുലുക്കുമ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിച്ചു. പത്രിക നൽകാനുള്ള യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സഖ്യകക്ഷി പ്രതിനിധികളായി പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, അനൂപ് ജേക്കബ് തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു. കെ.പി.എ. മജീദ്, അബ്ദുൽ വഹാബ് എംപി, പി.കെ.ബഷീർ എംഎൽഎ, ടി. സിദ്ദിഖ് തുടങ്ങിയവർ പിന്നാലെ വാഹനവ്യൂഹത്തെ അനുഗമിച്ചു നടന്നു.

ആദ്യത്തെ ഹെലികോപ്റ്ററിൽ എത്തിയ എ.ഐ.സി.സി. ജനറൽസെക്രട്ടറിമാരായ മുകുൾവാസ്‌നിക്കും കെ.സി. വേണുഗോപാലും ഡി.സി.സി. ഓഫീസിലെത്തി റോഡ്‌ഷോയ്ക്ക് അന്തിമരൂപം നൽകി. 11 മണിയോടെ രാഹുലും പ്രിയങ്കയും സഞ്ചരിച്ച ഹെലികോപ്റ്റർ ഗ്രൗണ്ടിനുമുകളിൽ വട്ടമിട്ടു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം എത്തി. ഹെലിപ്പാഡിനുസമീപം കാത്തുനിന്ന നേതാക്കളെ രമേശും മുല്ലപ്പള്ളിയും രാഹുലിനും പ്രിയങ്കയ്ക്കും പരിചയപ്പെടുത്തി.

ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണു വയനാട്ടിൽ നിന്നു മൽസരിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സംസ്‌കാരത്തെയും ചരിത്രത്തെയും ഭാഷയെയും നാഗ്പൂരിൽ നിന്ന് ആർഎസ്എസ് തകർക്കാൻ ശ്രമിക്കുന്നു. അതിനു തടയിടാനും ഐക്യത്തിന്റെ സന്ദേശം നൽകാനുമാണ് ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ഞാൻ മൽസരിക്കുന്നത്. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ചിന്താധാരകളുമുള്ള നാടാണ് ഇന്ത്യ. ഇവയെല്ലാം രാജ്യത്ത് അത്യാവശ്യവുമാണ്. എന്നാൽ, രാജ്യത്തിന്റെ സംസ്‌കാരത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും ആക്രമണം നടക്കുകയാണ്- രാഹുൽ പറഞ്ഞു.

കെ.വി തങ്കബാലു രാഹുലിന്റെ വയനാട് 'ഇൻ ചാർജ്'

മുൻ കേന്ദ്രമന്ത്രിയും തമിഴ്‌നാട് കോൺഗ്രസ് മുൻ പ്രസിഡന്റുമായ കെ.വി. തങ്കബാലുവിനെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഇൻ ചാർജായി എഐസിസി നിയമിച്ചു. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വയനാട്ടിൽ തങ്ങുന്ന തങ്കബാലു പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കും. ദേശീയ നേതാക്കളുടെ വൻപട വയനാട്ടിലെത്തുമെന്നാണു കരുതുന്നത്.

ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്ക ഗാന്ധി, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ കലക്ടറുടെ േചംബറിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP