Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടി; എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം ബിജെപിയുടെ വോട്ട് ഇരട്ടിയാക്കി ഉയർത്തി; പാലക്കാട്ടെ രണ്ടാം സ്ഥാനവുമായി ആറ്റിങ്ങലിൽ എത്തുമ്പോൾ പ്രസംഗത്തിൽ നിറയ്ക്കുന്നത് ശബരിമലയും മോദിയുടെ വികസനവും; ആറ്റിങ്ങലിൽ താരമായി ശോഭാ സുരേന്ദ്രൻ

കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടി; എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം ബിജെപിയുടെ വോട്ട് ഇരട്ടിയാക്കി ഉയർത്തി; പാലക്കാട്ടെ രണ്ടാം സ്ഥാനവുമായി ആറ്റിങ്ങലിൽ എത്തുമ്പോൾ പ്രസംഗത്തിൽ നിറയ്ക്കുന്നത് ശബരിമലയും മോദിയുടെ വികസനവും; ആറ്റിങ്ങലിൽ താരമായി ശോഭാ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

ആറ്റിങ്ങൽ: കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകൾ കീശയിലാക്കിയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തുന്നത് അവസാന നിമിഷമാണ്. എന്നിട്ടും പ്രചരണത്തിൽ കത്തികയറുന്നു.

രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ വോട്ട് ചോദിക്കുമ്പോൾ ആറ്റിങ്ങൽ ത്രികോണ ചൂടിലാണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനുള്ളത് ശബരിമല സമരനായിക പരിവേഷം. എൻഡിഎയ്ക്ക് വേണ്ടി ശക്തമായ പോരാട്ടത്തിൽ. നാലാംവട്ടം മത്സരിക്കുന്ന എൽഡിഎഫിന്റെ സിറ്റിങ് എംപി. എ.സമ്പത്തും യുഡിഫിന്റെ അടൂർപ്രകാശുമാണ് എതിരാളികൾ. ആചാര സംരക്ഷണവും വികസന മുരടിപ്പും ചർച്ചായാക്കി ശോഭ സുരേന്ദ്രൻ നീങ്ങുമ്പോൾ പോരാട്ടം കടുക്കുകയാണ്.

1957ൽ രൂപീകരിച്ച ചിറയിൻകീഴ് മണ്ഡലം 2008ലെ പുനഃസംഘടനയിലാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലമായിമാറിയത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേർത്താണ് ആറ്റിങ്ങൽ മണ്ഡലം. ഇതിൽ കാട്ടക്കടയും നെടുമങ്ങാടും ബിജെപിക്ക് ഏറെ ശക്തിയുള്ള മണ്ഡലങ്ങളാണ്. ശോഭയുടെ മികവിൽ എല്ലാ മണ്ഡലത്തിലും കുതിപ്പിനാണ് ബിജെപിയുടെ ശ്രമം. ആദ്യം സമ്പത്തും തൊട്ടുപിന്നാലെ അടൂർ പ്രകാശും മണ്ഡലത്തിൽ ആദ്യഘട്ട പ്രചരണം ആരംഭിച്ച ശേഷമാണ് എൻഡിഎ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തുന്നത്.

എന്നാൽ ഇടത്-വലത് സ്ഥാനാർത്ഥികൾക്ക് കിട്ടാത്ത സ്വീകാര്യതയും പിന്തുണയുമാണ് ശോഭയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ തെളിവാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടുന്ന ആവേശോജ്ജ്വല സ്വീകരണങ്ങൾ. ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന മണ്ഡലമാണ് ആറ്റിങ്ങൽ. ശബരിമല സമരനായികകൂടിയായ ശോഭാ സുരേന്ദ്രൻ മത്സര രംഗത്ത് എത്തിയതോടെ അതുകൊണ്ട് തന്നെ ചൂടി പിടിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 3.94 ശതമാനം വോട്ടിന്റെ വർധനവുണ്ടായി. സമ്പത്തിന് 0.30 ശതമാനം മാത്രമാണ് വർധനവ് ഉണ്ടായത്. കോൺഗ്രസ് സ്ഥാനാർത്ഥിക്കാകട്ടെ 5.23 ശതമാനം വോട്ട് നഷ്ടപ്പെട്ടു. ഇതെല്ലാം ബിജെപി പ്രതീക്ഷയോടെ കാണുന്നു.

തിരുവനന്തപുരത്തോട് അടുത്തുകിടക്കുന്ന ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിന് തിരിച്ചടിയാകുക ശബരിമല വിഷയമായിരിക്കും. സവർണ വോട്ടുകൾ പോയേക്കാം എന്നാൽ അവർണ വോട്ടിൽ ചോർച്ച വരില്ല എന്നാണ് അവരുടെ കണക്ക്. സാമുദായിക വ്യത്യാസമനുസരിച്ച് വോട്ടിങ് രീതിയിലും വ്യത്യാസം ഉണ്ടാകും. ഈഴവ സമുദായമടക്കം ശബരിമല വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തുമ്പോൾ ശോഭയ്ക്ക് അത് ഗുണകരമായി മാറും. ഇതെല്ലാം മനസ്സിലാക്കിയാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ കത്തികയറുന്നത്.

രാവിലെ അഞ്ചിന് എഴുന്നേറ്റ് കുളിച്ച ശേഷം പ്രാർത്ഥനയോടെ ദിവസം ശോഭാ സുരേന്ദ്രൻ പ്രചരണത്തിൽ. ക്ഷേത്രദർശനം, പ്രാതൽ, 11വരെ പ്രചാരണം. ശേഷം മൂന്നിന് പ്രചാരണം വീണ്ടും ആരംഭിക്കും. എല്ലായിടത്തും നല്ല പ്രതികരണം. ഇതാണ് ശോഭയ്ക്ക് പ്രതീക്ഷ നൽകുന്നത്. രണ്ടരലക്ഷത്തോളം വോട്ടുകളാണ് ബിജെപി ആറ്റിങ്ങലിൽ മനസ്സിൽ കാണുന്നത്. ശബരിമല വികാരം ആളികത്തിയാൽ ശോഭ ജയിക്കുമെന്നും കരുതുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ അലയൊലികളും ആറ്റിങ്ങലിൽ ബിജെപി പ്രതീക്ഷയോടെ കാണുന്നു. അരകോപ്പ കഞ്ഞിയും കുടിച്ചാണ് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ പ്രചരണത്തിൽ നിറയുന്നത്. ശോഭ സുരേന്ദ്രന് മുന്നേറുന്നതോടെ ആറ്റിങ്ങലിലും ത്രികോണ മത്സരമെത്തുകയാണ്.

പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതിനാൽ തന്നെ കഴിഞ്ഞ അഞ്ച് വർഷമായി പാലക്കാടാണ് താമസിച്ചിരുന്നത്.

ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്. രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്ണ എൻജിനിയറിംഗിന് പഠിക്കുന്നു.രണ്ടാമത്തെയാൾ യദുലാൽ കൃഷ്ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ. 1989-ൽ സുശീലാ ഗോപാലനെ 5130 വോട്ടിന് തലേക്കുന്നിൽ ബഷീർ തോൽപ്പിച്ചെന്നത് ആറ്റിങ്ങലിന്റെ ചരിത്രം. പക്ഷേ, പിന്നീട് 1991 മുതൽ അവിടെ യു.ഡി.എഫിന് നിലംതൊടാനായിട്ടില്ല. തുടർന്നങ്ങോട്ട് ഈ മണ്ഡലം എടുത്തണിഞ്ഞ ചെങ്കൊടി പകരുന്ന ആത്മവിശ്വാസമാണ് ഇടതുക്യാമ്പിന് ഇപ്പോഴും ബലം. മൂന്നുതവണയും വിജയിച്ച ഇടത്സ്ഥാനാർത്ഥി എ. സമ്പത്തിനെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ടതില്ല.

ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലും അതിനുമുമ്പ് ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തിലും ആർ. ശങ്കറെ തോൽപ്പിച്ച കെ. അനിരുദ്ധന്റെ മകനെന്ന നിലയിൽ സമ്പത്തിനോടുള്ള വൈകാരികബന്ധവും മണ്ഡലത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇടത് കോട്ടയാണ് ആറ്റിങ്ങലെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സ്ഥലത്താണ് ശോഭയുടെ മുന്നേറ്റം. വർക്കല -ശിവഗിരി ഉൾപ്പെടുന്ന മണ്ഡലത്തിൽ എസ്.എൻ.ഡി.പി. യോഗവും എൻ.എസ്.എസും പ്രബലമാണ്. മുസ്ലിം, ക്രിസ്ത്യൻ, നാടാർ സമുദായങ്ങൾക്കും മണ്ഡലത്തിൽ ശക്തിയുണ്ട്. ഇതിൽ ഈഴവരിലെ സ്ത്രീ വോട്ടർമാർ ശോഭയ്ക്ക് അനുകൂലമാകുമെന്നാണ് വലിയിരുത്തൽ.

ആറ്റിങ്ങൽ ലോ്ക്സഭാ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു ലക്ഷത്തി എഴുപത്തിയ്യായിരം വോട്ടുകൾ കിട്ടിയിരുന്നു. കാട്ടക്കടയിലും നെടുമങ്ങാടും 38,000 വോട്ടോളം കിട്ടി. ബാക്കിയെല്ലാം മണ്ഡലത്തിലും ശരാശരി 20,000 വോട്ടും. ശോഭ എത്തുമ്പോൾ ഇത് കൂടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

രണ്ടാമതും നാമ നിർദ്ദേശ പത്രിക സമർപ്പിച്ച് ശോഭാ സുരേന്ദ്രൻ

ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശപത്രിക നൽകി. തനിക്കെതിരെ ഇനിയും കേസുകൾ നിലനിൽക്കുന്നുണ്ടെന്ന അറിയിപ്പിനെത്തുടർന്നാണ് ചൊവ്വാഴ്ച നൽകിയ പത്രിക പിൻവലിച്ച് പുതിയ പത്രിക നൽകിയത്. വരണാധികാരിയായ കലക്ടർ വാസുകിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്.

ശോഭ പ്രചാരണത്തിരക്കിലായതിനാൽ ബിജെപി നേതാക്കളാണ് അവർക്കു വേണ്ടി പത്രിക സമർപ്പിച്ചത്. നേരത്തെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനും വീണ്ടും പത്രിക സമർപ്പിക്കേണ്ടിവന്നിരുന്നു. ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ. സമ്പത്തും യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP