Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഎച്ച്പിയുടെ പിടിവാശിയിൽ അയോധ്യ സമവായം വീണ്ടും അവതാളത്തിലായി; പള്ളി അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് നേതാക്കൾ; മെയ്‌ക്ക് മുമ്പ് ക്ഷേത്രം പണിയണമെന്ന് മോദിക്ക് അന്ത്യശാസനം

വിഎച്ച്പിയുടെ പിടിവാശിയിൽ അയോധ്യ സമവായം വീണ്ടും അവതാളത്തിലായി; പള്ളി അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് നേതാക്കൾ; മെയ്‌ക്ക് മുമ്പ് ക്ഷേത്രം പണിയണമെന്ന് മോദിക്ക് അന്ത്യശാസനം

ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജീവശ്വാസം. എന്നാൽ ചിലർക്ക് വർഗീയത ചിന്തുന്ന രക്തം കുടിച്ച് മാത്രമെ വളരാനാകുകയുള്ളുവെന്നത് ഇവിടുത്തെ മതേതരത്വത്തിനും സാഹോദര്യത്തിനും നിതാന്തഭീഷണി ഉയർത്തുന്നുണ്ട്.
ഹഷിം അൻസാരിയും അഖാര പരിഷത്ത് തലവനായ ഗ്യാൻ ദാസും മുൻകൈയെടുത്ത് രാമജന്മഭൂമി  ബാബറി മസ്ജിദ് പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനായുള്ള പദ്ധതിക്ക് രൂപം നൽകിയെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നപ്പോൾ ഇവിടുത്തെ സമാധാനസ്‌നേഹികൾ അതിരറ്റ് ആഹ്ലാദിച്ചിരുന്നു. തിങ്കളാഴ്ചായിരുന്നു അവർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നത്.

എന്നാൽ ആ ഒത്തു തീർപ്പിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന വിഎച്ച്പി പ്രഖ്യാപിച്ചതോടെ ഈ അനുരഞ്ജന ശ്രമങ്ങൾക്ക് മുകളിൽ കരിനിഴൽ വീണിരിക്കുകയാണിപ്പോൾ. ഒത്തു തീർപ്പുകളോട് യോജിപ്പില്ലെന്ന് മാത്രമല്ല ഈ വർഷം മെയ് മാസത്തിന് മുമ്പ് അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നരേന്ദ്ര മോദിക്ക് അന്ത്യശാസനം നൽകിയിരിക്കുകയുമാണ്. ഇതിനായി വ്യാപകമായ പ്രചാരണം നടത്താനും വിഎച്ച്പി പദ്ധതികൾ തയ്യാറാക്കുകയാണ്.

തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിത് പ്രശ്‌നം പരിഹരിക്കാനായിരുന്നു ഹഷിം അൻസാരിയുടെയും ഗ്യാൻ ദാസിന്റെയും മധ്യസ്ഥത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നത്.  ഇരുവിഭാഗങ്ങളും ഇതിനോട് ഏതാണ്ട് യോജിപ്പ് പ്രകടിപ്പിക്കുയും ചെയ്തിരുന്നു. ഇതോടെ 65 ഓളം വർഷങ്ങളായി തർക്കം നിലനിൽക്കുന്ന അയോധ്യാപ്രശ്‌നത്തിന് ശാശ്വത പരിഹാരമൊരുങ്ങാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ വിഎച്ച്പിയുടെ പ്രസ്താവനയോടെ അത് മങ്ങുകയാണ്.



പ്രസ്തുത ഒത്തുതീർപ്പ് വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും 70 ഏക്കർ ഭൂമി മൊത്തത്തിൽ തങ്ങൾക്ക് വേണമെന്നുമാണ് അയോധ്യയുടെ ചുമതലയുള്ള വിഎച്ച്പി വക്താവായ  ശാരദ് ശർമ പറയുന്നത്. വികസന അജൻഡകളെ ബിജെപി ഉയർത്തിക്കാട്ടിയതു കൊണ്ടാണ് മോദി അധികാരത്തിലെത്തിയതെന്നും സർക്കാരിനെ തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഎച്ച്പിയുടെ നേതാക്കന്മാരും പ്രധാനപ്പെട്ട സന്യാസിമാരും പങ്കെടുത്ത ഒരു യോഗത്തിൽ വച്ചാണീ തീരുമാനമെടുത്തതെന്നും ശാരദ് ശർമ പറഞ്ഞു. അതിനാൽ ഒരു വർഷം സർക്കാരിന് വികസനത്തിലും ജനങ്ങളോടുള്ള തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനും സമയം നൽകും. എന്നാൽ ഈ വർഷം മെയ്ക്ക് ശേഷം അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള ഒരു നിയമം പാർലമെന്റിൽ പാസാക്കാൻ വിഎച്ച്പി സർക്കാരിന് മുകളിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹഷിം അൻസാരി മുന്നോട്ട് വച്ച ഒത്തു തീർപ്പ് ശ്രമങ്ങളോട് തങ്ങൾ യോജിക്കില്ലെന്നും വിഎച്ച് പി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

തങ്ങളുണ്ടാക്കിയ ഒത്തുതീർപ്പ് ശ്രമത്തെക്കുറിച്ച് തങ്ങൾ എല്ലാ ഹിന്ദുമതസ്ഥാപനങ്ങളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ചർച്ച ചെയ്തുവെന്നും എല്ലാവരും ഇതിനോട് യോജിച്ചുവെന്നുമാണ് ഗ്യാൻദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥകളുമായി തങ്ങൾ പ്രധാനമന്ത്രിയെ കാണുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ അദ്ദേഹത്തിന്റെ സഹായവും സഹകരണവും തേടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സമാധാനശ്രമങ്ങളിൽ വിഎച്ച്പിക്ക് പങ്കാളിത്തമില്ലെന്നും ദാസ് പറയുന്നു. വിഎച്ച്പിയുടെ നേതാക്കൾക്ക് ഇവിടെ രാമക്ഷേത്രം നിർമ്മിക്കണമെന്നില്ലെന്നും സാമൂഹ്യ സ്പർധ വളർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ദാസ് ആരോപിക്കുയും ചെയ്തിരുന്നു.

മുസ്ലിംസഹോദരന്മാർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലുള്ള പ്രവർത്തനവും തങ്ങൾ നടത്തില്ലെന്നാണ് ഗ്യാൻ ദാസ് പറയുന്നത്. അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിർമ്മിക്കാവൂ എന്ന ബിജെപി വിഎച്ച്പി നിലപാടുകളെ തങ്ങൾ തള്ളിക്കളയുന്നുവെന്നും  അദ്ദേഹം പറഞ്ഞു. വിഎച്ച്പിക്ക് വേണ്ടിയല്ല തങ്ങൾ നിലകൊള്ളുന്നതെന്നും മറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു.

1950 മുതലാണ് രാമജന്മഭൂമി  ബാബറി മസ്ജിദ് പ്രശ്‌നം ഉയർന്ന് വന്നത്. 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.  വിവാദ ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അവിടെയുള്ള പള്ളി നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രം തകർത്തിട്ടാണെന്നും ഇസ്ലാമിക തത്ത്വങ്ങൾക്കടിസ്ഥാനമാക്കിയാണ് പ്രസ്തു പള്ളി നിർമ്മിച്ചിരിക്കുന്നതെന്നുമാണ് ആ വിധിയുടെ ചുരുക്കം. തർക്കഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഹിന്ദുവിഭാഗത്തിന് വിട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളത് മുസ്ലീങ്ങൾക്ക് വിട്ട് നൽകാനും വിധിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

എന്നാൽ വിഎച്ച്പിയെ ഉൾപ്പെടുത്താതെയുള്ള യാതൊരു വിധ ഒത്തുതീർപ്പ് ശ്രമങ്ങളും പ്രാവർത്തികമാകില്ലെന്നാണ് ഉത്തർപ്രദേശിലെ അഡീഷണൽ അഡക്കേറ്റ്. ജനറലും ആൾ ഇന്ത്യ മുസ്ലിം പഴ്‌സണൽ ലോ ബോർഡ് കൗൺസെലുമായ സഫാർയാബ് ജിലാനി പറയുന്നത്. രാമജന്മഭൂമി ബാബറി മസ്ജിദ് കേസ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രാംലാലയുടെ അടുത്തയാളായ തിലോകി നാഥ് പാണ്ഡെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ദൈവ കാര്യമാണെന്നും 2010 മുതൽ പ്രസ്തുത കേസ് സുപ്രീംകോടതിയുടെ പരിഗണന കാത്ത് കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP