Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ങ്ങനാശ്ശേരി സന്ദേശനിലയത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കതിരൊളി' മാസികയിൽ 2001-ൽ ഞാനൊരു പംക്തി എഴുതിയിരിന്നു- 'നസ്രായന്റെ കഥകളിലൂടെ' എന്ന പേരിൽ. ഈശോ പറഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം രചിക്കാനുള്ള ശ്രമമായിരുന്നു അത്. അന്ന് എഴുതിയ ഒരു കഥ പറയാം.

ഒരു ഇടയന് 100 ആടുകളുണ്ടായിരുന്നു. ഒരു സന്ധ്യക്ക് അതിലൊരണ്ണത്തിനെ കാണാതെ പോയി. അന്വേഷിച്ചു നടന്ന ഇടയൻ അവനെ ശത്രുപാളയത്തിന്റെ നടുവിൽ ബന്ധസ്ഥനായി കണ്ടെത്തി. മേലുകീഴു നോക്കാതെ ഇടയൻ ശത്രുപാളയത്തിന്റെ നടുവിലേക്ക് എടുത്തു ചാടി ബന്ധസ്ഥനായ കുഞ്ഞാടിനെ രക്ഷിച്ചു പുറത്തു കടന്നു. പക്ഷെ അതിനിടയിൽ ശത്രുക്കളുടെ ആക്രമണം മൂലം ഇടയന് മാരകമായ മുറിവേറ്റിരുന്നു.

മരണക്കിടക്കയിലായ ഇടയൻ തന്റെ അടുത്തിരുന്ന കുഞ്ഞാടിനോട് തന്റെ അന്ത്യാഭിലാഷം പറഞ്ഞു: "നിനക്കും ഒരിടയനാകാമോ, എന്നെപ്പോലെ?" അതിനു ശേഷം ഇടയൻ മരിച്ചു.

ഇടയന്റെ മരണ ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാനായിരുന്നു കുഞ്ഞാടിന്റെ പരിശ്രമം. ഇടയാനാകാൻ എന്താണ് ചെയ്യേണ്ടതെന്ന് ആരാഞ്ഞ് അവൻ പുരോഹിതരെയും ജ്ഞാനികളെയും മൂപ്പന്മാരെയും സമീപിച്ചു. ഓരോരുത്തരും നിർദ്ദേശിച്ചതനുസരിച്ച് അവൻ ആദ്യം ഇടയവടിയും, പിന്നെ കാവൽ നായയെയും അതിനു ശേഷം കഴുതയെയും അവസാനം ആടുകളെയും സ്വന്തമാക്കി. എന്നാൽ ഓരോന്നും സ്വന്തമാക്കി കഴിയുമ്പോഴും, ഇടയൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു തന്റെ അന്ത്യാഭിലാഷം ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം ഇടയവടിയും കാവൽ നായയെയും കഴുതയെയും ആടുകളെയും സ്വന്തമാക്കിയപ്പോൾ താനൊരു യഥാർത്ഥ ഇടയനായെന്ന തോന്നൽ കുഞ്ഞാടിനുണ്ടായി. പക്ഷെ അന്നു രാത്രിയും ഇടയൻ പ്രത്യക്ഷപ്പെട്ട് തന്റെ അന്ത്യാഭിലാഷം ആവർത്തിച്ചു. അതോടെ താനിനിയും യഥാർത്ഥ ഇടയനായി തീർന്നിട്ടില്ലെന്ന തിരിച്ചറിവിൽ കുഞ്ഞാട് വ്യസനിച്ചു (വിശദമായ കഥയ്ക്ക് വീഡിയോ കാണുക).

നല്ല ഇടയനാകാൻ എന്തു ചെയ്യണം? ഇടയന്റെ ബാഹ്യ ചിന്നങ്ങളായ ഇടയ വടിയും കാവൽ നായയെയും കഴുതയെയും കുറെ ആടുകളെയും സ്വന്തമാക്കിയാൽ മതിയോ? പോരല്ലോ? ഇടയനായിത്തീരാനുള്ള യഥാർത്ഥ വഴി പരോക്ഷമായി ഈശോ ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.

ഈശോ പറഞ്ഞു: "ഞാനാണു വാതിൽ" (യോഹ 10:9,7). അതിനു മുമ്പ് ഈശോ പറഞ്ഞു: "ആട്ടിൻ തൊഴുത്തിലേക്ക് വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്" (യോഹ 10:2). അതായത് ഇടയനാകാനുള്ള വാതിലും വഴിയും താനാണെന്നാണ് ഈശോ അവകാശപ്പെടുന്നത്. എന്നു പറഞ്ഞാൽ, ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്ന ക്രിസ്തുവാണ് ഇടയനാകാനുള്ള മാർഗ്ഗം എന്നു സാരം. ക്രൂശിതനായ ക്രിസ്തുവെന്ന വാതിലിലൂടെ കടന്നു പോകുന്നവാനാണ് യഥാർത്ഥ ഇടയൻ.

എന്താണ് വാതിലാകുന്ന ഈ വഴിയുടെ സവിശേഷത? ഇടയനായിത്തീരാനുള്ള മാർഗ്ഗത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഈശോ സംസാരിക്കുന്നത് ഓടിപ്പോകുന്ന കൂലിക്കാരനെക്കുറിച്ച് പറയുമ്പോഴാണ്: "അവൻ ഓടിപ്പോകുന്നത് കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി അവന് താൽപ്പര്യമില്ലാത്തതു കൊണ്ടുമാണ്" (യോഹ 10:13). അങ്ങനെയെങ്കിൽ, ഇടയൻ ഓടിപ്പോകാതെ സ്വയം അപകടപ്പെടുത്തുന്നത് ആടുകളെക്കുറിച്ച് താത്പര്യമുള്ളതുകൊണ്ടാണ്.

എങ്കിൽ 'ആടുകളെക്കുറിച്ചുള്ള താൽപ്പര്യമാണ്' ഇടയനാകാനുള്ള ഒന്നാമത്തെ ഗുണമെന്ന് വരുന്നു. എന്നു വച്ചാൽ ഇടയനാകണമെങ്കിൽ നിന്റെ ഹൃദയതാൽപ്പര്യം നീ തിരിച്ചറയണമെന്നു സാരം. നിന്റെ ഹൃദയാഭിലാഷം തിരിച്ചറിയുന്നിടത്താണ് നീ ഇടനാകാനുള്ള വഴിയിലാകുന്നത്.

ഇതു തന്നെയാണ് ഫ്രാൻസിസ് പാപ്പാ 'ആഹ്ലാദിച്ച് ആനന്ദിച്ചാലും' എന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ പറയുന്നതും. ഒരുവൻ തന്റെ പാത കണ്ടെത്തുന്നതാണ് വിശുദ്ധിയിലേക്കുള്ള ആദ്യപടി (GE 11). ഒരുവൻ തന്റെ ആന്തരിക സ്വത്വം തിരിച്ചറിയുന്നതാണ് അഥവാ ജീവിത നിയോഗം കണ്ടെത്തുന്നതാണത് (GE 32).

ആൽക്കെമിസ്റ്റെന്ന നോവലിൽ സന്തിയാഗോ എന്ന ഇടയ ചെറുക്കനോട് മൽക്കിസേദക്ക് എന്നു വൃദ്ധൻ പറഞ്ഞു കൊടുക്കുന്നതും ഇതു തന്നെയാണ് - നിന്റെ ഹൃദയത്തിന്റെ തീവ്രമായ അഭിലാഷം തിരിച്ചറിഞ്ഞ് അതിനെ പിന്തുടരുക. സമാനമായ നിർദ്ദേശമാണ് നല്ല ഇടയനായകാനായി ഈശോ മുമ്പോട്ടു വയ്ക്കുന്നതും- നിന്റെ ഹൃദയത്തിന്റെ താൽപ്പര്യം അഥവാ ആടുകളോടുള്ള നിന്റെ താൽപ്പര്യം നീ തിരച്ചറിഞ്ഞ് അതിനെ പിന്തുടരുക.

മത്തായിച്ചേട്ടനെന്ന പട്ടി വളർത്തുകാരൻ. ഒരാൾ പട്ടിയെ വാങ്ങിക്കാൻ വന്ന കഥ (ഓഡിയോ കേൾക്കുക)

സ്ഥിരതയോടും വിശ്വസ്തഥയോടും കൂടെ നിന്റെ ഹൃദയാഭിലാഷത്തെ പിന്തുടരുന്നിടത്താണ് നീ നല്ല ഇടയനായി വളരുന്നത്. അങ്ങനെ പിന്തുടരുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് ഈശോ പറയുന്നുണ്ട്: "നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹ 10:11).
അതായത്, സ്വന്തം ഹൃദയാഭിലാഷത്തെ പിന്തുടരുന്നവൻ സ്വയം വിസ്മരിച്ച് ഹൃദയാഭിലാഷത്തെ പിന്തുടരുന്നു. സ്വയം അപകടപ്പെടുത്തി കൊണ്ടുപോലും അതിനെ പിന്തുടരുന്നു എന്നർത്ഥം. അപ്പോഴാണ് ഒരുവൻ നല്ല ഇടയന്റെ പൂർണ്ണതയിലേക്ക് വളരുന്നത്.

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. കൂലിക്കാരന്റെ താൽപ്പര്യം അവന് കിട്ടുന്ന കൂലിയിലാണ്. അഥവാ കൂലി കിട്ടാൻ വേണ്ടി ഉണ്ടാക്കിയ കരാറിലാണ്. എന്നാൽ ഇടയന്റെ താൽപ്പര്യം അവന്റെ ഹൃദയാഭിലാഷത്തിലാണ്. അത് പൂർത്തിയാകുന്നതിലൂടെ അവന് ലഭിക്കുന്ന ഹൃദയനിർവൃതിയിലാണ്.

ഇങ്ങനെ സ്വന്തം ഹൃദയാഭിലാഷത്തെ പിന്തുടർന്ന് സ്വയം മറന്ന് അതിനായി സ്വയം വിട്ടു കൊടുക്കുന്നതിന്റെ പരിണിതഫലം എന്താണെന്ന് ഈശോ പറയുന്നുണ്ട്: "ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10). ഇടയന്റെ ജീവിത സമർപ്പണത്തിലൂടെ ചുറ്റുമുള്ളവരിലെ ജീവൻ അതിന്റെ സമൃദ്ധിയിലേക്ക് വളരുമെന്നർത്ഥം.

ചുമുറ്റുമുള്ള ആടുകളിലെ ജീവൻ മാത്രമല്ല, ഇടയന്റെ ജീവനും മരണത്തിനപ്പുറത്തേക്ക് വളരും. ഈശോ പറയുന്നു: "തിരിച്ചെടുക്കുന്നതിനു വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സനേഹിക്കുന്നു" (യോഹ 10:17). ജീവൻ അപകടപ്പെടുത്തുന്ന ഇടയന് അത് തിരികെ ലഭിക്കുമെന്നർത്ഥം.

ചുരുക്കത്തിൽ ജീവൻ അതിന്റെ നിറവിലേക്ക് വളർത്തിയെടുക്കാനുള്ള മാഗ്ഗമാണ് നല്ല ഇടയനാകുക എന്നത്. ഈശോ ഇന്ന് നമ്മുടെ മുമ്പിൽ വയ്ക്കുന്ന ആഹ്വാനമിതാണ്: 'നിനക്ക് നല്ല ഇടയനാകാൻ പറ്റുമോ?' അതിനുള്ള വഴി ക്രൂശിതനായ ക്രിസ്തുവാകുന്ന വാതിലിലൂടെ കടന്നു പോകുക എന്നതാണ്. അതിന് ആദ്യം വേണ്ടത് നിന്റെ ഹൃദ്യാഭിലാഷത്തെ തിരിച്ചറിഞ്ഞ് അതിനെ പിന്തുടരുകയും, സ്വയം മറന്ന് അതിനായി സമർപ്പിക്കുകയും ചെയ്യുകയാണ്.

അതിനാൽ ഒരു കാര്യം നീ മറക്കണ്ട: ആട്ടിൻകൂട്ടവും ആലയും ഇടയവടിയുമല്ല ഒരുവനെ ഇടയനാക്കുന്നത്. മറിച്ചു ഹൃദയാഭിലാഷത്തിനു വേണ്ടിയുള്ള ആത്മസമർപ്പണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP