Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലത്തൂരിൽ ഫോട്ടോ ഫിനിഷിൽ രമ്യാ ഹരിദാസ് മുന്നിൽ; തൃശൂരിലും നേരിയ മുൻതൂക്കം ടിഎൻ പ്രതാപന് തന്നെ; പാലക്കാട് കോട്ട എംബി രാജേഷ് കാക്കുമ്പോൾ മലപ്പുറത്തും പൊന്നാനിയിലും ലീഗ് തരംഗം; പാലക്കാട്ടെയും തൃശൂരിലെയും വോട്ട് വർധനയിൽ മാത്രം ഒതുങ്ങി ബിജെപി പ്രകടനം; മറുനാടന്റെ ഒന്നാംഘട്ട ഫീൽഡ് സർവേയിൽ മൂന്നു സീറ്റ് നേടിയ ഇടതുമുന്നണി രണ്ടാം ഘട്ടത്തിൽ പാലക്കാട് മാത്രമായി ചുരുങ്ങുമ്പോൾ പത്തു മണ്ഡലങ്ങളിൽ ഏഴും ഉറപ്പിച്ച് യുഡിഎഫും മൂന്നുമായി എൽഡിഎഫും

ആലത്തൂരിൽ ഫോട്ടോ ഫിനിഷിൽ രമ്യാ ഹരിദാസ് മുന്നിൽ;  തൃശൂരിലും നേരിയ മുൻതൂക്കം ടിഎൻ പ്രതാപന് തന്നെ; പാലക്കാട് കോട്ട എംബി രാജേഷ് കാക്കുമ്പോൾ മലപ്പുറത്തും പൊന്നാനിയിലും  ലീഗ് തരംഗം; പാലക്കാട്ടെയും തൃശൂരിലെയും വോട്ട് വർധനയിൽ മാത്രം ഒതുങ്ങി ബിജെപി പ്രകടനം; മറുനാടന്റെ  ഒന്നാംഘട്ട ഫീൽഡ് സർവേയിൽ മൂന്നു സീറ്റ് നേടിയ ഇടതുമുന്നണി രണ്ടാം ഘട്ടത്തിൽ പാലക്കാട് മാത്രമായി ചുരുങ്ങുമ്പോൾ പത്തു മണ്ഡലങ്ങളിൽ ഏഴും ഉറപ്പിച്ച് യുഡിഎഫും മൂന്നുമായി എൽഡിഎഫും

ടീം മറുനാടൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ രണ്ടാംഘട്ട അഭിപ്രായ സർവേയുടെ രണ്ടാം ഭാഗത്തിലും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ എന്നീ മണ്ഡലങ്ങളിലെ സർവേയിൽ, പാലക്കാട് മാത്രമാണ് ഇടതുമുന്നണിക്ക് ഉള്ളത്. മലപ്പുറം പൊന്നാനി എന്നിവിടങ്ങൾ വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുന്ന യുഡിഎഫ്, തൃശൂരും ആലത്തൂരും പിടിച്ചെടുക്കും എന്നാണ് സർവേ സൂചിപ്പിക്കുന്നത്.

ഇവിടെ തൃശൂരിലും, ആലത്തൂരിലും വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രമാണ് യുഡിഎഫിന് ഉള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങൾ അന്തിമമായി എങ്ങോട്ട് ചായുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ യുഡിഎഫിനും, പാലക്കാട്, ആലത്തൂർ, തൃശൂർ എന്നിവിടങ്ങളിൽ എൽഡിഎഫിനുമാണ് മുൻതൂക്കം പ്രവചിച്ചിട്ടുള്ളത്.

അതായത് ആദ്യഘട്ടത്തിലെ എൽഡിഎഫ്-3, യുഡിഎഫ്-2, എന്ന നില യുഡിഎഫ് -4, എൽഡിഎഫ്-1 എന്ന നിലയിലേക്ക് നേരെ തിരിയുകയാണ്. യുഡിഎഫിന് അനുകൂലമായി ഒരു ട്രെൻഡ് രൂപപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.

ഇതോടെ പത്തു മണ്ഡലങ്ങളിലെ സർവേ ഫലം പുർത്തിയാവുമ്പോൾ യുഡിഎഫ്-7, എൽഡിഎഫ്-3 എന്നതാണ് അവസ്ഥ. വയനാട്, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിൽ ഐക്യമുന്നണിക്ക് മുൻതൂക്കം ലഭിക്കുമ്പോൾ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ഇടതിനൊപ്പം നിൽക്കുന്നത്.

പക്ഷേ വടകര, ആലത്തൂർ, തൃശൂർ എന്നിവടങ്ങിൽ വെറും ഒരു ശതമാനത്തിന്റെ വോട്ടുവ്യത്യാസം മാത്രമാണ് യുഡിഎഫിന് ഉള്ളത്. കാസർകോട്ടും കോഴിക്കോട്ടും വെറും രണ്ടു ശതമാനത്തിന്റെ ലീഡാണ് ഇടതുമുന്നണിക്കുമുള്ളത്.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാതോടെ ഐക്യമുന്നണിക്ക് അനുകൂലമായി തരംഗം രൂപപ്പെടുന്നുണ്ടെന്ന് സർവേയിലൂടെ വ്യക്തമാക്കുന്നു.

മുസ്ലിം-ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട്ടും, തൃശൂരിലും വോട്ട് ഉയർത്തുന്നു എന്നല്ലാതെ ബിജെപിക്ക് വിജയിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് എവിടെയും മാറാൻ കഴിഞ്ഞിട്ടില്ല. സുരേഷ് ഗോപിയുടെ തൃശൂരിലെ സ്ഥാനാർത്ഥിത്വവും ബിജെപിയുടെ വോട്ട് വർധനക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ ബിജെപി പിടിക്കുന്ന വോട്ടുകൾ എത് മുന്നണിയെയാണ് കൂടുതൽ ബാധിക്കുക എന്നതിനെ അനുസരിച്ചായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് ചിത്രം.

ഏതായാലും രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ ഉണ്ടായ രാഹുൽ തരംഗംതന്നെയാണ് ഈ മണ്ഡലങ്ങളിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സഹായകമായതെന്നാണ് സൂചനകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന മണ്ഡലങ്ങളിൽപോലും ഇത് ചെറു ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലും കടുത്ത മത്സരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് സർവേയിലെ സൂചനകൾ.

പച്ചക്കോട്ടയിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെ

  • യുഡിഎഫ്- 49
  • എൽഡിഎഫ്- 34
  • എൻഡിഎ-9
  • മറ്റുള്ളവർ / നോട്ട- 8

എക്കാലവും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായ മലപ്പുറം ഇത്തവണയും മാറി ചിന്തിക്കില്ല എന്ന സൂചകങ്ങളാണ് മറുനാടൻ സർവേയിലും തെളിയുന്നത്. മുന്നണികൾ തമ്മിലുള്ള വോട്ടുവ്യത്യാസം 15 ശതമാനമാണെന്നത് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുടെ വോട്ട് ഒരു ലക്ഷം കടക്കുമെന്നതിന്റെ കൃത്യമായ സൂചകമാണ് നൽകുന്നത്. യുഡിഎഫ് 49 ശതമാനം വോട്ടുകൾ നേടുമ്പോൾ എൽഡിഎഫ് 34 ശതമാനത്തിൽ ഒതുങ്ങുകയാണ്. മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് 52 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംഘട്ടത്തിൽ അത് മൂന്നു ശതമാനം കുറയുകയാണ് ഉണ്ടായത്. പക്ഷേ എൽഡിഎഫ് വോട്ടുകളും 35ൽ നിന്ന് ഒരു ശതമാനം കുറഞ്ഞിരിക്കുകയാണ്. എൻഡിഎയും എസ്ഡിപിഐയും ഇവിടെ വോട്ടുയർത്തുന്ന കാഴ്ചയും മറുനാടന്റെ ഒന്നും രണ്ടും സർവേകൾ താരതമ്യപ്പെടുത്തുമ്പോൾ കാണാം. എൻഡിഎ ആറിൽ നിന്ന് ഒമ്പത് ശതമാനത്തിൽ എത്തുമ്പോൾ, എസ്ഡിഐപി അടക്കമുള്ള മറ്റുള്ളവർ ആറിൽ നിന്ന് എട്ടിലേക്ക് എത്തുകയാണ്.

എക്കാലവും ഹരിതപതാക പുതച്ചുകിടക്കുന്ന മലപ്പുറം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് നേതാവ് ഇ അഹമ്മദിന് റെക്കോർഡ് ഭൂരിപക്ഷമാണ് നൽകിയത്. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞവർഷം എപ്രിലിൽ നടന്ന ലോക്്സഭാ ഉപതെരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ എംബി ഫൈസലിനെ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച മേധാവിത്വം നേടിയിരുന്നു.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന്റെ വിജയം. മങ്കടയിൽ 1,508 വോട്ടുകൾക്കും പെരിന്തൽമണ്ണയിൽ വെറും 579 വോട്ടുകൾക്കുമായിരുന്നു വലതുപക്ഷം വിജയിച്ചത്. ഈ മണ്ഡലങ്ങളിൽ തന്നെയാണ് എൽഡിഎഫിന് ഇപ്പോഴും പ്രതീക്ഷയുള്ളത്.

മാത്രമല്ല 2004ലെ തിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽ അധികമുണ്ടായിരുന്നു മുസ്ലിം ലീഗിന്റെ ലീഡ്. ഉപതെരഞ്ഞെടുപ്പിൽ, ഇരുപതിനായിരത്തോളം വോട്ടുകൾ കുറഞ്ഞതും എൽഡിഎഫ് നേട്ടമായി വിലയിരുത്തുന്നു. സ്ഥാനാർത്ഥി എസ്എഫ്ഐ നേതാവ് സാനുവിന്റെ ശക്തമായ പ്രചാരണം യുവാക്കളെ സ്വാധീനിക്കുമെന്നാണ് എൽഡിഎഫ്  നേതാക്കൾ പറയുന്നത്. പക്ഷേ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായതുകൊണ്ട് കുഞ്ഞാലിക്കുട്ടി റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് നേതാക്കൾ കരുതുന്നത്.

പൊന്നാനിയിൽ അജയ്യനായി ഇ ടി

  • യുഡിഎഫ്- 44
  • എൽഡിഎഫ്- 35
  • എൻഡിഎ- 12
  • മറ്റുള്ളവർ / നോട്ട-9

ഒത്തുപിടിച്ചാൽ ഇത്തവണ പൊന്നാനി പോരുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷകൾ പൂവണിയില്ലെന്ന സൂചനകൾ നൽകുന്ന രീതിയിലാണ് സർവേയുടെ വോട്ടു വിഹിതം. ഒമ്പതു ശതമാനം വോട്ടിന്റെ വ്യക്തമായ മൂൻതൂക്കമാണ് യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ഇ ടി മുഹമ്മദ് ബഷീറിന് കിട്ടുന്നത്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ 41 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് ഉണ്ടായിരുന്നെങ്കിൽ രണ്ടാംഘട്ട സർവേയിൽ അത് കുത്തനെ കുറഞ്ഞ് 35 ശതമാനത്തിൽ എത്തി നിൽക്കുകയാണ്.

നിരവധി വിവാദങ്ങൾ വേട്ടയാടുന്ന പിവി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണിക്ക് ദോഷം ചെയ്തുവെന്ന് തന്നെയാണ് ഈ വോട്ടുനില വ്യക്തമാക്കുന്നത്. 46 ശതമാനമുള്ള ഐക്യമുന്നണിയുടെ വോട്ട് 44 ആയി കുറയമ്പോൾ, എൻഡിഎ ഏഴിൽ ൽനിന്ന് 12 ശതമാനമായും, എസ്ഡിപിഐ അടക്കമുള്ള മറ്റുള്ളവരുടെ വോട്ട് വിഹിതം ആറിൽ നിന്ന് ഒമ്പത് ആയും ഉയരുന്നുണ്ട്.

കഴിഞ്ഞ തവണ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഇവിടെ ജയിച്ചുകയറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഇടതുമുന്നണി വലിയ പ്രതീക്ഷയിൽ ആയിരുന്നു. കാന്തപുരം അടക്കമുള്ള മറ്റ് മുസ്ലിം സാമുദായിക സംഘടനകളുടെയും മറ്റും പിന്തുണയോടെ മണ്ഡലം പിടിക്കാമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

ഇ ടിക്കെതിരെ മണ്ഡലത്തിൽ നിലനിന്ന വികാരം മുതലാക്കാമെന്നും അവർ കരുതി. ഈ പരാജയ ഭീതിമൂലമാണ് എസ്ഡിപിഐയുമായുള്ള മുസ്ലീഗിന്റെ വിവാദ ചർച്ചവരെ ഉണ്ടാവുന്നത്. എന്നാൽ രാഹുൽ ഗാന്ധി മൽസര രംഗത്തേക്ക് ഇറങ്ങിയതോടെ മുസ്ലിംവോട്ടുകളിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ പൊതു ധ്രുവീകരണം കാര്യങ്ങൾ എളുപ്പമാക്കിയെന്നാണ് മുസ്ലിംലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ബനാത്ത്‌വാല അടക്കമുള്ള പ്രമുഖരെ പാർലിമെന്റിൽ എത്തിച്ച പൊന്നാനി, ഒരുകാലത്തും മുസ്ലീ ലീഗിനെ കൈവിടാത്ത മണ്ഡലമാണ്. 2004ൽ കോൺഗ്രസ് കേരളത്തിൽ നിന്നും ഒറ്റ എം പിയെയും ജയിപ്പിക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയപ്പോൾ പൊന്നാനി മണ്ഡലത്തിൽ വിജയിച്ച് ലീഗ് മാനം കാക്കുകയായിരുന്നു. ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി തകർന്നപ്പോഴും പൊന്നാനി ലീഗിനൊപ്പം തന്നെ ഉറച്ചു നിന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ നിയോജകമണ്ഡലം. 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു.

തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് പോകുകയും, പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനുർ, പൊന്നാനി, താനുർ എന്നീ മുന്നു മണ്ഡലങ്ങളിൽ എൽഡിഎഫും ബാക്കിയുള്ളവയിൽ യുഡിഎഫുമാണ് വിജയിച്ചത്. മന്ത്രി കെടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ നിന്നും സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയിൽ നിന്നും കിട്ടുന്ന ലീഡ് തങ്ങളെ തുണയ്ക്കുമെന്നാണ ഇടതുപക്ഷം കരുതുന്നത്. അതിനുപുറമെ തൃത്താലയിലും അവർ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെുടുപ്പിൽ തങ്ങളുടെ കോട്ടയായിരുന്ന തിരൂരങ്ങാടിയിലും തിരൂരിലും കോട്ടയ്ക്കലിലും ലീഗ് ജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും എൽഡിഎഫിന് പ്രതീക്ഷയാണ്.

ഇടതുകോട്ട കാത്ത് എം ബി രാജേഷ്

  • എൽഡിഎഫ്- 43
  • യുഡിഎഫ്- 36
  • എൻഡിഎ- 18
  • മറ്റുള്ളവർ / നോട്ട- 3

ഇടതുമുന്നണി തങ്ങളുടെ ഉറച്ച സീറ്റുകളിൽ ഒന്നായി കണക്കൂകൂട്ടുന്ന പാലക്കാട് മണ്ഡലത്തിൽ, മറുനാടൻ സർവേയിലും തെളിയുന്നത് എൽഡിഎഫ് ആഭിമുഖ്യത്തിന്റെ സൂചനകളാണ്. മുൻ തെരഞ്ഞെടുപ്പിലെ ലക്ഷത്തിലേറെ വന്ന വൻ ഭൂരിപക്ഷം ആവർത്തിക്കാൻ കഴിയില്ലെങ്കിലും ഇവിടെ നിലവിൽ 7 ശതമാനം വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ എംബി രാജേഷ് മുന്നിലാണ്. ഇടതുമുന്നണിക്ക് 43 ശതമാനം വോട്ടും ഐക്യമുന്നണിക്ക് 36 ശതമാനം വോട്ടും കിട്ടുമ്പോൾ എൻഡിഎക്ക് 18 ശതമാനം വോട്ട് ലഭിക്കുന്നു സർവേയിൽ.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും ഇവിടെ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. അന്ന് 44 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇപ്പോൾ ഒരു ശതമാനം കുറഞ്ഞ് 43ൽ എത്തിയെന്ന് മാത്രം. നേരത്തെ 37 ശതമാനം ഉണ്ടായിരുന്നു യുഡിഎഫ് വോട്ട് 35ആയി താഴ്്ന്നപ്പോൾ, 15ൽനിന്ന് 18 ശതമാനമായി എൻഡിഎ വോട്ടുകൾ ഉയരുകയാണ്. ബിജെപിയുടെ വോട്ട് വർധന പാലക്കാട്ട് ബാധിക്കുന്നത് യുഡിഎഫിനെയാണെന്നാണ് സർവേ വോട്ടുവിഹിതം വ്യക്തമാക്കുന്നു. ബിജെപിക്ക് തിരുവനന്തപുരവും കാസർകോടും കഴിഞ്ഞാൽ ഏറ്റവും വോട്ട് കിട്ടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. പ്രാദേശികമായി വൻ സ്വാധീനമുള്ള സി കൃഷ്ണകുമാറിനെ മൽസരിപ്പിക്കാനുള്ള ബിജെപിക്ക് തീരുമാനം വോട്ട് വർധനയക്ക് ഇടയാക്കിയിട്ടുണ്ട്.

96 മുതൽ തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമായ പാലക്കാട്ട് കഴിഞ്ഞ വർഷമാണ് എൽഡിഎഫ് റെക്കാർഡ് ഭൂരിപക്ഷത്തിലേക്ക് കടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിൽ പരം വോട്ടിന് മുട്ടുകുത്തിച്ചാണ് സിപിഎമ്മിലെ എം ബി രാജേഷ് ജയിച്ചത്. അതിനും മുമ്പ് വെറും രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിടത്താണ് ഈ രീതിയിൽ ലീഡ് ഉയർത്താൻ എൽഡിഎഫിന് ആയത്. എം പി എന്ന നിലയിലുള്ള എംബി രാജേഷിന്റെ മികച്ച പ്രകടനവും തുണച്ചുവെന്ന നിഗമനത്തിലാണ് എൽഡിഎഫ് എത്തിയത്. കഴിഞ്ഞ തവണ എംബി രാജേഷിന്റെ എതിരാളിയായി മൽസരിച്ച എം പി വീരേന്ദ്രകുമാർ ഇപ്പോൾ എൽഡിഎഫിന് ഒപ്പമാണ്. ഇതും മുന്നണിക്ക് കരുത്തായിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോകസഭാ നിയോജകമണ്ഡലം. ഇതിൽ മണ്ണാർക്കാടും, പാലക്കാടും ഒഴികെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന് ഒപ്പമാണ്. വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണ്ണുർ എന്നിവടങ്ങളിലെ വൻ ലീഡാണ് പൊതുവെ എൽഡിഎഫിനെ തുണക്കാറുള്ളത്.

ആലത്തൂരിൽ ഫോട്ടോ ഫിനിഷിൽ 'പെങ്ങളൂട്ടി'

  • യുഡിഎഫ്- 43
  • എൽഡിഎഫ്- 42
  • എൻഡിഎ- 11
  • മറ്റുള്ളവർ / നോട്ട- 4

ഈ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ആലത്തൂരിൽ സോഷ്യൽ മീഡിയയുടെ ശക്തമായ പിന്തുണയോടെ വന്ന പുതുമുഖം രമ്യാഹരിദാസ് മുന്നിൽ. ഫോട്ടോ ഫിനിഷ് പോലെ തോന്നുന്ന വോട്ടു വിഹിതത്തിൽ ഒരു ശതമാനം വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ മുന്നിലെത്തിയത്. രമ്യ 43 ശതമാനം വോട്ട് നേടി അട്ടിമറി പ്രതീതി ഉയർത്തുമ്പോൾ, 42 ശതമാനം വോട്ട് നേടി സിറ്റിങ്ങ് എം പിയായ ഇടതുസ്ഥാനാർത്ഥി പി കെ ബിജു തൊട്ടുപിന്നിലുണ്ട്. സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായ ആലത്തൂരിൽ, നിഷ്പക്ഷരുടെയും യുവ വോട്ടർമാറുടെയും ശക്തമായ പിന്തുണയുമാണ് സോഷ്യൽ മീഡിയ 'പെങ്ങളൂട്ടിയാക്കിയ' രമ്യക്ക് ഗുണം ചെയ്യുന്നത്. എന്നാൽ എൽഡിഎഫും ഇവിടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരു ശതമാനം വോട്ട് എന്നത് അവസാന നിമിഷം എങ്ങനെയും മാറാമെന്നാണ് ഇവർ പറയുന്നത്.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ സിപിഎം ആലത്തൂർ നിലനിർത്തുമെന്ന സൂചകങ്ങളാണ് പറുത്തുവന്നത്. യുഡിഎഫിനേക്കാൾ അഞ്ച് ശതമാനം വോട്ട് എൽഡിഎഫിന് കിട്ടുമെന്നായിരുന്നു ഒന്നാംഘട്ട സർവേയുടെ പ്രവചനം. എന്നാൽ ഇപ്പോൾ എൽഡിഎഫിന്റെ 45 ശതമാനം വോട്ട്, മൂന്നു ശതമാനം കുറഞ്ഞ് 42 ശതമാനത്തിൽ എത്തിയിരിക്കയാണ്. എൻഡിഎയും തങ്ങളുടെ വോട്ട് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധ വോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തെ തുടർന്നുണ്ടായ കർഷകരോഷമാണ് ഇതിനു പിറകിലെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചതിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് എൽഡിഎഫ് പറയുന്നത്.

പഴയ ഒറ്റപ്പാലം ലോക്സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. അന്നുമുതൽ അത് തുണച്ചതും എൽഡിഎഫിനെയാണ്. 2009 ൽ എസ്എഫ്ഐ നേതാവായിരിക്കെ ആണ് ബിജു പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ൽ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകൾക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ൽ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയർത്തി.

പാലക്കാട്, തൃശൂർ ജില്ലകളിലായി പരന്നുകിടക്കുന്നതാണ് ഈ മണ്ഡലം. തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങൾ ആണ് ഉൾപ്പെടുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ ഒന്നാണിത്. പഴയ ഒറ്റപ്പാലം മണ്ഡലവും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ ആറും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ആറിൽ അഞ്ചിലും വിജയിച്ചത് സിപിഎം സ്ഥാനാർത്ഥികളും. വടക്കാഞ്ചേരിയിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ അക്കര വിജയിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 43 വോട്ടുകളായിരുന്നു. ഈ സംഘടനാബലമാണ് എൽഡിഎഫിന് പ്രതീക്ഷയാവുന്നത്. എന്നാൽ യുഡിഎഫ് രാഹുൽ തരംഗത്തിലും രമ്യാ ഹൈപ്പിലുമാണ് പ്രതീക്ഷയർപ്പിക്കുന്നത്.

തൃശൂരിലും ഫോട്ടോഫിനിഷ്; പ്രതാപൻ മുന്നിൽ

  • യുഡിഎഫ്- 41
  • എൽഡിഎഫ്- 40
  • എൻഡിഎ- 18
  • മറ്റുള്ളവർ / നോട്ട- 1

ആലത്തൂരിനു സമാനമായ ഫോട്ടോ ഫിനിഷ് തന്നെയാണ്. തൊട്ടടുത്ത മണ്ഡലമായ തൃശൂരിലും കാണുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ ഇവിടെ വെറും ഒരു ശതമാനം വോട്ടിന് മാത്രമാണ് മുന്നിലെത്തിയിരിക്കുന്നത്. യുഡിഎഫിന് 41 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 40 ശതമാനം വോട്ടുമായി ഇടതുമുന്നണിയിലെ രാജാജി മാത്യൂ തോമസ് തൊട്ടു പിറകിലുണ്ട്. എൻഡിഎ സ്ഥാനാഥിയായി വന്ന സുരേഷ് ഗോപിയും 18 ശതമാനം വോട്ടുകൾ നേടി ശക്തമായ മൽസരം കാഴ്ചവയ്ക്കുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ തൃശൂരിൽ എൽഡിഎഫ് ആയിരുന്നു മുന്നിലെത്തിയിരുന്നത്. എൽഡിഎഫ് 42, യുഡിഎഫ് 40, എൻഡിഎ 13 എന്നിങ്ങനെയായിരുന്നു അന്ന് വോട്ടുവിഹിതം. സുരേഷ് ഗോപിയെ സ്ഥാനാർത്ഥി ആക്കിയതോടെ എൽഡിഎയുടെ വോട്ടുവിഹിതം ഉയർന്നിട്ടുണ്ട്.

രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിന് അനുകൂലമാവാനുള്ള സാധ്യത രൂപപ്പെട്ടതായി സർവേ സൂചകങ്ങൾ വിലയിരുത്തുന്നു. പക്ഷേ രാജാജി മാത്യൂ തോമസ് എന്ന സ്ഥാനാർത്ഥിയുടെ ജനകീയതയിലും വ്യക്തി പ്രഭാവത്തിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. സിറ്റിങ് എംപിയായ സിപിഐയിലെ സി എൻ ജയദേവനെ മാറ്റി സിപിഐ രാജാജിക്ക് സീറ്റ് കൊടുത്തത് കടുത്ത മൽസരം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്.

കഴിഞ്ഞതവണ സിഎൻ ജയദേവൻ ഇവിടെ മുപ്പത്തി എട്ടായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പക്ഷേ അന്ന് കെ പി ധനപാലനും പി സി ചാക്കോയും പരസ്പരം സീറ്റ് വെച്ചുമാറിയതടക്കമുള്ള ഒരു പാട് പ്രശ്നങ്ങൾ യുഡിഎഫിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുന്നണിയിൽ പടലപ്പിണക്കങ്ങൾ ഇല്ലാത്തത് യുഡിഎഫിന് കരുത്താകുന്നുണ്ട്.

ഇരുമുന്നണികളെയും മാറി മാറി തുണക്കുന്നതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം. 99ൽ യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം 2004ൽ എൽഡിഫിനൊപ്പമായി. 2009ൽ വീണ്ടും യുഡിഎഫ് ജയിച്ചപ്പോൾ 2014 മണ്ഡലം വീണ്ടും ഇടതുമുന്നണി തിരിച്ചുപിടിച്ചു. ഈ ചാഞ്ചാടുന്ന സ്വഭാവം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുവെച്ച് ഈ മണ്ഡലങ്ങളൊക്കെ എൽഡിഎഫിന് ഒപ്പമാണ്. പക്ഷേ ആ ട്രെൻഡിൽനിന്ന് തീർത്തും വ്യത്യസതമായ വോട്ടിങ്ങ് പാറ്റേൺ ആണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കാണാറുള്ളത്.

ആദ്യ ദിന സർവേഫലം കാണാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക

ചാലക്കുടി, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിലെ മറുനാടൻ സർവേഫലം നാളെ രാവിലെ 11 മണിക്ക്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP