Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഷ്ടമായത് അതികായനെയെന്ന് മോദി; വിസ്മയമായിരുന്നുവെന്ന് മന്മോഹൻ സിങ്; ലോക പാർലമെന്റ് ചരിത്രത്തിൽ ഇടമുള്ള മാണിയെന്ന് പിണറായി; എത്ര ക്ഷോഭിച്ചാലും ജോർജ് എന്ന് വിളിക്കുന്ന സൗമ്യതയെ ഓർത്ത് വിതുമ്പി ആജന്മശത്രുവായ പിസി ജോർജ്; പാലക്കും സഭയ്ക്കും മലയോര കർഷകർക്കും നൽകിയ സംഭവാനകൾ മറക്കാനാകില്ലെന്ന് മാർ ആലഞ്ചേരി; നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെയെന്ന് സുകുമാരൻ നായർ; ഒരു കേരളാ നേതാവിന്റെ മരണത്തിൽ രാജ്യം ഒരു പോലെ കണ്ണീരൊഴുക്കുന്നത് ഇങ്ങനെ

നഷ്ടമായത് അതികായനെയെന്ന് മോദി; വിസ്മയമായിരുന്നുവെന്ന് മന്മോഹൻ സിങ്; ലോക പാർലമെന്റ് ചരിത്രത്തിൽ ഇടമുള്ള മാണിയെന്ന് പിണറായി; എത്ര ക്ഷോഭിച്ചാലും ജോർജ് എന്ന് വിളിക്കുന്ന സൗമ്യതയെ ഓർത്ത് വിതുമ്പി ആജന്മശത്രുവായ പിസി ജോർജ്; പാലക്കും സഭയ്ക്കും മലയോര കർഷകർക്കും നൽകിയ സംഭവാനകൾ മറക്കാനാകില്ലെന്ന് മാർ ആലഞ്ചേരി; നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെയെന്ന് സുകുമാരൻ നായർ; ഒരു കേരളാ നേതാവിന്റെ മരണത്തിൽ രാജ്യം ഒരു പോലെ കണ്ണീരൊഴുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാഷ്ട്രീയ കേരളത്തിലെയും കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെയും അതികായൻ കെ.എം. മാണി ഇനി ഓർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിയപ്പെട്ടവർ മാണി സാർ എന്നു വിളിക്കുന്ന മാണിയുടെ വിയോഗം. പാലായിൽനിന്ന് 52 വർഷം എംഎൽഎയും 12 മന്ത്രിസഭകളിൽ അംഗവുമായ മാണിയുടെ വിയോഗം രാഷ്ട്രീയരംഗത്ത് വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുകയെന്ന് വിവിധ നേതാക്കൾ അനുസ്മരിച്ചു. കെ.എം മാണിക്ക് അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകൾ എപ്പോഴും ഓർത്തിരിക്കുമെന്നും മോദി ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രിക്ക് പുറമേ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും അനുശോചിച്ചു. ധനമന്ത്രി എന്ന നിലയിൽ മാണി വിസ്മയമായിരുന്നുവെന്ന് ലോകമറിയുന്ന ധനശാസ്ത്രജ്ഞൻ കൂടിയായ മന്മോഹൻ മാണിയെ വിശേഷിപ്പിച്ചു.

ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാണി. ധനമന്ത്രിയായിരുന്ന മാണി സാറിനെ ഇങ്ങനെ വിശേഷിപ്പിച്ചത് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ധനമന്ത്രിയായ കെ.എം. മാണിയുടെ ഭരണപാടവവും പരിചയസന്പത്തും മറ്റുള്ളവർക്കു കൂടി പകർന്നു നൽകാനാണു അദ്ദേഹത്തെ സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി ഉന്നതാധികാര സമിതി അധ്യക്ഷനാക്കിയതെന്നും ജയ്റ്റ്ലി എറണാകുളത്തെത്തി പ്രസംഗിച്ചു. ഹൃദയത്തിൽ നിന്നാണ് താനിതു പറഞ്ഞതെന്നു പിന്നീട് ജയ്റ്റ്ലി തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാണിയുടെ മികവിനുള്ള ഏറ്റവും വിലയ അംഗീകാരം. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി മുതൽ രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, ഐ.കെ. ഗുജ്‌റാൾ, ദേവ ഗൗഡ, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി, ഡോ. മന്മോഹൻ സിങ് എന്നിവർ മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവർക്ക് രാഷ്ട്രീയഭേദമന്യേ കെ.എം. മാണിയുമായി ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമുള്ള പ്രത്യേകമായൊരു അടുത്ത ബന്ധം ഉണ്ടായിരുന്നു.

ഒരിക്കൽപ്പോലും മോശമായി പെരുമാറിയിട്ടില്ലാത്ത മാണിയുടെ വിയോഗം കർഷകർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വലിയ നഷ്ടമാണെന്ന് പി.സി ജോർജ് എംഎൽഎ പ്രതികരിച്ചു.കേരളത്തിന് ഇങ്ങനൊരു വലിയൊരു മനുഷ്യനെ നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര ക്ഷോഭിച്ചാലും ജോർജ് എന്ന് വിളിക്കുന്ന ആ സൗമ്യതയെ ഓർത്ത് ആജന്മശത്രുവായ പിസി ജോർജ് പോലും വിതുമ്പുകയാണ്. ഇതാണ മാണി സാർ. കെ.എം മാണിയുടെ നിര്യാണം കേരളീയ സമൂഹം അതീവ ദുഃഖത്തോടെയാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളീയ രാഷ്ട്രീയത്തിൽ പുതിയ രീതി വളർത്തിയെടുക്കാൻ മാണിക്ക് കഴിഞ്ഞു. നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിനേറ്റ വലിയ ആഘാതമാണ് മാണിയുടെ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗം കേരള കോൺഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചു തീരാനഷ്ടമാണെന്നു കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. നിർധന രോഗികളോടു കരുണ കാണിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു മാണി സാറെന്നും ആന്റണി പറഞ്ഞു.

ജനപ്രിയനെന്ന് ഗവർണ്ണർ

കർഷക പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവും നേടിയ മുതിർന്ന സാമാജികൻ കെ.എം. മാണിയുടെ നിര്യാണം തികച്ചും ദുഃഖകരമാണെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം അനുശോചിച്ചു.

1965 മുതൽ തുടർച്ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാനും മന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ആർജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാണെന്നു ഗവർണർ പറഞ്ഞു.

ലോക പാർലമന്ററി ചരിത്രത്തിൽ സ്ഥാനം

ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവം സമാജികരുടെ നിരയിലാണ് കെ.എം. മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 54 വർഷത്തോളം നിയമനിർമ്മാണസഭയിൽ പ്രവർത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകൾക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത റിക്കാർഡാണിത്.

കേരള കോൺഗ്രസിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹ ത്തിന്റെ വിയോഗം. പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ നേതാവിനെയുമാണ് നഷ്ടപ്പെട്ടത്.

ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിക്കുക, 54 വർഷത്തോളം തുടർച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുക, എന്നിങ്ങനെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുപാട് റിക്കാർഡുകൾ കെ.എം. മാണിയുടേതായുണ്ട്.

ദീർഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിർമ്മാണ വേളയിലടക്കം നിർണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിർദ്ദേശങ്ങളിലൂടെ പുതിയ വഴികൾ തുറന്നുകൊടുക്കാനും കെ.എം. മാണിക്ക് കഴിഞ്ഞു. ധനകാര്യത്തിൽ മുതൽ നിയമകാര്യത്തിൽ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടർച്ചയായി പ്രയോജനപ്പെടുത്തി. ഭരണഘടനാ വ്യവസ്ഥകൾ, സഭാനടപടിച്ചട്ടങ്ങൾ, നിയമവകുപ്പുകൾ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിർമ്മാണത്തിൽ സമയോചിതം പ്രയോജനപ്പെടുത്തി.

പൊതുതാല്പര്യങ്ങൾ, വിശേഷിച്ച് മലയോര ജനതയുടെയും കർഷകരുടെയും താൽപര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവച്ചു. കേന്ദ്ര-സംസ്ഥാന സാന്പത്തിക ബന്ധങ്ങളിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് അനുഗുണമായ ഒരുപാട് നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.

പുതിയ സമാജികർ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം. മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

കണ്ണീരോടെ പിജെ ജോസഫ്

ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കെ.എം. മാണിയുമായുള്ള വ്യക്തിബന്ധത്തിൽ യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്നു കേരള കോൺഗ്രസ്-എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. തങ്ങളുടെ സൗഹൃദം എന്നും നിലനിന്നിരുന്നു. ഒട്ടേറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വ്യക്തിയാണു കെ.എം. മാണി. 1967ൽ നിയമസഭയിൽ കെ.എം. മാണി ഉൾപ്പെടെ കേരള കോൺഗ്രസിന്റെ അഞ്ച് അംഗങ്ങൾ ഇ.എം.എസ് സർക്കാരിനെതിരേ നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്.

അതിശക്തനായ നിയമസഭാ സാമാജികനാണെന്ന് അദ്ദേഹം 1967-70 കാലഘട്ടത്തിൽ തന്നെ തെളിയിച്ചു. കേരള കോൺഗ്രസ് ഒറ്റയ്ക്കുനിന്നു കേരളത്തിലെ കർഷകർക്കു വേണ്ടി പോരാടി. കർഷക തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, കാരുണ്യ പദ്ധതി, റബറിന് 150 രൂപ സംഭരണ വില തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം നടപ്പിലാക്കി. രാഷ്ട്രീയരംഗത്തു മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തിനും രാഷ്ട്രീയ രംഗത്തും തീരാനഷ്ടമാണെന്നും ജോസഫ് പറഞ്ഞു

നഷ്ടമാകുന്നത് നിറ സാന്നിധ്യമെന്ന് മാർ ആലഞ്ചേരി

കേരള ജനതയ്ക്കും ക്രൈസ്തവസഭകൾക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ.എം. മാണിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായും സ്തുത്യർഹമായ രാജ്യസേവനം ചെയ്ത നേതാവാണു കെ.എം.മാണി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തന, നേതൃത്വ വൈഭവം ഇതരപാർട്ടികൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്.

ആത്മാർഥതയുള്ള ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം. വിശ്വാസജീവിതത്തിൽനിന്ന് ആർജിച്ച കാരുണ്യത്തിന്റെ മനോഭാവം രാഷ്ട്രീയ ത്തി ലും ഭരണരംഗത്തും പ്രതിഫലിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി ഉൾപ്പെടെ പാവങ്ങൾക്കായുള്ള ജനക്ഷേമ പദ്ധതികൾക്ക് അദ്ദേഹം പ്രത്യേകം താത്പര്യമെടുത്തത് എല്ലാ ഭരണകർത്താക്കൾക്കും മാതൃകയാണ്.

സഭയുടെ ആവശ്യങ്ങളിലും മലയോര മേഖലയുടെ വളർച്ചയിലും പാലാ പ്രദേശത്തിന്റെ പുരോഗതിയിലും അദ്ദേഹത്തിനു പ്രത്യേക ഔത്സുക്യമുണ്ടായിരുന്നു. സമകാലിക കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ ഭാഗധേയം നിർണായകമായ രീതിയിൽ അടയാളപ്പെടുത്താൻ അദ്ദേഹത്തിനായി. ധന, റവന്യു മന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതൃത്വത്തിലൂടെയും അദ്ദേഹം കേരളത്തിന്റെ വളർച്ചയ്ക്കു വഴി തെളിച്ചു. തികഞ്ഞ കർഷക പ്രേമിയായിരുന്നു അദ്ദേഹം.

ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീ യത്തിലെ സാക്ഷ്യജീവിതത്തിനു സഭയുടെ പേരിൽ നന്ദി അർപ്പിക്കുന്നു. കാരുണ്യവാനായ ദൈവം അദ്ദേഹത്തിനു നിത്യശാന്തി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന രാഷ്ട്രീയ, സാമുദായിക പ്രവർത്തകരോടും കുടുംബാംഗങ്ങളോടും പ്രത്യേകമായി സഹധർമിണി കുട്ടിയമ്മയോടും ജോസ് കെ. മാണി എംപി ഉൾപ്പെടെയുള്ള മക്കളോടും അനുശോചനം അറിയിക്കുന്നതായും കർദിനാൾ മാർ ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.

ദുഃഖം അറിയിച്ച് എൻ എസ് എസ്

കെ.എം.മാണി കേരളരാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത്തിൽ മുഖ്യപങ്ക് വഹിച്ച കഴിവുറ്റ ഭരണതന്ത്രജ്ഞനും സർവോപരി നായർ സർവീസ് സൊസൈറ്റിയുമായി നല്ല ബന്ധം പുലർത്തിയ മഹത് വ്യക്തിയുമായിരുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ എൻഎസ്എസ് അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും സുകുമാരൻ നായർ അറിയിച്ചു.

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ ശക്തി: പാണക്കാട് ഹൈദരലി തങ്ങൾ

മലപ്പുറം: ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം. മാണിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. മലയാളി പൊതുസമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീർണമായ സാഹചര്യങ്ങളിൽ പ്രതിസന്ധികളുടെ കുരുക്കഴിക്കാൻ പ്രാപ്തനായ മാധ്യസ്ഥൻ, ധീരനായ പൊതു പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ വിശേഷണങ്ങൾക്ക് ഉടമയായിരുന്നു മാണി സാർ. അഞ്ചര പതിറ്റാണ്ടു കാലത്തെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം കെ.എം.മാണിയുടെ ജീവചരിത്രം കൂടിയാണ്. മുഖ്യമന്ത്രിമാർ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാർ സഭയിലുണ്ടായിരുന്നാലും ആ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയർന്നു നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

തന്ത്രശാലിയായ നേതാവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മികച്ച ഭരണാധികാരിയും തന്ത്രശാലിയുമായ നേതാവിനെയാണ് യുഡിഎഫിന് നഷ്ടമായത്. ദീർഘകാലം ധനകാര്യവകുപ്പ് കൈയാളിയിരുന്ന അദ്ദേഹം സംസ്ഥാന വികസനത്തിന് മാതൃകപരമായ നിരവധി സംഭാവനകളാണ് നൽകിയത്. എന്നും കർഷക പക്ഷത്ത് നിന്ന് പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. കെ.എം.മാണിയുടെ വേർപാട് യുഡിഎഫിന് മാത്രമല്ല വ്യക്തിപരമായും വലിയ നഷ്ടവും വേദനയുമാണ് ഉണ്ടാക്കുന്നത്.

കെ.എം. മാണിയുടെ വിയോഗത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കെപിസിസി മുൻ പ്രസിഡന്റുമാരായ വി എം. സുധീരൻ, എം.എം. ഹസൻ, ബിജെപി നേതാവ് ഒ. രാജഗോപാൽ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുശോചിച്ചു.

അനുശോചനവുമായി കെസിബിസി

കർഷകരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളെ തൊട്ടറിഞ്ഞ സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം. മാണിയെന്നു കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമാണ്. കാർഷിക മേഖലയുടെ പ്രശ്‌നങ്ങളെ ആഴത്തിൽ മനസിലാക്കി രാഷ്ട്രീയ നയപരിപാടികളിലൂടെയും സാന്പത്തിക നടപടികളിലൂടെയും കർഷകരുടെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ അദ്ദേഹം യത്‌നിച്ചു. എല്ലാവിഭാഗം ജനങ്ങളോടും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കതീതമായ ബന്ധം പുലർത്തിയിരുന്ന കെ.എം. മാണി ക്രൈസ്തവ സമൂഹത്തോടും സഭാനേതൃത്വത്തോടും അടുത്തബന്ധം പുലർത്തിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാന്പത്തിക രംഗങ്ങളിൽ തനതായ സംഭാവന നല്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു.

അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP