Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌നേഹബന്ധങ്ങളൊക്കെ നിശ്ശബ്ദമാക്കി കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ പടിയിറങ്ങി; കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്ത് ഇനി പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറില്ല; അന്ത്യചു:ബനം നൽകുമ്പോൾ വിതുമ്പലടക്കാനാവാതെ ഉറ്റവർ; അവസാനമായി ജനനായകനെ ഒരുനോക്കുകാണാൻ കൈകൂപ്പിയും കണ്ണീരണിഞ്ഞും വിലാപയാത്രയിൽ പതിനായിരങ്ങൾ; വെൺപൂക്കൾ വിരിച്ചിട്ട പാലാ കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; 'ഇല്ല ഇല്ല മരിക്കില്ല വിളി'കളോടെ അതികായന് നാടിന്റെ അന്ത്യാഞ്ജലി

സ്‌നേഹബന്ധങ്ങളൊക്കെ നിശ്ശബ്ദമാക്കി കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ പടിയിറങ്ങി; കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്ത് ഇനി പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറില്ല; അന്ത്യചു:ബനം നൽകുമ്പോൾ വിതുമ്പലടക്കാനാവാതെ ഉറ്റവർ; അവസാനമായി ജനനായകനെ ഒരുനോക്കുകാണാൻ കൈകൂപ്പിയും കണ്ണീരണിഞ്ഞും വിലാപയാത്രയിൽ പതിനായിരങ്ങൾ; വെൺപൂക്കൾ വിരിച്ചിട്ട പാലാ കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; 'ഇല്ല ഇല്ല മരിക്കില്ല വിളി'കളോടെ അതികായന് നാടിന്റെ അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

പാലാ: വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന് നാടിന്റെ അകത്തേക്ക് ആണ്ടിറങ്ങി സ്‌നേഹം പകർന്ന മാണി സാറിന് വിട ചൊല്ലി പാലാക്കാർ. കരിങ്ങോഴയ്ക്കൽ വീട്ടിൽ അന്ത്യശുശ്രൂഷകൾക്കൊടുവിൽ ഉറ്റവരുടെ അന്ത്യചു:ബനമേറ്റുവാങ്ങി ഇടവക ദേവാലയമായ പാലാ കത്തീഡ്രൽ പള്ളിയിലെ 126 ാം നമ്പർ കുടുംബക്കല്ലറയിൽ പാലാക്കാരുടെ കുഞ്ഞുമാണിക്ക് അന്ത്യവിശ്രമം. വെള്ളപൂക്കൾ കൊണ്ട് കല്ലറ അലങ്കരിച്ചിരുന്നു. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംസ്‌കാര ചടങ്ങകൾ തുടങ്ങിയത്. വീട്ടിൽ നടന്ന ചടങ്ങുകൾക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. അരനൂറ്റാണ്ടായി തന്റെ തട്ടകമായിരുന്ന പാലായിലെ കരിങ്ങോഴ്ക്കൽ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ മാണിസാറിനെ ഒരുനോക്കുകാണാൻ പതിനിയിരങ്ങളാണ് ഒഴുകിയെത്തിയത്. കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്ന് പള്ളിയിലേക്കുള്ള നഗരികാണിക്കൽ യാത്രയിൽ വഴിയിലുടനീളം നാട്ടുകാരും കേരള കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടി. 

കർദ്ദിനാൾ ക്ലീമ്മീസ് മാർ ബസേലിയോസ് കാതോലിക്കാബാവയാണ് പള്ളിയിലെ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് മൃതശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പൊലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉൾപ്പടെുള്ളവർ അവസാന ചുംബനം നൽകി. മൃതദേഹത്തിൽ പാർട്ടി നേതാക്കന്മാർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കെ.എം മാണിയുടെ മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിച്ചു.

നേരത്തെ വലിയ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ വസതിയിൽ എത്തിയിരുന്നു. ഭാര്യ കുട്ടിയമ്മയും ആറ് മക്കളും സ്നേഹചുംബനം അർപ്പിച്ചപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം പിജെ ജോസഫും മറ്റ് നേതാക്കളും അന്ത്യ ചുംബനം അർപ്പിച്ച് മാണിസാറിനെ യാത്രയാക്കി .കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നും തുടങ്ങിയ വിലാപയാത്ര ടൗണ് ചുറ്റിയാണ് പള്ളിയിൽ എത്തിയത്. കരിങ്ങോഴക്കൽ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള പാലാ കത്തീഡ്രൽ പള്ളിയിലേക്ക് ഒരു മണിക്കൂറിലേറെ സമയം കൊണ്ടാണ് വിലാപയാത്ര എത്തിച്ചേർന്നത്. പാലായിൽ ആയിരക്കണക്കിന് പേരാണ് മാണിസാറിന് വിടചൊല്ലാൻ എത്തിച്ചേർന്നത്.

'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല'

രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്.

വികാരതീക്ഷ്ണമായ അന്തരീക്ഷത്തിൽ 'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല' എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

രാവിലെ പൊതുജനങ്ങൾക്ക് വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കിയതോടെ ആയിരങ്ങളാണ് കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയത്. പാലായെ രണ്ടാം ഭാര്യ എന്ന് വിശേഷിപ്പിരുന്ന ജനനായകനെ അവസാനമായി ഒരുനോക്കുകാണാൻ കൈകൂപ്പിയും, കണ്ണീരണിഞ്ഞും വലിയൊരു പ്രവാഹം. മരണവീട്ടിൽ ചെന്നാൽ ആ മക്കളുടെ സങ്കടവും കരച്ചിലും കണ്ടാൽ സങ്കടം വരുന്ന മാണി സാറിനെ പലരും ഓർത്തു. പച്ചമനുഷ്യന്റെ കരച്ചിൽ. പെയ്‌തൊഴിയുന്ന മേഘങ്ങൾ പോലെ കുടുകുടാ ഒഴുകുന്ന സങ്കടം. കുഞ്ഞുമാണിച്ചൻ ഇല്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കണ്ണുനിറഞ്ഞ കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ ചേർത്തുനിർത്തി മക്കൾ. പാലായുടെ പൂമുഖത്ത് കസേരയിട്ടിരിക്കാൻ ഇനി അങ്ങനെയൊരു മനുഷ്യൻ ഇല്ല. അതിനോട് പൊരുത്തപ്പെടാൻ വീട്ടുകാരും നാട്ടുകാരും ഏറെ നാളെടുത്തേക്കാമെങ്കിലും.

മണിക്കൂറുകൾ നീണ്ട വിലാപയാത്ര

ഇന്നലെ എറണാകുളത്തുനിന്ന് പാലായിലേക്ക് പുറപ്പെട്ട വിലാപയാത്ര ഇന്ന് രാവിലെ മാത്രമാണ് മാണിയുടെ വീട്ടിലേക്ക് എത്തിയത്. കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ ഓരോ നിമിഷവും നിരവധി പേരാണ് അണിചേർന്നത്. കെഎം മാണിയെന്ന തങ്ങളുടെ പ്രിയനേതാവിനെ നേരിട്ടറിയാവുന്ന പാലാക്കാർക്ക് വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. കാൽക്കൽ പുഷ്പങ്ങൾ അർപ്പിച്ചും തൊട്ടുതൊഴുതും വിതുമ്പിക്കരഞ്ഞും നിരവധി പേരാണ് അദ്ദേഹത്തിന്റെ സമീപത്തേക്ക് എത്തിയത്.

സ്ത്രീകളും കുട്ടികളും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ആരെയും കരയിപ്പിക്കുന്നതായിരുന്നു. മൂന്നരയോടെയാണ് പാലാ കത്തീഡ്രലിൽ സംസ്‌കാരം നടന്നത്. ഇതിന് മുന്നോടിയായി രണ്ടരയോടെ സംസ്‌കാര ശുശ്രൂഷകൾ തുടങ്ങി.

മാണിയുടെ ഭൗതികദേഹം ഇന്നലെ വൈകിട്ട് എത്തുമെന്നറിഞ്ഞ് അപ്പോൾ മുതലേ കരിങ്ങോഴയ്ക്കൽ വീടും പരിസരവും ജനസഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വിലാപയാത്ര വൈകുന്നുവെന്ന സന്ദേശം എത്തിയെങ്കിലും ഒരുപോള കണ്ണടയ്ക്കാതെ അവസാനമായി പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു അവർ.

ഇന്നലെ രാവിലെ പത്തുമണിയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര 21 മണിക്കൂർ പിന്നിട്ട് ഇന്ന് രാവിലെ ഏഴുമണിക്ക് മാത്രമാണ് മാണിയുടെ വീട്ടിലേക്ക് എത്തിയത്.

ഉറ്റവരെ ആശ്വസിപ്പിച്ച് ആന്റണി അടക്കമുള്ള നേതാക്കൾ

വീട്ടിൽ കരഞ്ഞുതളർന്ന് ഇരിക്കുകയായിരുന്നു കുട്ടിയമ്മയും മക്കളും ബന്ധുക്കളുമെല്ലാം. കുട്ടിയമ്മയുടെ കൈപിടിച്ചാണ് മാണിസാർ വിടചൊല്ലിയത്. ആ വേർപാട് താങ്ങാനാവാതെ ദുഃഖം ഖനീഭവിച്ചുനിന്ന കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ജനം ഒഴുകിയെത്തി. ഒപ്പം നിരവധി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സിനിമാതാരങ്ങളുമെല്ലാം വന്നു. കുടുംബത്തെ നേരിട്ട്കണ്ട് ആദരാഞ്ജലികൾ അർപ്പിച്ചും ആശ്വസിപ്പിച്ചുമാണ് എല്ലാവരും മടങ്ങിയത്.

കുട്ടിയമ്മയെ കാണാൻ എകെ ആന്റണിയും, കുഞ്ഞാലിക്കുട്ടിയും പിജെ കുര്യൻ തുടങ്ങി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെത്തിയപ്പോഴെല്ലാം വികാരനിർഭരമായിരുന്നു ആ കൂടിക്കാഴ്ചകൾ. മാണിയുടെ പ്രിയപത്നി കുട്ടിയമ്മയുടെ കൈപിടിച്ച് അൽപനേരം നിന്നു ആന്റണി. അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞു. കുട്ടിയമ്മ പൊട്ടിക്കരഞ്ഞു. ദീർഘകാലം കോൺഗ്രസിലും കേരളകോൺഗ്രസിലുമായി പ്രിയമിത്രങ്ങളെപ്പോലെ ഓരോ വിഷമഘട്ടത്തിലും വിജയാഘോഷങ്ങളിലുമെല്ലാം നിരന്തര സാമീപ്യമായിരുന്നു ആന്റണിയും മാണിയും. ആ ഇഴയടുപ്പത്തിന്റെ സങ്കടംമുഴുവൻ പ്രതിഫലിക്കുന്നതായി കുട്ടിയമ്മയുടെ കൈപിടിച്ചുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ വിതുമ്പൽ.

ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും ഈ കുടുംബവുമായി വലിയ ബന്ധമുണ്ട്. കോൺഗ്രസുമായി മാണി ഓരോ തവണ ഇടയുമ്പോഴും അതിൽ മധ്യസ്ഥന്റെ റോളിൽ എത്തിയിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. അദ്ദേഹവും കുടുംബ സുഹൃത്തായിരുന്നു കരിങ്ങോഴിക്കൽ തറവാടിനും അംഗങ്ങൾക്കും. ഉമ്മൻ ചാണ്ടി, പിജെ കുര്യൻ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ മാണിസാറിന് വിടചൊല്ലാൻ എത്തി.

ചലച്ചിത്രതാരം കുഞ്ചാക്കോബോബൻ ഇന്നലെ എറണാകുളത്ത് അശ്രുപൂജയർപ്പിച്ചു. നടൻ മമ്മുട്ടി ഇന്ന് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സാംസ്‌കാരിക ലോകത്തേയും സിനിമാ ലോകത്തേയും നിരവധിപേരാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും കെസി വേണുഗോപാലും അന്തിമോപചാരം അർപ്പിച്ചു.

ഇന്നലെ വിലാപയാത്രയ്ക്കിടെയായിരുന്നു മുതിർന്ന സിപിഎം നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം അന്തിമാഭിവാദ്യം അർപ്പിച്ചത്. ഇടതുപക്ഷ സിദ്ധാന്തങ്ങൾക്കൊപ്പം ചേർന്നുപോകുന്ന നിലപാട് സ്വീകരിച്ച മാണി ഇടതുപക്ഷത്തിനും വലിയ പ്രിയങ്കരനായിരുന്നു. വിവിധ മത-സാംസ്‌കാരിക നേതാക്കളും വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ചു.ഇന്നലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് പുറപ്പെട്ട വിലാപയാത്രയിൽ നെട്ടൂർ, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂർ, കാണക്കാരി, ഏറ്റുമാനൂർ, കോട്ടയം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP