Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്ന് രാജി വച്ച് ഇറങ്ങിപ്പോകുമോ...? പഴയ കാര്യം തന്നെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന തെരേസ മേയോട് ക്ഷോഭിച്ച് സ്വന്തം പാർട്ടിയിലെ എംപിമാർ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമയം എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നത് ഇങ്ങനെ

ഒന്ന് രാജി വച്ച് ഇറങ്ങിപ്പോകുമോ...? പഴയ കാര്യം തന്നെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന തെരേസ മേയോട് ക്ഷോഭിച്ച് സ്വന്തം പാർട്ടിയിലെ എംപിമാർ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമയം എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നത് ഇങ്ങനെ

യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുമ്പിൽ താണ് കേണ് അപേക്ഷിച്ച് ബ്രെക്സിറ്റ് തീയതി വീണ്ടും ഒക്ടോബർ 31ലേക്ക് നീട്ടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടിയിൽ സ്വന്തം പാർട്ടിയിലെ എംപിമാരിൽ നിരവധി പേർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. പഴയ കാര്യം തന്നെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന തെരേസയോട് കടുത്ത ക്ഷോഭമാണ് എംപിമാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് തെരേസ എത്രയും പെട്ടെന്ന് രാജി വച്ച് ഇറങ്ങിപ്പോകാനാണ് എംപിമാർ ശക്തകമായി ആവശ്യപ്പെട്ടിരിക്കുന്നത്. തെരേസയുടെ

തന്റെ ബ്രെക്സിറ്റ് ഡീൽ കോമൺസിൽ പാസാക്കിയെടുക്കാൻ ഈസ്റ്ററിന് ശേഷം കടുത്ത ശ്രമം വീണ്ടും നടത്താൻ തെരേസ ഒരുങ്ങുമ്പോഴാണ് സ്വന്തം പാളയത്തിൽ തന്നെ കടുത്ത പട തനിക്കെതിരെ തെരേസ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. തെരേസയുടെ നീക്കത്തിൽ ബ്രെക്സിറ്റർമാരായ എംപിമാരാണ് കടുത്ത എതിർപ്പ് രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയനുമായി കസ്റ്റംസ് ബന്ധം നിലനിർത്തുന്നതിലേക്ക് നയിക്കുന്ന രീതിയിൽ ലേബറടക്കമുള്ള വിവിധ പാർട്ടികളുമായി തെരേസ ചർച്ച നടത്തുന്നതിലും സ്വന്തം പാർട്ടിയിൽ കടുത്ത പ്രതിഷേധമാണ് പുകയുന്നത്.

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാൻ ലേബറടക്കമുള്ള കക്ഷികളുമായി ചർച്ച നടത്തുന്നതിന് തന്റെ എംപിമാരോട് തെരേസ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വെസ്റ്റ് മിൻസ്റ്ററിൽ വച്ച് ലേബർ നേതാവ് ജെറമി കോർബിനുമായി ചർച്ച നടത്തുന്നതിന് മുമ്പാണ് തെരേസ ഈ അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ പാർട്ടികളുമായി വരും നാളുകളിൽ തെരേസ നിർണായകമായ ചർച്ചകൾ തുടരുമെന്നും റിപ്പോർട്ടുണ്ട്. നോ ഡീൽ ഒഴിവാക്കാൻ ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് തെരേസ നടത്തിയ നീക്കത്തിൽ ടോറി ബ്രെക്സിറ്റർമാർ കലാപക്കൊടിയുയർത്തിയിട്ടുണ്ട്.

ബ്രസൽസിന് മുന്നിൽ പുതിയ നീക്കത്തിലൂടെ തെരേസ കീഴടങ്ങിയിരിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധനും യൂറോപ്യൻ സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ബാക്ക് ബെഞ്ചർ സർ വില്യം കാഷ് ആരോപിക്കുന്നത്. ഇതിലൂടെ രാജ്യത്തെ തന്നെ തെരേസ അടിയറ വച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ബ്രെക്സിറ്റ് നീട്ടുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. ഇത് ജനാധിപത്യത്തെ നാണം കെടുത്തുന്നതാണെന്നും യുകെക്ക് സ്വയംഭരണത്തിന് അവകാശമില്ലെന്ന പ്രഖ്യാപിക്കലാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതിലൂടെ തെരേസ ലേബറിന് കീഴടങ്ങി അവരുടെ വോട്ട് നേടാനാണോ ശ്രമിക്കുന്നതെന്നാണ് മുൻ ബ്രെക്സിറ്റ് മിനിസ്റ്ററായ സ്റ്റീവ് ബേക്കർ ചോദിക്കുന്നു. ജൂൺ 30ന് അപ്പുറത്തേക്ക് ബ്രെക്സിറ്റ് നീട്ടില്ലെന്ന മുൻ വാഗ്ദാനം തെരേസ ലംഘിച്ചുവെന്നാണ് മറ്റൊരു ടോറി ബ്രെക്സിറ്ററായ പീറ്റർ ബോണെ ആരോപിക്കുന്നത്. ഇത് ലജ്ജാകരമായ നീക്കമാണെന്നാണ് യൂറോപ്യൻ റിസർച്ച് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനായ മാർക്ക് ഫ്രാൻകോയിസ് കുറ്റപ്പെടുത്തുന്നത്. എന്നാൽ നോ ഡീൽ ഒഴിവാക്കാൻ ബ്രെക്സിറ്റ് നീട്ടിയ തെരേസയുടെ നീക്കത്തെ പ്രശംസിച്ചും നിരവധി ടോറി എംപിമാർ രംഗത്തെത്തിയിട്ടുണ്ട്. മുൻ മിനിസ്റ്ററായ സർ ഒലിവർ ഹീൽഡ് തെരേസയുടെ നീക്കത്തെ പിന്തുണച്ച പ്രമുഖരിൽ പെടുന്നു. പ്രതിസന്ധി പരിഹരിക്കാൻ അവർ ക്രോസ് പാർട്ടി ചർച്ച നടത്തുന്നതിനെയും അദ്ദേഹം പ്രശംസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP