Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീധരൻ പിള്ള പാഴാക്കിയ 'സുവർണാവസരം' തിരിച്ചുപിടിക്കാൻ ഉറച്ച് ആർഎസ്എസ്; ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും ശബരിമല മുഖ്യപ്രചാരണായുധമാക്കും; ആർക്കും വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടാതെയുള്ള ശബരിമലകർമസമിതിയുടെ പ്രതിഷേധത്തിലെ കരുനീക്കങ്ങൾ ആർഎസ്എസിന്റേത് തന്നെ; മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം സഹായിക്കുക യുഡിഎഫിനെയോ? പിള്ളയെ തള്ളി കർമസമിതി രംഗത്ത് വന്നത് രണ്ടുംകൽപിച്ചുതന്നെ

ശ്രീധരൻ പിള്ള പാഴാക്കിയ 'സുവർണാവസരം' തിരിച്ചുപിടിക്കാൻ ഉറച്ച് ആർഎസ്എസ്; ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും ശബരിമല മുഖ്യപ്രചാരണായുധമാക്കും; ആർക്കും വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടാതെയുള്ള ശബരിമലകർമസമിതിയുടെ പ്രതിഷേധത്തിലെ കരുനീക്കങ്ങൾ ആർഎസ്എസിന്റേത് തന്നെ; മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം സഹായിക്കുക യുഡിഎഫിനെയോ? പിള്ളയെ തള്ളി കർമസമിതി രംഗത്ത് വന്നത് രണ്ടുംകൽപിച്ചുതന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനം പോലെ വിശ്വാസത്തിന്റെ പ്രശ്‌നം കേരളത്തെ ആകെ പിടിച്ചുകുലുക്കിയിട്ടും അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബിജെപിക്ക് കഴിയാതെ പോകുന്നതിൽ സംഘപരിവാറിനുള്ളിൽ അസ്വസ്ഥത പുകയുന്നു. ഈ അസ്വസ്ഥത തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് നടയിലെ ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ ധർണ്ണയിൽ ദൃശ്യമായത്. ബിജെപി ശബരിമല പ്രചാരണ വിഷയമാക്കിയാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിൽ ഈ വിഷയം ആളിക്കത്തിക്കാനാണ് ശബരിമല കർമ്മസമിതി ഒരുങ്ങുന്നത്. ശബരിമല പ്രശ്‌നം അങ്ങിനെ വിട്ടുകളയേണ്ട പ്രശ്നമല്ലെന്നും അത് ഈ തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കണമെന്നുമാണ് ആർഎസ്എസ് തീരുമാനം. ആ തീരുമാനമാണ് ഇന്നത്തെ പ്രതിഷേധ ധർണ്ണ വഴി ശബരിമല കർമ്മ സമിതി തുടക്കമിട്ടത്.

ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകണം. അത് ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും. ഇതാണ് ആർഎസ്എസ് തീരുമാനം. ഈ തീരുമാനത്തിന് അനുസരിച്ചാണ് ശബരിമല കർമ്മസമിതി ചുവട് വയ്ക്കുന്നതും. ശബരിമലയുടെ പശ്ചാത്തലത്തിൽ ഇടത് സീറ്റുകൾ പരമാവധി കുറയ്ക്കണം. ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാവുകയും ചെയ്യണം. ഇതിനാണ് ശബരിമല കർമ്മസമിതി വഴി ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്. ശബരിമല കർമ്മസമിതിയുടെ തീരുമാനം ഒരർത്ഥത്തിൽ യുഡിഎഫിനെ രാഷ്ട്രീയമായി സഹായിക്കുന്നതുമാണ്. ശബരിമല യുവതീ പ്രവേശനം മനസ്സിൽ വെച്ച് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തണം എന്നാണു ശബരിമല അയ്യപ്പനിൽ വിശ്വാസമുള്ള എല്ലാ ഭക്തരും ചെയ്യേണ്ടത് എന്നാണ് കർമ്മസമിതി സംസ്ഥാന നേതൃത്വം ഇന്നു ആഹ്വാനം ചെയ്തത്. ആർക്ക് വോട്ടു ചെയ്യണം എന്ന് കർമ്മസമിതി പറഞ്ഞില്ല. ബിജെപിക്ക് വോട്ടു ചെയ്യണം എന്നും പറഞ്ഞില്ല.

ശബരിമലയുടെ അടിസ്ഥാനത്തിൽ ആകണം വോട്ടു എന്ന് മാത്രമാണ് പറഞ്ഞത്. ബിജെപിക്ക് വോട്ടു ചെയ്താൽ അത് സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കുന്ന തീരുമാനമാകും. ബിജെപി സ്ഥാനാർത്ഥികൾ ജയിക്കും എന്ന് ഉറപ്പുമില്ല. അപ്പോൾ തിരഞ്ഞെടുപ്പ് നീളുക യുഡിഎഫിലേക്ക് ആകും. അങ്ങിനെയെങ്കിൽ ശബരിമല കർമ്മസമിതി ആഹ്വാനം യുഡിഎഫിനാണ് ഗുണം ചെയ്യുക. യുഡിഎഫ് പരമാവധി സീറ്റുകൾ നേടുമ്പോൾ ഇടതുമുന്നണിയുടെ പരമാവധി സീറ്റുകൾ കുറയും. ശബരിമല പ്രശ്‌നം ഇടത് മുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ സാധ്യതകൾ അടച്ചു എന്ന് കേരളം വിധിയെഴുതണം. ഈ ആഹ്വാനമാണ് ശബരിമല കർമ്മസമിതിയിൽ നിന്നും ഇന്ന് വന്നത്.

ശബരിമലയിലെ യുവതീ പ്രവേശന വിഷയവും അക്രമരാഷ്ട്രീയവും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തകർക്കും എന്ന് തന്നെയാണ് സംഘപരിവാർ പൊതുവിൽ കരുതിയത്. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് മാറവേ ഇടത് രാഷ്ട്രീയക്കളികളിൽ മുഴുകി ഈ പ്രശ്‌നങ്ങൾ അണിയറയിലേക്ക് മാറുന്നതാണ് ആർഎസ്എസ് നേതൃത്വം വീക്ഷിക്കുന്നത്. ഈ രണ്ടു പ്രശ്‌നങ്ങളും മുൻ നിർത്തി ഒരു രാഷ്ട്രീയ പോരാട്ടത്തിന് കേരളത്തിൽ ബിജെപിക്ക് കഴിയാതെ പോകുന്നതും സംഘപരിവാർ നേതൃത്വത്തിനു മുന്നിലുണ്ട്. എന്ത്‌കൊണ്ട് ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്നു നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുമുണ്ട്.

ശബരിമല പ്രശ്‌നം ബിജെപി ഒഴിവാക്കുന്നതോ അതോ രാഷ്ട്രീയമായി മുതലെടുക്കാൻ കഴിയാതെ പോകുന്നോ എന്ന കാര്യത്തിൽ ഒരു വിലയിരുത്തൽ നടത്താൻ പരിവാർ നേതൃത്വത്തിനു കഴിഞ്ഞിട്ടുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ പല കാര്യത്തിലും വിശ്വാസത്തിൽ എടുക്കാൻ പരിവാർ നേതൃത്വം തയ്യാറല്ല. ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ വലിയ രാഷ്ട്രീയ ബന്ധങ്ങൾ പിള്ളയ്ക്കുണ്ട്. ഇതെല്ലാം മുൻനിർത്തിയുള്ള രാഷ്ട്രീയ കളികൾ മാത്രമേ ശ്രീധരൻ പിള്ള നടത്താറുള്ളൂ. മാറാട് കലാപം നടക്കുമ്പോൾ അന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയായിരുന്നു. ലീഗിന്റെ ഉന്നത നേതാക്കളുമായി പിള്ളയ്ക്കുള്ള ബന്ധം ആർഎസ്എസ് അന്ന് സംശയ ദൃഷ്ട്യാ ആണ് വീക്ഷിച്ചത്. അതുകൊണ്ട് തന്നെ മാറാട് കലാപത്തിൽ പ്രക്ഷോഭം നയിക്കാൻ സംഘപരിവാർ നേതൃത്വം അന്ന് ഹിന്ദു ഐക്യവേദിയുടെ എല്ലാമെല്ലാമായിരുന്ന കുമ്മനത്തെ രംഗത്തിറക്കി. ഈ നീക്കങ്ങളിൽ അന്ന് പ്രമുഖ പങ്കു വഹിച്ചത് ആർഎസ്എസിന്റെ താത്വികാചാര്യൻ ആയി നിലകൊള്ളുന്ന പി.പരമേശ്വരൻ ആയിരുന്നു. ഇതോടെയാണ് കുമ്മനത്തിനു വീണ്ടും പരിവാർ രാഷ്ട്രീയത്തിൽ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നത്.

കുമ്മനം വഴിയുള്ള നീക്കങ്ങൾ വഴിയാണ് മാറാട് കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട കോഴിക്കോട്ടെ അരയ സമൂഹത്തെ ആർഎസ്എസിനു ഒപ്പം നിർത്താനും മാറാടിലെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത്. അന്ന് പിള്ള പിന്നിൽ നിന്ന് കുത്തുമോ എന്ന സംശയം സംഘപരിവാർ നേതൃത്വത്തിൽ പ്രബലമായിരുന്നു. അതുകൊണ്ടാണ് കുമ്മനത്തെ മുന്നിൽ നിർത്തി ഒരു പ്രക്ഷോഭത്തിന് സംഘപരിവാർ തയ്യാറായത്. ഇപ്പോൾ ശ്രീധരൻ പിള്ള തന്നെ അധ്യക്ഷ സ്ഥാനത്ത് നിൽക്കുമ്പോഴാണ് ശബരിമല പോലൊരു വിശ്വാസത്തിന്റെ പ്രശ്‌നം കേരളത്തിൽ ആളിക്കത്തി വരുന്നത്. അതുകൊണ്ട് തന്നെ പഴയ സംശയം ആർഎസ്എസ് നേതൃത്വത്തിന് പ്രബലമായി നിലനിൽക്കുന്നുമുണ്ട്. ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് ബിജെപിക്ക് കേരളത്തിൽ മേൽക്കൈ നേരിടാനുള്ള സുവർണ്ണാവസരം എന്ന പിള്ളയുടെ പ്രസംഗം ജനമധ്യത്തിലേക്ക് എത്തുന്നത്. ഇതേ പ്രസംഗംത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും പിള്ള പ്രതിരോധത്തിലാക്കി.

യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടാൻ തന്ത്രി തീരുമാനിച്ചത് താൻ നല്കിയ നിയമോപദേശത്തിന്റെ പുറത്താണെന്നാണ് പിള്ള ഇതേ പ്രസംഗത്തിൽ വ്യക്തമാക്കിയത്. പിള്ളയുടെ പ്രസംഗം പുറത്തുവരുകയും അത് ശബരിമല പ്രക്ഷോഭത്തെ അടിക്കാനുള്ള നല്ല വടിയായി സിപിഎം ഉപയോഗപ്പെടുത്തുകയും ചെയ്തു. പിള്ളയുടെ ഈ പ്രസംഗം പുറത്തുവന്നത് ശബരിമലയിലെ പരിവാർ സമരത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കാനുള്ള അവസരം ഉണ്ടാക്കി. പരിവാർ കരുതിയപോലെ ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമായി വന്നതുമില്ല. അല്ലെങ്കിൽ അങ്ങിനെ പ്രചാരണ വിഷയമാക്കാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ വന്നു. ഇതോടെയാണ് ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കാൻ ആർഎസ്എസ് നേതൃത്വം തീരുമാനമെടുക്കുന്നത്. ശബരിമല കർമ്മസമിതിയുടെ ഇന്നത്തെ പ്രതിഷേധ ധർണ്ണയോടെ ശബരിമല പ്രശ്‌നം വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷമായി വരുകയുമാണ്.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്നാണ് ശബരിമല കർമസമിതിയുടെ ആഹ്വാനം കഴിഞ്ഞ ദിവസം വന്നതും. ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കുക ലക്ഷ്യംവച്ചാണ് ഇന്നത്തെ ശബരിമല കര്മസമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നതും. നേതാക്കളുടെ പ്രസംഗങ്ങൾ തന്നെ ഇത് ശരിവയ്ക്കുകയാണ്. ശബരിമല പ്രശ്‌നം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു ജനത മറക്കരുത്. ഈ രീതിയിലാണ് നേതാക്കൾ ഓരോ വാക്കും പ്രയോഗിച്ചത്. ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിൽ ആളിക്കത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നത്തെ പ്രതിഷേധ ധർണ്ണ. ബാനറുകൾക്കും വീടുകൾ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കർമസമിതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ നിശ്ചയിച്ചിരിക്കുന്ന ധർണ നാമജപ പ്രതിഷേധമാക്കി മാറ്റി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങൾ കർമ്മസമിതി തുറന്നു കാട്ടും. ഇന്നു നടത്തിയ പ്രതിഷേധ ധർണയിൽ സന്യാസി വര്യന്മാർ, സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചിരുന്നു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ ഇന്നു തന്നെ കർമസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ശബരിമല കർമ്മസമിതി വിളിച്ചു ചേർക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP