Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആചാരം സംരക്ഷിക്കാൻ ഇക്കുറി കർമ്മസമിതിക്കാർക്ക് ശബരിമലയിൽ കാവൽ നിൽക്കേണ്ടി വരില്ല; ഒരൊറ്റ യുവതിയെയും കടത്തിവിട്ടു തെരഞ്ഞെടുപ്പ് സമയത്ത് വിവാദം ഉണ്ടാക്കരുതെന്ന് സർക്കാറിന്റെ കർശന നിർദ്ദേശം; സുപ്രീംകോടതി വിധിയും നവോത്ഥാനവുമൊക്കെ മറന്നു ഇലവുങ്കൽ മുതൽ സ്ത്രീകളുടെ പ്രായം കർശനമായി പരിശോധിച്ചു പൊലീസ്; ഇലവുങ്കലിൽ നിന്നും പരിശോധന കഴിഞ്ഞെത്തുന്നവർക്ക് നിലയ്ക്കലിൽ വീണ്ടും പരിശോധന

ആചാരം സംരക്ഷിക്കാൻ ഇക്കുറി കർമ്മസമിതിക്കാർക്ക് ശബരിമലയിൽ കാവൽ നിൽക്കേണ്ടി വരില്ല; ഒരൊറ്റ യുവതിയെയും കടത്തിവിട്ടു തെരഞ്ഞെടുപ്പ് സമയത്ത് വിവാദം ഉണ്ടാക്കരുതെന്ന് സർക്കാറിന്റെ കർശന നിർദ്ദേശം; സുപ്രീംകോടതി വിധിയും നവോത്ഥാനവുമൊക്കെ മറന്നു ഇലവുങ്കൽ മുതൽ സ്ത്രീകളുടെ പ്രായം കർശനമായി പരിശോധിച്ചു പൊലീസ്; ഇലവുങ്കലിൽ നിന്നും പരിശോധന കഴിഞ്ഞെത്തുന്നവർക്ക് നിലയ്ക്കലിൽ വീണ്ടും പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: വിഷു ദർശനത്തിനായി ശബരിമല നട തുറന്നു കഴിഞ്ഞു. ഇതോടെ അയ്യപ്പ സന്നിധിയിലേക്ക് തിരക്കും വർദ്ധിച്ചു വരികയാണ്. അതേസമയം തന്നെ തെരഞ്ഞെടുപ്പു കാലമായതിനാൽ യുവതികൾ പ്രവേശിച്ചു ആചാരലംഘനം ഉണ്ടാകാതിരിക്കാൻ സുരക്ഷയും കർക്കശമാക്കിയിട്ടുണ്ട്. ഇത്തവണ യുവതികൾ കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കൊടുക്കാനാണ് സർക്കാറിന് പൊലീസിന്റെ നിർദ്ദേശം. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും പൊലീസ് ചെയ്തുവരികയാണ്.

ഉന്നത ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് കർശന നിർദ്ദേശം നൽകി. ഇതോടെ ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നത് പൊലീസ് കർശനമാക്കിയിട്ടുണ്ട്. ഇലവുങ്കൽ മുതൽ സന്നിധാനംവരെ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇലവുങ്കലിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദിവസം മുഴുവൻ വാഹന പരിശോധന നടത്തുന്നുണ്ട്. നിലയ്ക്കലിലും ഇത് തുടരുന്നു. സംശയമുള്ളവരുടെ രേഖകൾ പരിശോധിച്ചശേഷം മാത്രമാണ് കടത്തിവിടുന്നത്. യുവതികളെത്തിയാൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കാനാണ് പൊലീസിന്റെ തീരുമാനം.

ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ യുവതീ പ്രവേശനം തടയാൻ പ്രവർത്തകർ സന്നിധാനത്തും പമ്പയിലും തങ്ങുന്നുണ്ടെന്നതിനാൽ പൊലീസ് എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉത്സവ-മീനമാസ പൂജകൾ പൂർത്തിയാക്കി നട അടയ്ക്കുന്നതിന് ഒരു ദിവസം മുമ്പ് സ്ത്രീകളെ തടഞ്ഞതിന്റെ പേരിൽ പൊലീസ് യുവാവിനെ മർദിച്ചത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് പൊലീസിന്റെ തീരുമാനം.

അയൽ സംസ്ഥാനത്തുനിന്നുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി സന്നിധാനത്തെത്തിയത്. സ്ത്രീകളെത്തുമ്പോൾ അവരെ തടയാൻ മറ്റ് സംസ്ഥാനത്തു നിന്നെത്തിയ ഭക്തർ രംഗത്തെത്തുന്നതാണ് കഴിഞ്ഞ മാസങ്ങളിൽ നീലിമലയിൽ കണ്ടത്. ഇവർക്കെതിരായ പൊലീസ് നടപടികൾ അയൽസംസ്ഥാനത്ത് പോലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം കൈമാറിയിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കർണാടകത്തിലും ശബരിമല തിരഞ്ഞെടപ്പ് പ്രചാരണവിഷയമായതോടെ ഇത്തരം നടപടികൾ കത്തിപ്പടരുമെന്നും റിപ്പോർട്ട് പറയുന്നു.

അതിനിടെ ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സംഘപരിവാറിന്റെ എല്ലാ അജണ്ടകളും പൊളിഞ്ഞെന്നും തീർത്ഥാടകർ സംതൃപ്തരായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സംസാരിക്കവെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതാരാണ്? സ്ത്രീകളെ അക്രമിച്ചതാരാണ്? എല്ലാം പറഞ്ഞത് സംഘപരിവാറാണ്. എന്നാൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ സംതൃപ്തരായിരുന്നു.

ശബരിമല ഉത്സവം തകർക്കാനായിരുന്നു സംഘപരിവാർ സംഘടനകളുടെ ഉദ്ദേശം. പക്ഷേ ഇവരുടെ അജണ്ട പൊളിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമല നാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമാണെന്നും,? തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ പലരും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾ പരത്തുകയാണ് ഇപ്പോൾ. ദേവസ്വം ബോർഡിൽ കുറവ് വന്ന തുക സർക്കാരാണ് നൽകിയതെന്നും പിണറായി വിജയൻ പറഞ്ഞു.

മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. നാളെയാണ് ആണ് മേടവിഷുവും വിഷുക്കണി ദർശനവും. ഭക്തർക്ക് അയ്യപ്പസ്വാമിയെ കണികാണാനുള്ള അവസരമൊരുക്കി വിഷുക്കണി ദർശനം 15 ന്പുലർച്ചെ 4 മണി മുതൽ 7മണി വരെയാണ്. 14 ന് അത്താഴപൂജക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് നട അടയ്ക്കുക.

ഓട്ടുരുളിയിൽ ആണ് കണിവിഭവങ്ങൾ ഒരുക്കുക. കണിവിഭവങ്ങൾ ഒരുക്കി അയ്യപ്പവിഗ്രഹത്തിന് മുന്നിലായി വയ്ക്കും.15ന് രാവിലെ ശ്രീകോവിൽ നട തുറന്ന ശേഷം ദീപങ്ങൾ തെളിച്ച് ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിക്കും. പിന്നേട് ശരണ മന്ത്രങ്ങളുമായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർക്ക് വിഷു കണി ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് ഭക്തർക്ക് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും വിഷുക്കൈനീട്ടവും നൽകും. പതിവ് പൂജകൾ കണ്ട് തൊഴാനും പടിപൂജ, കളഭാഭിഷേകം ,പുഷ്പാഭിഷേകം എന്നിവ തൊഴാനുമായി അയ്യപ്പഭക്തരുടെ തിരക്കായിരുന്നു. 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. അന്നേ ദിവസം ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP