Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതു മുന്നണിക്ക് ഇരുട്ടടിയായി പുന്നല ശ്രീകുമാറിന്റെ നിലപാട്; പുന്നലയും കെപിഎംഎസും നിലപാട് വ്യക്തമാക്കുമ്പോൾ വെട്ടിലാകുന്നതു കൊടിക്കുന്നിലിനെ അട്ടിമറിക്കാൻ സാധ്യതയുള്ള ചിറ്റയം ഗോപകുമാർ; പി.കെ. രാഘവന് ശേഷം പാർട്ടിയിൽ നിന്നും അകന്ന കെപിഎംഎസിനെ ഇനിയും വരുതിയിലാക്കാനാകാതെ സിപിഐ; മതിലു കെട്ടാൻ ഒപ്പം കൂടിയെങ്കിലും മാവേലിക്കരയിലെങ്കിലും ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പിച്ച് കരുത്തു കാട്ടാനൊരുങ്ങി കെപിഎംഎസ്

ഇടതു മുന്നണിക്ക് ഇരുട്ടടിയായി പുന്നല ശ്രീകുമാറിന്റെ നിലപാട്; പുന്നലയും കെപിഎംഎസും നിലപാട് വ്യക്തമാക്കുമ്പോൾ വെട്ടിലാകുന്നതു കൊടിക്കുന്നിലിനെ അട്ടിമറിക്കാൻ സാധ്യതയുള്ള ചിറ്റയം ഗോപകുമാർ; പി.കെ. രാഘവന് ശേഷം പാർട്ടിയിൽ നിന്നും അകന്ന കെപിഎംഎസിനെ ഇനിയും വരുതിയിലാക്കാനാകാതെ സിപിഐ; മതിലു കെട്ടാൻ ഒപ്പം കൂടിയെങ്കിലും മാവേലിക്കരയിലെങ്കിലും ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പിച്ച് കരുത്തു കാട്ടാനൊരുങ്ങി കെപിഎംഎസ്

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ഇടതു മുന്നണിയെ പലപ്പോഴും പിന്നിൽ നിന്ന് കുത്തിയ കെപിഎംഎസും പുന്നല ശ്രീകുമാറും ഇത്തവണയും ചരിത്രം ആവർത്തിച്ചു. ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കെ.പി.എം.എസിന്റെ പിന്തുണ പ്രതീക്ഷിച്ച ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കി സമുദായ അംഗങ്ങളോട് ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാൻ പറഞ്ഞ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വനിതാ മതിലിനും നവോത്ഥാന സമിതിയിലും സഹകരിച്ചത് സർക്കാർ പരിപാടി ആയതിനാലാണ് എന്നും പുന്നല വിശദീകരിക്കുന്നു. ഇത് മാവേലിക്കരയിൽ ഉൾപ്പെടെ കെപിഎംഎസ് വോട്ടുകൾ കണ്ട് വിജയപ്രതീക്ഷ പുലർത്തിയിരുന്ന ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും ഇടതു മുന്നണി സ്ഥാനാർ്ത്ഥിയായി മത്സരിക്കുന്നതിന് പുന്നല ശ്രീകുമാറിനെ പരിഗണിച്ചിരുന്നു. സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്കും അതിനോട് താല്പര്യമായിരുന്നു. ഇതിനായി പലവട്ടം നേതൃത്വവുമായി പുന്നല ചർച്ചയും നടത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകൾ നിഷേധിക്കാൻ പുന്നല ശ്രീകുമാറോ ഇടതു നേതാക്കളോ തയ്യാറായിരുന്നുമില്ല. എന്നാൽ സിപിഐ പ്രാദേശിക നേതൃത്വങ്ങളുടെ ശക്തമായ എതിർപ്പാണ് പുന്നലക്ക് സീറ്റ് നൽകാതിരിക്കാൻ കാരണമായത്.

2005 ആഗസ്റ്റിൽ സിപിഐ നേതാവും കെപിഎംഎസ് രക്ഷാധികാരിയുമായിരുന്ന പി.കെ. രാഘവൻ മരിക്കുന്നതു വരെ സിപിഐയുടെ പോഷക സംഘടനയെ പോലെയായിരുന്നു കെപിഎംഎസ് പ്രവർത്തിച്ചിരുന്നത്. എക്കാലവും സമുദായത്തിലെ ഭൂരിഭാഗവും പാർട്ടിക്കൊപ്പം നിലകൊണ്ടു. എന്നാൽ, പി.കെ. രാഘവന്റെ മരണത്തെ തുടർന്ന് 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു.

2009ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന പി.കെ. രാഘവന്റെ മകനെ തോൽപ്പിക്കാൻ കെപിഎംഎസിനെ പുന്നല ശ്രീകുമാർ പരസ്യമായി രംഗത്തിറക്കി. ആദ്യമായി പട്ടികജാതി മണ്ഡലമായ മാവേലിക്കരയിൽ സിപിഐ പി.കെ. രാഘവന്റെ മകൻ ആർ.എസ്. അനിലിനെ സ്ഥാനാർത്ഥിയാക്കി. പുന്നലയും കെപിഎംഎസും യുഡിഎഫിന് വേണ്ടി പരസ്യമായി നിലകൊണ്ടു. കെപിഎംഎസിന്റെ ഈ നിലപാട് സംഘടനാ പരമായി കെപിഎംഎസിനെയും രാഷ്ട്രീയമായി സിപിഐയേയും പിന്നോട്ടടിക്കുന്നതായിരുന്നു. സംഘടനാ തീരുമാനം അനുസരിച്ച പല സിപിഐക്കാരും പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിഎംഎസിനൊപ്പം നിലകൊണ്ടു. പലയിടങ്ങളിലും പാർട്ടി മെഷിനറി നിശ്ചലമാകുന്നത് കണ്ട സിപിഐ, കെപിഎംഎസ് ഭാരവാഹിയായിരുന്ന ടി.വി ബാബുവിനെ ഉപയോഗിച്ച് കെപിഎംഎസിനെ പിളർത്തി.

പലയിടങ്ങളിലും കെപിഎംഎസ് സമുദായ അംഗങ്ങൾ പരസ്പരം പോരടിക്കുന്ന കാഴ്‌ച്ചയായിരുന്നു 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേത്. പട്ടികജാതിക്കാരായ പല സിപിഐ നേതാക്കളെയും സംശയത്തിന്റെ കണ്ണുകളിലൂടെ മറ്റ് സിപിഐക്കാർ കണ്ടു. പട്ടികജാതിക്കാരായ പല സിപിഐ പ്രവർത്തകരും നിശബ്ദരായി. ആ തെരഞ്ഞെടുപ്പിൽ അര ലക്ഷത്തോളം വോട്ടുകൾക്കാണ് അന്ന് സിപിഐ സ്ഥാനാർത്ഥി മാവേലിക്കരയിൽ തോറ്റത്. അതിന് ശേഷം ടി.വി. ബാബുവും സിപിഐയോട് അകന്നു. എന്ന് മാത്രമല്ല അദ്ദേഹം ബിജെപി പാളയത്തലേക്ക് പോകുകയും ചെയ്തു. തുടർന്ന് സമുദായത്തിനുള്ളിലെ കലഹത്തിന് തന്നെ പ്രസക്തിയില്ലാതാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിഎംഎസ് ശത്രുത ഇടതുമുന്നണിക്ക് പാരയായില്ലെങ്കിലും ഇടതു സ്ഥാനാർത്ഥിയായിരുന്ന ചെങ്ങറ സുരേന്ദ്രനോട് സിപിക്കാർക്കു തന്നെയുള്ള എതിർപ്പ് കൊല്ലം ജില്ലയിൽ പോലും വോട്ടുകൾ കുറയുന്നതിന് കാരണമായി.

എന്നാൽ അതിന് ശേഷം കോൺഗ്രസിനോട് അകലം പാലിച്ച പുന്നല ശബരിമലയോടെയാണ് സിപിഎമ്മിനോട് അടുക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.

പുന്നല ശ്രീകുമാറും കെപിഎംഎസും ഇന്ന് ഇടതുമുന്നണിയോട് അടുക്കുകയും മാവേലിക്കരയിൽ പൊതു ഇടതു സ്ഥാനാർത്ഥിയായോ സിപിഐയുടെ തന്നെ സ്ഥാനാർത്ഥിയായോ മത്സരിക്കാൻ പുന്നല ശ്രീകുമാർ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് കൊല്ലം ജില്ലയിലെ തന്നെ പ്രധാന സിപിഐ നേതാക്കൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു. പുന്നലക്ക് വേണ്ടി വോട്ടു പിടിക്കാൻ പ്രാദേശിക സിപിഐ ഘടകങ്ങൾ തയ്യാറാകില്ലെന്നും പാർട്ടിക്ക് വീണ്ടും തിരിച്ചടി നേരിടാൻ മാത്രമേ അത്തരം തീരുമാനം ഉപകരിക്കൂ എന്നും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുന്നലക്ക് വോട്ടു ചോദിക്കുന്നതിലും നല്ലത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് എന്ന പ്രാദേശിക വികാരം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടപ്പോഴും പുന്നല ശ്രീകുമാർ ഇടതു പക്ഷത്തോടൊപ്പം തന്നെ നിൽക്കാനായിരുന്നു തീരുമാനം. ഒരിക്കൽ തങ്ങൾ കാരണം തോൽവി ഏറ്റു വാങ്ങിയ ആർ.എസ്. അനിൽ സ്ഥാനാർത്ഥിയായി വരുമെന്നായിരുന്നു കെപിഎംഎസിന്റെ കണക്കുകൂട്ടൽ. എന്നാൽ കെപിഎംഎസിന്റെ വിഭജന കാലത്ത് പുന്നല വിഭാഗത്തിന് എതിർ പക്ഷത്ത് നിന്ന ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയായി വന്നതോടെയാണ് കടുത്ത നിലപാടെടുക്കാൻ പുന്നലയും കെപിഎംഎസും നിർബന്ധിതമായത്. പട്ടികജാതി വിഭാഗങ്ങളിൽ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമായിരുന്ന കെപിഎംഎസിനെ പിളർത്തി ദുർബലപ്പെടുത്തുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കായി എന്തിന് വോട്ട് ചെയ്യണം എന്ന വികാരം ശാഖകളിൽ ഉയർന്നതോടെ മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പുന്നല ശ്രീകുമാർ രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP