Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

34 ഡിപ്പോകൾ കെഎസ്ആർടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനൽ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആർടിസി പെൻഷൻകാർ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെൻഷൻ തുക കൈയിൽ കിട്ടാതെ; ശമ്പളം മുടങ്ങലും പെൻഷൻ കുടിശ്ശികയും പതിവായതോടെ കൈമലർത്തി സർക്കാർ; യൂണിയൻ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാൻ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാൻ കൂട്ടുനിന്നവർ പോലും അദ്ദേഹത്തം ഇപ്പോൾ സ്‌നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകൾ നടമാടുമ്പോൾ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം

34 ഡിപ്പോകൾ കെഎസ്ആർടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനൽ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആർടിസി പെൻഷൻകാർ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെൻഷൻ തുക കൈയിൽ കിട്ടാതെ; ശമ്പളം മുടങ്ങലും പെൻഷൻ കുടിശ്ശികയും പതിവായതോടെ കൈമലർത്തി സർക്കാർ; യൂണിയൻ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാൻ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാൻ കൂട്ടുനിന്നവർ പോലും അദ്ദേഹത്തം ഇപ്പോൾ സ്‌നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകൾ നടമാടുമ്പോൾ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർസിയെ മുന്നോട്ടു കൊണ്ടുപോകാൻ പരിശ്രമിച്ച ടോമിൻ തച്ചങ്കരിയെ പടിയിറക്കി വിട്ടവരിൽ പ്രധാനികൾ കോർപ്പറേഷനിലെ യൂണിയൻ ജീവനക്കാരാണ്. ആനവണ്ടിയെ തട്ടുകേടില്ലാതെ മുന്നോട്ടു കൊണ്ടുപോയ തച്ചങ്കരിയി പടിയിറക്കിവിട്ട് അധികാര കസേരയിൽ കയറി ഇരുന്നവർ ഇപ്പോൾ എല്ലാം കുളമാക്കുന്ന അവസ്ഥയിലാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെയും പെൻഷൻ മുടങ്ങലുമെല്ലാം ഇപ്പോൾ കോർപ്പറേഷനിലെ പതിവപരിപാടിയായി മാറിയിട്ടുണ്ട്. ഡിപ്പോകൾ അടച്ചുപൂട്ടിയും കണ്ടക്ടർമാർക്ക് പുറമേ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ആനവണ്ടി.

കോർപ്പറേഷനിലെ മുഴുവൻ എംപാനലുകാരെയും പുറത്താക്കാനാണ് തീരുമാനം. ഇതോടൊപ്പം 36 ഡിപ്പോകളും അടച്ചുപൂട്ടും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാനുമായ കെ.ആർ. ജ്യോതിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. പരമാവധി ബസുകൾ സർവീസിനിറക്കുക, ഒരു ലിറ്റർ ഡീസലിനു കുറഞ്ഞത് 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന് ആറു തൊഴിലാളികൾ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, എല്ലാ എമ്പാനൽ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അധികമായുള്ള ജീവനക്കാരെ കണ്ടക്ടർ/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്തികകളിലേക്കു പുനർവിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി. തസ്തികകളിൽ തുടരുന്നവരെ യഥാർഥ തസ്തികയിലേക്കു തിരിച്ചയയ്ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകൾ അടച്ചുപൂട്ടുക, മാനേജ്മെന്റ് വിദഗ്ധരെ ഓപ്പറേഷൻ ആൻഡ് അഡ്‌മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങൾ. ഇവ നടപ്പാക്കി മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെ മുൻ സി.എം.ഡി. ടോമിൻ തച്ചങ്കരി ഓപ്പറേഷൻ ആൻഡ് അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ നിയമിച്ചവരെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി പുറത്താക്കിയ പുതിയ എം.ഡി: എംപി. ദിനേശ് ഇതോടെ വെട്ടിലായി. അവധി ക്കാലമായിട്ടും കലക്ഷൻ കൂപ്പുകുത്തിയ നിലയിലാണ്. ഓരോ ദിവസവും നൂറുകണക്കിനു സർവീസുകൾ വെട്ടിക്കുറച്ചതും കെ.എസ്.ആർ.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കി. യൂണിയനുകാരുടെ തോന്ന്യവാസമാണ് പ്രശ്‌നങ്ങൾക്കെല്ലാം ഇടയാക്കുന്നത്.

യൂണിയൻ നേതാക്കളായ ചില മെക്കാനിക്കൽ ജീവനക്കാരുടെ നിയന്ത്രണത്തിലാണു കോർപ്പറേഷന്റെ ആസ്ഥാന ഓഫീസ്. തച്ചങ്കരിയുടെ കാലത്ത്, കലക്ഷൻ വർധിപ്പിക്കാനായി എ.സി. ബസുകളിൽ അധികമായി നാലു സീറ്റ് പിടിപ്പിക്കാൻ ആറു മാസമെടുത്ത മെക്കാനിക്കൽ വിദഗ്ദ്ധർ! ബസ് നടത്തിപ്പിനെപ്പറ്റി ഒന്നുമറിയാത്തവരാണ് എം.ഡിയുടെ ഉപദേശകർ. ചീഫ് ഓഫീസ് മെക്കാനിക്കൽ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിട്ടും രണ്ടായിരത്തോളം ബസുകൾ കട്ടപ്പുറത്താണ്. മാർച്ചിൽ 31 ദിവസവും ഓടിയത് 3006 ബസുകൾ മാത്രമാണെന്നാണു വിവരം. 6418 ബസുകളും പ്രതിദിനം 5500 ഷെഡ്യൂളുകളുമാണു കെ.എസ്.ആർ.ടി.സിക്കുള്ളത്.

ജനുവരിയിൽ 2989 ബസുകൾ 15000 രൂപയ്ക്കു മുകളിൽ വരുമാനം നേടിയിരുന്നു. മാർച്ചിൽ അത് 1953 എണ്ണമായി കുറഞ്ഞു. ജനുവരിയിൽ 3818 ബസുകൾ കിലോമീറ്ററിനു ശരാശരി 35 രൂപയിലധികം വരുമാനം നേടിയ സ്ഥാനത്ത് മാർച്ചിൽ അത് 2808 ആയി കുറഞ്ഞു.
ചീഫ് ഓഫീസിൽ ഓപ്പറേഷൻ വിഭാഗത്തെ മൂലയ്ക്കിരുത്തി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ ഭരണം ഏറ്റെടുത്തതോടെയാണു കോർപ്പറേഷൻ തകർച്ചയുടെ വക്കിലെത്തിയത്.

അതേസമയം കെഎസ്ആർടിസിയിൽ പെൻഷൻ വിതരണവും അവതാളത്തിലായിരിക്കയാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണബാങ്കുകളിൽ നിന്നു പണം കടംവാങ്ങി സർക്കാർ ക്ഷേമപെൻഷൻ കൊടുത്തുതീർത്തതോടെ കെഎസ്ആർടിസി പെൻഷൻകാർക്ക് ഇത്തവണ പട്ടിണിയുടെ വിഷുവാണ്. എല്ലാമാസവും 5നു മുൻപ് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഇന്നലെയും ലഭിച്ചില്ല. ഉള്ളതു മുഴുവൻ സർക്കാരിനു കടം കൊടുത്തെന്നും കെഎസ്ആർടിസിക്കു നൽകാൻ പണമില്ലെന്നും സഹകരണബാങ്കുകൾ അറിയിച്ചതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.

കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച 39,000 പേർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വർഷം പെൻഷൻ മാസങ്ങളോളം മുടങ്ങി വ്യാപകമായ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിന്റെ സഹായം തേടിയത്. സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ടിൽ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകൾക്കു നൽകാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാസവും പെൻഷൻ രണ്ടാഴ്ചയോളം വൈകിയെങ്കിലും കുടിശിക ഉൾപ്പെടെ കൊടുത്തുതീർത്തിരുന്നു.

തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേമപെൻഷൻകുടിശിക കൊടുത്തു തീർക്കാനായി സഹകരണബാങ്കുകളിൽ നിന്ന് 3000 കോടി രൂപയോളം സർക്കാർ കടംവാങ്ങിയിരുന്നു. ഇതോടെ പെൻഷനു നൽകാൻ പണമില്ലാത്ത അവസ്ഥയിലായി ബാങ്കുകൾ. കെഎസ്ആർടിസി ആവശ്യപ്പെട്ടെങ്കിലും അവർ കൈമലർത്തി. സർക്കാർ നൽകാനുള്ള ഒരു മാസത്തെ കുടിശിക നൽകിയാൽ ആ പണം അനുവദിക്കാമെന്ന് ബാങ്കുകൾ അറിയിച്ചതിനുശേഷം അതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വൈകി. ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP