Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

23ാം വയസിൽ മിനി സ്‌ക്രീനിലെ താരമായി; ഓട്ടോഗ്രാഫിലെ ഫൈവ് ഫിംഗേഴ്‌സ് ഗ്യാങിലെ രാഹുലിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തിൽ സീരിയൽ പ്രേക്ഷകരും നാട്ടുകാരും; ശരത് കുമാർ മടങ്ങിയത് ബിഗ്‌സ്‌ക്രീൻ എന്ന സ്വപ്‌നം ബാക്കിവച്ച്

23ാം വയസിൽ മിനി സ്‌ക്രീനിലെ താരമായി; ഓട്ടോഗ്രാഫിലെ ഫൈവ് ഫിംഗേഴ്‌സ് ഗ്യാങിലെ രാഹുലിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തിൽ സീരിയൽ പ്രേക്ഷകരും നാട്ടുകാരും; ശരത് കുമാർ മടങ്ങിയത് ബിഗ്‌സ്‌ക്രീൻ എന്ന സ്വപ്‌നം ബാക്കിവച്ച്

കൊല്ലം: സീരിയൽ താരം ശരത് കുമാറിന്റെ വിയോഗം കൊട്ടിയം മൈലക്കാടിന് വിശ്വസിക്കാനായിട്ടില്ല. ശരത് കുമാർ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടെന്ന് അറിഞ്ഞെങ്കിലും ശരതിന്റെ ജീവൻ എടുത്ത അപകടമാണെന്ന് നാട് അറിഞ്ഞത് വൈകിയാണ്. കഴിഞ്ഞ ദിവസം കൂടി കൊട്ടിയം ടൗണിൽ കൂട്ടുകാരുമൊത്ത് ഉല്ലസിച്ചു നടന്ന ശരത് കുമാറിന്റെ മരണ വാർത്ത കൂട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല. സ്‌കൂൾ തലം മുതൽ കലാത്തോട് ഏറെ അഭിനിവേശം ഉണ്ടായിരുന്ന ശരത് കുമാർ സംവിധായകൻ രാജസേനന്റെ 'കൃഷ്ണകൃപാസാഗരം' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'ഓട്ടോഗ്രാഫ്' എന്ന സീരിയലിലൂടെ യുവത്വത്തിന്റെ ഇടയിൽ ശ്രദ്ധേയ താരമായി. തുടർന്ന് കൈ നിറയെ അവസരങ്ങളാണ് ശരത്തിനെ തേടിയെത്തിയത്. 'ചന്ദനമഴ, സരയൂ' തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശരത്, സിനിമ ലക്ഷ്യമിടുന്നതിനിടയിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ഓട്ടോഗ്രാഫ് സീരിയലിലെ ഫൈവ് ഫിംഗേഴ്‌സ് ഗ്യാങിലെ രാഹുൽ എന്ന കഥാപാത്രമായിരുന്നു ശരത് കുമാറിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്.

രാവിലെ ഏഴിന് കൊല്ലം പാരിപ്പള്ളിയിലെ വീട്ടിൽ നിന്ന് കൊല്ലത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോൾ കണ്ണനല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. കണ്ണനല്ലൂർ ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാനുമായി ശരത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് മുഖമടിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ശരത്തിനെ വാൻ ഡ്രൈവർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമായത്. രാവിലെ ആയതിനാൽ ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്നാണ് ചാത്തന്നൂർ പൊലീസിന്റെ നിഗമനം. എന്നാൽ ബൈക്ക് റേസിങിനോട് കമ്പമുണ്ടായിരുന്നെങ്കിലും അമിതവേഗം ഒഴിവാക്കിയാണ് യാത്ര ചെ്തിരുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു.

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ 'ഓട്ടോഗ്രാഫ് ' സീരിയലിലെ അഭിനയത്തിലൂടെ സംവിധായകൻ സുജിത്ത് സുന്ദറിന്റെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു ശരത് കുമാർ. ശരത്തിന്റെ അഭിനയ പ്രതിഭ മനസിലാക്കിയ സംവിധായകൻ സുജിത്ത് സുന്ദർ മറ്റു സീരിയലുകളിലും പ്രധാന റോളുകളാണ് ശരത്തിനായി മാറ്റി വച്ചത്. 'ലൊക്കേഷനിൽ വളരെയേറെ ശാന്തപ്രകൃതക്കാരൻ ആയിരുന്നു. അഭിനയത്തെ വളരെയേറെ ഗൗരവത്തോടയാണ് ശരത് കണ്ടിരുന്നത്. ശരത് എന്നാണ് യഥാർഥ പേരെങ്കിലും ഫൈവ് ഫിംഗേഴ്‌സിലെ കഥാപാത്രത്തിന്റെ പേരായ രാഹുലിന്റെ പേരിലാണ് മറ്റുള്ളവർ വിളിക്കുന്നത്. അത് ഏറെ ഇഷ്ടപ്പെട്ടിരുന്നതായും 'സംവിധായകൻ ഓർക്കുന്നു.

രാഹുൽ കൃഷ്ണ, ജെയിംസ് ആൽബർട്ട്, സാംകുട്ടി, മൃദുലാ മേനോൻ , നാൻസി എന്നിവരായിരുന്നു ഫൈവ് ഫിംഗേഴ്‌സ്. ഫൈവ് ഫിംഗേഴ്‌സിലെ താരമായ രാഹുൽ കൃഷ്ണ എന്ന ശരത് കുമാറിന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഫൈവ് ഫിംഗേഴ്‌സിലെ മറ്റ് താരങ്ങൾ. കൊല്ലത്ത് ചിത്രീകരണം നടക്കുന്ന സീരിയലുകളിലെ ലൊക്കേഷനുകളെയും ശരത് കുമാറിന്റെ മരണവാർത്ത ദുഃഖത്തിലാഴ്‌ത്തി. നിലവിൽ ചന്ദനമഴ, സരയൂ സീരിയലുകളിലാണ് ശരത് അഭിനയിച്ചു കൊണ്ടിരുന്നത്. 23 വയസിനുള്ളിൽ ശ്രദ്ധേയമായ ഒട്ടേറ വേഷങ്ങൾ മിനിസ്‌ക്രീനിൽ ചെയ്‌തെങ്കിലും ബിഗ് സ്‌ക്രീൻ എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ശരത് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP