Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്ന് പറഞ്ഞവനാണവൻ; വാർധക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിന് സ്‌തോത്രം; ഈ വാക്കുകൾ എന്നാണ് നിങ്ങൾ കേൾക്കുന്നതെന്ന് ഞാൻ അറിയുന്നില്ല...അത് ദൈവം മാത്രമാണ് അറിയുന്നത്'; മികച്ച ഭരണകർത്താവും എഴുത്തുകാരനുമായി ഏവരുടേയും മനസിൽ കയറിയ ഡോ. ബാബു പോൾ റെക്കോർഡ് ചെയ്ത ചരമപ്രസംഗം പുറത്ത്; പ്രസംഗം അവസാനിക്കുന്നത് പ്രാർത്ഥനയിൽ ഓർക്കേണമേ എന്ന അഭ്യർത്ഥനയോടെ

'ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്ന് പറഞ്ഞവനാണവൻ; വാർധക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിന് സ്‌തോത്രം; ഈ വാക്കുകൾ എന്നാണ് നിങ്ങൾ കേൾക്കുന്നതെന്ന് ഞാൻ അറിയുന്നില്ല...അത് ദൈവം മാത്രമാണ് അറിയുന്നത്'; മികച്ച ഭരണകർത്താവും എഴുത്തുകാരനുമായി ഏവരുടേയും മനസിൽ കയറിയ ഡോ. ബാബു പോൾ റെക്കോർഡ് ചെയ്ത ചരമപ്രസംഗം പുറത്ത്; പ്രസംഗം അവസാനിക്കുന്നത് പ്രാർത്ഥനയിൽ ഓർക്കേണമേ എന്ന അഭ്യർത്ഥനയോടെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മികച്ച ഭരണകർത്താവും എഴുത്തുകാരനുമായി നാം ഏവരുടേയും മനസിൽ തിളങ്ങി നിന്ന വ്യക്തിത്വം ഡോ. ഡി.ബാബുപോൾ നിത്യതിലേക്ക് യാത്രയായി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളാണ് നമ്മിൽ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത്. എഴുത്തുകളിലൂടെ മാത്രമല്ല പ്രസംഗങ്ങളിലൂടെയും ജനമനസിൽ സ്ഥാനം നേടിയ ആ പ്രതിഭ തന്റെ മരണ വേളയിൽ ഏവർക്കും ശ്രവിക്കുന്നതിനായി ചരമ പ്രസംഗവും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അദ്ദേത്തിന്റെ മരണ ശേഷം ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ നിറ കണ്ണുകളോടെയാണ് ഏവരും ഈ പ്രതിഭയുടെ വാക്കുകളെ ശ്രവിക്കുന്നത്.

'ഈ വാർധ്യക്യത്തിലും തന്നെ ഉപയോഗിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്നു പറഞ്ഞവനാണ് അവൻ. വാർധ്യക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിനു സ്‌ത്രോത്രം. ഇത് നിങ്ങൾ എന്നാണ് കേൾക്കുന്നതെന്നു ഞാൻ അറിയുന്നില്ല, ദൈവം മാത്രമാണ് അറിയുന്നത്' ബാബു പോൾ ഓഡിയോയിൽ പറയുന്നു.

കവി മധുസൂദനൻ നായരുടെ ശബ്ദത്തിൽ ദൈവദശക വരികൾ തന്റെ മരണ വേളയിൽ മുഴങ്ങണമെന്നും സ്വയം റെക്കോർഡ് ചെയ്ത് വച്ച ചരമപ്രസംഗം ഏവരും കേൾക്കണമെന്നുള്ള ആഗ്രഹം നിവൃത്തിയാവാതെയാണ് ബാബുപോൾ യാത്രയായത്.കുറുപ്പുംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ ഞായറാഴ്‌ച്ച പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഡോ. ഡി. ബാബുപോളിന്റെ (78) സംസ്‌കാരച്ചടങ്ങ്. ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയാണ് സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ഡോ. ഡി. ബാബു പോളിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ജസ്റ്റീസ് കെ.ടി ജോസഫ് വികാരാധീനനായി പ്രസംഗിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 28 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തന്നെ ഒരു വിൽപത്രം ഏൽപ്പിച്ചിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സഹോദരൻ റോയ് പോളിനെ ഏൽപ്പിച്ചുവെന്നുമാണ് ജസ്റ്റീസ് ജോസഫ് പ്രസംഗിച്ചത്. എന്നാൽ അതിന്റെ ഉള്ളടക്കം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
വരുന്ന ഏതാനും നാളുകൾക്കുള്ളിൽ ഇതേക്കുറിച്ച് താൻ വിശദമായ ലേഖനമെഴുതുമെന്നും അന്ന് താൻ ഇക്കാര്യം വ്യക്തമാക്കുമെന്നും ജസ്റ്റീസ് കെ.ടി ജോസഫ് വ്യക്തമാക്കി.

മരണത്തിന് നാളുകൾക്ക് മുൻപ് ഡോ. ഡി. ബാബുപോൾ റെക്കോർഡ് ചെയ്ത് വച്ചിരുന്ന ചരമപ്രസംഗം

'ദൈവ തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ....ഇന്ന് 2018ൽ കൂദശീത്തോ ഞായറാഴ്‌ച്ചയാണ്. രാവിലെ പതിവ് പോലെ നാലുമണിക്ക് ഉണർന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ഈ ദൂത് ഇവിടെ രേഖപ്പെടുത്തുന്നത് എന്റെ മരണത്തെ തുടർന്ന് സൺഡേ സർമെൻസ് പരമ്പര അവസാനിക്കുമ്പോൾ അതിന്റെ ചരിത്രം അംഗങ്ങളായ എല്ലാവരും അറിയുന്നതിന് വേണ്ടിയാണ്. ഇത് ഞാൻ പുത്ര തുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവനായ എൽദോയെ ഞാൻ ഏൽപ്പിക്കുകയാണ്. യഥാ സമയം അവൻ ഇത് നിങ്ങളെ അറിയിച്ച് കൊള്ളും. 2016ലെ സുനോയോ പെരുന്നാളിനാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് വാട്‌സാപ്പിന്റെ സാധ്യത ഉപയോഗിച്ച് ദൈവമാതാവിനെ കുറിച്ചുള്ള ധ്യന ചിന്തകൾ പ്രചരിപ്പിക്കണം എന്ന് എന്നോട് നിർദ്ദേശിച്ചത്.

നിർഭാഗ്യവശാൽ അതിന്റെ രേഖകളൊന്നും എന്റെ കൈവശം ഇല്ല. അതെല്ലാം പുസ്തക രൂപത്തിലാക്കാം എന്ന് എറണാകുളത്ത് ഒരു കൊച്ചച്ചൻ പറഞ്ഞെങ്കിലും അത് മുമ്പോട്ട് പോയി എന്ന് തോന്നുന്നില്ല. എന്നാൽ 2017 ജൂൺ മാസത്തിലാണ് സൺഡേ സർമൺസ് എന്ന ഈ ഗ്രൂപ്പിന്റെ ആവിർഭാവം. ഞാനിപ്പോൾ ഞായറാഴ്‌ച്ചകളിൽ പള്ളിയിൽ പോവാറില്ല. ശനിയാഴ്‌ച്ചയാണ് പോകുന്നത്. എന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് എല്ലാ ശനിയാഴ്‌ച്ചയും കുർബാന ചൊല്ലുന്ന സമ്പ്രദായം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. പള്ളിയിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർ എന്നെ വന്ന് കാണുക എന്നൊരു സമ്പ്രദായം തിരുവനന്തപുരത്തുണ്ട്.

അങ്ങനെ രാജൻ ഏബ്രഹാമും ജോൺ കുര്യനും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരാണ് എന്നോട് വാട്‌സാപ്പ് വഴി എങ്കിലും പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത്. 1975 മുതൽ 2015 വരെ 40 വർഷക്കാലം ഞാൻ തിരുവനന്തപുരം പള്ളിയിൽ കൃത്യമായി 10 മിനിട്ടിൽ കവിയാത്ത പ്രസംഗങ്ങൾ ഏവൻഗേലിയോനെ സംബന്ധിച്ച് പറഞ്ഞിരുന്നു. അതിപ്പോൾ മിസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഭാരവാഹികൾ ഇപ്പോൾ ഇതിന് എന്നെ പ്രേരിപ്പിച്ചത്. അത് പള്ളിയിലെ ഗ്രൂപ്പിലയയ്ക്കുന്ന കൂട്ടത്തിൽ മക്കൾക്കും കൊച്ചു മക്കൾക്കും അയയ്ക്കാൻ തുടങ്ങി. അങ്ങനെ അത് വിപുലമായി. ഇപ്പോൾ എന്നോട് പലയാളുകളും പറഞ്ഞിട്ടുള്ള കണക്കുകൾ അനുസരിച്ച് കൂട്ടിയാൽ ഓരോ ആഴ്‌ച്ചയിലും എന്റെ ഈ പ്രഭാഷണങ്ങൾ പത്തു മൂവായിരം ആളുകളിൽ എത്തിച്ചേരുന്നുണ്ട്.

അവയിൽ സുറിയാനി സഭയിൽപെട്ടവരും കത്തോലിക്കാ സഭയിൽ പെട്ടവരും മാർത്തോമ്മാ സഭയിൽപെട്ടവരും അക്രൈസ്തവരും ഒക്കെയുണ്ട്. ദൈവം എന്നെ ഉപയോഗിച്ചതിലോർത്ത് ഈ പ്രഭാതത്തിൽ ഞാൻ നന്ദി പറയുന്നു. വെട്ടിയിട്ടാലും കുറ്റി ശേഷിക്കും ദ റംന്മന്റ് എന്നതിനെ കുറിച്ച് എന്നെ പഠിപ്പിച്ചത് വേദശാസ്ത്രജ്ഞന്മാരല്ല ഇംഗ്ലീഷ് പഠിപ്പിച്ച ആലൂവായിലെ ഗ്രേസികൊച്ചമ്മയാണ്. ദ റംന്മന്റ് എന്ന വാക്ക്. അങ്ങനെ എന്നെ ഈ വാർധക്യത്തിലും ഉപയോഗിച്ച ദൈവത്തെ ഞാൻ മഹത്വപ്പെടുത്തുന്നു. ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്ന് പറഞ്ഞവനാണവൻ. വാർധക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിന് സ്‌തോത്രം.

ഇത് നിങ്ങൾ എന്നാണ് കേൾക്കുന്നത് എന്ന് ഞാൻ അറിയുന്നില്ല. ദൈവം മാത്രമാണ് അറിയുന്നത്. എന്നെ ശ്രദ്ധാപൂർവ്വം കേൾക്കുകയും എന്റെ ആശയങ്ങൾ ഉൾക്കൊള്ളുകയും ഒക്കെ ചെയ്ത മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശന്മാർ എന്നിവർക്കും എന്റെ സുഹൃത്തുക്കളും സഹോദരീ സഹോദരന്മാരായ ശേഷം പേർക്കും വിനയ പൂർവ്വം നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഈ പരമ്പരയിൽ നിന്നും ഈ ഭൂമുഖത്ത് നിന്നും വിടവാങ്ങുന്നു....നിങ്ങളെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ...നിങ്ങളുടെ പ്രാർത്ഥനയിൽ വല്ലപ്പോഴും എന്നെയും ഓർക്കേണമേ..ആമേൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP