Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തിയമർന്നത് 850 വർഷം പഴക്കമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിർമ്മാണഭംഗികളിലൊന്ന്; അഗ്‌നി പടർന്ന് വിഴുങ്ങുന്ന ക്രൂരമായ ദൃശ്യങ്ങൾ കണ്ട് വിതുമ്പിപ്പൊട്ടി ലോകം; പറന്നെത്തിയ പ്രസിഡന്റ് ഇന്ന് മുതൽ പുനർനിർമ്മാണം തുടങ്ങാൻ ലോകത്തെ ഏറ്റവും മികച്ച് ആർക്കിടെക്ടുമാരെ ഫ്രാൻസിലേക്ക് ക്ഷണിച്ചു; ലോകത്തെ ഒരു പോലെ തകർത്ത് കളഞ്ഞ നോത്രദാം കത്തീഡ്രലിനെ അഗ്‌നി വിഴുങ്ങുന്ന ക്രൂര ദൃശ്യങ്ങൾ ഇതാ ഇങ്ങനെ

കത്തിയമർന്നത് 850 വർഷം പഴക്കമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിർമ്മാണഭംഗികളിലൊന്ന്; അഗ്‌നി പടർന്ന് വിഴുങ്ങുന്ന ക്രൂരമായ ദൃശ്യങ്ങൾ കണ്ട് വിതുമ്പിപ്പൊട്ടി ലോകം; പറന്നെത്തിയ പ്രസിഡന്റ് ഇന്ന് മുതൽ പുനർനിർമ്മാണം തുടങ്ങാൻ ലോകത്തെ ഏറ്റവും മികച്ച് ആർക്കിടെക്ടുമാരെ ഫ്രാൻസിലേക്ക് ക്ഷണിച്ചു; ലോകത്തെ ഒരു പോലെ തകർത്ത് കളഞ്ഞ നോത്രദാം കത്തീഡ്രലിനെ അഗ്‌നി വിഴുങ്ങുന്ന ക്രൂര ദൃശ്യങ്ങൾ ഇതാ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: പാരീസിൽ ഏവർക്കും ആശ്വാസമേകിക്കൊണ്ട് തലയുയർത്തി നിന്നിരുന്ന ഫ്രാൻസിന്റെ അഭിമാനമായ 850 വർഷം പഴക്കമുള്ള നോത്ര ദാം കത്തീഡ്രലിൽ ഇന്നലെ വൈകുന്നേരം വൻ തീപിടിത്തമുണ്ടായി. കത്തിയമർന്നിരിക്കുന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിർമ്മാണഭംഗികളിലൊന്നാണ്. കത്തീഡ്രലിലേക്ക് അഗ്‌നി പടർന്ന് വിഴുങ്ങുന്ന ക്രൂരമായ ദൃശ്യങ്ങൾ കണ്ട് വിതുമ്പിപ്പൊട്ടിയിരിക്കുകയാണ് ലോകമിപ്പോൾ.

ദാരുണ വാർത്ത കേട്ട് ഞൊടിയിടെ ഇവിടേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ പറന്നെത്തിയിരുന്നു. ഇന്ന് മുതൽ കത്തീഡ്രലിന്റെ പുനർനിർമ്മാണം തുടങ്ങാൻ ലോകത്തെ ഏറ്റവും മികച്ച് ആർക്കിടെക്ടുമാരെ മാർകോൺ ഫ്രാൻസിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ലോകത്തെ ഒരു പോലെ തകർത്ത് കളഞ്ഞ നോത്രദാം കത്തീഡ്രലിനെ അഗ്‌നി വിഴുങ്ങുന്ന ക്രൂര ദൃശ്യങ്ങൾ ഇത്തരത്തിലാണ്.

12ാം നൂറ്റാണ്ടോളം പഴക്കമുള്ള കത്തീഡ്രലിൽ വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള നിരവധി വിശുദ്ധ വസ്തുക്കൾ കത്തിയമർന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന കാര്യമാത്ര പ്രസക്തമായതും അത്യപൂർവമായതുമായ നിരവധി വസ്തുക്കൾ മണിക്കൂറുകൾക്കം ഒരുപിടി ചാരമായിത്തീർന്നിട്ടുണ്ട്. കത്തീഡ്രലിൽ നിന്നും ശക്തമായ അഗ്‌നിയും പുകയും ഉയരുന്ന ചിത്രങ്ങൾ അപകടം നടന്ന് മിനുറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വൈകുന്നേരം 5.50നായിരുന്നു ഇവിടെ അഗ്‌നി കത്തിപ്പടരാൻ തുടങ്ങിയിരുന്നത്. ഇതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ത്വരിതഗതിയിൽ ഏവരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 

തീപിടിത്തത്തിൽ കെട്ടിടമൊന്നാകെ കത്തിയമർന്ന് വീഴുമെന്ന ആശങ്കയോടെ ഫയർഫൈറ്റർമാർ മണിക്കൂറുകളോളമാണ് അഗ്‌നി കെടുത്താനായി യത്നിച്ചിരുന്നത്. അഗ്‌നിയെ കെടുത്താനും പ്രധാന കത്തീഡ്രലിന്റെ പ്രധാന സ്ട്രക്ചറിനെ സംരക്ഷിക്കാനും സാധിച്ചിട്ടുണ്ടെന്നാണ് ഇന്നലെ വൈകുന്നേരം ഫയർ ചീഫുമാർ വെളിപ്പെടുത്തിയിരുന്നത്. നോത്ര ദാം കത്തീഡ്രലിനെ പുനർനിർമ്മിക്കുന്നതിനായി ഇന്ന് മുതൽ നാഷണൽ ഫണ്ട്റൈസിങ് ക്യാംപയിൻ ആരംഭിക്കുമെന്നാണ് ഇന്നലെ കത്തീഡ്രലിന് മുന്നിൽ നിന്നും ലോക മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് മാർകോൺ ഉറപ്പേകിയിരിക്കുന്നത്.

കത്തീഡ്രലിന്റെ ഗോപുരമണികൾക് മുകളിൽ വരെ അഗ്‌നി ഉയർന്ന് പടർന്നിരുന്നു. അഗ്‌നിബാധയെ തുടർന്നുണ്ടായ പുക വളരെ ഉയരത്തിൽ ദൃശ്യമായിരുന്നു. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുരശിഖരം തീപിടിത്തത്തിൽ നശിച്ചുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. വൻ അഗ്‌നിബാധയെ തുടർന്ന് പ്രസിഡന്റ് മാർകോൺ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലവിഷൻ പരിപാടി മാറ്റി വച്ചിരുന്നു. കത്തീഡ്രലിലേക്കുള്ള വഴികൾ പൊലീസും അഗ്‌നിശമന സേനയും അടച്ചിട്ടുണ്ട്.

12ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച കത്തീഡ്രലിൽ പുനർനിർമ്മാണം നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകടത്തെ തുടർന്നാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നതെന്നാണ് ആദ്യ വിലയിരുത്തൽ . ഒരു തീർത്ഥാടന കേന്ദ്രമെന്നതിന് പുറമെ ആഗോളതലത്തിലുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് നോത്ര ദാം കത്തീഡ്രൽ.

ചരിത്ര പ്രാധാന്യമേറെയുള്ള ഈ കത്തീഡ്രൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിട്ടിരുന്നത് 1160ലാണ്. ഇത് നിർമ്മിച്ചത് 1163നും 1345നും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെയുള്ള മൂന്ന് പ്രശസ്തമായ റോസ് വിൻഡോസിന് 31.4 മീറ്റർ വ്യാസമുണ്ട്. തെക്കുള്ള വിൻഡോ 84 കണ്ണാടിച്ചില്ലുകൾ ഉപയോഗിച്ചാണ്. വദനപ്രതിരൂപം സ്ഥാപിച്ചിരുന്നത് 1240ലായിരുന്നു.

വളരെ വലിയ 10 മണികൾ ഈ കത്തീഡ്രലിലുണ്ട്. സൗത്ത് ടവറിലുള്ള ബെല്ലിന് 13 ടൺ ഭാരമുണ്ട്. വർഷം തോറും ഏതാണ്ട് 13 മില്യൺ പേർ സന്ദർശിക്കുന്ന കത്തീഡ്രലാണിത്. ദിവസത്തിൽ 35,000 പേർ എത്തിയിരുന്നു. ഇവിടുത്തെ പ്രശസ്തമായ ഗോപുരങ്ങൾക്ക് ഓരോന്നിനും 387 സ്റ്റെപ്പുകളുണ്ട്. ഇതിന്റെ മേല്ക്കൂര പണിയുന്നതിനായി 52 ഏക്കറിൽ വരുന്ന മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. ഓരോ ബീമും ഓരോ മരം പൂർണമായും ഉപയോഗിച്ച് നിർമ്മിച്ചു.

പ്രശസ്തമായ ഫ്രഞ്ച് ഗോത്തിക് ആർക്കിടെക്ചറിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കത്തീഡ്രൽ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശനത്തിനെത്തുന്ന കെട്ടിടങ്ങളിലൊന്നുമാണിത്. നോത്ര ഡാം എന്നാൽ ഔവർ ലേഡി എന്നാണ് അർത്ഥം. നിരവധി വട്ടം ഈ കത്തീഡ്രൽ പുനർനിർമ്മാണത്തിന് വിധേയമായിരുന്നു. അതുല്യമായ കലാരൂപങ്ങളുടെയും പെയിൻരിംഗുകളുടെയും കേദാരമായിരുന്നു ഈ കത്തീഡ്രൽ . അവ കൂടിയാണ് അഗ്‌നിബാധയിൽ നശിച്ചിരിക്കുന്നത്.തങ്ങളുടെ പൈതൃക ശേഷിപ്പ് ഒരു പിടി ചാരമാകുന്ന കാഴ്ച കണ്ട് പാരീസ് നിവാസികളിൽ നിരവധി പേർ ഞെട്ടിത്തരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP