Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ സുരേന്ദ്രനെതിരെയുള്ള 242 കേസുകളുടെ വിവരങ്ങൾ മൂന്ന് തവണ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ മാത്രം ചെലവ് 60 ലക്ഷം! ചാനലുകളിൽ കൂടി സംപ്രേഷണം ചെയ്താൽ ഒരു കോടി കടക്കും; 75 ലക്ഷം മാത്രം ചെലവാക്കാൻ അനുമതിയുള്ളപ്പോൾ സുരേന്ദ്രൻ എന്തു ചെയ്യും? പത്തനംതിട്ടയിൽ വമ്പൻ മുന്നേറ്റം നടത്തുന്ന ബിജെപി സ്ഥാനാർത്ഥിയെ കുരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക ന്യായങ്ങൾ

കെ സുരേന്ദ്രനെതിരെയുള്ള 242 കേസുകളുടെ വിവരങ്ങൾ മൂന്ന് തവണ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ മാത്രം ചെലവ് 60 ലക്ഷം! ചാനലുകളിൽ കൂടി സംപ്രേഷണം ചെയ്താൽ ഒരു കോടി കടക്കും; 75 ലക്ഷം മാത്രം ചെലവാക്കാൻ അനുമതിയുള്ളപ്പോൾ സുരേന്ദ്രൻ എന്തു ചെയ്യും? പത്തനംതിട്ടയിൽ വമ്പൻ മുന്നേറ്റം നടത്തുന്ന ബിജെപി സ്ഥാനാർത്ഥിയെ കുരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക ന്യായങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സസ്‌പെൻസിന് ഒടുവിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായത്. പിന്നീടിങ്ങോട്ട് പത്രിക നൽകിയപ്പോഴും ബിജെപിക്കാരെ ആശങ്കയിലാക്കുന്ന പലകാര്യങ്ങളും നടന്നു. കെ സുരേന്ദ്രനെതിരായ കേസുകളുടെ എണ്ണത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പമായിരുന്നു ഒരു പ്രശ്‌നമായിരുന്നത്. തനിക്കെതിരെ 20 കേസുകൾ മാത്രമേയുള്ളൂ എന്നാണ് സുരേന്ദ്രൻ അറിഞ്ഞിരുന്നത്. പിന്നീടാണ് 242 കേസുകളുണ്ടെന്ന കാര്യം ബോധ്യമായത്. ഇതോടെ ആദ്യം സമർപ്പിച്ച പത്രിക തള്ളാതിരിക്കാൻ രണ്ടാമതും പത്രിക നൽകേണ്ടി വന്നു. അവിടം കൊണ്ടും സസ്‌പെൻസ് തീർന്നില്ല. മണ്ഡലത്തിൽ ഇറക്കി ഇളക്കിമറിച്ച പ്രചരണവുമായി സുരേന്ദ്രൻ മുന്നേറുമ്പോൾ വീണ്ടും സുരേന്ദ്രന് തലവേദയായി മറ്റൊരു കുരുക്കു കൂടി വന്നു. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു ചെലവാണ് പ്രശ്‌നമായി മാറുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയസാധ്യത കാണുന്ന സീറ്റുകളിലൊന്നാണ് പത്തനംതിട്ട. ശബരിമല വിഷയം ഉയർത്തി, ശബരിമല പ്രതിഷേധത്തിനു നേതൃത്വം നൽകിയ കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കിയാണ് ബിജെപിയുടെ നീക്കം. പ്രചാരണത്തിലുൾപ്പെടെ സുരേന്ദ്രൻ മുൻതൂക്കം നേടി നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി വന്നിരിക്കുന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്രദൃശ്യ മാധ്യമങ്ങളിൽ മൂന്ന് വട്ടം പ്രസീദ്ധീകരിക്കണമെന്ന നിബന്ധനയിലാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ കുടുങ്ങിയത്.

കെ.സുരേന്ദ്രശന്റ പേരിൽ 242 കേസുകളാണുള്ളത്. ഇതിൽ ഭൂരിപക്ഷവും ശബരിമല വിഷയവുമായി ബന്ധപ്പെട്ടതാണ്. കേസിന്റെ വിശദാംശങ്ങൾ ഒരു തവണ മാത്രം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ സുരേന്ദ്രന് 20 ലക്ഷം രൂപ വേണം. പരസ്യം മൂന്നു തവണ ചെയ്യുമ്പോൾ ചെലവ് 60 ലക്ഷം. ഇത് കൂടാതെ ദൃശ്യമാധ്യമങ്ങളിൽ വരുന്ന ചെലവ് വേറെയും. എന്നാൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 75 ലക്ഷമാണ്. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളും കൂടിയാകുമ്പോൾ കോടികൾ കണക്കുകളിൽ തന്നെയാകും. ഇതെങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് ബിജെപിയിൽ ഉണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വിഷയം ചൂണ്ടിക്കാട്ടി എൻഡിഎ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കേസിന്റെ വിവരങ്ങൾ കാണിക്കുന്നതിനുള്ള പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാർത്ഥിയുടെ ചെലവിനത്തിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ വിശദ വിവരങ്ങൾ ഒഴിവാക്കി കേസിന്റെ നമ്പർ മാത്രം പ്രസിദ്ധിപ്പെടുത്തുന്നതിലേക്ക് നിബന്ധന മാറ്റുകയോ ചെയ്യണമെന്നാണ് ബിജെപിയും സഖ്യവും ആവശ്യപ്പെടുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുർവിനിയോഗം നടത്തുകയുമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ചീഫ് ഇലക്ഷൻ ഓഫീസർമാർക്കെതിരെയും കളക്ടർമാർക്കെതിരെയും ബിജെപി പരാതി നൽകിയിട്ടുണ്ട്.

'സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തിൽ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാർത്ഥിയുടെ ചെലവിനത്തിൽ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കിൽ കേസിന്റെ വിശദാംശങ്ങൾ ഒഴിവാക്കി നമ്പർ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്നും എം.എസ് കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് കെ. സുരേന്ദ്രനാണ്. വധശ്രമം മുതൽ പൊലീസ് നിർദ്ദേശം മറികടന്ന് സംഘം ചേരൽ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്. അതേസമയം, കോൺഗ്രസിന്റെ ഇടുക്കി സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരെ 109 ഉം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ 40 ഉം കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെതിരെ 17 ഉം വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി. ജയരാജനെതിരെ പത്തും കേസുകളാണുള്ളത്.

സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിക്കുമ്പോൾ പരസ്യം നൽകേണ്ട കാര്യം ഒാർമിപ്പിച്ചു വരണാധികാരി സി 3 ഫോം നൽകും. പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കോടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തിൽ ഉണ്ടാകണം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്കു ശേഷം വോട്ടെടുപ്പിനു 2 ദിവസം മുൻപായി നടപടി പൂർത്തിയാക്കണം. ദൃശ്യമാധ്യമങ്ങളിൽ വോട്ടെടുപ്പിനു 48 മണിക്കൂർ മുൻപുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിലും ഇതു നൽകിയിരിക്കണം എന്നാണ് നിബന്ധന.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തിൽ വായനക്കാർ ശ്രദ്ധിക്കുന്ന സ്ഥലത്തു 3 തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണു നിർദ്ദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും 3 തവണ പരസ്യം ചെയ്യണം. ഇതേ രീതിയിലാണു പാർട്ടിയും ചെയ്യേണ്ടത്. ദൃശ്യമാധ്യമത്തിൽ പരസ്യം 7 സെക്കൻഡ് കാണിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയിൽ ഉൾപ്പെടുത്താം. വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായരീതിയിൽ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും. കഴിഞ്ഞവർഷം സെപ്റ്റബംർ 9ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർഗദേശം.

ഈ പ്രശ്‌നതതിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ കൈക്കൊള്ളുന്ന നിലപാട് തന്നെയാകും നിർണായകമാകുക. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ശബരിമല കർമസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ അക്രമങ്ങളുടെ പേരിൽ പാറശാല മുതൽ കാസർഗോഡ് വരെ വിവിധ സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകൾ. എല്ലാ കേസിലും സർക്കാർ സുരേന്ദ്രനെ പ്രതിയാക്കുകയായിരുന്നു.

243 കേസുകൾ ഉള്ള സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ 20 എണ്ണം മാത്രമെന്ന് നാമനിർദ്ദേശ പത്രിക പരിശോധനാ സമയത്ത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അയോഗ്യനാവും. കെ സുരേന്ദ്രന്റെ നോമിനേഷൻ തള്ളാൻ സർക്കാർ ഗൂഢാലോചന നടത്തുന്നവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്. അവസാന നിമിഷം വരെ മറച്ചു വച്ച കേസ് വിവരം പുറത്തുവന്നത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെയാണെന്നതാണ് വസ്തുത. ഇതോടെ പുതിയ നാമനിർദ്ദേശ പത്രിക നൽകുകയായിരുന്നു സുരേന്ദ്രൻ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP