Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തി നശിച്ചത് ലോകം എമ്പാടുമുള്ള കത്തോലിക്കരുടെ വിലമതിക്കാനാവാത്ത ആശ്വാസ കേന്ദ്രം; ഫ്രഞ്ച് വിപ്ലവത്തെയും കുരിശ് യുദ്ധങ്ങളെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്ര സ്മാരകത്തിന് പുത്തൻ നിർമ്മാതാക്കളുടെ കൈക്രിയയെ അതിജീവിക്കാനായില്ല; രണ്ട് ഗോത്തിക് ടവറുകളും റോസ് ജനലുകളും ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്തത്; നിർമ്മാണം പൂർത്തിയാക്കാൻ എടുത്തത് രണ്ട് നൂറ്റാണ്ട്; കത്തിച്ചാമ്പലായത് വെറും 63 മിനുറ്റ് കൊണ്ട്

കത്തി നശിച്ചത് ലോകം എമ്പാടുമുള്ള കത്തോലിക്കരുടെ വിലമതിക്കാനാവാത്ത ആശ്വാസ കേന്ദ്രം; ഫ്രഞ്ച് വിപ്ലവത്തെയും കുരിശ് യുദ്ധങ്ങളെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്ര സ്മാരകത്തിന് പുത്തൻ നിർമ്മാതാക്കളുടെ കൈക്രിയയെ അതിജീവിക്കാനായില്ല; രണ്ട് ഗോത്തിക് ടവറുകളും റോസ് ജനലുകളും ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്തത്; നിർമ്മാണം പൂർത്തിയാക്കാൻ എടുത്തത് രണ്ട് നൂറ്റാണ്ട്; കത്തിച്ചാമ്പലായത് വെറും 63 മിനുറ്റ് കൊണ്ട്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഇന്നലെ പാരീസിൽ അഗ്‌നിക്കിരയായ നോത്ര ദാം കത്തീഡ്രൽ വെറുമൊരു ചർച്ചോ ചരിത്ര സ്മാരകമോ മാത്രമല്ല. മറിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിലമതിക്കാനാവാത്ത ആശ്വാസ കേന്ദ്രമാണ് നല്ലൊരു ഭാഗം കത്തി നശിച്ചിരിക്കുന്നത്. നിർമ്മിച്ചുയർത്തിയത് മുതൽ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴും അവയെ എല്ലാം അതിജീവിക്കാൻ ഈ കത്തീഡ്രലിന് സാധിച്ചിരുന്നു. അതായത് ഫ്രഞ്ച് വിപ്ലവത്തെയും കുരിശ് യുദ്ധങ്ങളെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്ര സ്മാരകത്തിന് പുത്തൻ നിർമ്മാതാക്കളുടെ കൈക്രിയയെ അതിജീവിക്കാനായില്ലെന്ന ആരോപണവും ശക്തമാകുന്നുണ്ട്.

കത്തീഡ്രലിന്റെ രണ്ട് ഗോത്തിക് ടവറുകളും റോസ് ജനലുകളും ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്തവയാണ്. കത്തീഡ്രലിന്റെ നിർമ്മാണം പൂർത്തിയാക്കാൻ എടുത്തത് രണ്ട് നൂറ്റാണ്ട് കാലമായിരുന്നു. ഇവ കത്തിച്ചാമ്പലായത് വെറും 63 മിനുറ്റ് കൊണ്ടാണെന്നത് ചരിത്രത്തിന്റെ വികൃതിയാകാം. 52 ഏക്കറിൽ നിന്നും വെട്ടിയെടുത്ത ഏതാണ്ട് 1300 മരങ്ങളായിരുന്നു നോത്ര ദാം കത്തീഡ്രലിന്റെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

 

നിർമ്മാണത്തിന് മരം കൂടുതലായി ഉപയോഗിച്ചത് ഇപ്പോൾ കത്തീഡ്രലിന്റെ നാശത്തിനും പ്രധാന ഹേതുവായി മാറിയിരിക്കുകയാണ്. കാരണം ഇതിന്റെ ചുമരിലും മേൽക്കൂരയിലുമുള്ള മര ഭാഗങ്ങളിൽ അഗ്‌നി ബാധിച്ച് വേഗത്തിൽ പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഓരോ ബീമുകളും നിർമ്മിക്കാൻ ഓരോ മരം അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കത്തീഡ്രലിന്റെ പ്രധാന ചട്ടക്കൂട് മരം കൊണ്ടുള്ളതാണെന്നും ഇതിനായി 52 ഏക്കറിലെ മരം ഉപയോഗിച്ചിരുന്നുവെന്നുമാണ് കത്തീഡ്രലിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്. 115 അടി ഉയരമുള്ള ഇതിന്റെ മേൽക്കൂരയുടെ അടിസ്ഥാനമായും മരമാണുണ്ടായിരുന്നത്. ഇതിനാൽ മേൽക്കൂരയുടെ നല്ലൊരു ഭാഗം വേഗത്തിൽ കത്തി നശിച്ചുവെന്നാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്. വളരെ പഴക്കമുള്ള ഇവിടുത്തെ മരത്തിന്റെ നിർമ്മിതി തീപിടിത്തത്തിന് കാരണമാകുമോ എന്ന ആശങ്ക കഴിഞ്ഞ കുറച്ച് കാലമായി ഉയർന്ന് വരുന്നുണ്ടായിരുന്നു. കത്തീഡ്രലിനെ പരമാവധി സുരക്ഷിതമാക്കുന്നതനായി 6.8 മില്യൺ ഡോളർ മുടക്കിയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന സമയത്താണ് ഇവിടെ അഗ്‌നി താണ്ഡവമാടിയിരിക്കുന്നത്.

കത്തീഡ്രലിന് അഭിമുഖമായി നിലകൊണ്ടിരുന്ന ചില ശിൽപങ്ങൾ പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയായിരുന്നു നീക്കം ചെയ്തിരുന്നത്. കേടുപാടുകൾ വന്നതിനാൽ കത്തീഡ്രലിന്റെ ചില ഭാഗങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാതെ വർഷങ്ങളായി അടച്ചിട്ട നിലയിലാണെന്ന് കത്തീഡ്രൽ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. ചില ഭാഗങ്ങളിൽ മേൽക്കൂരയിൽ നിന്നും പഴയകിയ മരഭാഗങ്ങൾ വീഴുന്ന അവസ്ഥയുണ്ടെന്നും വെബ്സൈറ്റ് എടുത്ത് കാട്ടുന്നു. ചരിത്രപരമായും കലാപരമായും ഏറെ പ്രാധാന്യമുള്ള കെട്ടിടമാണിതെന്നാണ് ചരിത്രകാരനായ കരോലിനെ ബ്രുസെലിയുസ് 1987ൽ തന്നെ വിലയിരുത്തിയിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP