Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്ത് കലാപകാലത്ത് വാളുയർത്തിപ്പിടിച്ച അശോക് മോച്ചിയും കൈകൂപ്പി വിതുമ്പിയ കുത്തബ്ദീൻ അൻസാരിയും വിഷു സദ്യയുണ്ടത് പി ജയരാജന്റെ കിഴക്കെ കതിരൂരിലെ വീട്ടിൽ; ഇവർ എത്തിയത് ജയരാജന് വോട്ടഭ്യർഥിക്കുന്ന കേക്കുമായി; ഇരുവരുമായി ജയരാജനുള്ളത് വർഷങ്ങൾ നീണ്ട ബന്ധം; മോദി ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ജയിക്കണം; പി ജയരാജന്റെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും ഗുജറാത്ത് കലാപത്തിലെ 'വേട്ടക്കാരനും' ഇരയും

ഗുജറാത്ത് കലാപകാലത്ത് വാളുയർത്തിപ്പിടിച്ച അശോക് മോച്ചിയും കൈകൂപ്പി വിതുമ്പിയ കുത്തബ്ദീൻ അൻസാരിയും വിഷു സദ്യയുണ്ടത് പി ജയരാജന്റെ കിഴക്കെ കതിരൂരിലെ വീട്ടിൽ; ഇവർ എത്തിയത് ജയരാജന് വോട്ടഭ്യർഥിക്കുന്ന കേക്കുമായി; ഇരുവരുമായി ജയരാജനുള്ളത് വർഷങ്ങൾ നീണ്ട ബന്ധം; മോദി ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ജയിക്കണം; പി ജയരാജന്റെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും ഗുജറാത്ത് കലാപത്തിലെ 'വേട്ടക്കാരനും' ഇരയും

സജീവൻ വടക്കുമ്പാട്

വടകര: വിഷു ദിനത്തിൽ ക്ഷണിക്കാത വന്ന രണ്ട് അതിഥികളായിരുന്നു വടകര മണ്ഡലം ഇടതുസ്ഥാനാർത്ഥി പി.ജയരാജന്റെ കിഴക്കെ കതിരൂരിലെ വീടിനെ സജീവമാക്കിയത്. ജയരാജൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ് സുഹൃത്തുക്കളായ കുത്തബ്ദീൻ അൻസാരിയും അശോക് മോച്ചിയും.ഗുജറാത്ത് വർഗ്ഗീയ കലാപത്തിൽ വാളുയർത്തിപ്പിടിച്ച മോച്ചിയുടെയും, കൈകൂപ്പി നിന്ന അൻസാരിയുടെയും ചിത്രങ്ങൾ വർഷങ്ങൾക്ക് മുൻപ് നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞവയാണ്.

ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുൾപ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. ഇപ്പോൾ സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാതെയാണ് അശോക് മോച്ചി ജീവിക്കുന്നത്. കലാപത്തിന്റെ ഇരയായ കുത്തബ്ദീൻ അൻസാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മായിരുന്നു. വെറും കൈയോടയല്ല ഇവർ വന്നത് പി.ജയരാജനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട കേക്കും കൈയിലേന്തിയാണാണ്.

'ഇരുവരുമായും എനിക്ക് വർഷങ്ങളായി ബന്ധമുണ്ട്.ഗുജാറാത്ത് കലാപത്തിന് 12 വർഷം പൂർത്തിയായ വേളയിൽ 2014 ൽ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരിൽ കണ്ണൂർ തളിപ്പറമ്പിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയിൽ കൊണ്ടുവന്നത് രാജ്യമാകെ ചർച്ച ചെയ്ത കാര്യമായിരുന്നു.അന്ന് തുടങ്ങിയ ബന്ധമാണ്.അത് ഇപ്പോഴും തുടരുന്നു.വിശേഷ ദിവസങ്ങളിൽ ഇരുവരും ഇങ്ങോട്ടും ഞാൻ തിരിച്ചും ഫോണിൽ വിളിക്കാറുണ്ട്.'- ഇരുവരും വീട്ടിലെത്തിയതിനെ കുറിച്ചുള്ള ജയരാജന്റെ പ്രതികരണമാണിത്. 'ഞാൻ സ്ഥാനാർത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തിൽ വീട്ടിൽ എന്നെ കാണാനെത്തിയത്. എനിക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു കേക്കും അൻസാരിയും മോച്ചിയും കൂടി മുറിച്ചു.വീട്ടിൽ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി'- പി ജയരാജൻ വ്യക്തമാക്കി.

പിന്നീട് അൽപ്പം രാഷ്ടീയവും ഇവർ ചർച്ചചെയ്തു. മോദി എന്താണെന്ന് ഗുജറാത്ത് മാത്രമല്ല, കഴിഞ്ഞ 5 വർഷം കൊണ്ടു ഇന്ത്യയിലെ ജനം മുഴുവൻ അനുഭവിച്ചു എന്നു കുതുബുദ്ദീൻ അൻസാരി പറഞ്ഞു.മോദി ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാൻ ജയരാജൻ ജയിക്കണം എന്നതിനാൽ ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് അശോക് മോച്ചിയും പറഞ്ഞു.ഇനിയുള്ള ദിവസങ്ങളിൽ ജയരാജനു വേണ്ടി വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം.ഗുജറാത്ത് കലാപത്തിന്റെ തീഷ്ണത മണ്ഡലത്തിലെ വോട്ടർമാരെ വരച്ച് കാട്ടാൻ ഇതുമൂലം കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

അന്ന് ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറിയത് രണ്ട് യുവാക്കളാണ്, അശോക് മോച്ചി എന്ന ചെരുപ്പുകുത്തൽ തൊഴിലാളിയും കുത്തബ്ദീൻ അൻസാരിയെന്ന തയ്യൽ തൊഴിലാളിയും. 2002 ഫെബ്രുവരി 27 സബർമതി എക്സ്പ്രസിലെ ബോഗിയിൽ തീ പിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് ഗുജറാത്തിൽ വിശ്വഹിന്ദു പരിഷത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.

ഹർത്താലിന്റെ മറവിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദ പാട്യയിൽ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. 1200 ആളുകൾ ദിവസങ്ങൾ നീണ്ടു നിന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളിൽ ഇത് അതിന്റെ എത്രയോ ഇരട്ടിയാണ്. കോൺഗ്രസിന്റെ എം പിയായിരുന്ന ഇസ്ഹാൻ ജഫ്രി ഉൾപ്പെടയുള്ളവർ വംശഹത്യയ്ക്കിരയായി.

ആയുധമേന്തി കൊലവിളി നടത്തുന്ന അശോക് മോച്ചിയും സ്വന്തം ജീവനായി കൈകൂപ്പി കേഴുന്ന അൻസാരിയും ലോക മനസാക്ഷിയെ ഞെട്ടിച്ച പ്രതീകങ്ങളായി മാറി. അൻസാരിയുടെ ജീവനായുള്ള കെഞ്ചൽ ലോകത്തിന് മുന്നിലുള്ള ഒരു ജനതയുടെ നിലവിളിയായി പ്രതിധ്വനിച്ചു. അതിന്റെ അനുരണനങ്ങൾ ഇന്നും വിടാതെ അന്നത്തെ ഭരണാധികാരികളെ പിന്തുടരുന്നു. അശോക് മോച്ചിയും അൻസാരിയും പിന്നീട് സുഹൃത്തുക്കളായി.

അവരെ സുഹൃത്തുക്കളാക്കിയതിന് പിന്നിൽ പി ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടൽ ആയിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിനിറക്കിയതാണെന്ന് അശോകമോച്ചി കുമ്പസരിച്ചു. ഇരുവരും കേരളത്തിലുമെത്തി. അൻസാരിയുടെ ജീവിതം പുസ്തകമായി ഇറങ്ങി. അശോക് മോച്ചിയും പുസ്തകമെഴുതി. ഇതിനെല്ലാം പുർണ്ണ പിന്തുണ നൽകിയത് സിപിഎം അയിരുന്നു. അതിന്റെ അടിസ്ഥാനത്തിലും വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുമാണ് ജയരാജനുവേണ്ടി രംഗത്തിറങ്ങിയയെന്ന് ഇരുവരും വ്യക്താമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP