Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനമനസ്സുണർത്തി കെ. മുരളീധരൻ; ആർ.എംപി നേതാവ് കെ.കെ രമ, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, ശരത് ലാലിന്റെ പിതാവ് സത്യൻ, കൃപേഷിന്റെ പിതാവ് കൃഷ്ണൻ എന്നിവരെല്ലാം മുരളിയുടെ പ്രചാരണത്തിനെത്തി; വടകരയിലെ എംപിയെ കാണാൻ ജയിലിൽ വരേണ്ടതില്ലെന്ന് പ്രഖ്യാപനത്തിന് കൈയടി; ഹരിത പതാക വീശി മുരളിക്ക് എവിടെയും ലീഗിന്റെ താങ്ങ്; കത്തുന്ന വേനൽ ചൂടിലും തളരാതെ കൊലപാത രാഷ്ട്രീയം ചർച്ചയാക്കി കെ മുരളീധരന്റെ പര്യടനം

കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനമനസ്സുണർത്തി കെ. മുരളീധരൻ; ആർ.എംപി നേതാവ് കെ.കെ രമ, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, ശരത് ലാലിന്റെ പിതാവ് സത്യൻ, കൃപേഷിന്റെ പിതാവ് കൃഷ്ണൻ എന്നിവരെല്ലാം മുരളിയുടെ പ്രചാരണത്തിനെത്തി; വടകരയിലെ എംപിയെ കാണാൻ ജയിലിൽ വരേണ്ടതില്ലെന്ന് പ്രഖ്യാപനത്തിന് കൈയടി; ഹരിത പതാക വീശി മുരളിക്ക് എവിടെയും ലീഗിന്റെ താങ്ങ്; കത്തുന്ന വേനൽ ചൂടിലും തളരാതെ കൊലപാത രാഷ്ട്രീയം ചർച്ചയാക്കി കെ മുരളീധരന്റെ പര്യടനം

സജീവൻ വടക്കുമ്പാട്

വടകര: സിപിഎമ്മുകാർ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീർവാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പര്യടനം. കഴിഞ്ഞ ദിവസം 'പേരാമ്പ്ര നിയോജക മണ്ഡലത്തിലായിരുന്നു മുരളിയുടെ ആദ്യ പര്യടനം . നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് വച്ചായിരുന്നു മൂന്നാം ഘട്ട പര്യടനത്തിന്റെ തുടക്കം. കാലത്ത് 8 മണിക്ക് തന്നെ അനൗസ്മെന്റ് വാഹനം കടന്നു വന്നു.കടത്തനാടിന്റെ വിര നായകൻ കെ.മുരളീധരൻ ഈ വാഹനത്തിന് പിന്നാലെ കടന്ന് വരുന്നു.

അമ്മമാരുടെയും ഉമ്മമാരുടെയും കണ്ണീർ ഇനിയും ഇവിടെ ഒഴുക്കാതിരിക്കാൻ നമുടെ പ്രിയങ്കരനായ സാരഥി ഇതാ ... തൊട്ട് പിന്നാലെ പൈലറ്റ് വാഹനത്തിൽ നേതാക്കൾ. തൊട്ട് പിന്നിലെ ഇന്നോവാ കാറിൽ മുരളിയും തന്റെ പിഎ ഗിരീഷും എത്തി. പ്രാദേശിക നേതാക്കളുടെ ചെറു പ്രസംഗത്തിന് ശേഷം മുരളിയുടെ ഊഴം. നാടിന്റെ സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് യു.ഡി.എഫ് വോട്ടഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ജയിപ്പിച്ചാൽ എംപിയെ കാണാൻ ജയിലിൽ വരേണ്ടി വരില്ല. താലൂക്ക് മാറുന്നതിനനുസരിച്ച് സിപിഎമ്മിന്റെ നയവും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചാത്തോത്ത് താഴയിലായിരുന്നു അടുത്ത സ്വീകരണം. സ്ഥാനാർത്ഥിയെ കാണാൻ പഴയ തലമുറയിലെ ഒട്ടേറെ പേർ എത്തിയിരുന്നു. അവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മരുതേരിയിലെ കുടുംബസംഗമത്തിലേക്ക്. യാത്രക്കിടെ പഴയകാല കോൺഗ്രസ് നേതാവ് പുറ്റാട്ടെ ടി. കണാരൻ മാസ്റ്ററുടെ വീട്ടിലെത്തി അൽപസമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. കോടേരിച്ചാലിലെ കുടുംബസംഗമ വേദിയിലേക്ക് സ്ഥാനാർത്ഥിയെത്തുമ്പോൾ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി. ശങ്കരൻ മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ അക്കമിട്ട് നിരത്തി കത്തിക്കയറുകയായിരുന്നു. മുരളീധരനെ കണ്ടപ്പോൾ അദ്ദേഹം പ്രസംഗം നിർത്തി. സ്ഥാനാർത്ഥിയുടെ പ്രസംഗം വേഗം പൂർത്തിയാക്കി പേരാമ്പ്രയിലേക്ക്.

കോൺഗ്രസ് സേവാദളിന്റെ അഭിഭാഷക വിഭാഗമായ ബി.എൻ.എസ്.എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗമായിരുന്നു അവിടെ. വേദിയിലുണ്ടായിരുന്ന ആർ.എംപി നേതാവ് കെ.കെ രമയുടെ അടുത്തേക്കാണ് ആദ്യം പോയത്. രമയുമായി സംസാരിക്കുന്നതിനിടെ എടയന്നൂരിലെ ഷുഹൈബിന്റെ പിതാവ് മുഹമ്മദും അവിടേക്കെത്തി. കുശലാന്വേഷണത്തിന് ശേഷം 15 മിനുട്ട് പ്രസംഗം. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകാനായി കാറിൽ കയറുന്നതിനിടെ പെരിയയിലെ ശരത് ലാലിന്റെ പിതാവ് സത്യനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമെത്തി. രണ്ടു പേരോടും സംസാരിച്ച ശേഷം യാത്ര തുടർന്നു. പന്നിക്കോട്ടൂർ, മുതുകാട്, ചക്കിട്ടപാറ, നരിനട എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിൽ പങ്കെടുത്ത ശേഷം നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ചെമ്പനോടയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ എസ്.കെ അസൈനാർ, പി.ജെ തോമസ്, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, രാജൻ മരുതേരി, ടി.കെ ഇബ്രാഹിം, പി.പി രാമകൃഷ്ണൻ, കെ.കെ വിനോദൻ, പി.കെ രാഗേഷ്, എം.കെ അബ്ദുറഹിമാൻ,രാജൻ വർക്കി, ബേബി കാപ്പുകാട്ടിൽ, കെ .എ ജോസ് കുട്ടി, ജിതേഷ് മുതുകാട്, പി.എം പ്രകാശൻ, പുതുക്കുടി അബ്ദുറഹിമാൻ, ബാബു തത്തക്കാടൻ എന്നിവർ പ്രസംഗിച്ചുകോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം.തുടർന്ന് അല്പം വിശ്രമത്തിന് ശേഷം നേരെ രക്തസാക്ഷികളുടെ രക്തം വീണ് ചുവന്ന കുത്തുപറമ്പിലേക്ക് .മീനചൂടിലും തളരാത്ത ആവേശമായി ജനമനസ്സ് കീഴടക്കി മുരളീധരൻ ചുവന്ന മണ്ണിലും നെഞ്ച് വിരിച്ചു. സി പി എമ്മിന്റെ സ്വാധീന മേഖലകളിലും മുരളിധരനെ വരവേൽക്കാൻ മുരളീധരനെ കേൾക്കാൻ മൂവർണ്ണ കൊടിയും ഹരിത കൊടിയും വാനിലുയർത്തി യുവാക്കൾ ഉൾപ്പടെയുള്ളവരുടെ നിറഞ്ഞ സാന്നിധ്യം കാണാമയിരുന്നു.

കൂത്ത്പറമ്പ് നഗരസഭയിലെ പര്യടനം മൂര്യാട് നിന്നാണ് തുടങ്ങിയത്. പാത്തിപ്പലം,വള്ള്യായി പ്രിയദർശിനി, ശ്രീനാ യണ വിലാസം,പന്നി യോറ, മലബാറിലെ രാഷ്ട്രീയ കാരണവരും മദ്രാസ് പാർലിമെന്റിൽ ലീഗ് പാർട്ടി ലീഡറുുമായ കോട്ടാൽ ഉപ്പി സാഹിബിന്റെ ജന്മദേശമായ കോട്ടയം അങ്ങാടിയിലും പര്യടനം നടത്തി മൊകേരി കടേപ്രത്ത് സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പാനൂർ നഗരസഭ അധ്യക്ഷ കെ വി റംല ടീച്ചർ, സന്തോഷ് കണ്ണം വള്ളി ,സി കെ മുഹമ്മദലി, സി വി എ ജലീൽ മാസ്റ്റർ, കൃഷ്ണകുമാരി പട്ടേരി, പി സി സതീഷൻ തുടങ്ങിയവർ സംസാരിച്ചു. യൂ ഡി എഫ് മണ്ഡലം ചെയർമാൻ പൊട്ടങ്കണ്ടിഅബ്ദുള്ള, കൺവീനർ വി സുരേന്ദ്രൻ മാസ്റ്റർ, വി നാസർ മാസ്റ്റർ, കെ വി അബൂട്ടി ഹാജി, കെ പി സാജു, പി കെ ഷാഹുൽ ഹമീദ്,ഹരിദാസ് മൊകേരി, പി എ സലാം, ടി സി മുഹമ്മദ്, സലാം മൂര്യാട്, പി പി ഹനീഫ, നൗഷാദ് പാറാൽ, സിദ്ധീഖ് പാറാൽ, യൂ വി റിയാസ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഒന്നാം വിഷു ദിനമായിട്ടും പാനൂർ മേഖലയിൽ വൻ ജനകൂട്ടം തന്നെ .മുസ്ലിം ലീഗ് പ്രവർത്തകർ ഹരിത പതാക വിശി ബൈക്കുകളിൽ പ്രകടനമായെത്തി സ്ഥാനാർത്ഥിക്ക് ആവേശം നൽകി

വിഷുദിനത്തിൽ രാവിലെ എട്ട് മണിക്ക് വടകര ലോകനാർ കാവിൽ കുടുംബ സമേതം ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ തുടർന്ന് മണ്ഡലത്തിലെ പ്രമുഖ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. മുരളി ഇപ്പോൾ താമസിക്കുന്ന വടകര കൈനാട്ടിയിലെ വീട്ടിൽ നിന്ന് പുലർച്ചെ വിഷു കണ്ണി കണ്ട ശേഷമാണ് ലോകനാർ കാവിലേക്ക് പോയത്. ഉച്ചക്ക് വീട്ടിലെത്തി വിഷു സദ്യ കഴിച്ച ശേഷം പേരാമ്പ്ര കല്ലൂക്കാവ് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് നാദാപുരം മണ്ഡലത്തിലെ മൂന്ന് കുടുംബ യോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.വൈകിട്ട് പാറക്കടവിൽ നടക്കുന്ന റോഡ് ഷോയിലും പങ്കെടുത്താണ് സ്ഥാനാർത്ഥിയുടെ വിഷു ദിനം കടന്നുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP