Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലക്കിനെ പ്രശംസിച്ച് പരമോന്നത കോടതി; തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരം തിരികെ നേടിയെന്ന് സുപ്രീംകോടതി; പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടിയിൽ കോടതിക്ക് തൃപ്തി; പ്രചരണ വിലക്കിനെതിരെ മായാവതി നൽകിയ ഹർജിയും തള്ളി

വിലക്കിനെ പ്രശംസിച്ച് പരമോന്നത കോടതി; തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരം തിരികെ നേടിയെന്ന് സുപ്രീംകോടതി; പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടിയിൽ കോടതിക്ക് തൃപ്തി; പ്രചരണ വിലക്കിനെതിരെ മായാവതി നൽകിയ ഹർജിയും തള്ളി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ഒടുവിൽ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണർന്നു പ്രവർത്തിച്ചു എന്നാണ് നടപടി അംഗീകരിച്ചു കൊണ്ട് കോടതി വ്യക്തമാക്കിയത്.

അനാവശ്യ പ്രസ്താവനകൾ നടത്തി വിവാദം സൃഷ്ടിച്ച ബിഎസ് പി അധ്യക്ഷ മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, കേന്ദ്രമന്ത്രി മനേക ഗാന്ധി, സമാജ് വാദി നേതാവ് അസം ഖാൻ എന്നിവരെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടും ഇലക്ഷൻ കമ്മീഷൻ മൗനം പാലിക്കുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നായിരുന്നു നടപടി.

പ്രചാരണ വിലക്കിനെതിരെ ബിഎസ് പി അധ്യക്ഷ മായാവതി ഹർജി നൽകുകയായിരുന്നു. എന്നാൽ മായാവതിയുടെ ഹർജി തള്ളിയ സുപ്രീംകോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

'ഒടുവിൽ നിങ്ങളുടെ അധികാരം എന്താണെന്ന് നിങ്ങൾ മനസിലാക്കിയെന്ന് തോന്നുന്നു. നിങ്ങളുടെ അധികാരം തിരികെ നേടിയെടുത്തിരിക്കുന്നു.. ഇപ്പോൾ നിങ്ങൾ അധികാരമില്ലാത്തവരായി തോന്നുന്നില്ല'എന്നാണ് ഇലക്ഷൻ കമ്മീഷൻ നടപടികൾ ശരിവച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചത്.

മുസ്ലിംലീഗിനെതിരെ 'വൈറസ്' പരാമർശം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തിൽ നിന്നും മൂന്നു ദിവസത്തേക്കാണ് (71 മണിക്കൂർ) കമ്മിഷൻ വിലക്കേർപ്പെടുത്തിയത്. സൈന്യത്തെ മോദിയുടെ സേനയെന്നും പ്രചാരണത്തിനിടെ യോഗി പരാമാർശിച്ചിരുന്നു. വിദ്വേഷപ്രസംഗം നടത്തിയതിന് ബി.എസ്‌പി അധ്യക്ഷ മായാവതി പ്രചാരണത്തിൽ നിന്നും 48 മണിക്കൂർ വിട്ടു നിൽക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കോൺഗ്രസിന് വോട്ടു ചെയ്ത് വോട്ടുകൾ വിഘടിപ്പിക്കാതെ ബി.എസ്‌പി-എസ്‌പി സഖ്യത്തിന് വോട്ടു നൽകാൻ സംസ്ഥാനത്തെ മുസ്ലിം വോട്ടർമാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷൻ നടപടിയെടുത്തത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് രണ്ട് ദിവസവും എസ്‌പി നേതാവ് അസംഖാന് മൂന്ന് ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തനിക്കു വോട്ടു ചെയ്തില്ലെങ്കിൽ മുസ്ലീങ്ങൾ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാൽ പരിഗണിക്കില്ലെന്ന പരാമർശത്തിലാണ് മനേകാ ഗാന്ധിക്കെതിരെ നടപടി എടുത്തത്.

'ഇത് സുപ്രധാനമാണ്. ഞാൻ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് ഞാൻ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കിൽ, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങൾ കുറച്ചുകൂടി പ്രശ്‌നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാൽ, എന്തിന് വന്നെന്ന് ഞാൻ കരുതും. എല്ലാം കൊടുക്കൽ വാങ്ങൽ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ' എന്നായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പരാമർശം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ കൂടിനിന്ന മുസ്ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തിൽ സംസാരിച്ചത്.

ബിജെപി സ്ഥാനാർത്ഥി ജയപ്രദക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് അസംഖാനെതിരെ നടപടി എടുത്തത്. രാഷ്ട്രീയം ഇത്രത്തോളം തരം താഴുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. പത്ത് വർഷക്കാലം ആ വ്യക്തി രാംപുരിന്റെ രക്തം ഊറ്റിക്കുടിച്ചു..ഞാനാണ് അയാളെ കൈപിടിച്ച് രാംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ ഓരോ തെരുവും അവർക്ക് പരിചിതമാക്കിയത്.. ആരും അവരെ തൊടാനോ മോശം വാക്കുകൾ പറയാനോ ഞാൻ അനുവദിച്ചിരുന്നില്ല.. ആ വ്യക്തിയെ പത്ത് വർഷം നിങ്ങളുടെ പ്രതിനിധിയാക്കി.. പക്ഷെ ആ വ്യക്തിയുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾ 17 വർഷമെടുത്തു. എന്നാൽ അവരുടെ ഉള്ളിൽ കാക്കി അടിവസ്ത്രമാണുള്ളതെന്ന് ഞാൻ 17 ദിവസങ്ങൾ കൊണ്ട് തന്നെ മനസിലാക്കി'. എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമർശം

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തെരഞ്ഞടുപ്പ് കമ്മിഷനെ വിമർശിച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായാൽ നോട്ടീസ് നൽകാനും മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുമുള്ള പരിമിത അധികാരം മാത്രമെ തങ്ങൾക്കുള്ളൂവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനു പരാതി നൽകാമെന്നതിൽ കവിഞ്ഞ് വ്യക്തികളെ അയോഗ്യരാക്കാൻ അധികാരമില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ കമ്മീഷന് എന്തൊക്കെ അധികരങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ പ്രചരണത്തിൽ നിന്നും വിലക്കി ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP