Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാലും മമ്മൂട്ടിയും മലയാള സിനിമയിൽ അനിവാര്യം: ആഷിഖ്‌ അബു

ലാലും മമ്മൂട്ടിയും മലയാള സിനിമയിൽ അനിവാര്യം: ആഷിഖ്‌ അബു

മലയാള സിനിമയിലെ പുതുവസന്തത്തിന്റെ പ്രതീക്ഷകളിൽ ഒരിക്കൽ കൂടി ആഷിഖ് അബുവെന്ന സംവിധായകൻ തന്റെ സാന്നിധ്യമുറപ്പിച്ചിരിക്കുന്നു. സോൾട്ട് ആൻഡ് പെപ്പറിനു ശേഷം 22 ഫീമെയിലെത്തി നിൽകുമ്പോൾ ധീരമായ ഇടപെടലുകൾക്കൊപ്പം മലയാള സിനിമയിലെ ചുവരെഴുത്തുകൾ മാറ്റി മറിച്ച് ആത്മാർത്ഥയുടെ സത്യസന്ധയുടെ പുതിയ സ്വരം കേൾപ്പിക്കാൻ ഈ സംവിധായക പ്രതിഭയ്ക്കാകുന്നു.


കെട്ടുകാഴ്ച്ചകളിൽ മുങ്ങിയ പുതിയ തലമുറയുടെ സിനിമാ ആസ്വാദനത്തെ ഗൗരവമായി ചർച്ചകളിലേക്ക് വഴിതിരിച്ചുവിടാൻ 22 ഫീമെയിലിലുടെ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

സിനിമയെന്ന മാദ്ധ്യമം കച്ചവടത്തിനപ്പുറം ജനകീയ സംവാദങ്ങളുടെ വേദിയാണെന്നും ഇടപെടലുകളുടെ മാർഗമാണെന്നും അതേ വാണിജ്യസിനിമയുടെ തട്ടകത്തിൽ നിന്നുകൊണ്ട് പറയാനുള്ള തന്റേടമാണ് ഈ സംവിധായകനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെയാണ്
യുവതലമുറയിൽനിന്ന് കുടുംബ പ്രേക്ഷകരില്ലേക്കും 22 ഫീമെയിൽ ചർച്ചയാകുന്നതും എല്ലാംകൊണ്ടും സിനിമ വിജയമെന്ന് അവകാശപ്പെടാനാകുന്നതും.

ഗൗരവമായ വിഷയം അവതരിപ്പിച്ചത് കൊണ്ട് മാത്രം നല്ല സിനിമയാകുന്നില്ല അത് ജനങ്ങൾ സ്വീകരിക്കുമ്പോഴാണ സിനിമ മികച്ചതാവുകയെന്ന് 22 ഫീമെയിൽ തെളിയിക്കുന്നു. ഫെസ്റ്റിവൽ ചിത്രങ്ങളുടെ ജാഡകളും ഗിമ്മിക്കുകളുമില്ലാതെ പ്രേക്ഷകന്റെ ആസ്വാദനത്തിന് തടയിടാതെ 22 ഫീമെയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ബോക്‌സോഫീസിലും വിഷു ചിത്രങ്ങിൽ മുന്നിൽ തന്നെയാണ് 22 ഫീമെയിൽ. ചിത്രം തിയേറ്ററുകളില്ലെത്തി രണ്ടാം വാരം പിന്നിടുമ്പോൾ 22 ഫീമെയിലിന്റ വിജയത്തെ കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെ കുറിച്ചും ആഷിഖ് അബു മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

  • മലയാള സിനിമയിൽ ഇത്ര ഗൗരവമായ വിഷയങ്ങൾ പറയാൻ ആരും ധൈര്യപെടാറില്ല എന്നാണ് പല നിരൂപണങ്ങളും പറയുന്നത് അത്തരത്തിലൊരു വെല്ലുവിളി 22 ഫീമെയിൽ കോട്ടയത്തിൽ ഉണ്ടായിരുന്നോ?

ഞാൻ കൊമേസ്യൽ സിനിമയെടുക്കുന്ന സംവിധായകനാണ്. ഗൗരവമേറിയ വിഷയം പറഞ്ഞത് കൊണ്ട് സിനിമയെടുക്കുന്നത് വെല്ലുവിളിയാകുന്നില്ല, മറിച്ച് സിനിമയെ പ്രേക്ഷകർ സ്വികരിക്കുക എന്ന ആസ്വദനതലത്തിലേക്ക് വിഷയം അവതരിപ്പിക്കുന്നത് വെല്ലുവിളി തന്നെയാണ്. എല്ലാ ചിത്രങ്ങളും അങ്ങിനെയൊരു ചലഞ്ചായാണ് ഏറ്റെടുത്തത്. മലയാള സിനിമാ പ്രേക്ഷകർ ഇങ്ങിനെയൊക്കെയാണ് എന്ന് മുൻവിധി ഇപ്പോഴുമുണ്ട്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. എത്രയോ നല്ല ചിത്രങ്ങൾ മലയാളത്തിലുണ്ടായിരിക്കുന്നു. അത്തരത്തിൽ 22 ഫീമെയിലും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ഇന്നലെവരെ പ്രേക്ഷകർ അംഗീകരിച്ച സിനിമാ ഗോഥയിലാണ് പുതിയ പരീക്ഷണം. അത് ഒരു വെല്ലുവിളിയായി തോന്നിയട്ടുണ്ട്.

  • ഒരു സ്ത്രീപക്ഷ സിനിമയെടുക്കുക അത് പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന ഭയം ഉണ്ടായിരുന്നില്ലേ?

സ്ത്രീപക്ഷ സിനിമയെ പ്രേക്ഷകരേറ്റെടുക്കുമോ എന്ന ഭയമൊന്നും ഉണ്ടായിരുന്നില്ല. അത്തരംമൊരു ഭയത്തിന്റെ ആവശ്യമില്ല. പക്ഷെ ഓവർഡോസ് സബജറ്റാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന ബോധ്യമുണ്ടായിരുന്നു.. ഒരു ഫീമെയിൽ ഫൈറ്ററുടെ ചിത്രം കുറേ കാലമായി മനസിലുണ്ട് അത്തരമൊരു കഥയും സാഹചര്യവുമൊത്തുവന്നപ്പോൾ 22 ഫീമെയിൽ സത്രീ ഇടപെലിന്റെ സിനിമയായി മാറി. അത് പറയാൻ ജനങ്ങൾ അംഗീകരിച്ച സിനിമാ ശൈലികൾ തന്നെയാണ് ഉപയോഗിച്ചത്. വിഷയം ഓവർഡോസായത് കൊണ്ട് ഫെസ്റ്റിവൽ ജാഡകളൊന്നും ചിത്രത്തിൽ ചേർത്തിട്ടില്ല.

  • സിനിമയുടെ വിജയം ഏത് തരത്തിലാണ് വിലയിരുത്തുന്നത്. ഇത്തരം ഓവർഡോസ് വിഷയങ്ങൾ പ്രേക്ഷകർ അംഗീകരിക്കുന്നു എന്ന രീതിയിലാണോ?

ഒരു കൊമേഴ്‌സ്യൽ സംവിധായകനാണ് ഞാനെന്ന് വീണ്ടും ആവർത്തിക്കട്ടേ. എന്റെ വഴി അതാണ്. അവിടെ നല്ല സിനിമകൾ ഉണ്ടാവുക എന്നതാണ് ലക്ഷ്യം. അതിനായി അത്തരമൊരു സാഹചര്യം കൂടി ഒത്തുവരണം. ഈ സാഹചര്യത്തെ മുതലെടുത്ത് കൂടിയാണ് ഗൗരവമായ വിഷയം ജനങ്ങളിലേക്കെത്തിക്കുന്നത്. അത് കൊമേഴ്‌സ്യൽ സാധ്യതകൾ കുടി കണക്കാക്കിയാണ്. ആ അവസരത്തെ 22 ഫീമെയിൽ ഉപയോഗപ്പെടുത്തി അത് കൊണ്ടാണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്.

  • കൊമേഴ്‌സ്യൽ സംവിധായകനെനെ്ന് പറയുമ്പോൾ ?

ഞാൻ സൂചിപ്പിച്ചത് മലയാള സിനിമകളെ രണ്ടായി തരംതിരിച്ച് കാലാമൂല്യമുള്ള പടങ്ങളെ മാറ്റി നിർത്തുന്ന പ്രവണതയുണ്ട്. കൊമേഴ്‌സ്യൽ സിനിമകൾ കലാമൂല്യമുള്ള സിനിമകളല്ല എന്നതരത്തിലേക്കാണ് അത്തരം പ്രചരണം. അത് നല്ല സിനിമകൾക്കാണ് ദോഷം ചെയ്യുക. പ്രേക്ഷകർ കാണാത്ത നല്ല സിനിമകൾ ഉണ്ടായിട്ട് കാര്യമില്ല. നല്ല സിനിമകളെന്നും ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതിനായിരിക്കണം. ഞാൻ നല്ല സിനിമകളുകൊേെമഴ്‌സ്യൽ സംവിധായകനാണ് എന്നാണ് പറയുന്നത്. വിഷുവിനാണ് 22 ഫീമെയിൽ തിയേറ്ററുകളിലെത്തിയത്. മറ്റ് ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് നല്ല കളക്ഷനാണ് നേടാൻ കഴിഞ്ഞത്. 33 സെന്ററുകളിലായി നിർമാതാവ് മാത്രം 53 ലക്ഷം നേടികൊടുക്കാൻ കഴിഞ്ഞു. ചിത്രത്തിന്റ വിതരണക്കാർ തൃപ്തരാണ,് തിയേറ്ററുകാർ തൃപ്തരാണ്. നിർമാതാവും സന്തോഷത്തിലാണ.് അങ്ങിനെ എല്ലാതലത്തിലും സിനിമയുടെ ഭാഗമായവർ തൃപ്ത്തരായാലല്ലേ ചിത്രം വിജയമാകൂ. അല്ലാതെ അവതരിപ്പിച്ച വിഷയം കൊള്ളാം നിർമാതാവ് വിതരണക്കാരനും കുത്തുപാളയെടുത്താൽ എങ്ങിനെയാണ് നല്ല സിനിമയെന്ന് പറയാൻ കഴിയുക. അതുകൊണ്ട് ജനങ്ങളേറ്റെടുക്കുന്ന സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവർക്കൊപ്പം നിൽക്കുന്ന അവരുടെ മനസറിയുന്ന സംവിധായകനാകണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്.

  • അന്തർദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട പല സിനിമകളും കൊമേഴ്‌സ്യൽ പരാജയമായിരുന്നു? അത്തരം സിനിമകൾ നല്ല സിനിമകൾ അല്ല എന്നാണോ?

നല്ല സിനിമകൾ മലയാളത്തിലുണ്ടായിട്ട് അതൊക്കെ ജനങ്ങൾ വിജയിപ്പിച്ച സിനിമയായിരുന്നു. എന്നാൽ ക്വാളിറ്റിയുള്ള സിനിമകൾ പലപ്പോഴും ക്ലാസ് തിരിച്ച് മാറ്റിനിർത്തപ്പെടുന്നു. നിലവാരുമള്ള സിനിമകളെ മാറ്റി സൈഡാക്കുന്ന പ്രവണത ഉണ്ടായിരുന്നു. അതുകൊണ്ടാണ് അന്തർദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട സിനിമകൾ പ്രേക്ഷകരില്ലെത്താതെ പോയത്. അല്ലാതെ പ്രേക്ഷകർ മാറ്റി നിർത്തുന്നത് അപൂർവ്വമാണ്. നിലവാരമുള്ള ചിത്രങ്ങളെ അങ്ങിനെ മാറ്റിനിർത്തുന്നത്തേണ്ട ആവശ്യമില്ല. ഭൂമിയിൽ നിന്നുകൊണ്ട് പറയുക. എന്നതും സിനിമയിൽ പ്രധാനപ്പെട്ടതുതന്നെയാണ്.

  • ന്യൂജനറേഷൻ സിനിമകൾക്കെതിരെയും പല തലത്തിലുള്ള വിമർശനങ്ങൾ ഉയരുന്നില്ലേ?

ന്യൂജനറേഷൻ സിനിമകളിലെ വെടിയും ഇടിയും പുകയുമൊക്കെ വിമർശിക്കുന്ന ആളുകളും കുറവല്ല, അതിന്റെ പേരിൽ സൈഡ്‌ലൈൻ ചെയ്യപ്പെടുന്നില്ല. ആ വിമർശനങ്ങൾക്കൊപ്പം പ്രേക്ഷകർക്കിടയിലാണ് പുതിയ തലമുറ സിനിമകൾ ഇടം പിടിക്കുന്നത്.

  • ഫെസ്റ്റിവൽ ജാഡകൾ ഇല്ലാത്ത സിനിമയെന്ന് ഉദ്ദേശിച്ചത്?

ഓവർഡോസായ ഒരു വിഷയം അവതരിപ്പിക്കാൻ അത് ഗൗരവമാണെന്ന് ബോധ്യപ്പെടുത്താൻ അതിഗൗരവായി തന്നെ അവതരിപ്പിക്കേണ്ട ആവശ്യമില്ല. സിനിമയിൽ നമ്മുടെ പൂർവികർ കാണിച്ചുതന്ന പ്രേക്ഷകർ സ്വികരിച്ച വഴികൾ തന്നെയാണ് 22 ഫീമെയിലും ഉപയോഗിച്ചത്. ഒരിക്കലും പ്രേക്ഷകരുടെ ആസ്വാദനത്തെ തടഞ്ഞ് കൊണ്ടുള്ള ഒരു രീതി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. പഴഞ്ചൻ രീതികളെന്ന് വിമർശിക്കുമ്പോഴും ഫ്‌ളാഷ്ബാക് സിനിമയുടെ മുഖ്യഘടകമാകുന്നതും. പ്രേക്ഷകരുടെ സ്വീകര്യതയാണ് സിനിമയുടെ വിജയം. അതിനാൽ ചില രീതികൾ പഴഞ്ചനായിരിക്കാം. പക്ഷെ മറിച്ചുള്ള പരീക്ഷണങ്ങൾ പ്രേക്ഷരുമായുളള സംവാദത്തിന് തടസമാകുന്നുണ്ട്.

  • പുതിയ സിനിമകളുടെ വിജയത്തിൽ എടുത്തു പറയുന്ന പ്രത്യേകത സുപ്പർതാരങ്ങളില്ല എന്നതാണ്? അവരൊക്കെ മാറി നിൽക്കേണ്ട കാലം കഴിഞ്ഞു എന്ന അഭിപ്രായം ന്യൂജനറേഷൻ സിനിമകളുടെ വിജയത്തിനൊപ്പം ചർച്ചകൾ ഉയരുന്നുണ്ട്, അത്തരത്തിലൊരു ചർച്ചകളോട് എന്താണ് പ്രതീകരണം.

അത്തരമൊരു ചർച്ചകളോ സിനിമാരംഗത്ത് ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ്. പഴയ ആളുകളെ പുതിയ സിനിമകളിലേക്ക് അടുപ്പിക്കുകയാണ് 22 ഫീമെയിൽ ചെയ്തത്. ലാലും മമ്മൂട്ടിയുമൊക്കെ നടന്മാരായിട്ടാണ് സൂപ്പർ സ്റ്റാറുകളായത്. മലയാളത്തിന് എത്രയോ നല്ല സിനിമകൾ സമ്മാനിച്ചവരാണ് ലാലും മമ്മൂട്ടിയും. അവരുടെ കുഴപ്പമാണ് മലയാള സിനിമയുടെ പ്രശ്‌നമെന്നുള്ള ചർച്ചകൾ തന്നെ ശരിയല്ല. നല്ല സിനിമകൾക്ക് വേണ്ടി ഏക്കാലത്തും നിലകൊണ്ടവർ തന്നെയാണ് ഇരുവരും. പക്ഷെ അവരെ സമീപിക്കുന്നവർ മുൻധാരണകളുമായിട്ടാണ്. ലാലിനും മമ്മൂട്ടിക്കുമൊക്കെ ഇത്തരം സിനിമകളേ ചെയ്യാൻ കഴിയൂ, അതേ വിജയിക്കൂവെന്ന ധാരണ. അത്തരം കഥകളാണ് അവരെ തേടിയെത്തുന്നത്. അത് അവരുടെ കുഴപ്പമല്ല. മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തിരകഥാകൃത്തുക്കളും സംവിധായകരും തയ്യാറാകുന്നില്ല. നല്ല സിനിമകളുമായി ആരു ചെന്നാലും ലാലും മമ്മൂട്ടിയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്, അല്ലാതെ അവർ മാറി നിന്നാൽ സിനിമ രക്ഷപ്പെടുമെന്ന് പറയുന്നത് ശരിയല്ല.

  • പുതിയ കാലത്തിനനുസരിച്ച് മാറാൻ മലയാളത്തിലെ സംവിധായകരും തിരക്കഥാകൃത്തുക്കളും തയ്യാറാകത്തതാണോ അതോ നേരത്തെ സൂചിപ്പിച്ച കമേഴസ്യൽ നിലപാടുളളത് കൊണ്ടാണോ?

നിർമാതാവിന് നഷ്ടം വരാതിരിക്കുക എന്നത് പ്രധാനപ്പെട്ടതാകുമ്പോൾ തന്നെ പഴയകാലത്തിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. പലരും ഇത്തരമൊരു വാശിയിൽ തന്നെയാണ് സിനിമകളെ അഭിമുഖീകരിക്കുന്നത്. പുതിയ ശീലങ്ങളും കാഴ്ച്ചകളും മാറ്റിയാൽ കൊമേഴ്‌സല്യായി പരാജയമാകുമെന്ന മുൻ ധാരണകളാണ് ആദ്യം മാറ്റേണ്ടത്.

  • 22 ഫീമെയിലിന്റെ ചീത്രീകരണത്തിനിടയ്ക്ക് സിനിമയിൽ മാറ്റങ്ങൾ വരുത്തിയട്ടുണ്ടോ?

ഷൂട്ടിങ് തുടങ്ങിയതിനനുസരിച്ച് ഒരു ഒഴുക്കിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തുടങ്ങിയപ്പോഴേ ആ ഫ്രെയിമുകൾ ഇങ്ങനെയാകണം എന്ന ധാരണയിലല്ല നീങ്ങിയത്. ഒരോ ഘട്ടത്തിലും പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

  • സംവിധായകൻ ഭാരിച്ച ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം ചില്ലറപ്പോൾ ഭയമുണ്ടാക്കിയിരുന്നതായി റീമ കല്ലിങ്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു? സംവിധായകനെനെ്ന നിലയിൽ റീമയെ ഈ കഥാപാത്രം ഏൽപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നോ?

റീമയിലും ഫഹദിലും എല്ലാവർക്കും വിശ്വാസമായിരുന്നു. അവർക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ അവർ ഗംഭീരമാക്കുമെന്ന് വിശ്വാസം. അങ്ങിനെ തന്നെയായിരുന്നു എല്ലാവരിലും. ആ വിശ്വസത്തിലാണ് 22 ഫീമെയിൽ പൂർത്തികരിക്കപ്പെടുന്നത്. റീമയുടെയും ഫഹിദിന്റെയും കഴിവുകൾ നന്നായി തന്നെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു. സിനിമയുടെ വിജയത്തിൽ അവരുടെ പങ്കും എല്ലാവർക്കൊപ്പം മുന്നിൽ തന്നെയാണ്.

  • സിനിമയുടെ പ്രചരണത്തിനായി ഓൺലൈൻ കൂടുതൽ ഉപയോഗപ്പെടുത്തിയ സംവിധായകൻ കൂടിയാണ് താങ്കൾ?

യാതൊരു പണചിലവുമില്ലാതെ കൂടുതൽ പേരിലെത്തിക്കാൻ ഓൺലൈൻ പ്രചരണം സഹായിച്ചു. സോൾട്ട് ആന്റ് പെപ്പറും 22 ഫീമെയിലിന്റെയും മുഖ്യമായ പ്രചരണം ഓൺലൈൻ തന്നെയായിരുന്നു. അത് 100 ശതമാനം വിജയമായിരുന്നു. ഫേസ് ബുക്ക് ഉൾപ്പെടെയുള്ള ഓൺലൈൻ സാധ്യകളെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വരും കാലത്തിലെ പ്രചരണ മാദ്ധ്യമങ്ങൾ ഓൺലൈൻ മീഡിയകളും സോഷ്യൽ നെറ്റ് വർക്കുകളുമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

  • സിനിമയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം വരുന്നില്ലേ? യുവ തലമുറയാണോ കുടുതലും സിനിമയെ പിന്തുണയ്ക്കുന്നത് ?

ആദ്യ ദിവസങ്ങില്ലൊക്കെ തിയേറ്ററുകളിൽ യുവാക്കളായി രുന്നു.ഫോണിലൂടെയും ഫേസ് ബുക്കിലുടെയും അഭിപ്രായം പറഞ്ഞതും ബാച്ചിലേഴ്‌സായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ തിയേറ്ററുകളിൽ എല്ലാ തരക്കാരും എത്താൻ തുടങ്ങി. പടത്തിന് കിട്ടിയ മൗത്ത് പബ്ലിസിറ്റി ആദ്യം തുടങ്ങിയത് യൂത്തിന്റെ ഭാഗത്ത് നിന്നാണ്. ഇപ്പോൾ കുടുംബത്തോടെയാണ് 22 ഫീമെയിൽ കാണാനെത്തുന്നത്. 22 ഫീമെയിൽ മലയാളത്തിലെ എല്ലാതരം പ്രേക്ഷകരുടെയും ചിത്രമാണ്.

  • ചിത്രത്തിൽ നഴ്‌സുമാരെ മോശമായി ചിത്രീകരിച്ചുവെന്ന വിമർശനങ്ങൾ ഉണ്ടായിരുന്നല്ലോ?

ബാംഗ്ലൂരിൽ നിന്നും നാട്ടിലേയും ഒരപാട് നഴ്‌സുമാരായ സുഹൃത്തുക്കൾ വിളിച്ചിരുന്നു ആരും അങ്ങിനെ വിമർശിച്ചിട്ടില്ല. ചില കോണുകളിൽ നിന്ന് അത്തരമൊരു വിമർശനങ്ങൾ ഉയർന്നത് സിനിമ ഉയർത്തിയ വിഷയത്തെ തെറ്റായി വീക്ഷിച്ചത് കൊണ്ടാണ്.

  • അടുത്ത പ്രൊജക്ടറ്റുകൾ ?

മമ്മൂട്ടി നായകനാകുന്ന ദ ഗാങ്സ്റ്റർ ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രവർത്തനങ്ങളിലാണ്...

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP