Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രത്തിലെ നാമജപം കേട്ടപ്പോൾ പിണറായിക്കുണ്ടായ ഹാലിളക്കവും ഫ്യൂസ് ഊരലും വോട്ടാക്കി മാറ്റാൻ ബിജെപി; ശബരിമല വിഷയത്തിന് പിന്നാലെ മുടിപ്പുര ക്ഷേത്ര വിഷയത്തിലെ വൈകാരികത പരമാവധി മുതലെടുക്കാൻ മുഖ്യമന്ത്രിയുടെ കോപത്തിന്റെ ദൃശ്യങ്ങൾ സൈബർ ലോകത്തെ വ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാർ; കഴിഞ്ഞ തവണ കൊല്ലത്ത് എം എ ബേബിക്കുണ്ടായ ദുരവസ്ഥ തനിക്കും വരുമോ എന്നു പേടിച്ച് ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥി എ സമ്പത്തും

ക്ഷേത്രത്തിലെ നാമജപം കേട്ടപ്പോൾ പിണറായിക്കുണ്ടായ ഹാലിളക്കവും ഫ്യൂസ് ഊരലും വോട്ടാക്കി മാറ്റാൻ ബിജെപി; ശബരിമല വിഷയത്തിന് പിന്നാലെ മുടിപ്പുര ക്ഷേത്ര വിഷയത്തിലെ വൈകാരികത പരമാവധി മുതലെടുക്കാൻ മുഖ്യമന്ത്രിയുടെ കോപത്തിന്റെ ദൃശ്യങ്ങൾ സൈബർ ലോകത്തെ വ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാർ; കഴിഞ്ഞ തവണ കൊല്ലത്ത് എം എ ബേബിക്കുണ്ടായ ദുരവസ്ഥ തനിക്കും വരുമോ എന്നു പേടിച്ച് ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥി എ സമ്പത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയും മുടിപ്പുരയുമാകുമോ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ സിപിഎമ്മിനുള്ള വൈതരണികൾ? ശബരിമലയിൽ തട്ടി മുന്നോട്ടുള്ള പ്രചാരണം സിപിഎമ്മിന് അസാധ്യമായിരിക്കെയാണ് പ്രചാരണ വഴി തടസപ്പെടുത്തി മുടിപ്പുര ക്ഷേത്ര പ്രശ്‌നം കൂടി ഉയർന്നു വരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിനൊപ്പം മുടിപ്പുര ദേവീക്ഷേത്ര പ്രശ്‌നം കൂടി ആളിക്കത്തിക്കാൻ ആർഎസ്എസും ശബരിമല കർമ്മസമിതിയും കൂടി എടുത്ത രാഷ്ട്രീയ തീരുമാനമാണ് സിപിഎമ്മിന് മുന്നിൽ പുതിയ വൈതരണികൾ തീർക്കുന്നത്.

മുടിപ്പുര പ്രശ്‌നം വന്നതോടുകൂടി ഈ പ്രശ്‌നം പ്രചാരണ വിഷയമാക്കാനുള്ള നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് ആർഎസ്എസ് കൈമാറിയിട്ടുണ്ട്. ശബരിമല കർമ്മസമിതിയും ഈ വിഷയം ഉന്നയിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനവിഷയം പ്രചാരണ വഴികളിൽ സിപിഎമ്മിന് തന്നെ കല്ലുകടിയായി നിൽക്കുമ്പോഴാണ് മുടിപ്പുര ദേവീക്ഷേത്ര പ്രശ്‌നം ഉയർന്നുവരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയം മുന്നിൽ നിൽക്കുമ്പോൾ അതും പ്രചാരണങ്ങളുടെ അവസാന ലാപ്പിൽ മുടിപ്പുര പ്രശ്‌നം മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് സിപിഎമ്മിനുള്ളിലും ഇടതുമുന്നണിയിലും പൊതുവെയുള്ള സംസാരവും. .

ഇടത് സ്ഥാനാർത്ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കാട്ടാക്കടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ആകസ്മികമായി സംഭവങ്ങളുടെ തുടക്കമുണ്ടാകുന്നത്. ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന സിപിഎം നേതാക്കൾ സമീപത്തെ ക്ഷേത്രത്തിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാമജപം കേട്ടപ്പോൾ ക്ഷുഭിതനാകുന്ന പിണറായിയുടെ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യങ്ങളും പിണറായിയുടെ പ്രതികരണങ്ങളുമാണ് സിപിഎമ്മിനെതിരെ ആളിക്കത്തിക്കാൻ സംഘപരിവാർ സംഘടനകൾ ലക്ഷ്യം വയ്ക്കുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും സമ്പൂർണമായി ഹിന്ദു വിരുദ്ധർ എന്ന പ്രചാരണം ഊർജ്ജിതമാക്കാനാണ് ഈ പ്രശ്‌നങ്ങളുടെ വെളിച്ചത്തിൽ ആർഎസ്എസ് ലക്ഷ്യമാക്കുന്നത്. ഈ നിർദ്ദേശം താഴെത്തട്ടിലേക്ക് ആർഎസ്എസ് കൈമാറിയിട്ടുമുണ്ട്.

ശബരിമല പ്രശ്‌നത്തിൽ കേരളത്തിൽ സിപിഎമ്മിന് കാലിടറുകയാണ് എന്നാണ് നിലവിലെ അഭിപ്രായസർവേ നൽകുന്ന സൂചനകൾ. അതിനു ശേഷമാണ് പുതുതായി മുടിപ്പുര പ്രശ്‌നം കൂടി ഉദയം ചെയ്യുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എൻ.കെ.പ്രേമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ പരനാറി പ്രയോഗമാണ് കൊല്ലത്ത് എം.എ.ബേബിയുടെ തകർച്ച പൂർണമാക്കിയത്. ഇപ്പോൾ ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെ കടുത്ത മത്സരം സമ്പത്ത് നേരിടുമ്പോഴാണ് മുടിപ്പുര പ്രശ്‌നം കടന്നുവരുന്നത്. നാമജപത്തെ വെറുപ്പോടെ കാണുന്ന സിപിഎമ്മിന് വോട്ടു ചെയ്യണോ എന്ന രീതിയിൽ ശബരിമല കർമ്മസമിതി പ്രചാരണം വന്നാൽ അത് സ്വാധീനിക്കുക എ.സമ്പത്തിന്റെ വിജയസാധ്യതകളെ ആയിരിക്കും. അതുകൊണ്ട് തന്നെ മുടിപ്പുര സംഭവത്തിനു ശേഷം ആറ്റിങ്ങലിൽ സമ്പത്ത് ആശങ്കാകുലനാണ് എന്നാണ് വരുന്ന വാർത്തകൾ.

നാമജപം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായതോടെ തലവേദന വന്നത് സിപിഎമ്മിന്റെ പ്രചാരണം നയിക്കുന്നവർക്കും പ്രസംഗം നടത്തുന്നവർക്കുമാണ്. പൂർണ ഹിന്ദു വിരുദ്ധത തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ല എന്ന് തന്നെയാണ് ഇടത് കേന്ദ്രങ്ങളുടെ, പൊതുവെ സിപിഎം നേതാക്കളുടെ വിലയിരുത്തൽ. ഹിന്ദു പാർട്ടി എന്ന ഇമേജിലാണ് കേരളാ സംസ്ഥാന രൂപീകരണം കഴിഞ്ഞത് മുതൽ സിപിഎം പ്രചാരണത്തിനെത്തുന്നത്. ബിജെപിയെ എതിർക്കുക, ഹിന്ദു വികാരങ്ങൾ വൃണപ്പെടുത്താതിരിക്കുക. ഈ നിലപാടാണ് സിപിഎമ്മിന് കേരളത്തിൽ മാക്‌സിമം എംഎൽഎമാരെ നേടിക്കൊടുത്തത്. ഏറ്റവും കൂടുതൽ ഹിന്ദു എംഎൽഎമാർ ഉള്ളതും സിപിഎമ്മിനാണ്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയം മുതൽ ശബരിമല യുവതീ പ്രവേശന വിഷയം വന്നത് മുതൽ സിപിഎമ്മിന്റെ ഈ ഹിന്ദു ഇമേജ് പൂർണമായി നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഹിന്ദു കാർഡ് നഷ്ടമായി സിപിഎം പ്രചാരണ രംഗത്ത് മുടന്തി മുടന്തി നീങ്ങുമ്പോഴാണ് ഓർക്കാപ്പുറത്ത് മുടിപ്പുര ദേവീക്ഷേത്ര പ്രശ്നം കൂടി ഉയർന്നുവരുന്നത്. ശബരിമല പ്രശ്നത്തിൽ കടുത്ത നടപടിയുമായി നീങ്ങിയ മുഖ്യമന്ത്രി തന്നെയാണ് ഹിന്ദു വിരോധം വീണ്ടും ആളിക്കത്തിക്കുന്ന വിധത്തിൽ കാട്ടാക്കടയിലും ക്ഷുഭിതനായത്. ബിജെപിയും ആർഎസ്എസും ഇതു പ്രചാരണ വിഷയം ആക്കാൻ തീരുമാനിച്ചതോടെ വീണ്ടും പ്രതിസന്ധി വന്നു പൊതിയുന്നത് സിപിഎമ്മിനെ തന്നെയാണ്. മൂന്നു മുതൽ അഞ്ചുവരെയുള്ള ലോക്‌സഭാ സീറ്റുകളാണ് വിവിധ അഭിപ്രായ സർവേകൾ സിപിഎമ്മിന് നൽകുന്നത്. ഇതേ സർവേകൾ ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും ഹിന്ദു വിരുദ്ധ ഇമേജുമായി വീണ്ടും മുഖ്യമന്ത്രി രംഗപ്രവേശം ചെയ്യുന്നത്. ഇത് പ്രചാരണ വഴിയിൽ സിപിഎമ്മിന്റെ മുന്നോട്ടുള്ള പോക്കിനെയാണ് പ്രതിസന്ധിയിൽ ആക്കുന്നത്. നഷ്ടപ്പെടുന്ന ഹിന്ദു വോട്ടുകൾക്ക് പകരം അത്രത്തോളം ന്യൂനപക്ഷ വോട്ടുകൾ കിട്ടുമെന്നുള്ള ഉറപ്പും സിപിഎമ്മിനില്ല. ഇതാണ് പ്രതിസന്ധി കൂടുതൽ കനത്തതാക്കുന്നത്.

ആചാരലംഘനത്തിന് കൂട്ടുനിന്നസർക്കാരെന്ന് പഴി കേൾക്കുന്നതിനിടയിലാണ് ഇപ്പോൾ പുതിയ സംഭവം. ആറ്റിങ്ങലിൽ ശക്തമായ മത്സരം നേരിടുന്ന സമ്പത്തിന് ഇത് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു ചർച്ച. ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നെ വലിയ ഭക്തരോഷമാണ് പിണറായി സർക്കാരിന് നേരിടേണ്ടി വന്നത്. പുതുവർഷത്തിന് തൊട്ടടുത്ത ദിവസം ആചാരലംഘനം നടത്തി യുവതികൾ സന്നിധാനത്ത് എത്തിയത് സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും നടന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയാകുന്നത് ശബരിമല വിഷയമാണ് എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രവർത്തി സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

ശബരിമല വിഷയത്തിൽ വലിയ വീഴ്ചും ഭക്തവികാരം വൃണപ്പെടുത്തി എന്ന് ആരോപണവും നേരിടുന്ന സർക്കാരിനെതിരെ ശക്തമായ വികാരമാണ് ബിജെപി ഉയർത്തുന്നത്. ഇത് തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാക്കി ബിജെപി ഉയർത്തുന്നുമുണ്ട്. ശബരിമല വിഷയത്തിൽ ജയിലിൽ ഉൾപ്പടെ കഴിയേണ്ടി വന്ന പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മണ്ഡലത്തിലെ ഭക്തരും സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരും നൽകുന്ന പിന്തുണയും സ്നേഹവും കണ്ടിട്ടും സിപിഎം നേരിടുന്ന അപകടം മുഖ്യമന്ത്രിക്ക് മനസ്സിലായില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP