Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് കാരണമായി ചിത്രീകരിക്കപ്പെടുന്ന ശനി, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം മാത്രം; ശുക്രനും വ്യാഴവും, പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വയുമൊക്കെ മറ്റു ഗ്രഹങ്ങൾ മാത്രം; ജനനം വിദ്യഭ്യാസം വിവാഹം സന്താനലബ്ധി രോഗം തുടങ്ങിയെല്ലാം ഇവയുടെ അപഹാരമാണെന്നു പറഞ്ഞു പരത്തുന്നവർ എന്തുമാത്രം അന്ധവിശ്വാസങ്ങളാണ് കുത്തി നിറക്കുന്നത്; ആകാശക്കാഴച്കൾക്കൊപ്പം ശാസ്ത്രബോധവും നിറച്ച് എസ്സൻസിന്റെ ഗ്ലോബലിന്റെ വാന നിരീക്ഷണ സായാഹ്നം

മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് കാരണമായി ചിത്രീകരിക്കപ്പെടുന്ന ശനി, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം മാത്രം; ശുക്രനും വ്യാഴവും, പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വയുമൊക്കെ മറ്റു ഗ്രഹങ്ങൾ മാത്രം; ജനനം വിദ്യഭ്യാസം വിവാഹം സന്താനലബ്ധി രോഗം  തുടങ്ങിയെല്ലാം ഇവയുടെ അപഹാരമാണെന്നു പറഞ്ഞു പരത്തുന്നവർ എന്തുമാത്രം അന്ധവിശ്വാസങ്ങളാണ് കുത്തി നിറക്കുന്നത്; ആകാശക്കാഴച്കൾക്കൊപ്പം ശാസ്ത്രബോധവും നിറച്ച് എസ്സൻസിന്റെ ഗ്ലോബലിന്റെ വാന നിരീക്ഷണ സായാഹ്നം

ശ്രീലേഖ ചന്ദ്രശേഖർ

തിരുവനന്തപുരം: നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം എത്രയോ മടങ്ങു വലിപ്പം ഉണ്ട് അതിന്. പകൽ സമയത്തു വെട്ടിത്തിളങ്ങുന്ന സൂര്യൻ, വെൺമേഘങ്ങൾ, മഴയെ വിളിച്ചു വരുത്തുന്ന കാർമേഘങ്ങൾ, അറച്ചറച്ചു എത്തിനോക്കുന്ന ചന്ദ്രക്കല, രാത്രിയായാലോ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ, താരാപഥങ്ങൾ, നക്ഷത്രങ്ങളുടെ ഗർഭഗൃഹമായ നെബുലകൾ, ഗാലക്സികൾ, വെണ്ണിലാവ് പൊഴിക്കുന്ന ചന്ദ്രൻ, അങ്ങനെ എന്തെല്ലാം. ഇതിനെക്കുറിച്ചെല്ലാം അറിയാനും പഠിക്കാനും ആഗ്രഹിക്കാത്തവരുണ്ടോ.

അങ്ങനെ പ്രപഞ്ചരഹസ്യം അറിയാൻ ആഗ്രഹിക്കുന്നവർക്കായി ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ അമേച്വർ അസ്ട്രോണമറും, ഓഡിയോ എഞ്ചിനീയറും ശാസ്ത്ര പ്രഭാഷകനുമായ ആർ. ചന്ദ്രശേഖർ ഏപ്രിൽ 14നു വിതുര ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഒരു വാനനിരീക്ഷണ സായാഹ്നം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളും നാട്ടുകാരും ഉൾപ്പടെ ഏതാണ്ട് ഇരുനൂറിൽപരം ആൾക്കാർ ഈ പരിപാടിയിൽ പങ്കെടുത്ത പരിപാടി, അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ് ഒരുപാട് ശാസ്ത്രീയ അറിവുകളാണ് ഈ പരിപാടി നൽകിയത്.

മാളുകളും ലേറ്റ് നൈറ്റ് ഈറ്റിങ്ങ് ഔട്ട് ലെറ്റുകളുംകൊണ്ട് തിരക്കുപിടിച്ച തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ രാത്രിയും പകലിനു സമാനമായി പ്രകാശപൂരിതമാണ്. അതിനാൽ നഗരത്തിൽ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കുക അസാധ്യമാണ്, അതിനാലാണ് ഒരു മലയോര ഗ്രാമമായ വിതുരയിൽ ഇത് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിതുര ഗവൺമെന്റ് സ്‌കൂളിന് മനോഹരവും വിശാലവുമായ ഒരു കളിസ്ഥലം ഉണ്ട്. വലിപ്പമേറിയ ഒരു ടെലിസ്‌കോപ്പുമായി അവിടെ എത്തുക എന്നുള്ളത് ശ്രമകരം ആയിരുന്നു. അവിടെ എത്തിയപ്പോഴോ ആകാശം കാർമേഘം മൂടിക്കിടക്കുകയായിരുന്നു. മലയോര മേഖലയായതിനാൽ അവിടെ വല്ലപ്പോഴും ചാറ്റൽ മഴ ഉണ്ടാകാറുണ്ട്.

വന്നത് വെറുതെയാകുമോ എന്ത് ശങ്കിച്ച് കുറച്ചു നേരം ഇരുന്നു. എങ്കിലും രാത്രിയായപ്പോൾ മാനം തെളിഞ്ഞു ചന്ദ്രൻ എത്തിനോക്കിത്തുടങ്ങി. ഒപ്പം അനേകം നക്ഷത്രക്കുഞ്ഞുങ്ങളും. മാനം തെളിഞ്ഞതോടെ എല്ലാപേരുടെയും മനവും തെളിഞ്ഞു. ടെലസ്‌ക്കോപ്പ് എന്ന സാധനം കേട്ടുമാത്രം പരിചയം ഉള്ളവർക്ക് സാധനം അടുത്ത് കണ്ടപ്പോൾ വല്ലാത്ത വിസ്മയം, അതൊന്നു തൊട്ടുനോക്കാനും അതിൽ്കൂടി നോക്കാനും കുട്ടികൾക്ക് തിരക്കായി.

ആദ്യം ചന്ദ്രശേഖറിന്റെ വക ഒരു ചെറിയ ക്ലാസ്. നാം എവിടെയാണ് നിൽക്കുന്നതെന്നും പ്രപഞ്ചത്തിൽ നമ്മുടെ മേൽവിലാസം എന്തെന്നും അദ്ദേഹം വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മറ്റു നക്ഷത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ഗാലക്സി ആയ മിൽക്കി വേയിൽ ഉള്ള സൂര്യൻ എത്ര ചെറുതാണ് എന്നുള്ള അറിവ് കുട്ടികൾക്ക് പുതിയതായിരുന്നു. ശാസ്ത്രീയമായ അറിവുകൾ പകർന്നു നൽകുന്നതിൽ ഇന്നത്തെ പാഠ്യപദ്ധതി എന്തുമാത്രം പുറകോട്ടാണ് മാത്രവുമല്ല, അദ്ധ്യാപകർക്കുപോലും സൂര്യൻ, ഭൂമി, നക്ഷത്രങ്ങൾ, മറ്റു ഗാലക്സികൾ അനന്തമായ ശൂന്യാകാശം എന്നുള്ളവയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണെന്ന് മനസ്സിലായി.

വളരെ ചെറിയ സമയം കൊണ്ട് ചന്ദ്രശേഖർ കുട്ടികൾക്ക് സമ്മാനിച്ചത് പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു വലിയ വിവരണം തന്നെയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന നക്ഷത്രങ്ങളെയും മറ്റു ആകാശ ഗോളങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുത്തു. കുട്ടികളുടെ നക്ഷത്രം ചോദിച്ചു ആകാശത്തു അവയെ കാണിച്ചു കൊടുക്കുകയും, ജന്മനക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുകയും ചെയ്തു. വസിഷ്ഠൻ അരുന്ധതി എന്ന് പേരുള്ള നക്ഷത്രങ്ങളും, പുതിയ നക്ഷത്രങ്ങൾ ഉണ്ടാകുന്ന നഴ്സറിയായ നെബുലയും കാണാൻ സാധിച്ചു. ഇതിനിടെ 'ഭൂമി എവിടെ, ഭൂമി എവിടെ' എന്ന് അന്വേഷിച്ചു ഒരു ആറുവയസുകാരൻ കുസൃതിക്കുട്ടൻ ഓടി നടക്കുന്നുണ്ടായിരുന്നു. അവനെ ലാപ്ടോപ്പിൽ അപ്പോളോ മിഷനിൽ എടുത്ത പ്രശസ്തമായ എർത്ത് റൈസിങ്ങ് എന്ന ഭൂമിയുടെ ചിത്രം കാണിച്ചു തൃപ്തിപ്പെടുത്തി.

അടുത്തതായി ടെലിസ്‌ക്കോപ്പ്് ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം ആരംഭിച്ചു. പാൽ നിലാവ് പൊഴിക്കുന്ന, മഞ്ഞനിറത്തിൽ പ്രഭ തൂകുന്ന അമ്പിളിയമ്മാവനെ കാത്തുനിന്ന കുട്ടികൾ വളരെ നിരാശാഭരിതരായി. 'ഇതാണോ നമ്മുടെ ചന്ദ്രൻ' കുട്ടികൾക്ക് ആകാംഷ അടക്കാനായില്ല. കുണ്ടും കുഴിയും നിറഞ്ഞ കരിഞ്ഞു പൊളിഞ്ഞിളകിയ പാത്രം പോലെ ഇരിക്കുന്ന ചന്ദ്രനെയാണ് ടെലിസ്‌കോപ്പിൽകൂടി അവർ കണ്ടത്. ചന്ദ്രൻ പ്രതിഫലിപ്പിക്കുന്നത് സൂര്യന്റെ പ്രകാശമാണ്, ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്നുള്ള വസ്തുത പലരും ഒ്ാർത്തില്ല.

വരിവരിയായി നിന്ന് എല്ലാവരും കഴിയുന്നത്ര നക്ഷത്രങ്ങളെയും ചന്ദ്രനെയുമൊക്കെ കണ്ടു തൃപ്തിയായി. കണ്ടവർ കണ്ടവർ മടങ്ങുകയും പുതിയ ആൾക്കാർ വന്നുകൊണ്ടിരിക്കുകയും ചെയ്തു. എല്ലാവർക്കും വളരെ പുതുമയുള്ള ഒരു പരിപാടിയാണ് എസ്സൻസ് അവിടെ സംഘടിപ്പിച്ചത്. എല്ലാവര്ക്കും മനസിലാകുന്ന വിധത്തിൽ വിവരണവും നൽകി. പുസ്തകത്തിൽ മാത്രം കണ്ടു പരിചയമുള്ള ചൊവ്വയും വ്യാഴവും വ്യാഴത്തെ ചുറ്റുന്ന നാല് ഗലീലിയൻ ഉപഗ്രഹങ്ങളെയുമൊക്കെ കണ്ടത് വളരെ വിസ്മയകരമായിരുന്നു. വിതുര സ്‌കൂളിലെ വിശാലമായ ഗ്രൗണ്ടിൽ ഞങ്ങളുടെ മുന്നിൽ ഒരു പുതിയ പ്രപഞ്ചം അങ്ങനെ നീണ്ടുനിവർന്നു കിടന്നു.

ഇത്രമേൽ ഭംഗിയുള്ള ആകാശം ഇതിനു മുൻപ് കണ്ടിട്ടില്ല, അത്രത്തോളം നക്ഷത്രങ്ങളെയായിരുന്നു അന്ന് ഞങ്ങൾക്കായി പ്രപഞ്ചം ഒരുക്കി വച്ചത്. ഓരോ കുഞ്ഞു നക്ഷത്രങ്ങളോടും കിന്നാരം പറഞ്ഞു ഒരു രാത്രി പോയത് അറിഞ്ഞില്ല. നാമും നാം താമസിക്കുന്ന ഭൂമിയും എന്തിനു കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പോലും ഈ പ്രപഞ്ചത്തിൽ എന്ത് നിസ്സാരമാണ് എന്ന് ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു. ഇനിയും അറിയാത്ത എത്രയോ ഗാലക്സികൾ, എത്രയോ ഗ്രഹങ്ങൾ, ഈ പ്രപഞ്ചത്തിൽ ജീവസാന്നിധ്യം ഉള്ളത് ഭൂമിയിൽ മാത്രമാണോ? ആ ചോദ്യം ഇപ്പോഴും അവശേഷിപ്പിച്ചു അന്വേഷണം തുടരുകയാണ് ശാസ്ത്രലോകം.

ഈയിടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച സംഭവമായിരുന്നു ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുക എന്നുള്ളത്. അത് കണ്ടെത്തിയത് എവിടെയാണ് എന്ന് മനസിലാക്കാൻ സാധിക്കുകയും, അത് കണ്ടെത്തിയ Messier 87 എന്ന M87 galaxy യുടെ സ്ഥാനം കാണാൻ സാധിക്കുകയും ചെയ്തത് ഈ ആകാശകാഴ്ചയിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. പിന്നെയും നക്ഷത്രങ്ങളും മറ്റു ആകാശ ഗോളങ്ങളും വന്നുപോയ്ക്കൊണ്ടിരുന്നു. ഒടുവിൽ അരിമുറുക്കുപോലെ തോന്നിക്കുന്ന ശനിയെ കണ്ടതും ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. പുസ്തകങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള, ചുറ്റും വലയമുള്ള ശനി.... മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് മുഴുവൻ ഹേതുവായി ചിത്രീകരിക്കപ്പെടുന്ന ശനി, ആ ശനി നമ്മുടെ ഗാലക്സിയിൽ ഭൂമിയെപ്പോലെ തന്നെ മറ്റൊരു ഗ്രഹം മാത്രമാണെന്നും അതിന് ഭൂമിയിലുള്ള മനുഷ്യരെ ഒരുതരത്തിലും ഉപദ്രവിക്കാൻ കഴിയില്ല എന്നുമുള്ള തിരിച്ചറിവ് അവിടെ കൂടിയവർക്കു ഉണ്ടാക്കികൊടുക്കാൻ സാധിച്ചു.

ശുക്രനും വ്യാഴവും, പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വയുമൊക്കെ നമ്മുടെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ മാത്രം. ജനനം, വിദ്യഭ്യാസം, വിവാഹം, സന്താനലബ്ധി, രോഗം തുടങ്ങിയ മനുഷ്യന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ എല്ലാം തന്നെ ഗ്രഹങ്ങളുമായി കൂട്ടിക്കുഴച്ച് ഇതിനെല്ലാം കാരണം ഗ്രഹങ്ങളുടെ അപഹാരമാണെന്നു പറഞ്ഞു പരത്തി വയറ്റിൽപിഴപ്പ് ഉണ്ടാക്കുന്ന ജ്യോത്സ്യന്മാർ സാധാരണ ജനങ്ങളിലേക്ക് എന്ത്മാത്രം അന്ധവിശ്വാസങ്ങളാണ് കുത്തി നിറക്കുന്നത്. അവയൊക്കെ വെറും തട്ടിപ്പാണെന്നും ഈ ഗ്രഹങ്ങൾക്കൊന്നും മനുഷ്യന്റെ ജീവിതത്തെ ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയുകയില്ല എന്നുമുള്ള യാഥ്യാർഥ്യം കുട്ടികളെ മാത്രമല്ല മുതിർന്നവരെകൂടി മനസ്സിലാക്കിക്കാൻ ഒരു ചെറു ശ്രമം ചന്ദ്രശേഖറിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

അത് വളരെ വലിയ ഒരു കാര്യമാണ്. മതവിശ്വാസത്തിലൂന്നിയ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നുപോയ ഒരു ജനതയെ നേരിലേക്കു നയിക്കണമെങ്കിൽ ഇതുപോലെ ശാസ്ത്രാഭിരുചി വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കാൻ സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സഥാപനങ്ങളും മുന്നോട്ടുവരിക തന്നെ വേണമെന്ന് അടിവരയിട്ടുകൊണ്ടാണ് പരിപാടി അവസാനിച്ചത്്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP