Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ശുദ്ധ തട്ടിപ്പാണ്; കേന്ദ്രഭരണത്തിൽ അരക്ഷിതർ അല്ലെന്നു 69% ന്യുനപക്ഷം ഇന്ന് പറയുമോ? രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 45 % വോട്ടുകളെ ലഭിക്കുകയുള്ളുവോ? ബിജെപിക്ക് വേണ്ടി നടത്തിയ ഈ സർവ്വേ സൂക്ഷ്മമായി പരിശോധിച്ചാൽ പല രഹസ്യതാല്പര്യങ്ങൾ വായിച്ചെടുക്കുവാൻ സാധിക്കും; വിത്സൺ കരിമ്പന്നൂർ എഴുതുന്നു

ഏഷ്യാനെറ്റിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ശുദ്ധ തട്ടിപ്പാണ്; കേന്ദ്രഭരണത്തിൽ  അരക്ഷിതർ അല്ലെന്നു 69%  ന്യുനപക്ഷം ഇന്ന് പറയുമോ? രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 45 % വോട്ടുകളെ ലഭിക്കുകയുള്ളുവോ? ബിജെപിക്ക് വേണ്ടി നടത്തിയ ഈ സർവ്വേ സൂക്ഷ്മമായി പരിശോധിച്ചാൽ പല രഹസ്യതാല്പര്യങ്ങൾ വായിച്ചെടുക്കുവാൻ സാധിക്കും; വിത്സൺ കരിമ്പന്നൂർ എഴുതുന്നു

വിത്സസൻ കരിമ്പന്നൂർ

കേരളത്തിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് സർവ്വേയുടെ വിശ്വാസ്യതയെ പറ്റി സംശയം ഉള്ളതു കൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഏഷ്യാനെറ്റ് ടി വി ചാനലിന്റെ സർവ്വേ സസൂക്ഷ്മം വീക്ഷിച്ചത്. ഒറ്റ നോട്ടത്തിൽ സത്യസന്ധമെന്ന് തോന്നാവുന്ന രീതിയിൽ അവതരിപ്പിച്ച ആ സർവ്വേ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, അതിൽ ചില ഗൂഢാലോചന ഉണ്ടെന്ന് എനിക്ക് സംശയം തോന്നി. അതാണ് ഈ കുറിപ്പിലൂടെ പങ്ക് വയ്ക്കുവാൻ ശ്രമിക്കുന്നത്.

ആദ്യമേ തന്നെ എഴുതട്ടെ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗമല്ല ഞാൻ. എന്നാൽ രഷ്ട്രീയ വിഷയങ്ങൾ താല്പര്യപൂർവ്വം പഠിക്കുന്നയാൾ ആണ് ഞാൻ, അതുകൊണ്ടു വ്യക്തമായ അഭിപ്രായനിലപാടുകൾ ഉണ്ട്. ഇനിയും ഏഷ്യാനെറ്റ് ന്യൂസ് ടി വി ചാനലിലേക്ക് വരാം. ശ്രി രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി എംപിയുടെ പങ്കാളത്തിൽ ഉള്ള ഈ ചാനൽ ആണ് കേരളത്തിലെ പ്രധാന ന്യൂസ് ചാനൽ. അതുകൊണ്ടു തന്നെ ഈ ചാനലിൽ വരുന്ന അഭിപ്രായ സർവ്വേകൾക്ക് ജനങ്ങളിൽ സ്വാധീനം ചെലുത്തുവാൻ സാധിക്കുമെന്ന് വ്യക്തമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിജെപി അനുഭാവന്യൂസ് ചാനൽ എന്ന ഖ്യാതി നേടിയ റിപ്പബ്ലിക് ചാനലിന്റെ, അതായത്, അർണാബ് ഗോസാമിയുടെ ചാനലിന്റെ ഉടമകളിൽ ഒരാൾ കൂടിയാണ്, ശ്രി രാജീവ് ചന്ദ്രശേഖർ. എന്നാൽ കേരളത്തിൽ ബിജെപി അനുഭാവികൾ കുറവായതിനാൽ,ഏഷ്യാനെറ്റ് ന്യൂസ് നിഷ്പക്ഷ നിലപടുകൾ എടുക്കുന്നുവെന്നു കാണിക്കുവാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. വളരെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ അങ്ങനെയല്ല വസ്തുതയെന്ന് ബോധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയപ്രസംഗങ്ങൾക്ക് പല ഉത്തരേന്ത്യൻ ചാനലുകൾ നൽകുന്നതിലും അധികം കവറേജുകൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നൽകുന്നുണ്ട്.

ഇലക്ഷൻ സമയത്തു്, പല മാധ്യമങ്ങളും സർവ്വേയുമായി രംഗത്തു വരാറുണ്ട്, എന്നാൽ പലപ്പോഴും അത് എട്ടുനിലയിൽ പൊട്ടാറുമുണ്ട്. അതിന്റെ കാരണം, വളരെ വ്യക്തമാണ്, അവർക്ക് വ്യക്തമായ അജൻഡകൾ ഉണ്ട്.അത് നടപ്പിലാക്കുകയാണ്, അവർ ഈ സർവ്വേകളിൽ കൂടി നടപ്പിലാക്കുന്നത്.മിക്കവാറും എല്ലാ മാധ്യമങ്ങൾക്കും അവരുടേതായ രാഷ്ട്രീയ ചായ് വ്
ഉണ്ട്. കൂടാതെ, സാമ്പത്തികനേട്ടമാണ് ഇവരുടെ മറ്റൊരു ലക്ഷ്യം. അത്പലവഴികളിലൂടെയാകാം,കൂട്ടത്തിൽ പരസ്യത്തിൽ കൂടിയും ഉണ്ട്. അതിനു അനുകൂലമായ ഒരു നിലപാട് ആയിരിക്കും,അവർ തിരഞ്ഞെടുക്കുന്നത്.

അതിനാൽ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പ് സർവ്വേയും അംഗീകരിക്കുവാൻ ഞാൻ തയ്യാറല്ല. തിരഞ്ഞെടുപ്പ് സർവ്വേകളുടെ യഥാർത്ഥമുഖം മനസ്സിലാക്കണമെങ്കിൽ, 2015 ഫെബ്രുവരി മാസം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കവടി നിരത്തുകാർ നടത്തിയ പ്രവചനങ്ങൾ ഒന്ന് പരിശോധിച്ചാൽ മതി.

അന്ന് തിരഞ്ഞെടുപ്പ് സർവ്വേ നടത്തിയ അഞ്ചു മാധ്യമങ്ങളിൽ നാലും പ്രവചിച്ചത്, ഡൽഹിയിൽ കിരൺ ബേദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നായിരുന്നു. 70 അംഗ നിയമസഭയിൽ 36 ൽ അധികം സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് സർവ്വേ നടത്തി പ്രവചിച്ചവർ കൊച്ചു ടീമുകൾ ഒന്നും അല്ലായിരുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ സർവ്വേ ടീമുകൾ ആയിരുന്നു അന്ന് എട്ടുനിലയിൽ പൊട്ടിയത്. ഇന്ത്യ ടി വി - സി വോട്ടർ (India TV-C Voter ), ദി വീക്ക് - ഐ എം ബി ആർ ( The Week-IMBR ), ഐ ബി എം 7 -ഡാറ്റാ മിനെറിയ (IBN 7-Data Mineria ) സീ- റ്റലീം റിസർച്ച് ഫൗണ്ടേഷൻ ( Zee-Taleem Research Foundation (TRF) ) എന്ന പ്രശസ്ത ടീമുകൾ ആയിരുന്നു ഈ പ്രവചനം നടത്തിയത്.

ന്യൂസ് നേഷൻ (News Nation ) എന്ന മാധ്യമം പ്രവചിച്ചത് ബിജെപി ക്ക് കൂടുതൽ സീറ്റോട് (31 -34 ) ഒരു തൂക്കു നിയമസഭാ വരുമെന്നായിരുന്നു. ഒടുവിൽ സംഭവിച്ചതോ, ആം ആദ്മി പാർട്ടിക്ക് 70-ൽ 67 സീറ്റും കിട്ടി. അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയും ആയി. അത്രക്ക് മികച്ച അഭിപ്രായ സർവ്വേ നടത്തുന്നവരാണ് ഇന്ത്യയിലെ മാധ്യമങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ഉം AZ റിസർച്ച് പാർട്‌നെർസും ചേർന്ന് അവതരിപ്പിച്ച സർവേയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആരാണ് ഈ AZ റിസർച്ച് പാർട്‌നെർസ് എന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരുക്കും .ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, 2011 മുതൽ സെൻസെസ്സ് രംഗത്തും മറ്റും പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് സർവ്വേ ആണ് ഈ വര്ഷം ഏഷ്യാനെറ്റുമായി ചേർന്ന് അവതരിപ്പിച്ചത്. ഇതിന്റെ CFO ആയി പ്രവർത്തിക്കുന്നത് മലയാളിയായ പ്രഭാകർ പിള്ള ആണ് .

ഇനിയും ഇവരുടെ സർവ്വേ സൂക്ഷ്മമായി പഠിച്ചാൽ, പ്രധാനമായും 6 രഹസ്യതാല്പര്യങ്ങൾ ഈ സർവെയിൽ ഇവർക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു. അവ ഇവയൊക്കെയാണ്,

1. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ അമിത പിന്തുണ ഇല്ല.

2. കുറഞ്ഞത് ബിജെപി യുടെ 2 സ്ഥാനാർത്ഥികൾ എങ്കിലും ഈ തവണ കേരളത്തിൽ നിന്ന് ജയിക്കണം.

3. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ നിന്നും സമീപമണ്ഡലങ്ങളായ കോട്ടയം,കൊല്ലം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ നിന്നും ഒരു കാരണവശാലും എൽഡിഎഫ് ജയിക്കുവാൻ പാടില്ല.

4. ബിജെപിയും ആർ എസ്എസ്സും ഏറ്റവും വെറുക്കുന്ന പി ജയരാജൻ ഒരു കാരണവശാലും ജയിക്കുവാൻ പാടില്ല.

5. കോൺഗ്രസ്സിലെ ഉമ്മൻ ചാണ്ടി നയിക്കുന്ന എ ഗ്രുപ്പ് തറ പറ്റണം, ചെന്നിത്തലയുടെ ഐ ഗ്രുപ്പ് ജയിച്ചു കയറണം.

6.ബിജെപി ഭരണത്തിൽ ന്യൂനപക്ഷം സുരക്ഷിതർ ആണ്

എന്തുകൊണ്ട് ഇങ്ങനെ ഒരു സംശയത്തിൽ എത്തി. അത് മനസ്സിലാക്കുവാനായി ഇവ ഓരോന്നും നമുക്ക് പരിശോധിക്കാം.

രാഹുൽ ഗാന്ധിയും വയനാടും

ശ്രി. രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിലെ ഒരു മണ്ഡലം തിരഞ്ഞെടുത്തത്, വളരെ ആലോചിച്ചിട്ടാണ്, കർണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും ചില മണ്ഡലങ്ങൾ അതിനു വേണ്ടി പരിഗണിച്ചിരുന്നു. എന്നാൽ വയനാടിനെക്കാൾ ഭൂരിപക്ഷസാധ്യത ഉള്ള മറ്റൊരു മണ്ഡലം ഇല്ല എന്ന ബോധ്യം വന്നതിനു ശേഷം ആണ് വയനാട് സ്വീകരിച്ചത്. മുൻ എം പിആയിരുന്ന അന്തരിച്ച എം ഐ ഷാനവാസിന് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ ഈ മണ്ഡലത്തിൽ, ശ്രി. രാഹുൽ ഗാന്ധി കൂടെ നിൽക്കുന്ന പലരുടെയും എതിർപ്പിനെ വകവെക്കാതെയാണ് തിരഞ്ഞെടുത്തത്. വയനാട്ടിലെ ഭൂരിപക്ഷ സാദ്ധ്യത കണ്ടുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്

എന്നാൽ ഏഷ്യാനെറ്റ് സർവ്വേ പ്രകാരം ശ്രി. രാഹുൽ ഗാന്ധിക്ക് അവിടെ വെറും 45 ശതമാനം വോട്ടു മാത്രമേ ഉണ്ടാകുകയുള്ളു. തന്നെയുമല്ല , എൽ ഡി എഫിന്റെ ശ്രി പി പി സുനീറിനു 39 ശതമാനം വോട്ട് ലഭിക്കുമെന്ന്. രാഹുൽ ഗാന്ധിക്ക് വെറും 6 % വോട്ടു മാത്രം ഭൂരിപക്ഷം.അതായതു വെറും 60000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം

അപ്പോൾ, എൻഡിയെ യുടെ ശ്രി. തുഷാർ വെള്ളാപ്പള്ളിക്ക് 16 ശതമാനം വോട്ടും കിട്ടും . ഇവിടെയാണ് ബിജെപി യുടെ താല്പര്യം ഈ സർവ്വേയിൽ നിഴലിച്ചു കാണുന്നത്. കേന്ദ്രത്തിൽ തങ്ങളുടെ മുഖ്യ എതിരാളിയായ രാഹുൽ ഗാന്ധിക്കിട്ടു ഒരു പണി കൊടുക്കുവാൻ വിധമാണ്, ഈ വോട്ടു വിഹിതം വെളിപ്പെടുത്തുന്നത്.

അതായത് ബിജെപിയുടെ അംഗമല്ലാത്ത ശ്രി തുഷാറിനുള്ള വോട്ട് മറിച്ച് എൽഡിഎഫിന് കൊടുത്താൽ രാഹുൽ ഗാന്ധി തോറ്റിരിക്കുമെന്നു ഈ സർവ്വേ വ്യക്തമാക്കുന്നു. അല്ലെങ്കിൽ വയനാട്ടിൽ ഇത്ര കുറവ് വോട്ടു രാഹുൽ ഗാന്ധിക്ക് ലഭിക്കുള്ളുവെന്നു പറയുവാൻ ഒരു സർവ്വേക്കാരനും ധൈര്യപ്പെടില്ല.

ബിജെപി യുടെ 2 സ്ഥാനാർത്ഥികൾ ഈ തവണ കേരളത്തിൽ നിന്ന് ജയിക്കണം.

കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് ഒരു ബിജെപി ക്കാരൻ പോകണമെന്നുള്ളത്, ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ എക്കാലത്തെയും സ്വപ്നം ആണ്. ഓരോ തിരഞ്ഞെടുപ്പിലും ആ സ്വപ്നം ചുണ്ടിനും കപ്പിനും ഇടയിലൂടെ അങ്ങ് വഴുതിപ്പോകുകയാണ്. എന്നാൽ ഈ തവണ അത് ഉണ്ടാകരുതെന്നാണ്, സർവ്വ ബിജെപിക്കാരുടെയും ആഗ്രഹം. ഈ സർവ്വേ നടത്തിയ ചാനലിന്റെ ഉടമയ്ക്കും ആ ആഗ്രഹം ഉണ്ടായിരിക്കുമെന്നത് ന്യായമായും പ്രതീക്ഷിക്കാവുന്നതാണല്ലോ. അപ്പോൾ അത് പ്രാവർത്തികമാക്കുവാൻ വേണ്ടിയ മരുന്നുകൾ ഒക്കെ ഈ സർവ്വേയിൽ ചേർത്തിട്ടുള്ളത്, കണ്ടെത്തുവാൻ കഴിയും.അത് നമുക്ക് പരിശോധിക്കാം.

തിരുവനന്തപുരത്തെ ഉയർന്ന ശതമാനം

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം വിജയിക്കുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കുമ്മനം രാജശേഖരന് 40ശതമാനത്തിന്റെ പിന്തുണയുള്ളപ്പോൾ സിറ്റിങ് എംപിയായ ശശി തരൂർ 34 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്. എൽഡിഎഫിന്റെ സി ദിവാകരന് 25 ശതമാനം പിന്തുണയാണ് ഉള്ളത്.

ഇതുവരെ ഉള്ള എല്ലാ കണക്കുകൾ പ്രകാരം തിരുവനന്തപുറത്ത് ആര് ജയിക്കുമെന്ന് ആർക്കും പറയാനാവാത്ത സ്ഥിതിയാണ്. എന്നാൽ ഈ സർവ്വേപ്രകാരം,അവിടെ കുമ്മനത്തിനു സിറ്റിങ് എംപിയായ ശശി തരൂറിനേക്കാൾ 6% വോട്ടിന്റെ കൂടുതൽ ഉണ്ട്.എന്ന് പറഞ്ഞാൽ ഉറപ്പായി ജയിക്കുമെന്ന് ഒരു തോന്നൽ എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്ന ഒരു ഭൂരിപക്ഷം, അപ്പോൾ അവസാനനിമിഷത്തെ അഡ്ജസ്‌റ്‌മെന്റുകൾ ഒന്നും നടത്തുവാൻ ആരും തുനിയില്ലല്ലോ. ആരും വോട്ടു മറിച്ച് തിരഞ്ഞെടുപ്പിൽ ഒരു മാറ്റം ഉണ്ടാക്കണ്ടേയെന്നു സാരം, ഒപ്പം, തങ്ങളുടെ വോട്ട് ജയിക്കുന്നവർക്ക് നല്കണമെന്നാഗ്രഹിക്കുന്ന അരാഷ്ട്രീയവോട്ടും കൈക്കലാക്കാം.

പത്തനംതിട്ടയിലെ തള്ളൽ

ഇതിലും വിചിത്രമായ ഒരു കണ്ടെത്തൽ ആണ് പത്തനംതിട്ടയിൽ ഈ സർവ്വേ കണ്ടെത്തിയിരിക്കുന്നത്. അവിടെ യഥാർത്ഥത്തിൽ എൽഡിഎഫും യുഡിഎഫും ശക്തമായ തുല്ല്യ പോരാട്ടത്തിൽ ആണ്. എന്നത്തെപ്പോലെയും ഈ തവണയും അവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. അത് ആ ജില്ലയിലെ ഇതുവരെയുള്ള വോട്ട് രീതികൾ പരിശോധിച്ചാൽ ബോധ്യപ്പെടുന്നതാണ്.

സുരേന്ദ്രന്റെ സ്ഥാനാർത്വത്തിനു ചില ഇളക്കങ്ങൾ ഒക്കെ ഉണ്ടാക്കുവാൻ സാധിക്കുമെന്നത് നേര് തന്നെ.എന്നാൽ മൂന്നാം സ്ഥാനത്തു നിന്ന് കയറിക്കൂടുവാൻ അവിടെ ഒരിക്കലും സാധിക്കില്ല.പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും ലഭിക്കുമ്പോൾ ഇടത് സ്ഥാനാർത്ഥി വീണ ജോർജ്ജിന് 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സർവ്വേ പ്രവചിക്കുന്നത്.

എന്നാൽ ഈ മണ്ഡലത്തിൽ നിന്നുള്ള ഏകസ്ഥാനാർത്ഥിയെന്നതും,എം എൽ എ എന്ന നിലയിൽ പ്രവർത്തിച്ചെടുത്ത നേട്ടവും, ഓർത്തഡോക്‌സുകാരിയെന്നതും ഉൾപ്പെടെ പല നേട്ടങ്ങൾ അവകാശപ്പെടുവാനുള്ള വീണ ജോർജിന്റെ വോട്ട് ശതമാനം ഇത്രയും കുറച്ചിട്ട്,സുരേന്ദ്രനെ തള്ളി ആന്റോ ആന്റണിയുടെ വോട്ട് ശതമാനത്തിനോട് ചേർത്ത് പ്രവചിച്ചതിന് 'വല്ലാത്ത തള്ളൽ' എന്നേ പറയുവാനാവുള്ളൂ.ആഞ്ഞു പിടിച്ചാൽ സുരേന്ദ്രൻ ജയിക്കുമെന്ന ഒരു ധാരണ പരതിയാൽ, പല നേട്ടങ്ങൾ ഉണ്ട്. തങ്ങളുടെ വോട്ട് ജയിക്കുന്നവർക്ക് നല്കണമെന്നാഗ്രഹിക്കുന്ന അരാഷ്ട്രീയ വോട്ട് നേടുകയാണ് ഒരു ലക്ഷ്യം . കൂടാതെ ആടി നിൽക്കുന്ന വോട്ടുകളും ഉറപ്പിക്കുവാൻ ഇത് സഹായിക്കും.തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് 26 ശതമാനം കല്പിച്ചു കൊടുത്തതും ഇതുപോലുള്ള ഒരു തള്ളൽ തന്നെയാണെന്ന് പറയേണ്ടി വരുന്നു.

പത്തനംതിട്ടയിലേയും സമീപമണ്ഡലങ്ങളായ കോട്ടയം കൊല്ലം മാവേലിക്കര മണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കണം

ഇതും ഒരു രഹസ്യ അജൻഡയുടെ ഭാഗം തന്നെയാണ്. ശബരിമല ഒരു വികാരമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് വെളിവാക്കണമെങ്കിൽ സമീപമണ്ഡലങ്ങളിൽ നിന്ന് പോലും ആരും ജയിക്കുവാൻ പടയില്ലായെന്ന നിലപാടിൽ ആണ് ബന്ധപ്പെട്ടവർ.അതിനുവേണ്ടി വെട്ടിനിരത്തിയിരിക്കുന്നതു്, ജയസാധ്യതയുള്ള മൂന്ന് പേരെയാണ്.കോട്ടയത്ത് വാസവനെ കടുംവെട്ടു വെട്ടിയാണ് നിരപ്പാക്കിയിരിക്കുന്നതു.

കോട്ടയത്ത് കേരളകോൺഗ്രസ്സിൽ പ്രശ്‌നം ഉണ്ട്. പി.ജെ ജോസഫും മോൻസ് ജോസഫും അണികളും മുറിവേറ്റവർ ആണ്, അത് അവിടെ പ്രതിഫലിക്കും. കോൺഗ്രസ്സും കേരളകോൺഗ്രസ്സും തമ്മിലും പ്രശനമുണ്ട്. മറ്റൊരു കേരളകോൺഗ്രസ്സുകാരനും പണ്ട് മൂവാറ്റുപുഴയിൽ നിന്ന് ജയിച്ചതുമായ പി സി തോമസും ഒരു സ്ഥാനാർത്ഥിയായി രംഗത്തു ഉണ്ട്. എന്നിട്ടും തോമസ് ചാഴിക്കാടന് 50 ശതമാനവും, വി എൻ വാസവന് 31 ശതമാനവും ആണ് ഇവർ പ്രവചിച്ചിരിക്കുന്നത്. ലക്ഷ്യം തിരഞ്ഞെടുപ്പിന് മുമ്പേ തോല്പിക്കുകയാണ്.

മാവേലിക്കരയിൽ ചിറ്റയത്തിനും രക്ഷയില്ല.

പൊതുവെ മാവേലിക്കരയിൽ ഈ തവണ മാറ്റം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്,എന്നാൽ ഇപ്പോൾ കൊടിക്കുന്നിൽ സുരേഷിന് ചിറ്റയം ഗോപകുമാറിനേക്കാൾ 13 ശതമാനം കൂടുതൽ വോട്ട് ലഭിക്കുമെന്നാണ് ഏഷ്യാനെറ്റിന്റെ പ്രവചനം. ഒന്നോ രണ്ടോ ശതമാനത്തിന്റെ ഭുരിപക്ഷമെന്നു പറഞ്ഞാൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ ഈ 13 ശതമാനം ഒരു അസാമാന്യപ്രവചനം ആണ്.

കൊല്ലത്തും 12 ശതമാനം വ്യത്യാസം

കൊല്ലത്ത് പ്രേമചന്ദ്രനും, ബാലഗോപാലും ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാൽ ഏഷ്യാനെറ്റ് പ്രവചിക്കുന്നു 12 ശതമാനം പ്രേമചന്ദ്രന് കൂടുതൽ കിട്ടുമെന്ന്. ഗണേശും ആർ ബാലകൃഷ്ണപിള്ളയും എൽ ഡി എഫിൽ വന്നതിനുശേഷം ആണ് കൊല്ലത്തും മാവേലിക്കരയിലെ ഈ വ്യത്യാസം എന്ന് പറയുമ്പോൾ അതിൽ അതിശയോക്തി ഉണ്ടെന്ന് പറയേണ്ടി വരും. 

പി. ജയരാജൻ ഒരു കാരണവശാലും ജയിക്കുവാൻ പാടില്ല.

ഇതാണ് മറ്റൊരു തള്ളൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ തന്നെ വടകരയിൽ പി ജയരാജൻ സ്ഥാനാര്ഥിയാകുമെന്നു ഉറപ്പിച്ചതാണ്. സിപിഎം പി ജയരാജനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ തന്നെ പ്രമുഖ കോൺഗ്രസ്സുകാർ എല്ലാം വടകരയിൽ നിന്നും മാറി നടന്നവരാണ്. സാക്ഷാൽ മുല്ലപ്പള്ളി പോലും മത്സരിക്കുവാൻ തയ്യാർ ആയില്ല. അവസാന ഘട്ടത്തിൽ ആണ് കെ.മുരളീധരൻ രംഗത്തു വന്നത്. മുരളി വന്നപ്പോൾ മുതലേ പറഞ്ഞുകേട്ടിരുന്നത്, കടുത്ത മത്സരമാണ്, എന്നാലും ജയരാജനാണ് മുന്നേറ്റം എന്ന്. എന്നിട്ടിപ്പോൾ പറയുന്നു, മുരളിക്ക് 45 ശതമാനം ഉള്ളപ്പോൾ ജയരാജന് വെറും 39 ശതമാനം മാത്രം. കാരണം തേടി അധികം അലയേണ്ട, കേരളിത്തിൽ ബിജെപിയും ആർഎസ്എസ്സും ഏറ്റവും അധികം വെറുക്കുന്ന നേതാവ് ആണ് പി ജയരാജൻ.

കേരളത്തിൽ ബിജെപിയും ആർഎസ്എസ്സും ഏറ്റവും അധികം വളരുവാൻ ശ്രമിച്ച മണ്ണാണ് കണ്ണൂർ.എന്നാൽ ഇന്നും അവർക്കു കാര്യമായ രീതിയിൽ വളരുവാൻ സാധിക്കാത്ത സ്ഥലമാണ് കണ്ണൂർ. സിപിഎമ്മിൽ നിന്നാണ് പലരും ബിജെപിയിൽ ചേർന്നിരുന്നത്, എന്നാൽ പി ജയരാജന്റെ തന്ത്രപൂർവ്വമായ സമീപനത്താൽ അവരിൽ പലരും പിന്നീട് തിരികെ വന്നു, സിപിഎമ്മിൽ ചേർന്നിരുന്നു. ഇവരിൽ പ്രമുഖർ ആണ് ഒകെ വാസു മാസ്റ്ററം കെ. അശോകനും. ഇതൊക്കെ ബിജെപിക്കും ആർഎസ്എസ്സിനും ഉളവാക്കിയ പ്രശ്‌നങ്ങൾ കുറച്ചൊന്നുമല്ല.അതിനാൽ അവർ എന്നും പി. ജയരാജനു എതിരാണ്. അവർ കേരളത്തിൽ ഇത്രയധികം വെറുക്കുന്ന മറ്റൊരു സിപിഎം നേതാവ് കേരളത്തിൽ ഇല്ല. അതിന്റെ പ്രതിഫലനവും ഈ സർവ്വേയിൽ വ്യക്തമായി ഉണ്ടെന്നു സംശയിച്ചാൽ അതിൽ കുറ്റം പറയാനാവില്ല.

കോൺഗ്രസ്സിലെ എ ഗ്രുപ്പ് തറ പറ്റണം, ഐ ഗ്രുപ്പ് ജയിച്ചു കയറണം.

ഇങ്ങനെയൊരു താല്പര്യം ഈ സർവ്വേയിൽ ഉണ്ടോയെന്നൊരു സംശയം വരുവാൻ തക്കവണ്ണമാണ്, പല സ്ഥാനാര്ഥികളുടെയും ജയാപജയങ്ങൾ പ്രവചിച്ചിരിക്കുന്നത്.
ഐ ഗ്രുപ്പിലെ ഷാനിമോൾ ഉസ്മാൻ, കെ മുരളീധരൻ , ഹൈബി ഈഡൻ, സുധാകരൻ ഒക്കെ ജയിച്ചു വരുമെന്നു പ്രവചിക്കുമ്പോൾ എ ഗ്രുപ്പിലെ പ്രമുഖരായ ബെന്നി ബഹന്നാൻ , ഡീൻ കുര്യാക്കോസ് ഒക്കെ ഈ സർവ്വേപ്രകാരം പിന്നിലാണ്. മറ്റൊരു എ ഗ്രുപ്പുകാരനായ ആന്റോ ആന്റണി മുമ്പിലാണെങ്കിലും, സർവ്വേപ്രകാരം സുരേന്ദ്രൻ തൊട്ടടുത്ത് നിന്ന് കയറിവരുമെന്നാണ്.

ഇതിൽ ഷാനിമോൾ ഉസ്മാന്റെ വോട്ട് ശതമാനക്കണക്ക് വളരെ അതിശയോക്തി ഉളവാക്കുന്നതാണ്. ആലപ്പുഴയിൽ പൊതുവെ ആരിഫിനാണ് സാധ്യത എന്നാണ് കേൾവി. എന്നാൽ ഏഷ്യാനെറ്റ് സർവ്വെപ്രകാരം ഷാനിമോൾ 8 ശതമാനം മുമ്പിൽ ആണ്.ഇങ്ങനെ ഐ ഗ്രുപ്പിനെ ഉയർത്തിക്കാട്ടുവാൻ ഏഷ്യാനെറ്റിനെ പ്രേരിപ്പിക്കുന്ന ഘടകം,അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ, രമേശ് ചെന്നിത്തലക്ക് താക്കോൽ സ്ഥാനം കിട്ടണമെന്നുള്ള വല്ലവരുടെയും ആഗ്രഹമാണോ ?

ബിജെപി ഭരണത്തിൽ ന്യൂനപക്ഷം സുരക്ഷിതർ ആണ്

ഈ സർവ്വെപ്രകാരം,ബിജെപി ഭരണത്തിൽ ന്യൂനപക്ഷം അരക്ഷിതർ അല്ല എന്ന് പറഞ്ഞത് 69 ശതമാനം ആണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, 69 ശതമാനം ന്യൂനപക്ഷർ ഇങ്ങനെയൊരു അഭിപ്രായം പറയുമെന്ന് അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ല.

ഈ ഉത്തരം നൽകിയത് , ന്യൂനപക്ഷർ ആയിരിക്കില്ല. സർവ്വേയിൽ പങ്കെടുത്ത ഭുരിപക്ഷസമുദായത്തിൽ പെട്ടവർ ആയിരിക്കും.അല്ലെങ്കിൽ ചോദ്യാവലിയിൽ , കേന്ദരഭരണത്തിനു പകരം സംസ്ഥാനഭരണമെന്നായിരിക്കും ഉൾപ്പെടുത്തിയത്. ഇതും രണ്ടും അല്ലെങ്കിൽ എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്.

ബിജെപിക്ക് കേരളത്തിൽ നിന്ന് കൊടുക്കാവുന്ന ഏറ്റവും മികച്ച സർട്ടിഫിക്കറ്റ് ആണിത്.ഇതിലും മികച്ച ഒരു പാരിതോഷികം കേന്ദ്രഭരണത്തിനു നൽകുവാൻ ഏഷ്യാനെറ്റിന് സാധിക്കില്ലായിരുന്നു.കാരണം, രാജ്യം മുഴുവനും ന്യൂനപക്ഷർ അരക്ഷിതർ ആയിരിക്കുന്ന ഇതുപോലെയൊരു കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. എന്നിട്ടും ഇങ്ങനെയൊരു അഭിപ്രായ സർവ്വേ നൽകിയാൽ കേന്ദ്രഭരണനേതൃത്വം സന്തോഷിക്കാതിരിക്കുമോ ?
ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ഏഷ്യാനെറ്റിന്റെ ഈ സർവ്വേയിൽ ഗൂഢാലോചന ഉണ്ടെന്ന്, ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യമാകുന്നത്.

ചുരുക്കത്തിൽ ഏഷ്യാനെറ്റിന്റെ ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പ് സർവ്വേ സംശയത്തിന്റെ നിഴലിൽ ആണ്. എന്നാലും ഇതൊക്കെ നിർദോഷികളായ സമ്മതിദായകരെ വഴി തെറ്റിക്കുമെന്ന കാര്യത്തിന് സംശയം ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP