Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്രയായത് നിസ്വാർത്ഥമായ സേവനത്തിലൂടെ മാതൃകയായ ആധ്യാത്മിക വിപ്ലവകാരി; സത്‌ന സിറോ മലബാർ സഭയുടെ ആദ്യ ബിഷപ്പ് മാർ ഏബ്രഹാം മറ്റത്തിന് നിറകണ്ണുകളോടെ വിടപറഞ്ഞ് വിശ്വാസ സമൂഹം; 32 വർഷത്തിനിടെ സ്ഥാപിച്ചത് 26 ഇടവകകളും മിഷൻ കേന്ദ്രങ്ങളും മഠങ്ങളും; മധ്യപ്രദേശിലെ സത്‌നയിൽ പടുത്തുയർത്തിയ ആധ്യാത്മീക സാമ്രാജ്യത്തിന്റെ തലവൻ വിടവാങ്ങുമ്പോൾ

യാത്രയായത് നിസ്വാർത്ഥമായ സേവനത്തിലൂടെ മാതൃകയായ ആധ്യാത്മിക വിപ്ലവകാരി; സത്‌ന സിറോ മലബാർ സഭയുടെ ആദ്യ ബിഷപ്പ് മാർ ഏബ്രഹാം മറ്റത്തിന് നിറകണ്ണുകളോടെ വിടപറഞ്ഞ് വിശ്വാസ സമൂഹം; 32 വർഷത്തിനിടെ സ്ഥാപിച്ചത് 26 ഇടവകകളും മിഷൻ കേന്ദ്രങ്ങളും മഠങ്ങളും; മധ്യപ്രദേശിലെ സത്‌നയിൽ പടുത്തുയർത്തിയ ആധ്യാത്മീക സാമ്രാജ്യത്തിന്റെ തലവൻ വിടവാങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : നിസ്വാർത്ഥമായ സേവനത്തിലൂടെ ആധ്യാത്മീക വിപ്ലവം സൃഷ്ടിച്ച വിപ്ലവകാരി വിട പറയുമ്പോൾ നിറകണ്ണുകളോടെ യാത്രാ മൊഴി ചൊല്ലി നാട്. മധ്യപ്രദേശിലെ സത്‌ന സിറോ മലബാർ സഭയുടെ ആദ്യ ബിഷപ്പ് മാർ ഏബ്രഹാം മറ്റം(98) കാലം ചെയ്തു. ചൊവ്വാഴ്‌ച്ച രാവിലെ ഇന്നലെ രാവിലെ 10.10ന് ഇടപ്പള്ളിയിലെ വിൻസൻഷ്യൻ സന്യാസ സഭയുടെ ജനറലേറ്റിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറേ നാളുകളായി മാർ ഏബ്രഹാം മറ്റം അവിടെ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. കബറടക്കം പിന്നീട് സത്‌ന കത്തീഡ്രലിൽ നടക്കും.

ബിഷപ്പിന്റെ ഭൗതിക ശരീരം ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിലാണ്. എന്നാണ് സംസ്‌കാരം നടത്തുന്നത് എന്നതിൽ തീരുമാനമായിട്ടില്ല. വിൻസൻഷ്യൻ ജനറലേറ്റിൽ കൊണ്ടുവന്നു പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷം ഭൗതികശരീരം സത്നയിലേക്കു കൊണ്ടുപോകും. തുടർച്ചയായി 23 വർഷം ബിഷപ്പായി സേവനമനുഷ്ടിച്ച മാർ ഏബ്രഹാം മറ്റം രൂപതാ പദവിയിലേക്ക് പ്രവേശിക്കും മുൻപ് എട്ട് വർഷത്തോളം സത്‌ന അജപാലനഭരണചുമതലയുള്ള എക്‌സാർക്കായി സേവനം അനുഷ്ടിച്ചിരുന്നു.

ഉള്ളൂ നീറുന്ന നൊമ്പരത്തോടെയാണ് വിശ്വാസ സമൂഹം പ്രിയ പിതാവിന്റെ മരണവാർത്തയറിഞ്ഞത്. ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ മാണി എംപി എന്നിവർ അനുശോചിച്ചു.

ജീവിത വഴികൾ ഓർക്കുമ്പോൾ

പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിൽ മറ്റം ദേവസ്യ അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനായ മാർ ഏബ്രഹാം 1950 മാർച്ച് 15നു പൗരോഹിത്യമേറ്റു. 1955 മേയിൽ വിൻസൻഷ്യൻ സഭയിൽ ചേർന്നു. അങ്കമാലി മൈനർ സെമിനാരി റെക്ടർ, വിൻസൻഷ്യൻ വിദ്യാഭവൻ റെക്ടർ, തൊടുപുഴ ആശ്രമം സുപ്പീരിയർ എന്നീ നിലകളിലും സേവനം ചെയ്തു. 1969ൽ സത്ന മിഷന്റെ എക്‌സാർക്കായി. സത്ന മേഖലയിലെ ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പള്ളികളും ആശുപത്രികളും ഡിസ്‌പെൻസറികളും സാമൂഹിക സേവന കേന്ദ്രങ്ങളും സ്‌കൂളുകളും സ്ഥാപിക്കാനുള്ള കഠിന പ്രയത്‌നമായിരുന്നു പിന്നീട്.

1977ൽ സത്നയെ രൂപതയാക്കി, മാർ മറ്റത്തെ ബിഷപ്പും. 1977 ഏപ്രിൽ 30ന് അഭിഷിക്തനായി. 2000 ഏപ്രിൽ 12നു മാർ മാത്യു വാണിയക്കിഴക്കേലിനു ചുമതലകൾ കൈമാറി. 2013 വരെ സത്നയിലായിരുന്നു വിശ്രമ ജീവിതം. ഇടപ്പള്ളി ആശ്രമത്തിലേക്കു വന്നെങ്കിലും സത്നയിൽ അന്ത്യവിശ്രമം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എളിമയോടെയുള്ള ജീവിതവും നിസ്വാർത്ഥമായ സേവനം കാഴ്‌ച്ച വയ്ക്കുകയും ചെയ്ത ആധ്യാത്മീത വിപ്ലവകാരിയായിരുന്നു ബിഷപ്പ് ഏബ്രഹാം മറ്റം. നീണ്ട 32 വർഷം കൊണ്ട് ഏകദേശം 26 ഇടവകകകളും മിഷൻ കേന്ദ്രങ്ങളോട് ചേർന്നുള്ള മഠങ്ങളുമടക്കം അദ്ദേഹം സ്ഥാപിച്ചു.

സത്‌ന എന്ന ആറ് ജില്ലകൾ ചേർന്ന സ്ഥലത്ത് കർമ്മനിരതനായാണ് അദ്ദേഹം ആത്മീയതയുടെ വെളിച്ചം വീശിയത്. യുവ പുരോഹിതന്മാരെയും സന്യാസിനികളെയും പരിശീലിപ്പിക്കാൻ പത്തേരിയിൽ സോഷ്യൽ സർവീസ് സെന്റർ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭവാനകളിലൊന്നാണ്. എഡേസ മിഷനറി ഓറിയന്റേഷൻ സെന്റർ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ്. സെന്റ് തോമസ് മൈനർ സെമിനാരിയും സെന്റ് എഫ്രേം തിയളോജിക്കൽ കോളജും സ്ഥാപിച്ചു. ഇപ്പോൾ ഇതു സിറോ മലബാർ സിനഡൽ സെമിനാരിയാണ്. സെന്റ് വിൻസന്റ് കത്തീഡ്രലും അദ്ദേഹം പണികഴിപ്പിച്ചതാണ്.

6 വർഷം മുൻപു കൊച്ചിയിലേക്കു താമസം മാറ്റിയെങ്കിലും താൻ പടുത്തുയർത്തിയ ആധ്യാത്മിക സാമ്രാജ്യമായ സത്നയിൽത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. വിരമിച്ചശേഷവും രൂപതയുടെ വളർച്ചയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇടപ്പള്ളി ആശ്രമത്തിൽ രോഗശയ്യയിൽ ആയിരിക്കെ സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി രോഗീലേപനം നൽകിയിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജാംബസ്തീത്ത ഡിക്വാത്രോ അദ്ദേഹത്തെ സന്ദർശിച്ചു പ്രാർത്ഥിക്കുകയും ഫ്രാൻസിസ് പാപ്പായുടെ ആശീർവാദം നൽകുകയും ചെയ്തതായി വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ പറഞ്ഞു. മാർ ജോർജ് ആലഞ്ചേരി ഇന്നലെ ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP