Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ഇന്റലിജൻസ് എന്നപേരിൽ എൽഡിഎഫിന് കിട്ടുക 13 മുതൽ 15 സീറ്റുകൾ ആവും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ മിനിമം അഞ്ചു സീറ്റെങ്കിലും ബിജെപിക്ക് കിട്ടും; ആർക്കും ഉണ്ടാക്കാൻ കഴിയുന്നതും എന്നാൽ ആർക്കും നിഷേധിക്കാൻ കഴിയാത്തവയുമാണ് ഇത്തരം റിപ്പോർട്ടുകൾ; ഇനി ഇന്റലിജൻസ് റിപ്പോർട്ടിന്റെ പേരിലുള്ള തള്ളുകളുടെ കാലം

സംസ്ഥാന ഇന്റലിജൻസ്  എന്നപേരിൽ എൽഡിഎഫിന് കിട്ടുക 13 മുതൽ 15 സീറ്റുകൾ ആവും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ മിനിമം അഞ്ചു സീറ്റെങ്കിലും ബിജെപിക്ക് കിട്ടും; ആർക്കും ഉണ്ടാക്കാൻ കഴിയുന്നതും എന്നാൽ ആർക്കും നിഷേധിക്കാൻ കഴിയാത്തവയുമാണ് ഇത്തരം റിപ്പോർട്ടുകൾ; ഇനി ഇന്റലിജൻസ് റിപ്പോർട്ടിന്റെ പേരിലുള്ള തള്ളുകളുടെ കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നേക്ക് ആറാം ദിവസമാണ് തെരഞ്ഞെടുപ്പ്. ഒരു ദിവസം നിശബ്ദ പ്രചരണത്തിന് മാറ്റിയാൽ നാല് ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവശേഷിക്കുന്നത്. വാർത്തകളത്രയും മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ കഴിയുന്നത്ര ലഘുലേഖകൾ സ്ഥാനാർത്ഥികളും അവരുടെ ആളുകളും വോട്ടർമാരിലേക്കും എത്തിച്ചു കഴിഞ്ഞു. വ്യാജ പ്രചരണങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.

വരുന്ന ദിവസങ്ങളിലും ഏറ്റവുമധികം വരാനിരിക്കുന്നത് വ്യാജ പ്രചരണങ്ങൾ തന്നെയാണ്. കള്ളക്കഥകളും ഫോട്ടോഷോപ്പിലൂടെയുള്ള കള്ളപ്രചരണങ്ങളുമാണ്. അത് ഒരു വശത്ത്. അത് തടയാനാകട്ടെ വഴികളും കുറവാണ്. ഇരയാകുന്നവർക്കാകട്ടെ പരിഹരിക്കാൻ മാർഗവുമില്ല.

ഇന്റലിജൻസ് റിപ്പോർട്ട് എന്ന കൺകെട്ട് വിദ്യ

ഇനി നടക്കാൻ പോകുന്ന ശ്രദ്ധേയമായ നാടകം ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിലാകും. കേരളത്തിലെ മിക്ക മാധ്യമങ്ങളും അവർക്ക് താല്പര്യമുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിടും. ഓൺലൈൻ മീഡിയകൾ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്-വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ആധികാരികമായ വാർത്തകൾ പുറത്തുവിടും.

സംസ്ഥാന ഇന്റലിജന്റ്‌സ് എന്നപേരിൽ ദേശാഭിമാനിയും കൈരളിയും അവർക്ക് ഓശാനപാടുന്ന ഓൺലൈൻ മാധ്യമങ്ങളും അവരുടെ പിണിയാളുകളായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഇടതുപക്ഷത്തിന് മുൻതൂക്കം എന്ന തരത്തിൽ ആദ്യ റിപ്പോർട്ടുകൾ പുറത്തുവിടും. ഇടതുപക്ഷത്തിന് കുറഞ്ഞത് 13 മുതൽ 15 സീറ്റുകൾ വരെ ലഭിക്കുമെന്നും ഇടതുപക്ഷ തരംഗം, അല്ലെങ്കിൽ പിണറായി തരംഗം എന്ന തരത്തിലുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളായിരിക്കും പുറത്തുവരാൻ പോകുന്നത്.

ഇത്തരം ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ അവിടെയുമിവിടെയും തലപൊക്കിത്തുടങ്ങി. ആ ആത്മവിശ്വാസത്തിലാണ് വീണാജോർജ്ജ് പറഞ്ഞത് 75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഞങ്ങൾ ജയിക്കുമെന്ന്. സംസ്ഥാന ഇന്റലിൻസ് റിപ്പോർട്ടുകൾ അനുസരിച്ചാണത്.

വരാൻ പോകുന്ന മറ്റൊരു റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസിന്റേത് എന്ന തരത്തിലായിരിക്കും. കേന്ദ്ര ഇന്റലിജൻസ് പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് അഞ്ച് സീറ്റുകൾവരെ കേരളത്തിൽ ബിജെപി നേടും, ഉറപ്പായും കുമ്മനം രാജശേഖരൻ ജയിക്കും, നേരിയ ഭൂരിപക്ഷത്തിനെങ്കിലും സുരേഷ്‌ഗോപി ജയിക്കും. ഉറപ്പായും പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കും തുടങ്ങിയ റിപ്പോർട്ടുകൾ ജന്മഭൂമിയിലും ജനത്തിലും അത്തരം താല്പര്യങ്ങളുള്ള മാധ്യമങ്ങളിലും വരാം.

ഇതിനിടയിൽ മനോരമയും ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിടും. അത് കേന്ദ്ര ഇന്റലിജൻസോ സംസ്ഥാന ഇന്റലിജൻസോ ആകാം, പതിനെട്ട് സീറ്റുകൾ വരെ യുഡിഎഫിന് നൽകും. ഇത്തരത്തിൽ മൂന്ന് തരത്തിലുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും വരും ദിവസങ്ങളിൽ വരാം. ഇത്തവണയാകും ഏറ്റവും കൂടുതൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നത്.

രഹസ്യ രേഖകൾ പരസ്യമാകുന്ന വിധം

എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് എന്ന് പറയുന്നത് രഹസ്യ രേഖയാണ്. കേരളത്തിലാണെങ്കിൽ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഉണ്ടാകാം. ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉണ്ടാകാം. ഇത്തരം റിപ്പോർട്ടുകളുടെ ആധികാരികത ആർക്കും ചോദിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. കാരണം ഇന്റലിജൻസ് റിപ്പോർട്ട് എന്ന് പറയുന്നത് രഹസ്യ സ്വഭാവമുള്ളതാണ്.

അത് രഹസ്യമായി പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസുമെല്ലാം ശേഖരിച്ചിട്ട് അതാത് സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. അതായത് കേരളത്തിലെ ഇന്റലിജൻസ്, സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്കാണ് സമർപ്പിക്കുക. അത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധമുള്ള മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു എന്നാകും അവകാശവാദം. ഇത്തരം റിപ്പോർട്ടുകൾക്ക് തെളിവ് ചോദിക്കാൻ അതുകൊണ്ടു തന്നെ ആർക്കും കഴിയില്ല.

കേന്ദ്ര ഇന്റലിജൻസിന്റെ സ്ഥിതിയും അങ്ങനെ തന്നെയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എന്ന് പറഞ്ഞ് ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് വരുമ്പോൾ അങ്ങനെയൊരു റിപ്പോർട്ട് ഇല്ലെന്ന് കേന്ദ്ര സർക്കാർ ഒരു കാരണവശാലും വെളിപ്പെടുത്താൻ പോകില്ല. അതിനാലാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ ബിജെപിക്ക് അനുകൂലമായും വരുന്നത്. ഇത് രണ്ടും നിഷേധിക്കാൻ ആർക്കും കഴിയില്ല. ഈ റിപ്പോർട്ടുകൾ അവസാന നിമിഷം കുറച്ച് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്യും.

മനോരമയാകട്ടെ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടും മാത്രമല്ല, അന്താരാഷ്ട്ര ഏജൻസികളുടെയും സിഐഎയുടെയും റിപ്പോർട്ടുകൾ എന്ന തരത്തിലായിരിക്കും എഴുതാൻ പോകുന്നത്. ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള തള്ളലുകളായിരിക്കും വരാൻ പോകുന്നത്. ഇതിലൊന്നും ആരും വീണുപോകരുത്.

എന്തുകൊണ്ട് വാർത്തയാകുന്നു

ഒരുപക്ഷേ ഇന്റലിജൻസ് റിപ്പോർട്ടുകൾ എന്ന നിലയിൽ വരുന്ന വാർത്തകൾ ഞങ്ങളും റിപ്പോർട്ട് ചെയ്‌തെന്നു വരാം. കാരണം, ഇന്റലിജൻസ് റിപ്പോർട്ട് എന്ന നിലയിൽ മറുനാടന്റെ ലേഖകൻ റിപ്പോർട്ട് തന്നാൽ അത് നൽകേണ്ടി വരും. എന്നിരുന്നാലും ഇതൊന്നും അടിസ്ഥാനപരമായി ശരിയാകാൻ സാധ്യതയില്ല. ഇന്റലിജൻസ് നൽകുന്ന റിപ്പോർട്ടുകൾ രഹസ്യമായിരിക്കും. അത് ഒരിക്കലും പുറത്തുവരില്ല. മാത്രമല്ല, പലപ്പോഴും ഇന്റലിജൻസും സ്‌പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ടുകൾ തയ്യാറാക്കുക മാധ്യമപ്രവർത്തകരോട് ചോദിച്ചിട്ടാകും. അവർക്ക് ഡേറ്റ ശേഖരിച്ച് വിലയിരുത്താനുള്ള സംവിധാനമൊന്നുമില്ല.

വരും ദിവസങ്ങളിൽ ആര് ജയിക്കും ആര് തോൽക്കും എന്നൊരു ജിജ്ഞാസ ജനങ്ങളിൽ ഉള്ളത് കാരണം മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും സൂചനകളുമായിരിക്കും ഇന്റലിജൻസ് റിപ്പോർട്ടുകൾ.

ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് പറയുമ്പോൾ തന്നെ സർവേകൾ കുറച്ചൂകൂടി മെച്ചമാണ്. സാമ്പിളുകൾ ശേഖരിച്ച് വിലയിരുത്തുന്ന സർവ്വേകൾക്ക് ഇന്റലിജൻസ് റിപ്പോർട്ടിനെക്കാൾ ആധികാരികതയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകൾ ഒരിക്കലും ശരിയാകാറില്ല. മുൻകാല അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP