Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസിലെ മുഴുവൻ ആളുകളും കാശുമായി ക്യു നിൽക്കുന്നു; ലോകമെമ്പാടും നിന്നും പണമൊഴുകുന്നു; രണ്ടു ദിവസം കൊണ്ടെത്തിയത് ഒരു ബില്യൺ യൂറോ; 100 കൊല്ലം കൊണ്ട് പണി പൂർത്തിയാക്കിയ നോത്രദാം കത്തീഡ്രൽ അഞ്ചുകൊല്ലം കൊണ്ട് പുനർനിർമ്മിക്കാൻ പദ്ധതി

ഫ്രാൻസിലെ മുഴുവൻ ആളുകളും കാശുമായി ക്യു നിൽക്കുന്നു; ലോകമെമ്പാടും നിന്നും പണമൊഴുകുന്നു; രണ്ടു ദിവസം കൊണ്ടെത്തിയത് ഒരു ബില്യൺ യൂറോ; 100 കൊല്ലം കൊണ്ട് പണി പൂർത്തിയാക്കിയ നോത്രദാം കത്തീഡ്രൽ അഞ്ചുകൊല്ലം കൊണ്ട് പുനർനിർമ്മിക്കാൻ പദ്ധതി

വിശുദ്ധ വസ്തുക്കളുൾപ്പെടെ അമൂല്യശേഖരമുൾക്കൊള്ളുന്ന നോത്രദാം കത്തീഡ്രലിലുണ്ടായ അഗ്നിബാധ പൂർണമായി നിയന്ത്രണവിധേയമായതോടെ, നാശനഷ്ടത്തിന്റെ കണക്കെടുക്കുകയാണ് അധികൃതർ. ഫ്രാൻസിന്റെ മുഖമുദ്രകളിലൊന്നായ പള്ളി പുനർനിർമ്മിക്കുമെന്ന് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി ഒന്നിച്ചുനിൽക്കാമെന്ന പ്രസിഡന്റിന്റെ വാക്കുകൾ ഫ്രഞ്ച് ജനത ഹൃദയം കൊണ്ടാണ് കേട്ടത്. സംഭാവകളുമായി അവർ ക്യൂ നിന്നപ്പോൾ, രണ്ടുദിവസം കൊണ്ടെത്തിയത് നൂറു കോടി യൂറോ!

കത്തീഡ്രലിന്റെ പകിട്ടൽപ്പംപോലും കുറയാതെ പുനർനിർമ്മിക്കാനാണ് തീരുമാനം. ഇതിന് അഞ്ചുമുതൽ ആറുവർഷം വരെ വേണ്ടിവരുമെന്ന് ബിഷപ്പ് പാട്രിക് ചോവെറ്റ് പറഞ്ഞു. നിർമ്മാണം പൂർത്തിയാകുന്നതുവരെ കത്തീഡ്രൽ അടച്ചിടും. കത്തീഡ്രലിന്റെ ഗോപുരം പുനർനിർമ്മിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശില്പികളുടെ മത്സരം മാക്രോൺ പ്രഖ്യാപിച്ചിരുന്നു. പുനർനിർമ്മാണത്തിന് എത്ര തുക ചെലവുവരുമെന്ന് കണക്കാക്കിയിട്ടില്ലെന്നും അത് ചരിത്ര പരമായ ഉത്തരവാദിത്തമെന്ന നിലയിൽ നിറവേറ്റുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയും വ്യക്തമാക്കി.

അഗ്നിബാധയുടെ കാരണം ഇനിയും കണ്ടെത്താനാകാത്തത് അന്വേഷകരെയും വിഷമിപ്പിക്കുന്നുണ്ട്. മേൽക്കൂരയുടെ മൂന്നിൽരണ്ടുഭാഗവും പൂർണമായും കത്തിനശിച്ചു. പള്ളിയുടെ ഒരുഭാഗം വളരെയേറെ അപകടാവസ്ഥയിലാണെന്ന് ബിഷപ്പ് ചോവെറ്റ് വ്യക്തമാക്കി. ഇതുകാരണം പള്ളിക്കുള്ളിൽക്കടന്ന് നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. കുരിശിലേറ്റുന്ന സമയത്ത് യേശുക്രിസ്തു ധരിച്ചിരുന്നതെന്ന് കരുതുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കൾ പള്ളിയിലുണ്ടായിരുന്നു. മുൾക്കിരീടം നാശനഷ്ടമില്ലാതെ സംരക്ഷിക്കാനായെന്നാണ് കരുതുന്നത്.

ടെലിവിഷൻ താരമായ സ്റ്റെഫാൻ ബേണിന്റെ നേതൃത്വത്തിലാണ് ധനശേഖരണത്തിനുള്ള പരിപാടികൾ. സംഭാവന രണ്ടുദിവസം കൊണ്ട് ബില്യൺ യൂറോയിലെത്തിയതായി സ്റ്റെഫാൻ ബേൺ തന്നെയാണ് ടിവിയിലൂടെ അറിയിച്ചത്. ഫ്രാൻസിലുള്ള മൾട്ടിനാഷണൽ കമ്പനികൾ കത്തീഡ്രൽ പുനർനിർമ്മാണത്തിന് കൈയയച്ച് സംഭാവ നൽകാമെന്ന് ഏറ്റിട്ടുണ്ട്. ഫ്രാൻസ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി 100 ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഫ്രാൻസിലെ ഏറ്റവും ധനാഢ്യനായ വ്യവസായി ബെർണാഡ് ആർനോട്ടിന്റെ കുടുംബവും വൻകിട കോസ്‌മെറ്റിക് സ്ഥാപനമായ ലെ ഒറീലും 200 ദശലക്ഷം യൂറോ വീതം വാഗ്ദാനം ചെയ്തു.

നിക്ഷേപകരായ മാർക്ക് ലാദ്രെയ്റ്റും നിർമ്മാണക്കമ്പനിയായ മാർട്ടിൻ ആൻഡ് ഒളിവർ ബോഗ്യൂസും പത്ത് ദശലക്ഷം യൂറോ വീതം വാഗ്ദാനം ചെയ്തു. അമേരിക്കൻ നി്‌ഷേപക സ്ഥാപനമായ ഹെന്റി ക്രാവിസും പത്ത് ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വൻകിട കോർപറേറ്റുകളെല്ലാം സഹായം വാഗ്ദാനം ചെയ്തതോടെ, സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ കത്തീഡ്രൽ പുനർനിർമ്മിക്കാമെന്ന പ്രതീക്ഷയിലാണ് എമ്മാനുവൽ മാക്രോൺ. നോത്രദാം പുനർനിർമ്മാണത്തിന് സഹായിക്കുന്ന വിദഗ്ദ്ധർക്ക് പാരീസിലേക്ക് സൗജന്യ വിമാനയാത്ര നൽകുമെന്ന് എയർ ഫ്രാൻസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP