Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ

കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ

മറുനാടൻ ടീം

 തിരുവനന്തപുരം: ഈ ലോകം മുഴവൻ നിയന്ത്രിക്കുന്നത് ഒരു ഗൂഢസംഘമാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണവും, നോട്ടുനിരോധനം തൊട്ട് കേരളത്തിലെ പ്രളയം മുതൽ ഇല്യൂമിനാറ്റിയെന്ന് വിളിക്കുന്ന ഈ സംഘത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ സാക്ഷര കേരളത്തിലും കുറവല്ല. കേരളത്തിലെ മെഡിക്കൽ- എൻജീനീയറിങ്ങ് കോളജുകളിലെ വിദ്യാർത്ഥികൾക്കിടിയിലൊക്കെ പടർന്നുപടിക്കയാണ് ഈ ആധുനിക അന്ധവിശ്വാസം. മോഹൻലാലിനെ നായകനാക്കി പൃഥ്വീരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമ ഹിറ്റായതോടെ കേരളത്തിൽ ശരിക്കും ഇല്യൂമിനാറ്റി തംരംഗം തന്നെ വന്നിരിക്കയാണ്. പക്ഷേ ഇത് വെറുമൊരു കെട്ടുകഥ മാത്രമാണെന്ന് വസ്തുത. ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും യാതൊരു പിൻബലവും ഇതിനില്ല. അപ്പോഴും ഫേസ്‌ബുക്കിലും വാട്സാപ്പിലും, കാമ്പസുകളിലെ സൗഹൃദ കൂട്ടായ്മയിലുമൊക്കെയായി, ഇല്യൂമിനാറ്റി ചർച്ചകൾ തകർക്കയാണ്. യുട്യൂബിലും നിരവധി പേരാണ് ഇല്യൂമാറ്റിയുടെ അനുഭവങ്ങൾ വിശദീകരിച്ച് വീഡിയോ ഇടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇവരിൽ പലരും എന്നതാണ് ഏറെ ശ്രദ്ധേയം. ശാസ്ത്രബോധവും യുകതിബോധവും തകർന്ന ഒരു തലമുറയാവുകയാണ് കേരളീയർ എന്നത ഞെട്ടിപ്പിക്കുന്നതാണ്.

ഇല്യൂമിനാറ്റി എന്ന വ്യാജസംഘത്തെ കേരളത്തിൽ കൂടുതൽ പ്രചരിപ്പിച്ചത് ലൂസിഫർ സിനിമയാണെന്ന് പറയാതെ വയ്യ. കറുത്ത കാറിൽ വെള്ള കുപ്പായം ധരിച്ചാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എത്തുന്നത്. രാഷ്ട്രീയക്കാരൻ, കരുണാലയം എന്ന അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരൻ, കർഷകൻ, മയക്കുമരുന്നിനും ദുർശക്തിക്കുമെതിരെ പോരാടുന്നവൻ തുടങ്ങി നിരവധി വിശേഷങ്ങളാണ് സ്റ്റീഫൻ നെടുമ്പള്ളിക്കുള്ളത്. ചിത്രം ഒരിക്കൽ കണ്ട പ്രേക്ഷകന് ഇത് നിറഞ്ഞ് ആസ്വദിക്കാവുന്ന ഒരു പൊളിറ്റിക്കൽ സ്റ്റോറി മാത്രമാണ്. എങ്കിലും ചിത്രം ഇരുത്തി വിലയിരുത്തിയാൽ ചില കാര്യങ്ങൾ നിങ്ങൾക്ക് കാട്ടിത്തരും. ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള ലോകം ഭരിക്കുന്ന ഇല്യുമിനാറ്റി എന്ന സംഘടനയേക്കുറിച്ചാണ് ചിത്രം പറഞ്ഞ് അവസാനിപ്പിക്കുന്നത്. അതിസമ്പന്നരും അഭ്യസ്ഥവിദ്യരുമായ ഒരുകൂട്ടം ആളുകളെ നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ഘടകം. ചിത്രത്തിന്റെ തുടക്കം തന്നെ കാണിക്കുന്നത് കമ്പ്യൂട്ടറിൽ എന്തിനെന്നറിയാതെ അസ്വസ്ഥനായി തിരയുന്ന ഒരു ഇന്റർപോൾ ഉദ്യോഗസ്ഥനെയാണ്. അയാളുടെ അന്വേഷണം ചെന്നെത്തപ്പെടുന്നത്. അബ്രാം ഖുറേഷിയിലേക്കും ഒപ്പം ഇല്യൂമിനിറ്റിയിലേക്കും റോത്ത് ഷിൽഡ് കുടുംബത്തിലേക്കും അദ്ദേഹത്തിന്റെ അന്വേഷണം കടന്നെത്തുന്നു. സ്റ്റീഫൻ ഇല്യൂമിനാറ്റിയുടെ വക്താവാണെന്നതിന്റെ സൂചനകൾ ചിത്രത്തിൽ വ്യക്തമാണ്.

പക്ഷേ അതേസമയം ഇല്യൂമിനാറ്റിയെന്നത് ഒരു കെട്ടുകഥമാത്രമാണെന്ന് ഇതിന്റെ ആരാധകർ അംഗീകരിക്കില്ല. ആഗോള തലത്തിൽ പ്രചരിക്കുന്ന ഒരു അസംബന്ധം മാത്രമാണിത്. ഇന്നുവരെ ഈ സംഘത്തിനൊന്നും യാതൊരു തെളിവും കിട്ടിയിട്ടില്ല. പക്ഷേ ഇല്യൂമിനാറ്റി ആരാധകർ തള്ളുക തിരിച്ചാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് അധികാരസ്ഥാനങ്ങൾ അവരാണ് നിയന്ത്രിക്കുന്നത് എന്നതാണ് അതിലൊന്ന്. രാജ്യാന്തരതലത്തിൽ രാഷ്ട്രീയം, സാമ്പത്തികം, ബിസിനസ് മേഖലകളിലെല്ലാം ഇല്യൂമിനാറ്റി അംഗങ്ങളുണ്ടെന്നാണ് കരുതുന്നത്. സ്വർണം, പെട്രോളിയം, രത്‌നങ്ങൾ എന്നിങ്ങനെ മൂല്യമുള്ള എല്ലാത്തിനെയും അവരാണ് നിയന്ത്രിക്കുന്നതെന്നാണ് വിശ്വാസം. പക്ഷേ ഇതിലൊന്നും യാതൊരു വസ്തുതയുമില്ലെന്നതാണ് യാഥാർഥ്യം.

യഹൂദരാണ് ഇതിനു പിന്നിൽ എന്ന കെട്ടുകഥ മുസ്ലിം ഗ്രൂപ്പുകളിലും നന്നായി പ്രചരിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യുമിനാറ്റി അംഗങ്ങളുണ്ടെന്നാണ് ഇവർ പറയുക. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ചിലർ പറയുന്നു. എന്തിനേറെ ഇന്ത്യയിൽ പെട്രോൾ വില കൂട്ടുന്നതും ഇലുമിനാറ്റികളാണെന്നും വിശ്വസിക്കുന്നവരുണ്ട്. പാവകളായ സർക്കാർ...മാധ്യമങ്ങൾ, സിനിമാലോകം ഇവയൊക്കെ ഇലുമിനാറ്റികളുടെ കൈയിലെ യന്ത്രങ്ങളാണ്...ഇലുമിനാറ്റിക്കെതിരേ മാധ്യമങ്ങൾ സംസാരിച്ചാൽ പിന്നീട് അവയ്ക്ക് നിലനിൽപ് ഇല്ലെന്നു വരെ പറയപ്പെടുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ തുടങ്ങിയവരൊക്കെ ഇലുമിനാറ്റിയുടെ പ്രചാരകരും അനുയായികളുമാണെന്നും ആരോപണമുണ്ട്. ഈ ലിസ്റ്റിൽ നമ്മൂടെ പ്രാധാനമന്ത്രി മോദിയും ഉണ്ട്. നോട്ട് നിരോധനം ഇല്യൂമിനാറ്റിയുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. സെലിബ്രിറ്റികൾ, ഓസ്‌ക്കാർ അവാർഡ് ജേതാക്കൾ, ഗ്രാമി അവാർഡ് ജേതാക്കൾ തുടങ്ങിയവരെല്ലാം ഇല്യൂമിനാറ്റിയുമായി ബന്ധമുള്ളവരാണെന്നും പറയപ്പെടുന്നു. കേരളത്തിൽ പ്രളയക്കെടുതി ഉണ്ടായ സമയത്ത് വരെ സംഭവിച്ചത് ഇല്യൂമിനാറ്റികളാൽ നിയന്ത്രിതമായ പ്രതിഭാസമാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ വരെ നിലനിന്നിരുന്നു. പ്രളയക്കെടുതിക്ക് ശേഷം ഇത്തരം പ്രചരണങ്ങൾ വർധിച്ചപ്പോൾ ഇന്റർനെറ്റിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണ് ഇല്യൂമിനാറ്റി.

എന്താണ് ഇല്യൂമിനാറ്റി?

ഇംഗ്ലീഷ് നോവലുകളിലും സിനിമകളും പലതവണ കടന്നുവന്നിട്ടുള്ള പേരാണ് ഇല്യൂമിനാറ്റി. നൂറ്റാണ്ടുകളായി ലോകം ചർച്ച ചെയ്യപ്പെടുന്നതും എന്നിട്ടും കണ്ടെത്താൻ കഴിയാത്തതുമായ ഇല്യൂമിനാറ്റി കഥയുടെ ആവിർഭാവം എവിടെയെന്ന് ആർക്കും ഉത്തരമില്ല. ഒരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റൊരു കൂട്ടം ആളുകൾ കൂട്ടമായി എത്തി ചെയ്യുന്നു. ലൂസിഫറിലെ ചില രംഗങ്ങളിൽ കാണാം. കേരളത്തിൽ മയക്കുമരുന്ന് പ്ലാന്റ് തുടങ്ങാൻ സാമ്പത്തിക സഹായം കണ്ടെയിനർ വഴിയും കപ്പൽ വഴിയും എത്തുമ്പോൾ മോഹൻലാലിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പീഡനക്കേസിൽ ജയിലിലാണ്. എന്നാൽ ഫോൺ എത്തിച്ചു നൽകുന്ന പൊലീസുകാരന് കോൾ വരുന്നത് അധോലോകത്ത് നിന്നാണ്. പൃഥ്വിയുടെ അധോലോക ഗ്യാങ്‌സറ്ററും കൂട്ടാളികളുമാണ് സ്റ്റീഫനായി ഈ ദൗത്യം നിർവഹിക്കുന്നത്.

യഥാർഥത്തിൽ ഇത്തരത്തിൽ ഒരു സംഘടന ഉണ്ടോ എന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നിട്ടുണ്ട്. അതിന് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ 'ഏഞ്ചൽസ് ആൻഡ് ഡീമൻസ്'. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാരസ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരുമാണ് ഇല്യൂമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1700-കളിൽ ഒരു ബവേറിയൻ പ്രൊഫസറാണ് ഇല്യൂമിനാറ്റിക്ക് രൂപം നൽകിയത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. പരമ്പരാഗത വിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപംനൽകി എന്നാണ് പറയപ്പെടുന്നത്.

13 പുരാതന രാജകുടുംബങ്ങളാണ് പൊതുവിൽ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത് എന്നാണ് കരുതുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോത് ഷിൽഡ് കുടുംബം. സംഘടനകളും വ്യക്തികളുമായി ഇവർ ലോകക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ പ്രവർത്തിക്കുന്നു. ഇതിൽ സാമ്പത്തികമേഖലയാണ് റോത് ഷിൽഡ് കുടുംബം നിയന്ത്രിക്കുന്നത്. പക്ഷേ ഇത് തീർത്തും കെട്ടു കഥയാണെന്നതാണ് യാഥാർഥ്യം.

സ്റ്റീഫൻ നെടുമ്പള്ളിയും സാത്താൻ അടയാളങ്ങളും

സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവിനെ കാണിക്കുന്നത് തന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നെത്തുന്ന രംഗമാണ്. പിന്നീട് സാത്താന്റെ നമ്പർ(666) വച്ച കറുത്ത കാറിൽ സ്റ്റീഫൻ തിന്മക്കെതിരായ പോരാട്ടങ്ങളിലേക്ക് കടന്നു ചെല്ലുന്നു. അവസാന രംഗത്തിൽ മഞ്ജുവുമായി കൂടിക്കാഴ്ച നടത്തുന്ന പൊളിഞ്ഞ പള്ളിപ്പറമ്പ് ഇത് നിനക്കായി ഞാൻ കരുതി വെച്ചിടമാണെന്നും സ്റ്റീഫൻ പറയുന്നുണ്ട്. ക്ലൈമാക്‌സിലെ കറുത്ത വസ്ത്രമിട്ടുള്ള രംഗത്തിൽ പിന്നിലായി കാണുന്ന മൂങ്ങുടെ രൂപം ഇവയെല്ലാം സാത്താന്റെ അടയാളങ്ങളാണ്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രം പോലും സ്റ്റീഫനെ പറയുന്നത് ലൂസിഫർ എന്നാണ്. അതായത് ഹിന്ദു ഗ്രന്ഥത്തിലെ മഹിരാവണൻ, ഇസ്ലാം മുകളുടെ ഭാഷയിൽ ഇബിലീസ്... ക്രിസ്തീയ നാമത്തിൽ ലൂസിഫർ. .. ഇല്യൂമിനാറ്റി ആരാധകരുടെ വ്യാഖാനങ്ങൾ അങ്ങനെ പോവുന്നു.

ഇല്യുമിനാറ്റിയുടെ അടയാളങ്ങൾ സസൂഷ്മമായി പരിഷോധിച്ചാൽ ഇനിയുമുണ്ട് ഈ സിനിമയിൽ. പലപ്പോഴും എല്ലാം കാണുന്ന കണ്ണുകളിലാണ് സ്റ്റീഫനെ അടയാളപ്പെടുത്തുന്നത്. കുമ്പസരിക്കാനായി അച്ഛൻ ക്ഷണിക്കുമ്പോൾ ചെയ്ത പാപങ്ങൾക്കല്ലേ കുമ്പസരിക്കാൻ കഴിയു ... ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ കഴിയില്ലല്ലോ എന്നാണ് സ്റ്റീഫൻ പറഞ്ഞു നിർത്തുന്നത്. ഈ സങ്കൽപ്പങ്ങളൊക്കെ ഇല്യൂമിനാററ്റിയുടേതാണെന്നാണ് ആരാധകർ തള്ളുക.

സാത്താൻ സേവയുടെ ആദ്യ അടയാളങ്ങൾ മലയാളത്തിൽ കാട്ടിത്തന്നത് ജോണി വാക്കർ എന്ന സിനിമയാണ്. ജയരാജിന്റെ സംവിധാനത്തിലെത്തിയ ജോണി വാക്കറിൽ നിറയുന്നത് നിഗൂഡതകളുടെ ക്യാമറ പശ്ചാത്തലങ്ങളും പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതവുമായിരുന്നു. സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ബ്ലാക്ക് ഷെയിഡുള്ള ഇല്യൂമിറ്റിയുടെ വ്യക്തമായ അടയാളങ്ങൾ. മയക്കുമരുന്ന് പാർട്ടികൾക്കിടയിൽ കുരുഷിൽ മെഴുക് തിരി കത്തിച്ച് ആരാധനകൾ, ഡാൻസുകൾ, തുടങ്ങി നിരവധി ബ്ലാക്ക് ഷെയിഡുകൾ ആ ചിത്രം നൽകി. പിന്നീട് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമ ഇതേ സാത്താൻ സേവ തന്നെ കാട്ടി തന്നു.

രക്തം കുടിക്കുന്ന നായിക, അവരിലേക്കുള്ള ആകർഷണം, തലതിരഞ്ഞ കുരിഷ്, ചുറ്റിപ്പിണയുന്ന നാഗങ്ങൾ ഇവെല്ലാം പ്രതിപാദിച്ചത് ഇല്യുമിനിറ്റി സങ്കൽപം തന്നെ. പിന്നീട് എസ്ര എന്ന ചിത്രത്തിലും യഹൂദന്മാരിലെ നരഹത്യയും നരബലിയും ആദം ജോനാൻ എന്ന ചിത്രത്തിൽ ഇതേ കറുത്തൂട്ട് കാരൂടെ ബലിയേയും പ്രതിപാദിച്ച് നിർത്തി. പിന്നീട് പൃഥ്വിയുടെ സംവിധാനത്തിൽ ലൂസിഫർ പുറത്തിറങ്ങിയപ്പോഴും ചർച്ചായായത് ഇതേ ഇല്യുമിനിറ്റി തന്നെയാണ്. പൃഥ്വി സാത്താൻ സേവകനാണോ എന്നു പോലും ഉയർന്നു കമന്റുകൾ. എന്നാൽ തിരക്കഥ എഴുതിയ മുരളി ഗോപിക്ക് നേരെ ഇതൊന്നും ഉയർന്ന് കേട്ടതുമില്ല. പക്ഷേ ഇതിും സംശയരോഗം അല്ലാതെ വസ്തുകൾ ഒന്നുമില്ല.

കേരളത്തിലെ പ്രളയം വരെ നിയന്ത്രിച്ചത് ഇലുമിനാറ്റി

യഥാർഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന നവീന സംഘടനകൾക്കു നൽകിവരുന്ന പേരാണ് ഇലുമിനാറ്റി. illuminatus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് illuminati ഉണ്ടായത്. Enlighted അഥവാ വെളിച്ചപ്പെട്ടത് എന്നർഥം. ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയാണ് ഇലുമിനാറ്റി എന്നാണ് പൊതുവിലുള്ള ധാരണ്.

ഇല്യൂമിനാറ്റികൾക്ക് കൃത്യമായ ഒരു നിർവചനം നൽകാൻ ഇതുവരെ ആർക്കും ആയിട്ടില്ല എന്നതാണ് ഒരു വസ്തുത. ലോകത്തിലെ സകലതും ഇല്യൂമിനാറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകം നിയന്ത്രിക്കാൻ കഴിവുള്ളവർ, ലോകബാങ്കിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ, യുദ്ധത്തിന്റെ വിഗതികൾ നിയന്ത്രിക്കുന്നുവർ, ലോക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നവർ എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതത്തിൽ ഇവർ സ്വാധീനിക്കാത്ത മേഖലകൾ ഒന്നുമില്ല...

ലോകത്തെവിടെയോ മറഞ്ഞിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തി. അതാണ് ഒറ്റവാക്കിൽ നൽകാവുന്ന നിർവചനം. എന്നാൽ ഇക്കൂട്ടർ എത്രപേരുണ്ടെന്നോ അവർ എവിടെയൊക്കെയാണെന്നോ ആർക്കും അറിയില്ല. എന്നാൽ പല മേഖലകളിലുള്ളവർ തങ്ങളുടെ ചിന്താശീലത്തിനനുസരിച്ച് ഇലുമിനാറ്റികളെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്. ഇതിനെക്കുറിച്ച് എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ സി രവിചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്.'ഇങ്ങനെയൊരു ശക്തിയിൽ വിശ്വസിക്കുന്നവർ, അല്ലെങ്കിൽ ഇത്തരമൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവർ ഇങ്ങ് കൊച്ചുകേരളത്തിലും ഉണ്ടെന്നതാണ് പരമമായ സത്യം. അതിനുള്ള തെളിവാണ് ഇവിടെയുള്ള ഇല്യൂമിനാറ്റിക്കൂട്ടങ്ങൾ. ആരും മറനീക്കി പുറത്തുവരുന്നില്ലെങ്കിലും ഇത്തരമൊരു കൂട്ടായ്മയിൽ അംഗത്വമെടുത്തവർ ധാരാളമുണ്ടെന്നാണ് കേൾവി'- ഇല്യൂമിനാറ്റി വെറും കെട്ടുകഥയാണെന്ന് തെളിയിക്കുന്നതാണ് സി രവിചന്ദ്രന്റെ ഗുപ്തം എന്ന പ്രഭാഷണം.

1776-ൽ മെയ്‌ ഒന്നിന് ജർമനിയിലെ ബവേറിയ എന്ന സ്ഥലത്ത് ആദം വെയ്‌ഷോപ്റ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഈ രഹസ്യ സംഘടന തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ സംഘടന ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. തുടക്കത്തിൽ മതം, സമ്പന്നർ, പ്രഭുക്കൾ ഇവയൊക്കെ സമൂഹത്തിൽ ചൊലുത്തുന്ന സ്വാധീനത്തെ ചെറുക്കാനാണ് ഇല്യൂമിനാറ്റി തുടക്കത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അവയുടെ ലക്ഷ്യം മാറുകയായിരുന്നു. ഒരു പരിണാമസിദ്ധാന്തം പോലെ ഇലുമിനാറ്റിയെ കാലഘട്ടത്തിനനുസരിച്ച് അനുയായികൾ പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരുന്നു.

ഇല്യൂമിനാറ്റിയും അശോക ചക്രവർത്തിയും

പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്. പിതാവായ ചന്ദ്രഗുപ്തനെ പോലെ തന്നെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു .അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിംഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നിൽപ് തന്നെ നേരിടേണ്ടി വന്നു .

ആ യുദ്ധത്തിൽ ഏകദേശം ലക്ഷത്തിൽ പരം ആളുകൾ മരിച്ചു വീണതായി കരുതപ്പെടുന്നു. യുദ്ധാനന്തരം അവിടം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി. മരിച്ചു വീണ ലക്ഷങ്ങളുടെ മൃതദേഹവും കൈയും കാലും കണ്ണുമൊക്കെ നഷ്ടടപെട്ട ജനത ഭാഗികമായി പകുതി ജീവന് വേണ്ടി യാചിക്കുന്ന ജനങ്ങൾ ഇത് കണ്ട അശോക ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ളത് മനസിലാക്കുകയും ഈ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറുകയും ചെയ്തു. അങ്ങനെ യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയമായ അറിവുകളും തിന്മയ്ക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗിക്കുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി ആ കലാഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത് വെച്ച എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയിൽ എടുക്കാനും പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇലുമിനാറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം എന്നും വിശ്വാസമുണ്ട്.

ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ, തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ, രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറയ്ക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ... അവയിൽ ശാസ്ത്രം ഉണ്ട്, യുക്തി ഉണ്ട്, മതം ഉണ്ട്, മറ്റുള്ളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധം മുറകൾ ഉണ്ട്. അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്...ഇലുമാനിറ്റിയെ കുറിച്ച് ഇത്തരമൊരു വിവക്ഷ കൂടി ഇപ്പോൾ നിലവിലുണ്ട്.

ഇതനുസരിച്ച് ഈ ഒമ്പതു പേർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം എപ്പോഴും പുലർത്തുന്നു. അതുകൊണ്ടു തന്നെ ഈ അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇലുമിനാറ്റികൾ എന്നും പറയപ്പെടുന്നുണ്ട്.

ഇതൊരു മതാത്മകമായ ഏകകാരണ സിദ്ധാന്തമാണെന്നാണ് സി രവിചന്ദ്രൻ അഭിപ്രായപ്പെടുന്നത്. മതത്തിലാണല്ലോ, ലോകത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇല്യൂമിനാറ്റിയെന്നൊരു നിഗൂഢശക്തി ലോകത്തിലെവിടെയോ ഇരുന്നുകൊണ്ട് എല്ലാറ്റിനേയും നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നവരാണ് ഇക്കൂട്ടർ. ചുരുക്കത്തിൽ ഇല്യൂമിനാറ്റി ഒരു സങ്കല്പ സാമ്രാജ്യമാണെന്നു സി രവിചന്ദ്രൻ പറയുന്നു. ഇല്യൂമിനാറ്റിയുടെ ഉത്ഭവത്തെകുറിച്ചും അതിന്റെ പ്രവർത്തനെകുറിച്ചും അന്വേഷണങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതു തന്നെ വ്യർഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രബോധവും യുക്തിചിന്തയും നമ്മുടെ സമൂഹത്തിൽ എത്രമാത്രം കുറയുന്നുവെന്നതിന്റെ അടയാളം കൂടിയാണ്, കേരളത്തിലെ അഭ്യസ്തവിദ്യർക്കിടയിൽ ഉയർന്നുവരുന്ന ഇത്തരം ചർച്ചകൾ.-സി രവിചന്ദ്രൻ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP