Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃഗീയമായി കൊലപ്പെടുത്തിയിട്ടും മരിക്കാതെ കൃപേഷിന്റെ സ്വപ്നം; പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്വപ്‌നഗൃഹത്തിൽ നാളെ ഗൃപ്രവേശം; കൃപേഷിന്റെ കുടുംബത്തിന് തണലൊരുക്കിയത് ഹൈബി ഈഡൻ

മൃഗീയമായി കൊലപ്പെടുത്തിയിട്ടും മരിക്കാതെ കൃപേഷിന്റെ സ്വപ്നം; പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്വപ്‌നഗൃഹത്തിൽ നാളെ ഗൃപ്രവേശം; കൃപേഷിന്റെ കുടുംബത്തിന് തണലൊരുക്കിയത് ഹൈബി ഈഡൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സ്വപ്ന ഭവനം യാഥാർഥ്യമായി. നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി ഹൈബി ഈഡൻ എം എൽ എ 44 ദിവസം കൊണ്ടാണ് യാഥാർഥ്യമാക്കിയത്. ചടങ്ങിൽ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ഹൈബി ഈഡനും പങ്കെടുക്കും. കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റ് കൊലചെയ്യപ്പെടുന്നത്.

സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാർഥ്യമാകാൻ പോകുന്നത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തും. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഇതൊന്നും കാണാൻ മകനില്ലെന്ന ദുഃഖം മാത്രമേ കൃപേഷിന്റെ അച്ഛൻ കൃഷ്ണന്.

ചെറിയ നല്ലൊരു വീടുവെക്കണം. കല്യാട്ട് മഹോത്സവം കഴിഞ്ഞയുടനെ തന്നെ വീട് നിർമ്മിക്കാൻ ഗൾഫിലോ നാട്ടിലോ നല്ലൊരു ജോലി കണ്ടെത്തണം. ആ വീട്ടിൽ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം -ഇതായിരുന്നു വീടിനെക്കുറിച്ച്  കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങൾ.

കൃപേഷിന്റെ മരണത്തെ തുടർന്ന് വീട് സന്ദർശിച്ച ഹൈബി ഈഡൻ വീടിന്റെ ദയനീയാവസ്ഥ കണ്ട് വീടു നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി സിസ്തീർണമുള്ള വീടിന് അനുമതി നൽകുകയായിരുന്നു. 50 ദിവസങ്ങൾക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു ഹൈബി ഈഡന്റെ നിർദ്ദേശം.

തണൽ ഭവന പദ്ധതിയിൽ ഹൈബി നിർമ്മിക്കുന്ന 30 മത്തെ വീടാണ് കൃപേഷിന്റേത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് ശുചിമുറികളോട് കൂടിയ കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും എല്ലാം അടങ്ങുന്ന കൃപേഷിന്റെ ഈ സ്വപ്നഭവനം യാഥാർത്ഥ്യമായത് 44 ദിവസം കൊണ്ടാണ്.

കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാൻ തങ്ങൾക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടർമാരാണ്. രോഹിതുകൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം
പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്.ഐ.ആർ. കൊടുവാളും മഴുവും ഉപയോഗിച്ച് തല വെട്ടി പിളർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ചത്. പ്രൊഫഷണൽ സംഘം നടത്തുന്ന കൊലപാതക രീതിയാണ് കൊല നടത്താൻ ഉപയോഗിച്ചത്.

കൊലപാതകത്തിന്റെ പ്രധാന സൂത്രധാരൻ സിപിഎം പ്രാദേശിക നേതാവായ പീതാംബരനാണ്. സജി സി. ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപൻ എന്നിവരാണ് രണ്ടു മുതൽ 11 വരെ പ്രതികൾ. 10 പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കാളിത്തത്തിനു പുറമെ മുരളി പ്രതികൾക്ക് അഭയം നൽകി. എട്ടാംപ്രതി സുബീഷും 11ാം പ്രതി പ്രദീപനും ഒളിവിലാണ്. സുബീഷ് വിദേശത്താണെന്നാണു വിവരം.

അതേസമയം, സംഭവത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണമാണു നടക്കുന്നതെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സർക്കാർ കഴിഞ്ഞയാഴ്‌ച്ച ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ഒന്നാംപ്രതിയായ സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ സ്വന്തം അനുയായികൾക്കൊപ്പം പദ്ധതി ആസൂത്രണം ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സർക്കാർ കോടതിയെ അറിയിച്ചു.

പീതാംബരനെതിരെ ആക്രമണമുണ്ടായ ശേഷം പ്രശ്‌നം തണുപ്പിക്കാൻ പ്രാദേശിക നേതൃത്വം നടത്തിയ ശ്രമങ്ങളോടു പിതാംബരൻ യോജിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ പിന്തുണയില്ലെന്നു കണ്ടപ്പോൾ ഉറ്റ സഖാക്കൾക്കൊപ്പം സ്വന്തം നിലയ്ക്കു പ്രതികാരം ചെയ്യാൻ മുതിർന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP